“മാതൃഭാഷയിൽ സംസാരിക്കുന്നത് ലജ്ജാകരമായി കരുതുന്നതും ഇംഗ്ലീഷ് പരിജ്ഞാനം സാമൂഹിക പദവിയെ നിർണയിക്കുന്നതും ഏതു സാഹചര്യത്തിലും വിചിത്രമെന്നേ കരുതാനാവൂ.” 

ഇന്ത്യയിൽ വിദ്യാഭ്യാസം, ആംഗല ഭാഷയുടെ പഠനം ആംഗല ഭാഷയിലൂടെയുള്ള പഠനം എന്നായി മാറിയെന്നും അത് അടിമത്തത്തിന്റെയും അപകർഷതയുടെയും അടയാളമാണെന്നും പ്രാദേശികഭാഷയെ സമൂഹത്തിൽ നിന്നാട്ടിയോടിക്കുന്നതു ദുസ്സഹമാണെന്നും കഴിഞ്ഞ നൂറ്റാണ്ടിൽ ഗാന്ധിജി എഴുതുന്നത് അക്കാലത്തെ പൊതു മനോഭാവത്തെ മുൻനിർത്തിയാണ്. മലയാളത്തിൽ ഇന്ദുലേഖ പോലുള്ള നോവലുകളിൽ യുവാക്കൾ ഇംഗ്ലീഷ് വിദ്യാഭ്യാസം തേടി കേരളത്തിനു വെളിയിലേക്കു ധാരാളമായി പോവുന്നു. ഇംഗ്ലീഷ് അന്നും ഇന്നും അധികാരത്തിന്റെ ഭാഷയായാണ് നമ്മൾ ഉൾക്കൊള്ളുന്നത്. പേർഷ്യൻ ഭാഷയുടെ സ്ഥാനത്ത് ഭരണഭാഷയായി ഇംഗ്ലീഷ് ഏർപ്പെടുത്തുമ്പോൾ മെക്കാളെ പ്രഭു ഇന്ത്യൻ ഭാഷകളെ ഇകഴ്ത്തി പറഞ്ഞത് ഇപ്പോഴും അധമബോധത്തോടെ ഇന്ത്യക്കാർ കൊണ്ടു നടക്കുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം പുരോഗമനത്തിന്റെ അടയാളമായി കണക്കാക്കിത്തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണെന്ന് അക്കാലത്തെ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ചരിത്രവും സാഹിത്യ കൃതികളും വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ വിദ്യാഭ്യാസത്തെക്കുറിച്ച്, പ്രാദേശിക ഭാഷയിലുള്ള പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഒക്കെ വളരെ വിമർശനാത്മകമായി ചർച്ച ചെയ്യുന്ന ഒരു പുസ്‌തകവും അക്കാലത്തുണ്ടായി. അതൊരു നോവലാണ്. കിഴക്കേപ്പാട്ട് രാമൻ മേനോന്റെ പറങ്ങോടി പരിണയം. നാട്ടറിവും കൃഷികാര്യങ്ങളും സാഹിത്യവുമൊക്കെ അറിയാൻ മലയാളം മതിയെന്നും ആ ഭാഷയ്ക്ക് യാതൊരു ഭ്രഷ്ടും  ഇല്ലെന്നും പക്ഷേ ശാസ്‌ത്രജ്ഞാനത്തിനുതകുന്ന ഗ്രന്ഥങ്ങൾ മലയാളത്തിലില്ലാത്തതുകൊണ്ട് അത്തരം അറിവുകൾക്കുതകുന്ന പുസ്‌തകങ്ങൾ മലയാളത്തിലുണ്ടാക്കുകയോ അല്ലാത്തപക്ഷം സംസ്‌കൃതത്തെയോ ഇംഗ്ലീഷിനെയോ മറ്റോ ആശ്രയിക്കുകയോ വേണമെന്നും നോവലിലെ  നായകനായ പങ്ങശ്ശമേനോൻ പറയുന്നു. വിദ്യാഭ്യാസം എന്ന വാക്കിന്റെ അർത്ഥം ഭാഷാ പരിജ്ഞാനം എന്നല്ല, ഇംഗ്ലീഷ് ഭാഷ പഠിച്ചതുകൊണ്ട് മലയാളികൾക്ക് ആ ഭാഷക്കാരായ  വെള്ളക്കാർക്കു സിദ്ധിക്കുന്ന  വിദ്യാഭ്യാസം സിദ്ധിക്കുകയില്ല എന്നും ഈ നോവൽ യുക്‌തിസഹമായി പറഞ്ഞുറപ്പിക്കുന്നുണ്ട്. ഒരുപക്ഷേ വിദ്യാഭ്യാസമെന്നത് ഭാഷാപരിജ്ഞാനമല്ല എന്ന നിരീക്ഷണം കൃത്യമായി ചൂണ്ടിക്കാട്ടിയ ആദ്യത്തെ മലയാള പുസ്‌തകമാണ് പറങ്ങോടി പരിണയം.

പത്താം ക്ലാസുവരെ മലയാള പഠനം നിർബന്ധമാക്കുകയും അതേ സമയം പൊതുവിദ്യാഭ്യാസത്തെ ശാക്‌തീകരിക്കാൻ എല്ലാ അനുപാത ക്രമങ്ങളും തെറ്റിച്ച്  കൂടുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുണ്ടാക്കുകയും ചെയ്യുന്ന വളരെ അശാസ്‌ത്രീയമായ പരിഷ്‌കാരങ്ങൾക്കിടയിൽ പഠന മാധ്യമം ഇംഗ്ലീഷാവുന്നതാണ് നല്ലതെന്ന് രക്ഷിതാക്കൾ വിശ്വസിക്കുന്നതിനടിസ്ഥാനം പറങ്ങോടി പരിണയം വിമർശനാത്മകമായി ചൂണ്ടിക്കാട്ടിയ അതേ ആശയമാണ്, വിദ്യാഭ്യാസമെന്നത് ഭാഷാ പരിജ്ഞാനമെന്നു നമ്മൾ തെറ്റിദ്ധരിക്കുന്നു. ആ തെറ്റിദ്ധാരണയെ മുതലെടുത്ത് പുസ്‌തക കച്ചവടക്കാരുടെയും സ്‌കോളർഷിപ്പ് പരീക്ഷ നടത്തിപ്പുകാരുടെയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെയും വൻ ശൃംഖല തന്നെ കേരളത്തിൽ പിടി മുറുക്കുന്നു. നിലനിൽപ്പിനുവേണ്ടി അതേ ശൃംഖലയുടെ ഭാഗമാവുന്നു പൊതുവിദ്യാഭ്യാസരംഗവും. നന്നായി ഇംഗ്ലീഷ് പറയുന്നവൻ മികച്ച വിദ്യാഭ്യാസം നേടിയവനായി അംഗീകരിക്കപ്പെടുന്നു. (സ്‌കൂളിൽ പോയി ഇംഗ്ലീഷിൽ അസൊ കസോ എന്നു നാലു ശബ്‌ദം  പുറപ്പെടുവിക്കാറായതുകൊണ്ട് വളരെ ജ്ഞാനസ്ഥൻ ആവില്ല – പറങ്ങോടി പരിണയം).

ഇംഗ്ലീഷ് മീഡിയത്തിലൂടെയുള്ള വിദ്യാഭ്യാസമാണ് തന്റെ കുഞ്ഞുങ്ങൾക്ക് മികച്ചതെന്നും അതവന്  / അവൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങളുണ്ടാക്കുമെന്നും രക്ഷിതാക്കൾ ഭ്രമിച്ചു വശായിട്ടുണ്ട്. കേരളത്തിലെ രക്ഷിതാക്കളുടെ പൊതു മനോഭാവം ഒരിക്കലും കുഞ്ഞിനെ കേന്ദ്രീകരിച്ചിട്ടുള്ളതല്ല എന്നത് മനശാസ്‌ത്രപരമായ സത്യമാണ്. തങ്ങൾക്ക് കിട്ടാതെ പോയത്, ചെയ്യാൻ പറ്റാതെ പോയത് ഇതൊക്കെ മക്കളിലൂടെ പൂർത്തിയാക്കുകയെന്ന വിചിത്രമായ ലക്ഷ്യത്തോടെയാണ് കേരളത്തിൽ സ്‌ത്രീ-പുരുഷന്മാർ മാതാപിതാക്കളാവുക. ശിശുകേന്ദ്രിതമല്ലാത്ത വളരെ അശാസ്‌ത്രീയമായ പേരന്റിങ്ങിന്റെ ഇരകളാണ് ഇവിടുത്തെ 90% കുട്ടികളും എന്നു തന്നെ പറയാം. കുട്ടികളുടെ നന്മയ്ക്കുവേണ്ടി, അവരുടെ ഭാവിയ്ക്കുവേണ്ടി എന്ന് ആഘോഷിച്ചുകൊണ്ട് ചെയ്യുന്ന കാര്യങ്ങളൊന്നും അവർക്കു വേണ്ടിയല്ല, രക്ഷിതാക്കളുടെ പലവിധമായ ആനന്ദങ്ങൾക്കും ആത്മസംതൃപ്‌തികൾക്കും വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യയിൽത്തന്നെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏതു ചരക്കും ഏറ്റവുമധികം വിറ്റഴിയുന്ന സംസ്ഥാനമാണു കേരളം. അത് എൻട്രൻസ് കോച്ചിങ് സെന്ററുകളായാലും ബൈജൂസ്ആപ്പായാലും എന്തു തന്നെയായാലും. എല്ലാം കുട്ടികൾക്കു വേണ്ടി, അവരുടെ നല്ല ഭാവിക്കുവേണ്ടി എന്ന അങ്ങേയറ്റം വ്യാജമായ പ്രതീതി സൃഷ്‌ടിച്ചുകൊണ്ടാണ് രക്ഷിതാക്കൾ ഇമ്മാതിരി ഞെക്കിപ്പഴുപ്പിക്കൽ നടത്തുക. അതിന്റെ ഏറ്റവും ആദ്യത്തെ  ഘട്ടമാണ് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം  ഇംഗ്ലീഷ്  മാധ്യമത്തിലാവണം  എന്ന അനിഷേധ്യമായ നിലപാട്. അതിനു പിന്നിലുള്ള ചില യുക്‌തികളെങ്കിലും  വളരെ വിചിത്രമായിത്തോന്നാം. കേരളത്തിലെ തൊഴിലവസരങ്ങൾ പരിമിതമാണ്, അന്യരാജ്യങ്ങളിലേക്കു പോകുമ്പോൾ ഭാഷാപരമായ പ്രതിസന്ധി അനുഭവിക്കാതിരിക്കണമെങ്കിൽ ഇംഗ്ലീഷ് അറിയണം. 4 വയസുള്ള കുട്ടിയെ കുട്ടിയായല്ല, അന്യരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനുള്ള ചരക്കായാണ് നമ്മുടെ രക്ഷിതാക്കൾ കാണുന്നതെന്നു ചുരുക്കം. സ്വന്തം നാടും ഭാഷയും അന്തസ്സും അല്ല പ്രധാനം, വിദേശ രാജ്യങ്ങളിൽ സ്വത്വപരമായ പ്രതിസന്ധികളും വിവേചനവും അനുഭവിച്ച് നിത്യപ്രവാസികളായി മക്കൾ കഴിയുന്നതിൽ അവർ അഭിമാനിക്കുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തു ജീവിക്കുമ്പോൾപ്പോലും പ്രകടമല്ലാത്ത മാറ്റിനിർത്തൽ അനുഭവപ്പെടുന്നത് പ്രവാസികൾക്കറിയാം. വിദേശത്തെത്തുമ്പോൾ അതു തീവ്രമാവുകയേയുള്ളു. പക്ഷേ അതാണ് സ്വന്തം കുട്ടികളെത്തിച്ചേരേണ്ട ലക്ഷ്യമെന്ന് രക്ഷിതാക്കൾ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു.

മാതൃഭാഷയിൽ സംസാരിക്കുന്നത് ലജ്ജാകരമായി കരുതുന്നതും ഇംഗ്ലീഷ് പരിജ്ഞാനം സാമൂഹിക പദവിയെ നിർണയിക്കുന്നതും ഏതു സാഹചര്യത്തിലും വിചിത്രമെന്നേ കരുതാനാവൂ. അടിച്ചേൽപ്പിക്കപ്പെട്ട ഭാഷ എന്നും നമ്മുടെ പ്രഥമ പരിഗണനയാവുന്നത് ഉള്ളിലെ കൊളോണിയൽ അടിമത്തത്തിന്റെ ഭാഗമാണ്. അതിൽ നിന്നുള്ള വിമുക്‌തി ഏതാണ്ട് അസാധ്യവും. അതുകൊണ്ട് നമ്മുടെ ക്ഷണക്കത്തുകൾ ഇംഗ്ലീഷിലായിരിക്കും. 90% ത്തിലധികം മലയാളികൾ ജീവിക്കുന്ന കേരളത്തിലെ ബോർഡുകൾ ഭൂരിഭാഗവും ഇംഗ്ലീഷാണുപയോഗിക്കുക. കേരളത്തിലെ ഏതു നഗരത്തിലെ പരസ്യബോർഡുകൾ പരിശോധിച്ചാലും  ഇംഗ്ലീഷ് മാത്രം അറിയുന്ന മലയാളികൾക്കുവേണ്ടിയാണോ അവ തയ്യാറാക്കിയതെന്നു സംശയിച്ചു പോവാനിടയുണ്ട്. ഭരണഭാഷ മലയാളമാക്കിക്കഴിഞ്ഞിട്ടും അടിസ്ഥാന തൊഴിലുകൾക്കായുള്ള മത്‌സര  പരീക്ഷകളിൽപോലും ഇംഗ്ലീഷ് പരിജ്ഞാനമളക്കാനുള്ള ചോദ്യങ്ങളുണ്ടാവുന്നത് മറ്റൊരു വൈചിത്ര്യം. ഗവ. വെബ് സൈറ്റുകൾ ഭൂരിപക്ഷവും ഇംഗ്ലീഷിലാവുന്നു. ഇംഗ്ലീഷിൽ അപേക്ഷകളെഴുതുന്നത് കൂടുതൽ അന്തസായി കണക്കാക്കുന്നു. സ്വന്തം നാട്ടിൽ വിദേശ ഭാഷ അറിയാത്തതിന്റെ പേരിൽ അവഹേളിതരാവുന്ന ജനത ലോകത്തൊരുപക്ഷേ മലയാളികൾ മാത്രമാവാം. ചില രാഷ്‌ട്രീയ നേതാക്കളുടെ, സിനിമാ താരങ്ങളുടെ ഇംഗ്ലീഷിലുള്ള പ്രസംഗങ്ങൾ പരിഹാസ്യമെന്നു പ്രചരിപ്പിക്കുന്നതിലും ഇതേ കുൽസിതമായ അടിമത്ത മനോഭാവം മാത്രമാണുള്ളത്.

ഇംഗ്ലീഷ് പ്രാവീണ്യം സാമൂഹികാന്തസ് നിർണയിക്കുന്ന സാഹചര്യങ്ങളിൽ സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസം ഇംഗ്ലീഷിലൂടെയാവണമെന്ന് എല്ലാത്തരം രക്ഷിതാക്കളും ചിന്തിച്ചു പോവുക സ്വാഭാവികമാണ്. പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ പിടിച്ചു നിർത്താൻ ഇംഗ്ലീഷ് മീഡിയമാരംഭിക്കുന്നതാണു ചിതമെന്നു വിദ്യാഭ്യാസ വകുപ്പും തീരുമാനിക്കും. പക്ഷേ കുട്ടികൾക്കു നഷ്‌ടപ്പെടുന്ന വലിയ ആകാശങ്ങളെക്കുറിച്ച് എല്ലാവരും മനപൂർവ്വം അജ്ഞത നടിക്കുന്നു. ലോകത്ത് ഇന്ത്യയിലൊഴികെ മറ്റെവിടെയും പഠന മാധ്യമമെന്താവണമെന്നതിനെക്കുറിച്ചു കാര്യമായ സന്ദേഹങ്ങളില്ല. മിക്കവാറും അതവരുടെ മാതൃഭാഷയിലായിരിക്കും. ആഫ്രിക്ക, തെക്കേ ഏഷ്യ തുടങ്ങിയിടങ്ങളിൽ മാത്രമാണ് ഇംഗ്ലീഷ് മീഡിയം മാത്രമുള്ള സ്‌കൂളുകളുള്ളത്. വികസിത രാജ്യങ്ങളിലൊന്നും കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിലല്ല പഠിക്കുന്നത്. ഉന്നത വിദ്യാഭ്യാസവും അവിടെ തദ്ദേശ ഭാഷകളിലാണ്. ബ്രിട്ടൻ കോളനികളായിരുന്ന രാജ്യങ്ങളിൽ മാത്രമാണ് ഇംഗ്ലീഷ് മാധ്യമ  പഠനത്തിന് ഉൽക്കർഷം കൽപ്പിച്ചിട്ടുള്ളതെന്നു സാരം. അത്തരം രാജ്യങ്ങളിൽ മാത്രമേ വിദഗ്ദ്ധ തൊഴിലാളികൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമുള്ളുതാനും. ഭാഷയിലുള്ള അറിവല്ല, തൊഴിൽ വൈദഗ്ദ്ധ്യത്തിനാണ് എല്ലായിടത്തും ആദ്യത്തെയും അവസാനത്തെയും പരിഗണന. ചുരുക്കത്തിൽ അന്യരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാൻ ചെറുപ്പത്തിലേ ഇംഗ്ലീഷ്  പഠിക്കുന്നവരിൽ വളരെ ചെറിയ ശതമാനം പേർക്കേ അതുപകാരപ്പെടുന്നുള്ളൂ. സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ വായിൽ സംസാരിക്കുകയും ഭാഷാപരമായ അടിമത്തത്തെ അഭിമാനത്തോടെ കൊണ്ടു നടക്കുകയും ചെയ്യുന്ന വൈരുദ്ധ്യമാണ് മലയാളികളുടേത്.

മാതൃഭാഷയിലൂടെയുള്ള പഠനം ഏതാനും ഭാഷാധ്യാപകരുടെ ജീവിത പ്രശ്‌നമായി മാത്രം വിലയിരുത്തുന്ന അങ്ങേയറ്റം അപഹാസ്യമായ നിരീക്ഷണങ്ങളുണ്ടാവുന്നതും ഇത്തരം അജ്ഞതയിൽ നിന്നും അടിമത്തത്തിൽ നിന്നുമാണ്. മാതൃഭാഷയിലൂടെയുള്ള പഠനത്തിന്റെ അനിവാര്യതയെക്കുറിച്ച് എല്ലാ വിദ്യാഭ്യാസ വിചക്ഷണന്മാരും ഒറ്റ സ്വരത്തിൽ പറയുന്നു. UNESC0 മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. സ്‌കൂൾ, കുട്ടികൾക്കു രണ്ടാമത്തെ വീടാണെന്നും രണ്ടു വീട്ടിൽ നിന്നും കുട്ടിക്കു ലഭിക്കുന്ന അറിവിന് ഐകരൂപ്യം ഉണ്ടാവണമെങ്കിൽ മാതൃഭാഷയിലാവണം അധ്യയനമെന്നും ഗാന്ധിജി പറയുന്നു. ശാസ്‌ത്രീയവും ശിശു കേന്ദ്രിതവുമായ വിദ്യാഭ്യാസത്തിന്റെ മാധ്യമം ലോകമെങ്ങും മാതൃഭാഷയിലായിരിക്കും.

ഭാഷയുടെ വേരുകൾ ഒരിക്കലും മേൽമണ്ണിൽ മാത്രം പരന്നു കിടക്കുന്നതല്ല. വളരെ ആഴത്തിലേക്കു നീണ്ടതാണത്. മനുഷ്യന്റെ സമസ്‌ത വ്യവഹാരങ്ങളും ഭാഷയുമായി ബന്ധപ്പെട്ടതെന്നു പറയുന്നതും അതുകൊണ്ടുതന്നെ. അഭ്യസ്‌തവൃത്തിയാണ് ഭാഷയെങ്കിലും മാതൃഭാഷ അഭ്യസിക്കപ്പെടുന്നത് അത്രയും സ്വാഭാവികമായാണ്. കാഴ്ച്ചയിലൂടെ, കേൾവിയിലൂടെ സ്‌പർശത്തിലൂടെ അതു ബോധമണ്ഡലത്തിലേക്കൊഴുകിയെത്തുകയാണ്.  ആവാസവ്യവസ്ഥ, സംസ്‌കാരം, പരിസ്ഥിതി, ജീവിത ശൈലി എല്ലാം മാതൃഭാഷയോടു ജൈവികമായിഴുകിച്ചേർന്നിരിക്കുന്നു. സ്വാഭാവികമായ ഇടപെടലുകളിലൂടെ സർഗ്ഗാത്മകതയും ആത്മവിശ്വാസവും നിറഞ്ഞ വ്യക്‌തികളായി വളരാൻ മാതൃഭാഷ കുട്ടികളെ സഹായിക്കുന്നുണ്ട്. സ്വന്തം മുരിങ്ങച്ചോട്ടിൽ നിന്നു കാണുന്ന ആകാശമെന്നത് കവിയുടെ അയഥാർത്ഥഭാവനയല്ല. നല്ല കവിത എഴുതാൻ സ്വന്തം അമ്മയോട് ദിവസവും അരനാഴിക സംസാരിക്കണമെന്ന വള്ളത്തോളിന്റെ ഉപദേശവും തമാശയല്ല. വിദേശഭാഷ കുട്ടിയുടെ വികാരങ്ങളെ, ഗന്ധങ്ങളെ, കാഴ്ച്ചകളെ ഏകീകരിക്കുന്നു. സ്വന്തം ഭാഷയിൽ നിന്നും പരിസ്ഥിതിയിൽ നിന്നും അവൻ(ൾ) അന്യനാവുന്നു. പഠിച്ചെടുത്ത ഭാഷ അവർക്കു സ്വന്തമാവുകയുമില്ല. അതിന്റെ വഴക്കങ്ങളും നിയമങ്ങളും ക്രമങ്ങളുമൊക്കെ അവരെ സദാ ഭയപ്പെടുത്തിക്കൊണ്ടിരിക്കും.

ഹൈസ്‌കൂൾ വരെയുള്ള വിദ്യാഭ്യാസം സ്വന്തം മാതൃഭാഷയിലാവേണ്ടത് ആരോഗ്യകരമായ വിദ്യാഭ്യാസത്തിനും കുട്ടികളുടെ സന്തുലിതമായ മാനസികാരോഗ്യത്തിനും അനിവാര്യതയാണെന്നു തിരിച്ചറിയേണ്ടത് അവരുടെ രക്ഷിതാക്കൾ തന്നെയാണ്. കുട്ടികൾക്ക് നല്ലതെന്തെന്നു തിരിച്ചറിയുന്നത് രക്ഷിതാക്കൾക്കാണെന്ന് മാതൃഭാഷാ പഠനത്തെക്കുറിച്ചുള്ള കോടതി വിധിയിലും പറയുന്നുണ്ടല്ലോ. യഥാർത്ഥത്തിൽ വേണ്ടത് മാധ്യമത്തെക്കുറിച്ചുള്ള ചർച്ചയല്ല. ഇംഗ്ലീഷ് പഠനം നിലവാരപ്പെടുത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. സ്‌കൂളുകളിലെ ഇംഗ്ലീഷ് പOനം കൂടുതൽ ക്രിയാത്മകമാക്കുക. എല്ലാ ഭാഷകൾക്കും മിടിക്കുന്ന ഹൃദയമുണ്ട്. യാന്ത്രികമായല്ലാതെ, മാർക്കു കിട്ടാനുള്ള ഒരു വിഷയമായല്ലാതെ ഭാഷയെ തൊട്ടറിയാനും അനുഭവിക്കാനും അവസരമുണ്ടാക്കുക. തീർച്ചയായും വായനക്ക് അതിൽ വലിയ പങ്കുണ്ട്. അങ്ങനെയെങ്കിൽ ഹൈസ്‌കൂൾ  പഠനത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ലീഷ് മാധ്യമത്തിലേക്കു മാറുന്നത് കുട്ടികൾക്ക് കടുത്ത പ്രയാസമുണ്ടാക്കില്ല. സ്വാഭാവികമായി രണ്ടോ മൂന്നോ ഭാഷകളവന് കൈകാര്യം ചെയ്യാൻ പറ്റുന്നു. ഭാഷകളുടെ ആത്മചൈതന്യമറിയാനും ഉപയോഗിക്കാനും പറ്റുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ മാധ്യമം മാതൃഭാഷയാക്കുന്നതിനെപ്പറ്റി നമുക്കിപ്പോൾ ചിന്തിക്കാൻ പോലും പറ്റില്ല. നമ്മളിപ്പോഴും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പോലും മാതൃഭാഷ വേണോ എന്ന സംശയം മാറാത്തവരാണ്. പക്ഷേ തൊട്ടടുത്ത തമിഴ്‌നാട് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനു തമിഴ് ഉപയോഗിക്കുന്നുണ്ട്. കാബൂളിലെ മെഡിക്കൽ കോളേജ് അവരുടെ പ്രാദേശിക ഭാഷയിലാണ് വിദ്യാഭ്യാസം നൽകുന്നത്. ലോകത്ത് മിക്കവാറും വികസിതരാജ്യങ്ങളിലും  പ്രൊഫഷണൽ വിദ്യാഭ്യാസമടക്കം അവരവരുടെ ഭാഷയിലാണ്. മലയാളത്തിനും അതു സാധ്യമാവാതെയല്ല .സാർവ്വദേശീയമായ സാങ്കേതിക സംജ്ഞകൾ സ്വീകരിച്ചു കൊണ്ട്  ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം മലയാളത്തിലാക്കാവുന്നതാണ്. കൂടുതൽ ഹൃദ്യതയുള്ള, കൂടുതൽ സൗഹൃദമുള്ള ഡോക്റ്റർമാരെയും മറ്റു പ്രൊഫഷണൽസിനെയും കിട്ടാൻ നമുക്കും അർഹതയുണ്ട്. പക്ഷേ ഭാഷാപരമായ തെറ്റിദ്ധാരണകളെ, അപമാന ഭീതികളെ സധൈര്യം മറികടക്കാനുള്ള തന്റേടമുണ്ടാവണമെന്നു മാത്രം.

(2050 ആവുമ്പോഴേക്ക് ഇപ്പോൾ ഇംഗ്ലീഷിനുള്ള സ്ഥാനം ചൈനീസ് കയ്യടക്കുമെന്നുള്ള നിരീക്ഷണങ്ങളുമുണ്ട്. ചൈനീസ് മീഡിയം സ്‌കൂളുകളും നമ്മുടെ നാട്ടിൽ വന്നു കൂടായ്‌കയില്ല.)

2 Comments
  1. Babu Raj 1 year ago

    മനോഹരം, ഈ ലേഖനം. നന്ദി

  2. Francis 1 year ago

    നല്ല ലേഖനം. മലയാളം പറയാൻ മടിക്കുന്ന ആൾക്കാർക്കുള്ള നല്ല ഒരു സന്ദേശം…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account