മലയാളത്തിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭാഷാ ഉൽപ്പന്നം കവിതയാണ്. ആവശ്യത്തേക്കാളൊക്കെ എത്രയോ മടങ്ങ് ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ കവിതയുടെ ഗുണത്തേക്കുറിച്ചോ സാംഗത്യത്തെക്കുറിച്ചോ പ്രസക്തിയേക്കുറിച്ചോ ഒരു വിധത്തിലുള്ള വിലയിരുത്തലും സാധ്യമല്ലാതെ വരുന്നു. അതുകൊണ്ടു തന്നെയാവണം കവിത അതിന്റെ അമൂർത്തതയെ നിരാകരിക്കുന്നതും കേവലം പ്രസ്താവനകളുടേയോ മുദ്രാവാക്യങ്ങളുടേയോ രൂപത്തിലേക്ക് പരിണമിക്കുന്നതും നമ്മെ ആശങ്കപ്പെടുത്താത്തത്.
കവിത എന്ത് എന്ന ചോദ്യത്തെ തന്നെ അസാധുവാക്കുകയും കവിതയല്ലാത്തതെന്ത് എന്ന് മറു ചോദ്യ കുയുക്തി കൊണ്ട് വിമർശനങ്ങളെ മറികടക്കാൻ ശ്രമിക്കുകയുമാണ് വർത്തമാന മലയാള കവിത ചെയ്യുന്നത്. ഒരു സമുദ്രത്തെത്തന്നെ ചിമിഴിലൊതുക്കാൻ സാധിക്കുന്ന സാധനയാണ് കവിത എന്നതിൽ നിന്ന് ദിവസവും മൂന്നു നേരം കറന്നെടുക്കാവുന്ന സ്ഥൂലവാചാടോപം മാത്രമായി നിസ്സാരവൽകരിക്കപ്പെടുന്നു എന്നതത്രേ വർത്തമാന മലയാള കാവ്യ മേഖലയുടെ ദുരന്തം. കേവല കണ്ഠക്ഷോഭങ്ങളുടേയും വെർബൽ ഡയേറിയയുടേയും കാലത്ത് തീർച്ചയായും നല്ല കവിതകളെ കണ്ടെത്തുക ഏറെക്കുറെ അസാധ്യമെന്നു തന്നെ കരുതേണ്ടി വരും. അച്ചടി പ്രസിദ്ധീകരണങ്ങളിലൂടെ വെളിച്ചത്തു വരുന്നതിനേക്കാൾ എത്രയോ (നല്ല) കവിതകൾ നവ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ ഈ കുത്തൊഴുക്കിൽ അവ മിക്കതും ഒഴുകിയൊഴുകി നഷ്ടപ്പെട്ടു പോകുന്നു.
വാരഫലം
സച്ചിദാനന്ദന്റെ സ്ത്രീകൾ ആണ് പോയവാരം ആദ്യം വായിച്ച കവിത (മാതൃഭൂമി മെയ് 19). സ്ത്രീകൾ ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് നടന്നു കയറുമ്പോഴും ഒരു പുരുഷൻ റോഡു മുറിച്ചു കടക്കാൻ ഭയപ്പെട്ടു നിൽക്കുന്നു എന്ന് സച്ചിദാനന്ദൻ അദ്ദേഹം കാണുന്ന കാലത്തെ രേഖപ്പെടുത്തുന്നു. ഏതൊന്നിനേയും വിശാലമായ പരിസരങ്ങളിലേക്ക് വലിച്ചു നീട്ടുന്നത് (enlarging) സച്ചിദാനന്റെ ശൈലിയാണ്. തന്റേത് വിശാലമായ കാവ്യലോകമാണെന്നു സ്വയം തെളിവാകാനുള്ള ശ്രമമെന്നേ അതിനെ കാണാനാവൂ. സ്ഥൂല ബിംബങ്ങൾ കൊണ്ടും അതി വാചാലത കൊണ്ടും അരോചകമായ കവിതയാണ് സ്ത്രീകൾ. അതേ ലക്കത്തിൽ പി. രാമന്റെ കവിതയുണ്ട്. സൂക്ഷ്മമായ ഒന്നിൽ നിന്നു കൊണ്ട് എപ്രകാരം കവിതയെ ലോകത്തോളമുയർത്താമെന്ന് രാമൻ സാക്ഷ്യപ്പെടുത്തുന്നു. കെ.എൻ സുരേഷ് കുമാറിന്റെ ‘ക കു ‘ നല്ല കവിതയാണ്. പെറ്റതിനെ പോറ്റിക്കോ, മര്യാദക്കു മിനുക്കിക്കോ എന്ന് മാർഗദർശനം നൽകാൻ സുരേഷ് കുമാറിന് സാധിക്കുന്നു.
മാധ്യമത്തിൽ (മെയ് 27) ദേശമംഗലം രാമകൃഷ്ണന്റെ ജൈവ പച്ചകൃഷി മുതിർന്നിട്ടും മുതിരാത്ത കവിയാണ് അദ്ദേഹമെന്ന് ഊന്നിപ്പറയുന്നു. മാറി വരുന്ന കാവ്യാനുശീലനങ്ങൾ പഠിക്കണമെന്ന് ആരേയും നിർബന്ധിക്കുന്നതിൽ കാര്യമില്ല. പക്ഷേ കവിതയുടെ വർത്തമാനമെന്തെന്ന് അന്വേഷിക്കാനും സ്വയം അപ്ഡേറ്റ് ചെയ്യാനും മുതിരാത്ത പക്ഷം കവിതയും കാലവും മോരും മുതിരയും പോലാവും. ഡി. യേശുദാസ് എഴുതിയ പ്രതിമകൾ മെച്ചപ്പെട്ട ആസ്വാദന സാധ്യതയുള്ള കവിതയാണ്. കാറുന്ന പോർവിളികൾ പ്രതിമകൾ വിട്ടിറങ്ങുന്നത് ജനതയുടെ ചോരയോട്ടത്തെ കൂർത്ത ഒച്ചയിൽ മുക്കിയെടുക്കുന്നത് ആസ്വദിക്കാമിപ്പോൾ എന്ന് കവി ആഹ്ലാദിക്കുന്നത് നമുക്കും അനുഭവിക്കാം. മൃദുല ഭവാനിയുടെ ആനക്കവിത പത്രവാർത്തയിൽ നിന്ന് ഒട്ടും വളർന്നില്ല. ഇതൊക്കെ കവിതയാണ് എന്ന് ചിന്തിക്കുന്ന കവിയോട് പോയി മറ്റുള്ളവർ എഴുതുന്നത് വായിക്കൂ എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.
ദേശാഭിമാനിയിൽ (മെയ് 26) വി.എച്ച് ദിരാർ എഴുതിയ യുദ്ധം എന്ന കവിതയുണ്ട്. യുദ്ധം തൃശൂർ പൂരമല്ല എന്ന് കവി യുദ്ധാഘോഷക്കമ്മിറ്റിക്കാരെ ഓർമിപ്പിക്കുന്നു. തീർച്ചയായും യുദ്ധം ഒരു നിരന്തര ഭരണകൂട ഭീഷണിയായി നമുക്കു നേരെ തോക്കു ചൂണ്ടി നിൽക്കുമ്പോൾ ഈ കവിത ആവർത്തനമാണെങ്കിലും പ്രസക്തവും പ്രധാനവുമാണ്.
ശാന്തം മാസികയിൽ (മെയ്) വിമീഷ് മണിയൂർ എഴുതിയ മറ്റാരും എന്നൊരു കവിതയുണ്ട്. പിടിക്കപ്പെടാത്ത കുറ്റവാളികളോളം ഭയം സൂക്ഷിക്കുന്നില്ല മറ്റാരും എന്ന് കവി നമ്മെ ചൂണ്ടി പറയുമ്പോൾ കുറ്റം ചെയ്യാത്തവരാരുണ്ട് എന്ന് സ്വയം ചോദിക്കാൻ നമുക്കു തോന്നിയാൽ കവിയെ കുറ്റപ്പെടുത്തുന്നതെങ്ങനെ? എന്നാൽ അതേ ലക്കത്തിൽ സുമയ്യ സുമം എഴുതിയ മക്കുണപ്രുറിയൻസ് എന്നൊരു സംഗതിയുണ്ട്. അതിനെ കവിത എന്ന് ആരാണാവോ പത്രാധിപരെ തെറ്റിദ്ധരിപ്പിച്ചത്. നായ്ക്കുരണ എന്ന പേരിനെ ആംഗലത്തിലാക്കിയാൽ വായനക്കാർ ഞെട്ടും എന്ന് കവി വിചാരിച്ചതുമാവാം.
യെസ് മലയാളത്തിൽ (മേയ് 2019) രഗില സജിയുടെ കിടത്തം കിടപ്പിൽ നമ്മൾ ഭൂമിയുടെ പരസ്യം കാട്ടി ആകാശത്തെ പ്രലോഭിപ്പിക്കുന്നു എന്ന വരിയിലൂടെ കവിതയുടെ ആർജ്ജവം വ്യക്തമാക്കുന്നു. തീർച്ചയായും പരാമർശവിധേയമാകേണ്ട ഒട്ടനവധി കവിതകൾ ഇനിയുമുണ്ടാവും.
സൈബർ വാരഫലം
ഡിജിറ്റൽ മാഗസിനുകൾ ധാരാളമുണ്ട്. അവയിൽ ആഴ്ച്ചപ്പതിപ്പിൽ (മെയ് 26) അഞ്ചു കവിതകളുണ്ട്. കവിത നിലനിൽക്കുന്നു എന്ന് നമ്മെ ആശ്വസിപ്പിക്കുന്നവയാണ് എല്ലാ കവിതകളും. ആരാണീ സമുദ്രത്തെ വിളക്കു കാലിൽ കെട്ടിയിട്ടത്, എന്ന് ചോദിക്കുന്ന അജീഷ് ദാസന്റെ അലർച്ച അവയിൽ മികച്ചു നിൽക്കുന്നു. എൻ. ബി. സുരേഷിന്റെ ഒളിയിടം, പോളി വർഗീസിന്റെ സൂര്യനെ വരച്ച യാത്രകൾ എന്നിവയും നന്നായി.
ദിവസവും ഒരു രചന പ്രസിദ്ധീകരിക്കുന്ന ഇ. ഷി. ക യാണ് നല്ല വായന നൽകുന്ന മറ്റൊരു ഡിജിറ്റൽ മാഗസിൻ. നസീം ചെന്ത്രാപ്പിന്നി എഴുതിയ രൂപാന്തരം, നന്ദിനി രാജീവിന്റെ ഇരുട്ട് എന്നിവ കഴിഞ്ഞയാഴ്ച്ച ഇഷികയിൽ വായിച്ച മികച്ച കവിതകളാണ്. മരണ ശേഷവും അവശേഷിക്കുന്ന വേരുകൾ രൂപാന്തരത്തെ ആഴമുള്ളതാക്കുന്നു. ഇരുട്ട് മാത്രമാണ് ശാശ്വതമെന്നും വെളിച്ചം ഇരുട്ടിനെ താൽക്കാലികമായി മറക്കുന്നുവെങ്കിലും ഇരുട്ട് നിലനിൽക്കുന്നു എന്നും നന്ദിനി രാജീവ് ശീർഷാസനത്തിൽ നിന്ന് നിരീക്ഷിക്കുന്നു.
മുതിർന്നവർ സ്വയം തങ്ങളാണ് കവിതയുടെ സ്കൂളുകൾ എന്ന് പ്രഖ്യാപിക്കുവാൻ വെമ്പൽ കൊള്ളുമ്പോൾ പുതിയ തലമുറ കവിതകളിൽ വ്യത്യസ്തൾ ചാലിച്ചു ചേർക്കുന്നതിൽ ബദ്ധശ്രദ്ധരാണ് എന്നതാണ് ആകെ ആശ്വാസദായകം.
– മനോജ് വീട്ടിക്കാട്
കെട്ടിലും മട്ടിലും വ്യത്യസ്തതകളുമായി പുതിയ കാലത്തിന്റെ വഴികളിലൂടെ കവിത നിർബാധം സഞ്ചരിക്കുമ്പോൾ കവിത അല്ലാത്തത് എന്ത് എന്നു പലപ്പോഴും ചിന്തിപ്പിക്കുന്നു. പുതിയ കാവ്യ വഴികളിലെ വീക്ഷണങ്ങൾക്കും വിശകലനത്തിനും അഭിനന്ദനങ്ങൾ.