ഉൻമേഷഭരിതമായ ഒരു ജീവിതാകാശത്തെ മുഗ്ദ്ധമായ ഭാവന കൊണ്ട് സ്വപ്‌നം കാണുന്ന ഭാഷാ പ്രവർത്തനമാണ് കവിത. അത് സാമൂഹിക ജീവിതത്തിൻ്റെ അപ്രകാശിത ലോകത്തും ആത്‌മഭാവത്തിൻ്റെ ശ്യാമസ്ഥലികളിലും പാർപ്പുറപ്പിക്കും. പ്രകാശ മുള്ളിടത്ത് ഇരുട്ടുതിരയും. താമസപിണ്ഡത്തിനുള്ളിൽ വിളക്കു കൊളുത്തും. സഫലമെന്നു തോന്നുന്ന ജീവിതാവേഗങ്ങളിൽ നിന്ന് അസംതൃപ്‌തമായ കാമനകളെ ഊതിയുണർത്തും. ഒറ്റയ്ക്കിരിക്കുന്നവരെ ചില കാഹളധ്വനികൾ കൊണ്ട് കൂട്ടം ചേർക്കും. കുട്ടത്തിൽച്ചേർന്നവരുടെ ആത്‌മവേദനകളെ ധ്യാനിച്ചുണർത്തും. ഇങ്ങനെ സങ്കലിതമായ മനുഷ്യാവസ്ഥകളുടെ ആവിഷ്‌കാരമാണ് സമകാലിക കവിതകൾ. അനുഭൂതിയോടുള്ള ഈ നിരപേക്ഷത കവിതകളെ കൂടുതലായി ജനകീയമാക്കുന്നു.

പുരുഷൻ്റെ പരുഷകാമനകൾ മലയാളി മനസ്സിൻ്റെ അടിത്തട്ടിലുണ്ടിപ്പൊഴും. സമയമായില്ലെന്ന് ചൊല്ലിനിന്ന ഉപഗുപ്‌തൻ ഇപ്പോൾ വന്യമായ ശരീരമോഹങ്ങളിൽ എവിടെയോ ഗുപ്‌തമായി കിടക്കുന്നുണ്ടാവാം. ശരീര തൃഷ്‌ണകളിൽ നിന്ന് അവൻ മോചിക്കപ്പെടാത്തതെന്ത് എന്ന ചോദ്യം ഒരു സാംസ്‌കാരിക മുഴക്കമായി ഇന്നും നമുക്കിടയിൽ ഉയരുന്നുണ്ട്. ഇവിടെയാണ് അസീം താന്നിമൂട്ടിൻ്റെ ചൂയിംഗം എന്ന കവിത (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്, ഓഗസ്റ്റ് 9) പ്രസക്‌തമായിത്തീരുന്നത്. കരിക്ക് മൊത്തിക്കുടിച്ച്  ഉപേക്ഷിക്കുന്ന പഴയ കാമനാരൂപങ്ങളുടെ രൂപകം തന്നെയാണ് ഇവിടെ ചൂയിംഗം. അത് പെണ്ണും മറ്റെല്ലാം ഉപഭോഗ തൃഷ്‌ണകളുമായിത്തീരുന്നു.

പൊതിഞ്ഞു ഭദ്രം മൂടി
വെച്ച ചൂയിംങ്ഗങ്ങളി –
ലുതിരും മോഹങ്ങളോ-
ടാണതിന്നേറെ പ്രിയം

ഈ കാമനകളെ ശമനമാക്കുന്നതാണ് കെ.ടി. സൂപ്പിയുടെ ശ്മശാനത്തിലെ മരങ്ങൾ (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്, ഓഗസ്റ്റ് 9). അവിടെ ആസക്‌തിയല്ല, പ്രകൃതിയുടെ പ്രകൃതങ്ങളെ അനാഥമാക്കി മനുഷ്യൻ നടത്തുന്ന ആർത്തിപൂണ്ട കയ്യേറ്റങ്ങൾക്ക് നടുവിൽ നിന്ന് മനുഷ്യനും പ്രകൃതിയും സമൈക്യത്തിൽ നിൽക്കുന്നതിൻ്റെ സമ്യക്ഭാവമാണ് നാം അനുഭവിക്കുന്നത്.

വെയിൽ ശരങ്ങളാൽ
ചില്ലകൾ വിവശമാക്കുമ്പോൾ
ഒരു കിളിനാദം ശ്മശാനമാകെ നിറയുന്നു.
പഴുത്ത ഇലകളിൽ
കാറ്റ് പിടയുന്നു
മനുഷ്യനും മരങ്ങളും
വശ്യമായ ഇണക്കത്തിലാണ്.

അത് ശ്മശാനങ്ങളിലാകുന്നു എന്ന ഖേദം ബാക്കിയാവുന്നുണ്ടെങ്കിലും മരണം മരണമല്ലെന്ന് റൂമിയെ പോലെ സൂപ്പിയും തിരിച്ചറിയുന്നുണ്ട്. റൂമി പറയുന്നുണ്ട് “പോകലല്ല മരണം സൂര്യനസ്‌തമിക്കുന്നത്  ചന്ദ്രനസ്‌തമിക്കുന്നത്  പോവുകയല്ലല്ലോ പക്ഷേ കൂടിച്ചേരലത്രേ മരണം”. ഈ റൂമിയറിവാണ് സൂപ്പീകവിതയുടെ നിറവ്.

ആത്‌മഹത്യക്ക് മുമ്പ് നമ്മൾ ഒരാളെ കണ്ടുമുട്ടുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുക. അയാൾ അപ്പോൾ പ്രകൃതിയുടെ ലീനധ്വനികൾക്ക് കാതോർക്കുകയായിരിക്കും. അതുവരെ ആർത്തിപൂണ്ടതൊക്കെയും അയാൾക്ക് അന്യമായിത്തീരും. അതുവരെ അന്യമായതെല്ലാം അയാൾ ആത്‌മാവിൽ എടുത്തുവെക്കും. പി.ടി ബിനുവിൻ്റെ കവിത (ആത്‌മഹത്യയ്ക്കു മുമ്പ്, ഭാഷാപോഷിണി 2020 ആഗസ്റ്റ്) ഇത്തരമൊരു പ്രമേയത്തെ സ്വീകരിക്കുന്നുണ്ട്.

ആത്‌മഹത്യയ്ക്കു മുമ്പ്
അവനെ കാണാൻ പോയി
അവൻ്റെയുള്ളിൽ ഒരു തടാകമുണ്ട്
മീനുകൾ നീന്തി നീന്തി
ശിൽപ്പങ്ങളായ ജലം നിറച്ച ശംഖ്

യഥാർത്ഥത്തിലും പ്രകൃതിയുടെ പ്രകൃതമാണ് മനുഷ്യന്. പക്ഷേ അത് പലപ്പോഴും തിരിച്ചറിപ്പെടാതെ പോകുന്നു. മനുഷ്യർ വേട്ടക്കാരും പ്രകൃതി ഇരയും എന്ന ദ്വന്ദ്വ കൽപ്പനകളിലാണ് നമ്മുടെ ജീവിതം കറങ്ങി നിൽക്കുന്നത്. ഈ ദ്വന്ദ്വഭാവത്തിൻ്റെ കാവ്യഭാവനയാണ് പത്‌മനാഭൻ കാവുമ്പായിയുടെ ഇലകൾക്കിടയിൽ ഒരു കാമോ ഫ്ലാഷ് (മാതൃഭൂമി ആഴ്‌ചപ്പതിപ്പ് ആഗസ്റ്റ് 9).

കിളിമഞ്ഞയിലയായി പഴുക്കും
തത്ത പച്ചയിലയായി പറക്കും
പരുന്ത് മേഘത്തിൽ നിന്നടരും
ഓന്ത് നിറങ്ങളിലൊളിക്കും
പാമ്പ് ഉണക്കിലക്കുള്ളിലുണങ്ങും
കടുവ പുൽകൂട്ടമോ
കുറ്റിക്കാടോ ആയിക്കാറ്റിലുലയും.

ഇങ്ങനെ മനുഷ്യരല്ലാത്ത ജീവികൾ പ്രകൃതിയിൽ ലയിക്കുന്നതിൻ്റെ സംഗീതം, നിലീനമായ നിറഭേദങ്ങൾ മനോഹരിയായ പ്രകൃതിയിൽ കവി ഭാഷകൊണ്ട് വിളക്കിച്ചേർക്കുന്നു. കർമ്മ പൗരുഷം വേൾക്കാതുള്ള  നീതിയെയാണ് കവി ഇവിടെ ആവിഷ്‌കരിക്കുന്നത്. മനുഷ്യന് ഇതെല്ലാമറിയാം എങ്കിലും തഴയുടകൾ തയ്പ്പിച്ചുടുത്ത് താനിരയല്ലാത്ത തന്നെപ്പോലൊരു ജീവിയെ മനുഷ്യർ സദാ വേട്ടയാടുന്നു, ഇരയാക്കുന്നു. ആഴത്തിലുള്ള ആ തിരിച്ചറിവാണ് പത്‌മനാഭൻ കാവുമ്പായിയുടെ കവിത.

അകളങ്കിതമായ ഈ പ്രകൃതി സൗന്ദര്യം ഇന്നും കവികളിൽ ഉൻമേഷഭരിതമായ വാഗ്‌മയങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. മഴയുടെ മറ്റേതോ മുഖം വർഷഗാഥ എന്ന കവിത (ഭാഷാപോഷിണി, ആഗസ്റ്റ് 2020)യിൽ കെ.പി മോഹനനും ഇന്നലെ മഴ പാടും സന്ധ്യയിൽ എന്ന കവിത (ഭാഷാപോഷിണി, 2020 ആഗസ്റ്റ്) യിൽ ശ്രീരേഖാ ഭാസ്‌കരനും ആവിഷ്ക്കരിക്കുന്നു. മഴ നീ എത്ര മനോഹരി എന്നു പാടുമ്പോഴും മഴ പാടുന്ന സന്ധ്യയിൽ വന്യമേതോ കിനാവിൻ്റെ ലഹരിയിൽ കണ്ണുനീരിൻ സ്‌പടികജനലുള്ള സൗഹൃദ മുറിയിലിരിക്കുന്ന അനുഭൂതിയും സൃഷ്‌ടിക്കുന്നു. ശങ്കരൻ കോറോം മഞ്ഞിന് മാനുഷിക ഭാവം നൽകുന്നു.(മഞ്ഞ്, പച്ചക്കുതിര 2020 ആഗസ്റ്റ് ).

കവിതകൾ പലപ്പോഴും വേർപാടിൻ്റെ ഇരമ്പങ്ങൾ കൂടിയാണ്. അറ്റുപോയ മനുഷ്യബന്ധങ്ങളുടെ സ്‌മൃതിചിത്രങ്ങൾ അവർ അതിൽ തുന്നിച്ചേർക്കും.

മൂടും കാർമുകിലാലകാലതിമിരം
വ്യാപിച്ചു മായുന്നിതാ
കാടും കായലുമിക്കടൽത്തിരകളും
സഹ്യാദ്രികൂടങ്ങളും;
ചൂടേറ്റുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്-
ന്നിമ്മട്ടു വൻ‌വൃഷ്ടിയാൽ
പാടേ കേരള ഭൂമി കേണു ഭുവനം
കണ്ണീരിൽ മുക്കുന്നിതേ. (പ്രരോദനം)

എന്നിങ്ങനെ ആശാൻ എ.ആറിന് തൂകിയ കണ്ണീരിൽ മുക്കിയ വേദനകളുടെ തിരയിളക്കങ്ങൾ മലയാള കവിതയിൽ അടങ്ങിയിട്ടില്ല. പൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍ തുരിശുമീര്‍ച്ചപ്പൊടിയും നിറച്ച്
നിന്‍ തുറമുഖത്തിലണയുകയാണെന്‍റെ കുപിത യൌവ്വനത്തിന്‍  ലോഹനൌകകള്‍ എന്ന ഹൃദയദ്രവീകൃതമായ കവി വചസ്സുകൾ  അടയാളപ്പെട്ടു പോയതാണ് വേർപാടിൻ്റ വാങ്മയ ലോകം. ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഈ വിധം സച്ചിദാനന്ദൻ ടി.എൻ ജോയിയെ സ്മരിക്കുന്നു (നീ, പിന്നിൽ) ജോയിയെക്കുറിച്ചുള്ള സ്‌മൃതി ചിത്രങ്ങൾ കവി പങ്കിട്ടെടുത്ത സാംസ്‌കാരിക വിനിമയങ്ങൾ കൂടിയായിത്തീരുന്നു.

എൻ്റെ വീടെല്ലാം നിൻ്റെ
വീടായി, നിൻ നാടായി
യെൻ്റെ നാടെല്ലാം, എൻ്റെ
ഭാഷകൾ നിൻ്റെ തായി.
കൊടികൾ കൈമാറി നാം
ഗ്രന്ഥങ്ങൾ വിചാരങ്ങൾ.

എന്നു പറയുമ്പോൾ സൗഹൃദം ഒരു വെറും വൈകാരിക വിനിമയം മാത്രമല്ലാതായിത്തീരുകയും പരസ്‌പരം നിർമ്മിച്ചെടുത്ത ഒരു സാംസ്‌കാരിക സൗന്ദര്യ ലോകമായിത്തീരുകയും ചെയ്യുന്നു.പലപ്പോഴും
മരിക്കാത്ത കൂട്ടുകാരനും ഓർമ്മയുടെ ഗുഹാമുഖത്ത് വന്നുനിൽക്കും. വാക്കുകളും ചിത്രങ്ങളും കൊണ്ട് അയാൾ കൂട്ടുകാരനെ എപ്പോഴും തൻ്റെ കൂടെ കൂട്ടികൊണ്ടിരിക്കും. ഓർമ്മയുടെ കൂട്ടിരിപ്പിൽ പിന്നെ അവർ തനിച്ചാവുന്നില്ല. ഒരു ബാല്യം അപ്പാടെയാണ് ചുറ്റിലും കുമിഞ്ഞുകൂടി വരിക. അങ്ങനെ കൂട്ടുകാരനെക്കുറിച്ചുള്ള ഓർമ്മച്ചിത്രങ്ങൾ തന്നെ നെയ്‌ത് എടുക്കുന്നതാണ് സുധീഷ് കൊട്ടേമ്പ്രത്തിൻ്റെ പൂവുകൾ കൊണ്ടും പ്രാവുകൾ കൊണ്ടുമുള്ള ചില ചിത്രങ്ങൾ എന്ന കവിത. (ഭാഷാപോഷിണി, 2020 ആഗസ്റ്റ് )

പത്തിലൊന്നിച്ചു പഠിച്ച
കൂട്ടുകാരൻ
പതിവു തെറ്റാതെ അയക്കുന്നു
ശുഭദിന ശുഭരാത്രി സന്ദേശങ്ങൾ
വിരിയുന്ന റോസാ പൂവോ
ഉദയാസ്തമയങ്ങളോ.
പക്ഷി പ്രേമമോ ഒപ്പം ചേർത്ത്.

അതോടെ കവിയിൽ ഉയിർ കൊള്ളുന്നുണ്ട് ബാല്യത്തിൻ്റെ നിറം പിടിച്ച വിരഹങ്ങൾ.
വ്യത്യസ്‌തമായ ഒരു യാത്രാ ചിത്രമാണ് ദേശാഭിമാനി ആഴ്ചപ്പതിപ്പിലെ (9 ആഗസ്റ്റ് 2020) മഞ്ജു വൈഖരിയുടെ മധുരയിൽ. ആത്‌മീയത ആഢംബരങ്ങൾങ്ങൾക്കും ആസക്തികൾക്കും വഴിമാറുന്നതിൻ്റെ പരിഹാസം കവിത പങ്കുവെയ്ക്കുന്നു. ഒന്നിനും പ്രവേശന മില്ലാത്ത ക്ഷേത്രത്തിൽ എടിഎം കാർഡിന് മാത്രം നിരോധനമുണ്ടാകുന്നില്ല. കാരണം വഴിപാട് കൗണ്ടറിൽ കാർഡ് പേമെൻ്റ് ആക്കണം. പൂജസ്വയം ചെയ്യുന്നതാണ് ഭാരതീയമായ ആത്‌മീയത. അത് പണം കൊടുത്ത് പൂജാരിയെ ഏൽപ്പിക്കുന്നത് ഉപഭോഗതൃഷ്‌ണയിലാണ്ട അലസഭക്തിയാണ്.

മനുഷ്യർ ഒരു സാംസ്‌കാരിക ജീവിവർഗം എന്ന നിലയിൽ ധാരാളം നിയമങ്ങളും ജീവിത വ്യവസ്ഥകളും നിർമ്മിക്കുന്നു. അതിനകത്തു ജീവിക്കുന്നവരാണ് പൗരസമൂഹമാന്യർ. എന്നാൽ ഈ ജീവിതവ്യവസ്ഥയ്ക്കു പുറത്തും അനേകം ജീവാത്മാക്കളുണ്ട്. അവരെ നമുക്ക് മാന്യരെന്ന് വിളിക്കാൻ കഴിഞ്ഞില്ലെങ്കിലും മനുഷ്യൻ്റെ പച്ചയാണവർ. നിഷാ നാരായണൻ ഫ്രെയിംലെസ് എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ്, 2020 ആഗസ്റ്റ് 10) ഈ പച്ച മനുഷ്യത്വത്തെ ആവിഷ്‌കരിക്കുന്നു. പാവം ജഡ്ക വലിക്കാരനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് കവിത ഇത് സാധിക്കുന്നത്. “അയാളൊരു പാവം ജഡ്ക വലിക്കാരൻ, ജീർണ്ണിച്ച കാറ്റോട്ടമില്ലാത്ത വഴികളിലൂടെ, ഒരു ഭൂതാവേശിതനെപോലെ” ഫ്രെയിം ലെസ് ജീവിതമാണ് സർഗാത്മക ജീവിതം. അത് വെട്ടിയൊരുക്കിയ പൂന്തോട്ടമല്ല. വന്യ സൗന്ദര്യത്തിൻ്റെ കാന്തിയിലായിരിക്കും അതിൻ്റെ സൗന്ദര്യം.സ്വാഭാവികതയുടെ കാറ്റേറ്റുലയുന്ന ജീവിതത്തിൻ്റെ നിറവുണ്ടാകും അത്തരം ജീവിതങ്ങൾക്ക്. വ്യവസ്ഥകൾക്ക് പുറത്താണത് പൂത്തുലയുന്നത്. മുതിർന്നവരാണ് വ്യവ്യസ്ഥയുടെ ചതുരങ്ങളും വൃത്തങ്ങളും എപ്പോഴും തീർത്തു കൊണ്ടിരിക്കുക. കുട്ടികൾ കളങ്ങൾക്കും കള്ളികൾക്കും പുറത്താണ് പടരുന്നത്. അതുകൊണ്ട് അമ്മയും കുട്ടിയും വരയ്ക്കുമ്പോൾ അവ രണ്ടു ചിത്രങ്ങളായിത്തീരുന്നു. ഒന്ന് അനുശീലനത്തിൻ്റേതാവുമ്പോൾ മറ്റേത് തീർത്തും ആസ്വാദനത്തിൻ്റേതുമാത്രമായിത്തീരുന്നു. സൂസൻ ജോഷി ആദ്രമായ ഒരു ഭാഷ കൊണ്ട് ഇരു ലോകങ്ങളും പണിയുന്നു. (ചായങ്ങൾ ചതുരങ്ങളോട് ചെയ്‌തത്‌, ഭാഷാപോഷിണി 2020 ആഗസ്റ്റ്).

അമ്മയും കുട്ടിയും
വരയ്ക്കാനിരിരുന്നു.
അമ്മയാദ്യം
ഒരു ചതുരം കൊണ്ട്
വീടുവരച്ചു
രണ്ടു ചെറു ചതുരങ്ങൾ ചേർത്ത്
ജനൽ പണിതു.
അതു കണ്ട കുട്ടി വിസ്‌മയത്തോടെ കടലാസ് വാങ്ങി ഇനി ഞാൻ വരക്കാം എന്ന് കൊഞ്ചി ക്കുണുങ്ങി അമ്മയെ പറഞ്ഞുവിട്ട് മിനുക്കുപണികൾ തുടങ്ങി.അവൾ വരച്ച ചിത്രങ്ങൾ മുഴുവൻ വീടിനു പുറത്തായിരുന്നു.

തൊടിയിലൊരു മരം നട്ടു
കൊമ്പിൽ കുയിൽ പാട്ടു വച്ചു.
പൂമ്പാറ്റകളെ വിളിച്ചു.
കപ്പം കളിക്കാൻ
ഒരു പറ്റം കുട്ടുകാരെ കൂട്ടി.

ഇവിടെ മുതിർന്നവരും കുട്ടികളും രണ്ടു ജീവിതാവസ്ഥയിൽ  രണ്ടു ജീവിത ദർശനങ്ങളിൽ പ്രവർത്തിക്കുന്നത് നാം അനുഭവിക്കുന്നു.

ദന്തുരമായ ഒരു ജീവിതത്തിൽ പിടഞ്ഞ് വിടവാങ്ങുന്ന പെൺകുട്ടിയുണ്ട് കെ.വി സുമിത്രയുടെ (ആ പിയാനോ ഞാനുപേക്ഷിക്കുകയാണ്, പച്ചക്കുതിര 2020 ആഗസ്റ്റ്) യും അരുണ ആലഞ്ചേരിയുടെയും കവിത (സഹചാരി, പച്ചക്കുതിര 2020 ആഗസ്റ്റ് )കളിൽ. ആലപിക്കാനാവാത്ത പിയാനോ ആയി നിൽക്കുന്ന ഒരു സ്ത്രൈണ ചേതന ക്യാമറയുടെ കണ്ണുകൾ പല നിറങ്ങളിൽ ഒപ്പിയെടുക്കുന്നു. ഇങ്ങനെ മലയാളി ജീവിതത്തിൻ്റെ സങ്കീർണമായ വ്യാപാരങ്ങളിലേക്ക് കവിത ഇടപെടുകയും ഒരു അനുഭൂതി വിഷയമല്ലാതെ ഒരു സാംസ്‌കാരിക സമസ്യയായി ഓരോ കവിതയും പ്രവർത്തിക്കുകയും ചെയ്യുന്നു.

3 Comments
 1. എം.പി. അനസ് 1 year ago

  സമകാലിക കവിതകളെ പിന്തുടരുന്ന നിരൂപകർ അധികമില്ല മലയാളത്തിലിപ്പോൾ. അത് കവിതയ്ക്കും നിരൂപണത്തിനും സാംസ്കാരികയായാരു കുറവു തന്നെയാണ്. ദേവേശന്റെ പുതിയ പംക്തിക്ക് എല്ലാവിധ പിന്തുണയും.

  എം.പി.അനസ്

  • Author

   നന്ദി ,എം.പി അനസ്, കവിയും സൂക്ഷ്മനിരീക്ഷകനും കൂടിയായ അങ്ങയുടെ അഭിപ്രായങ്ങൾ ഏറെ വിലമതിക്കുന്നു. നന്ദി

 2. ഗഫൂർ കരുവണ്ണൂർ 1 year ago

  തൊണ്ണൂറുകളോടെ ശക്തമായ പുതു കവിതയോടൊപ്പം സഞ്ചരിക്കുകയും കവിതയുടെ പുതുക്കലുകളേയും, സൂക്ഷ്മ രാഷ്ട്രീയത്തെയും നിരീക്ഷിച്ചു വരുന്ന ദേവേശൻ പേരൂരിന്റെ പങ്തി
  ജ്വലനത്തിന് മുതൽക്കൂട്ടാവുക തന്നെ ചെയ്യും.
  പ്രിന്റ് മീഡിയകളിൽ നിന്നും കവിതാ ചർച്ചകൾ ഓൺലൈൻ മീഡിയകളിലേക്ക് കൂടുമാറിയ ഇക്കാലത്ത്. ഓരോ ആഴ്ചയിലേയും കവിതാ വിലയിരുത്തൽ കവിതാസ്വാദകർക്കും, കവികൾക്കും തങ്ങളുടെ മികവും പരിമിതിയും തിരിച്ചറിയാൻ കഴിയും.

  ജ്വലനത്തിനും
  ദേവേശൻ പേരൂരിനും വിജയാശംസകൾ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account