അറ്റുപോകുന്ന ഒറ്റ ജീവിതം
ആധുനികതയുടെ സാംസ്‌കാരിക ആസ്‌തികളോടും ഈടുവെയ്‌പുകളായി കരുതിപ്പോരുന്ന ജീവിതസങ്കൽപ്പങ്ങളോടും പൂർണമായും വഴിപിരിയുന്നതാണ് പുതുകവിത. ശ്രേഷ്ഠമെന്നെണ്ണിയ മാനവിക സങ്കൽപ്പം, ശാസ്‌ത്രബോധം, ജ്ഞാനലോകം, പ്രകൃതി വീക്ഷണം  എന്നിവയൊന്നിനെയും പുതുകവിത അതേ ഭാവത്തിൽ  പരിഗണിക്കുന്നേയില്ല. ഈ നിലയിൽ ആധുനിതയുടെ പ്രപഞ്ചജീവിത സങ്കൽപ്പങ്ങൾക്കെതിരെ പ്രത്യാധുനികതയുടെ ലോകവീക്ഷണത്തെ അവതരിപ്പിക്കുന്ന ഏറ്റവും സമകാലികവും ശ്രദ്ധേയവുമായ കവിതയാണ്  വീരാൻകുട്ടിയുടെ മുറിജീവിതം (മാതൃഭൂമി ആഴ്ചപതിപ്പ് 2020 ഒക്ടോബർ 11). ഇത് ഒരു മുറിഞ്ഞ ജീവിതമാണ്‌, മുറിവുള്ള ജീവിതം കൂടിയാണ്.  സമുദായത്തിൻ്റെയും പ്രകൃതിയുടേയും സാകല്യത്തിൽ നിന്ന് അറ്റുപോയ ഒറ്റജീവിതം കൂടിയാണ്.

എഴുന്നേൽക്കാൻ അനുവാദമില്ലാത്ത, തനിച്ച് ദീനശയ്യയിൽ കിടക്കേണ്ടി വന്ന ഒരാൾ തനിക്ക് കൂട്ടായി മറ്റൊരു ജീവിയെക്കുറിച്ച് ആലോചിക്കുന്നതാണ് സന്ദർഭം. സാധാരണ നിലയിൽ മനുഷ്യർ ഏകാന്തതയിൽ മറ്റൊരു മനുഷ്യൻ്റെ കൂട്ടാണ് കൊതിക്കുക.എന്നാൽ കവിതയിൽ അയാൾ തിര്യക്കുകളെയാണ് ആഗ്രഹിക്കുന്നത്.

ചുവരിലൂടെ ഇഴഞ്ഞു വരുന്ന
ഒരെട്ടുകാലിയെ സങ്കൽപ്പിച്ചു.
എവിടെ നിന്നാവും ഒരു പഴുതാരയോ തേരട്ടയോ ഉറുമ്പോ
പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതെന്ന് നോക്കിയിരുന്നു.
ഇടിയുമെന്നായ മനസ്സിനെ താങ്ങാൻ
ഒരു പല്ലിമതിയായിരുന്നു.
വണ്ടിൻ്റെയോ വേട്ടാളൻ്റെയോ മൂളലിനെ
സംഗീതമായി കേൾക്കാമായിരുന്നു.

ആധുനികത വെറുംകീടങ്ങളായി കരുതി സംഹരിച്ചുപോരുന്നവയുമായുള്ള  സഹവർത്തിത്വഭാവം പ്രകടിപ്പിക്കുന്ന കവിത ആധുനികതയുടെ  ജ്ഞാനലോകത്തുനിന്നുള്ള കുതറിമാറലാണ്. എല്ലാറ്റിനെയും തുടച്ചു നീക്കി അണുമുക്തമാക്കുന്ന ഹിംസാത്മക ശാസ്ത്ര യുക്തിയിൽ നിന്ന് തിര്യക്കുകളെ പോലും സഹജീവികളായി കാണുന്ന പ്രത്യാധുനിക ലോകവീക്ഷണമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഏകാന്തതയിൽ നിന്ന് ജാലകത്തിലൂടെ  ആടുന്ന ഒരു ചില്ലകാണുമ്പോൾ തന്നെ അയാളുടെ ജീവിതം പ്രത്യാശാഭരിതമായി നാമ്പെടുക്കുന്നു. ഇങ്ങനെ മനുഷ്യേതരമായ പ്രകൃതിയുമായി സമ്യക്കായി ചേരുന്നതിൻ്റെ ഒരു ലോകവീക്ഷണം അതിൻ്റെ ആഹ്ലാദവും ഒരനുഭൂതിയായി കവിതയിൽ  പ്രവർത്തിക്കുന്നു.

പ്രകൃതി ദർശനത്തിൻ്റെ മറ്റൊരു നോട്ടമാണ് എം.എസ്. ബനേഷിൻ്റെ ആടലോടകം (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 ഒക്ടോബർ 11-17). ആടലോടകം എന്ന തലക്കെട്ടു  തന്നെയും പലതായി പുലരുന്നുണ്ട്. ആടൽ എന്നാൽ ദുഃഖം എന്നും നൃത്തം എന്നും അർത്ഥം. അപ്പോൾ ദുഃഖത്തോടെയുള്ള അകം എന്നും നൃത്തത്തോടെയുള്ള അകം എന്നുമർത്ഥം വരും. പദത്തെ അങ്ങനെ പരസ്പരം ഭേദിക്കുന്ന വിധത്തിൽ ഉപയോഗിക്കുക എന്നത് തന്നെ സർഗാത്മകതയുടെ ഒരു തുറസ്സാണ്. അക്ഷരക്കൂട്ടമൊന്നായിട്ടർത്ഥം ഭേദിച്ചിടും പടി ആവർത്തിച്ചുള്ള കഥിക്കൽ കവിതയെ കൂടുതൽ ശ്രദ്ധേയമാക്കുന്നതാണ്. പ്രകൃതിയെ  ദയാവായ്‌പോടെ കവി വീക്ഷിക്കുന്നു.

ചെടികൾ വളരാത്ത
ദഹിച്ച മണ്ണാണിത്
സ്‌നേഹങ്ങൾ ഭാഗം വച്ച്
പൊയ്‌പോയ മണ്ണാണിത്. എന്നിങ്ങനെയുള്ള നഷ്‌ടം ഒരു ദുഃഖഗീതമാക്കി കവിതയിൽ ലയിക്കുന്നു. പക്ഷേ കവിത

ആടലോടകം പൊള്ളി
നിത്യവും മരിച്ചാലും
ആടണം ജീവനൃത്തം
നിമിഷം തോറും പ്രിയാ എന്ന് അവസാനിപ്പിക്കുമ്പോൾ ഒരു പ്രത്യാശയുടെ പുതപ്പ് നമ്മെ പുതയുന്നു.

നഷ്‌ടപ്പെടലുകളിൽ നിന്നാണ് സ്‌മരണകളുടെ ജ്വലനം. സച്ചിദാനന്ദൻ്റെ രൂക്ഷം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒക്ടോബർ 11-17) ആ നിലയിൽ സുഹൃത്തും സഖാവുമായിരുന്ന ടി.കെ രാമചന്ദ്രൻ്റെ നഷ്‌ടത്തെ കുറിച്ചുള്ള സ്മരണയുടെ മുഴക്കമാണ്. ടി. കെ യെ കുറിച്ചുള്ള വൈയക്തികമായ നനുത്ത സ്‌മരണകളല്ല, കലാപോന്മുഖമായ ധൈഷണിക ജീവിതത്തെയാണ് കവി ഓർത്തുണർത്തുന്നത്.

ചുറ്റിലും വന്നു
നിൽപ്പുണ്ടറിയാതവർ
ഷേക്‌സ്‌പിയർ, മാർക്‌സ്, വാൾട്ടർ –
ബെന്യമിൻ, ബ്ലെയ്ക്ക്, ലെനിൻ.
കേൾക്കുകയാണ്
മലയാളമാദ്യമാ
യക്കൂട്ടർ, തൈജസാ –
ത്മാക്കൾ, അദേഹികൾ. മലയാളത്തെ ഉൻമിഷിത്താക്കിയ ഒരു ധൈഷണിക ജീവിതമായിരുന്നു ടി.കെ യുടേത് എന്ന് ഒരിക്കൽക്കൂടി നമ്മുടെ സ്മരണയിൽ ഇരമ്പങ്ങൾ ഉതിർക്കുന്നു.

“അമ്മ എനിക്ക് കാച്ചിയപാൽ തരും അതു കുടിക്കാഞ്ഞാൽ അമ്മ കരയും” എന്ന പാഠപുസ്‌തകത്തിലെ മാതൃഭാവം നാം ജീവിത പുസ്‌തകത്തിൽ കണ്ടിട്ടില്ല. “അമ്മയൊരോർമ്മ ഈ പുത്തൻ പ്രകാശങ്ങൾ ജന്മമാളും വനപ്രാചീന നീലയിൽ മങ്ങിയമർന്നതാം ഓർമ്മ” എന്നിങ്ങനെ കാൽപ്പനിക സങ്കൽപ്പത്താൽ വിമോഹനമായ അമ്മമനസ്സും നമുക്കത്ര അനുഭവവേദ്യമല്ല. എന്നാൽ നമുക്ക് പരിചിതമുള്ള അമ്മയെ / ഉമ്മയെ പത്മനാഭൻകാവുമ്പായിയുടെ മൻകിബാത്ത് എന്ന കവിത (ദേശാഭിമാനി വാരിക 11 ഒക്ടോബർ 2020)യിൽ നാം കണ്ടുമുട്ടുന്നുണ്ട്.

ഉമ്മയപ്പോൾ മുറ്റത്തെ മഴവെള്ളത്തെ
കാലുകൾ കൊണ്ട് ചാലുകീറി വിടുന്നു.
കുനിഞ്ഞിരുന്ന്
പുഴുക്കടിയേറ്റ് ചോന്ന
കാൽവിരലുകളെത്തടവി നോക്കുന്നു.
വാട്ടം വീണ
വഴുതനയുടെ ഇല
കുട്ടിയുടെ ചെവിയെന്നോണം
പിടിച്ച് നിവർത്തി നോക്കുന്നു. ഉദാത്തവൽക്കരിക്കപ്പെട്ട അമ്മ ഭാവമല്ല നാം പരിചയപ്പെടുന്നത്. ഏറ്റവും സാധാരണമായ ജീവിതത്തെ ഏറ്റവും സാധാരണമായഭാഷ കൊണ്ട് ചിത്രീകരിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഒരു ‘നവറിയലിസം’ പുതുകവിതയുടെ ഒരു ഭാവുകത്വ പരിണാമമത്രേ.

ഗർഭപാത്രത്തിലേക്ക് തിരിച്ചു പോകാൻ വെമ്പുന്ന അസ്‌തിത്വ വിഹ്വലതകൾ ഒന്നും ഇന്നത്തെ മനുഷ്യർ അനുഭവിക്കുന്നില്ല. ആധുനികതയുടെ യാന്ത്രിക സാന്നിധ്യം മനുഷ്യരെ ആവിഷ്‌കാരങ്ങളുടെ തടവിലാക്കിയപ്പോഴാണ് ആധുനികർ ഗർഭപാത്രങ്ങളിലേയ്ക്കുള്ള, ആദിമമായ തൻ്റെ വ്യക്തിസത്തയിലേക്കുള്ള ഉൾവിളികളെ സ്വപ്‌നം കണ്ടത്. ഇവിടെ അസീം താന്നിമൂട് (മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത് ദേശാഭിമാനി വാരിക 11 ഒക്ടോബർ 2020) അധുനാധുനമായ അസ്‌തിത്വവാദവിഹ്വലതകളുടെ പരിഹാസമായോ അനന്യമായ ഒരു ജീവിതാനുഭവമായോ അസാധ്യമെന്ന് വിളിക്കാൻ കഴിയുന്ന മടങ്ങിപ്പോക്കിനെ അടയാളപ്പെടുത്തുന്നു.

വിത്ത്
മരത്തിനെ തിരിച്ചുവിളിക്കണം എന്നത്
പ്രതിഭാസമ്പന്നമായൊരു
സങ്കൽപ്പം മാത്രമാണ്
വേരുകൾ
മരത്തിലേക്ക് മടങ്ങിപ്പോകണം എന്നത്
കൊടിയ നിരാശയിലെ മൗഢ്യം മാത്രമാണ്.
ജലം
ഉറവയിലേയ്ക്ക്
തിരിച്ചൊഴുകണമെന്നത്
വഴിയിൽ വറ്റിപ്പോയതിൻ്റെ
പരിഭ്രമമല്ലാതെ മറ്റൊന്നുമല്ല.
ഇങ്ങനെ തിരിച്ചു നടക്കാൻ കഴിയാത്ത ജീവിത സന്ധികൾ ചിലപ്പോൾ വൈയ്യക്തികവും സാമൂഹ്യപരവുമായിരിക്കും.

ചിതറിയ ജീവിത ചിത്രങ്ങൾ കൊണ്ട് ഒരു കൊളാഷ് നിർമ്മിക്കുന്നതിലാണ് പല കവികളുടേയുംശ്രദ്ധ. വായനക്കാർക്ക് കടക്കാൻ കഴിയാത്ത ഒരു അടഞ്ഞ സംവേദനശീലമാണ് അവർ സൃഷ്‌ടിക്കുന്നത്. ദൽഹി: ഇരുപതാം വർഷം ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ലതീഷ് കുമാറിൻ്റെ കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2020 ഒക്ടോബർ 12) റോബിൻ എഴുത്തുപുരയുടെ ബ്ലാക്ക് ആൻ്റ് വെറ്റ് സെൽഫികൾ (മാധ്യമം ആഴ്ചപ്പതിപ്പ് 2020 ഒക്ടോബർ 12) സഞ്ജീവ് കുമാറിൻ്റെ പ്രണയവും കാലവും (മാധ്യമം ആഴ്ചപ്പതിപ്പ് 2020 ഒക്ടോബർ 12) ഡി. യേശുദാസിൻ്റെ ഒരു ക്രൈംഫയൽ (മാധ്യമം ആഴ്ചപ്പതിപ്പ് 2020 ഒക്ടോബർ 12) എന്നിവ അർത്ഥഗ്രഹണത്തിന് എഴുത്തുകാരെ തന്നെ ആശ്രയിക്കേണ്ട കവിതകളാണ്. കവി അർത്ഥം പറഞ്ഞുതരേണ്ട കവിത അനുവാചകനെ പുറത്തു നിർത്തുകയാണ് ചെയ്യുന്നത്. പൊരുളിൻ്റെ ഒരറ്റം പിടിച്ചു കയറാൻ നോക്കുമ്പോൾ കവിത മറ്റൊരു കടവിലേക്ക് ഒരു ചാട്ടം വെയ്ക്കുന്നു. ആശയങ്ങളുടെ ഒരു നൂൽപ്പാലമെങ്കിലും കണ്ടെങ്കിൽ വായനക്കാർക്ക് സാഹസപ്പെട്ടെങ്കിലും കടന്നു പോകാൻ കഴിയും. ഒന്നുകിൽ അനുഭവവേദ്യമാകുന്ന വൈകാരികത, അല്ലെങ്കിൽ ആഴമേറിയ ധൈഷണികത, അതുമല്ലെങ്കിൽ കാവ്യപരമായ സൗകുമാര്യത, ഇതൊന്നുമല്ലെങ്കിൽ നേരെന്ന് തോന്നിക്കുന്ന ഒരു വാഗ്മയ ചിത്രം.  ഇതൊന്നുമല്ല ഇവർ സാധ്യമാക്കുന്നത്. അത്രമേൽ ക്ലേശിച്ചെങ്കിൽ മാത്രം പിടികിട്ടുന്ന അനുഭവങ്ങളുടെ ചില പൊട്ടും പൊടിയും കൊണ്ട് വായനക്കാർ തൃപ്‌തിപ്പെടണം എന്നായിരിക്കാം ഈ കവികൾ കരുതുന്നത്.

ഡൽഹി: ഇരുപതാം വർഷം ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന കവിത തന്നെ ശ്രദ്ധിക്കുക. ആദ്യഭാഗത്ത് മനോഹരമായ ഗദ്യത്തിലാണ് കവിത ആരംഭിക്കുന്നത് “പറക്കുന്ന മയിൽ രണ്ടു ടെറസ്സുകൾക്കിടയിൽ ഫോൺ കൊണ്ട് അത് പകർത്തുന്ന പെൺകുട്ടി ഒരു ടെറസ്സിൽ അവളെ നോക്കാതെ അവളെ മാത്രം നോക്കുന്ന ആൺകുട്ടി മറു ടെറസ്സിൽ”. എന്നു തുടങ്ങുമ്പോൾ കാഴ്‌ച ഒരു ചിത്രം പകർത്തുന്ന സന്തോഷം നമുക്കുമുണ്ടാകുന്നു. എന്നാൽ അടുത്ത വരിയിൽ തന്നെ ഈ അനുഭവത്തെ ബന്ധിപ്പിക്കാൻ കഴിയാത്ത മറ്റൊരു ചിത്രം തുന്നിച്ചേർക്കുന്നു. അതോടെ കവിതാ വായന പ്രതിസന്ധിയിലാവുന്നു. ഇതിനു സമാനമായ കുഴപ്പങ്ങൾ തന്നെയാണ് മറ്റ് മൂന്നു കവിതകളിലും  കാണാൻ കഴിയുന്നത്.

സഞ്ജീവ് കുമാറിൻ്റെ പ്രണയവും കാലവും എന്ന കവിതയിലെ ചില വരികൾ നോക്കൂ

അടച്ചിട്ടതെല്ലാം തുറന്നു (അശരീരി )
“അതെ നനയും കേട്ടോ” (ആത്മാവ് പറഞ്ഞു)
“അയ്യോമറന്നു ഉമ്മറത്തു കുട ഉണ്ട്” (എന്ന് ഞാൻ )
“അയ്യേ അത് മേലും തലയും നനയാതെ പിടിക്കാം” ( വീണ്ടും ആത്മാവ്)
ഇങ്ങനെ കവിതയുടെ ആത്മാവ് കവിയുടെ  ആത്മസഞ്ചാരം കൊണ്ട് പ്രേതാത്മാവായി മാറുന്നതു പോലെ. ഇത് ആളുകളെ അടുപ്പിക്കുകയല്ല. പേടിപ്പിച്ച്  അകറ്റി നിർത്തുകയാണ് ചെയ്യുക.

ഡി. യേശുദാസിൻ്റെ ഒരു ക്രൈം ഫയൽ വിദ്യാലയ അനുഭവത്തെയും റോഡിലെ അപകടമരണത്തെയും ചേർത്തുവെക്കുന്നു. ഇവിടെയും പാരസ്‌പര്യത്തിൻ്റെ നൂലിഴബന്ധം പോലും കാണാതെ വായനക്കാർ കുഴങ്ങുന്നുണ്ടാവും. അത് കണ്ട് ഈ കവികൾ ആഹ്ലാദിക്കുന്നുണ്ടാവുമോ?

എന്തായാലും ഇന്നത്തെ കവിത ജീവിതത്തിൻ്റെ ബഹുസ്വരമായ പുനർനിർവചനത്തിലാണ് ശ്രദ്ധിക്കുന്നത്. അത് ചിലപ്പോൾ ജീവിതത്തിൻ്റെ പുനർനിർമ്മാണം കൂടിയാവാം.

4 Comments
 1. യൂസഫ് നടുവണ്ണൂർ 11 months ago

  ഗംഭീരം. കവിത ആസ്വദിച്ചുള്ള വായന. കാര്യകാരണസഹിതമുള്ള വിലയിരുത്തൽ. വായനക്കാരെ മലർത്തിയടിക്കുന്ന കവിതകളെ അതേ രീതിയിൽ ചൂണ്ടിക്കാട്ടിയത് നന്നായി. വായനക്കാരില്ലാതെ എന്തു കവിതാസ്വാദനം. വായനക്കാരെ പരിഗണിക്കാത്ത ഒരു രചനയും (പ്രോത്സാഹിപ്പിക്കരുെതെന്നാണെെന്റെ പക്ഷം

 2. hr 11 months ago

  പരാജയം താങ്കൾ, ബ്ലാക്ക് & വൈറ്റ് സെൽഫി മനസ്സിലാകണമെങ്കിൽ മണ്ണിനെയറിയണം. കുടിയേറ്റ ജീവിതമറിയണം

  എന്നിട്ട് നിരൂപിക്കൂ..

 3. Manojveetikad 11 months ago

  നല്ല വിലയിരുത്തൽ..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account