ചില വെള്ളിയാഴ്ച്ചകളിൽ ഏത് സിനിമ ആദ്യം കാണണമെന്ന് കൺഫ്യൂഷനാകാറുണ്ട്.  കൂട്ടുകാരി ആർഷ അഭിലാഷിന്റെ ഫേസ് ബുക്ക് പോസ്റ്റാണ്  ഈയാഴ്ച്ച ആദ്യത്തെ പടമായി അരുൺ ബോസിന്റെ  ‘ലൂക്ക’ യ്ക്ക് ടിക്കെറ്റെടുക്കാൻ പ്രേരണയായത്. നവീകരിച്ച രാധ തിയേറ്ററിൽ നിന്ന് ആദ്യമായി  സിനിമ കണ്ടിറങ്ങിയപ്പോൾ തന്നെ  പ്രതീക്ഷിച്ചതു പോലെ സിനിമയെങ്ങനെയുണ്ടെന്ന ആർഷയുടെ ചോദ്യം കടൽ കടന്നെത്തി. ഛായാഗ്രഹണം, കലാ സംവിധാനം,  സംഗീതം എന്നിവക്കൊപ്പം അഭിനേതാക്കളുടെ അതുല്യ പ്രകടനങ്ങളും സമന്വയിപ്പിച്ച്   സംവിധായകൻ അരുൺബോസ് ഒരുക്കിയ മനോഹരമായ  സിനിമയാണ് ലൂക്ക എന്ന് ഒറ്റ വാക്യത്തിൽ പറയാം.

ചടുലമായ ദൃശ്യങ്ങളോടൊപ്പം ക്രെഡിറ്റുകളും കാണിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം. പേരുകൾ വായിക്കുന്നതോടൊപ്പം ദൃശ്യങ്ങൾ കാണുമ്പോൾ രണ്ടും പൂർണമായി പിടിച്ചെടുക്കാനാകില്ല. അങ്ങനെ സംവിധായകന്റെ പേരെഴുതിക്കാണിച്ചു കഴിയുമ്പോൾ ഒരു അസ്വാഭാവിക മരണം നടന്നിടത്താണ് സിനിമ തുടങ്ങുന്നത്. അവധിയായിരുന്നിട്ടും മേലുദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം സംഭവ സ്ഥലം സന്ദർശിക്കാൻ മഫ്‌തിയിലെത്തുന്ന സർക്കിൾ  ഇൻസ്‌പെക്റ്ററുടെ വരവോടെ ഒരു സാധാരണ കുറ്റാന്വേഷണ സിനിമയിലേക്കുള്ള ലക്ഷണങ്ങൾ കാണാം. എന്നാൽ അതിനു വിപരീതമായി ആ സമയത്തെ ഫ്രെയിമുകളുടെ അസാമാന്യമായ സൗന്ദര്യം നമ്മളെ അമ്പരപ്പിക്കുകയും ചെയ്യും. അവിടെ നിന്നാണ് സുന്ദരമായ ഒരു പ്രണയത്തിലേക്ക് നമ്മൾ വീണുപോകുന്നത്.

നിമിഷ് രവി എന്ന ഛായാഗ്രാഹകന്റെ പേര് പടം കണ്ടിറങ്ങിയ ശേഷം തേടി കണ്ടു പിടിച്ചതാണ്. കലാസംവിധയകൻ അനീസ് നാടോടിയോട്  തോളുരുമ്മി നിന്ന്  അയാളൊരുക്കിയ ദൃശ്യങ്ങളിൽ എന്തൊരു സൗന്ദര്യമാണ്! എന്തൊരു പ്രണയമാണ്! മലയാള സിനിമയിൽ ഇതുവരെ കാണാത്ത ഷോട്ടുകളും ഫ്രെയിമുകളും കൊണ്ട് സമ്പന്നമാണ് ലൂക്ക. ആ ദൃശ്യങ്ങളിലേക്കു ഹൃദ്യമായി സന്നിവേശിപ്പിച്ചിരിക്കുന്നു സംഗീതത്തെ!  മലയാള സിനിമയിൽ അടുത്തിടെ കാണുന്ന റിയലിസ്റ്റിക് മട്ടിലുള്ള ചിത്രീകരണത്തിൽ നിന്ന് വ്യത്യസ്‌തമായി വളരെ സിനിമാറ്റിക് ആണ് ലുക്കാ. സംവിധായകനും മൃദുൽ ജോർജ്ജും ചേർന്നെഴുതിയ തിരക്കഥയാകട്ടെ നാടകീയമായ സന്ദർഭങ്ങളെ സ്വാഭാവികം എന്ന മട്ടിൽ അനുഭവപ്പെടുത്തുകയും വാണിജ്യ സിനിമയുടെ വഴികളിൽ ഇനിയും സാധ്യതകളുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

ഏറെക്കുറെ ഗപ്പിയെ ഓർമ്മിപ്പിക്കുന്ന ഗെറ്റപ്പിലാണ് ടോവിനോ തോമസ് ‘ലൂക്ക’ എന്ന കലാകാരനായി എത്തുന്നത്. ടോവിനോ തോമസിന്റെ ഒന്നാം തരം  പ്രകടനം സിനിമയ്ക്ക് നൽകുന്ന ഊർജ്ജം അപാരമാണ്. മലയാളത്തിലെ പ്രമുഖ  യുവതാരങ്ങളായ ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽക്കർ സൽമാൻ എന്നീ  മൂന്നു പേരും ചെയ്‌തു വിജയിപ്പിച്ചിട്ടുള്ള റോളുകളൊക്കെ ചെയ്യാൻ പറ്റുന്ന ഏക നടൻ താനാണെന്ന് ടോവിനോ തോമസ് തോന്നിപ്പിക്കുന്നുണ്ട് ഈ പടത്തിലെ പ്രകടനത്തിലൂടെ. ഏഴോ എട്ടോ വർഷം കൊണ്ട് മുപ്പതോളം സിനിമകളിലൂടെ ടോവിനോ എത്തിച്ചേർന്ന മികവിനോട് മത്‌സരിക്കാനെത്തുന്നത് താരതമ്യേന രണ്ടു പടങ്ങളുടെ ചെറിയ പരിചയം മാത്രമുള്ള അഹാന കൃഷ്‌ണയാണ്. പക്ഷെ നീഹാരികയായി പകർന്നാടുമ്പോൾ  അഹാന  ടോവിനോ തോമസിന് ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഒന്നോ രണ്ടോ നീണ്ട ഡയലോഗുകളിൽ പാളിപ്പോകുന്നുണ്ടെങ്കിലും അത് അഹാനയുടെ കുഴപ്പമല്ലതാനും. അവർക്കിടയിൽ സ്വാഭാവികമായി മുളപൊട്ടിവളരുന്ന പ്രണയവും അതിന്റെ സൗന്ദര്യവും ഗതിവിഗതികളുമാണ് സിനിമയുടെ ഹൈലൈറ്റ്. തകർത്താടുന്നു ഇരുവരും എന്ന് തന്നെ പറയേണ്ടിവരും. നായക കഥാപാത്രത്തിന്റെ ‘ലൂക്ക’ എന്ന  പേര് സിനിമയ്ക്കിട്ടതിനോട്  വിയോജിപ്പ് തോന്നാതെ വയ്യ. എന്തെന്നാൽ ഇത് ലൂക്കയുടെ സിനിമമെന്നപോലെ തന്നെ നിഹാരികയുടെയും സിനിമയാണ്.

ആദ്യ ഷോട്ടിൽ തന്നെ നിശ്ശബ്‌ദമായി തന്റെ കഥാപാത്രത്തിന്റെ ആഴവും ഉള്ളവും  വെളിപെടുത്തുന്ന പക്വമായ അഭിനയമാണ് ഫാത്തിമയായി  വിനീത  കോശിയുടേത്. നിതിൻ ജോർജ് എന്ന പുതിയ  നടൻ പരിചയസമ്പന്നനെപ്പോലെ  നായക തുല്യമായ വേഷത്തിൽ സിനിമയെ മുന്നോട്ടു നയിച്ചു. എന്നാൽ ഈ  അഭിനേതാക്കളുടെ മികച്ച  പ്രകടനം ഉറപ്പു വരുത്തുന്നതിൽ കാണിച്ച ശ്രദ്ധ സംവിധായകൻ ചെറിയ കഥാപാത്രങ്ങളുടെ കാര്യത്തിൽ വിട്ടുപോയി എന്ന് പറയേണ്ടി വരും. പൗളി വിത്‌സണും അൻവർ ഷെരീഫും സ്വാഭാവിക പ്രകടനങ്ങളോടെ മികച്ചു നിന്നു. ചെമ്പിൽ അശോകന്റെ കരച്ചിൽ രംഗങ്ങളിൽ കൃത്രിമത്വം തോന്നി. ശ്രീകാന്ത് മുരളിയുടെ ജെ.പി. പേര് പോലെ തന്നെ ഒരു ക്ളീഷേ കഥാപാത്രമാണ്. സംഗീത സംവിധായകൻ സ്വരൂപ് എസ് കുറുപ്പ് സ്വാഭാവികതയോടെ അഭിനയിക്കുണ്ട്. തലൈ വാസൽ വിജയ് പറയുന്ന ഡയലോഗുകൾ ജയറാം സാറിന്റെയല്ല,  തിരക്കഥാകൃത്തിന്റെയാണെന്നു പ്രേക്ഷകർക്ക് തോന്നുന്നത് കല്ലുകടിയാണ്. വില്ലൻ എന്നമട്ടിൽ തോന്നിപ്പിക്കാൻ തിരക്കഥയിലെഴുതി വെച്ചിരിക്കുന്ന കഥാപാത്രങ്ങളെല്ലാം മലയാള സിനിമയിൽ പണ്ടേ പല വട്ടം വന്നു പോയവരായത്‌ കൊണ്ട് പ്രേക്ഷകരാരും അക്ബറിനൊപ്പം അവർക്കു പിറകെ പോകാൻ സാധ്യതയില്ല. പക്ഷേ, കൊണ്ടെത്തിച്ച ക്ലൈമാക്‌സ് മനോഹരമാക്കിയിട്ടുണ്ട്. ഒരു കേസ്  കിട്ടിയാൽ പിന്നെ മുഴുവൻ സമയവും അത് മാത്രമേ കാണാറുള്ളു സാധാരണ മലയാള സിനിമയിലെ പോലീസുകാരന്. ഇവിടെ കുടുംബവും കുട്ടിയുടെ പിറന്നാളും അസ്വസ്ഥമായ  ദാമ്പത്യവുമൊക്കെ സിനിമയുടെ ഒഴുക്കിനൊപ്പം വിളക്കിച്ചേർത്തു കാണുന്നതിൽ സന്തോഷം. ജാഫർ ഇടുക്കി ഒരു സാധാരണ പോലീസുകാരനെ സിനിമയിൽ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു.

നീഹാരികയുടെയും ലൂക്കയുടെയും സുന്ദരമായ പ്രണയത്തിൽ മുങ്ങിയ പ്രേക്ഷകർക്കു രണ്ടാം പകുതിയിൽ പ്രണയത്തിനും ക്ലൈമാക്‌സിനും ഇടക്കുള്ള അൽപനേരം അവരെ മിസ് ചെയ്യുകയും അകബർ  ‘ആളെ പറ്റിക്കുന്ന’ വഴിയിലൂടെ വെറുതെപോവുകയാണെന്നു  തോന്നുകയും ചെയ്യുന്നതിനാൽ  ഇഴച്ചിൽ തോന്നാം. സൗന്ദര്യത്തിൽ പൊതിഞ്ഞു വെച്ച ഒരു കൃത്രിമത്വം/അതിഭാവുകത്വം സിനിമയ്ക്കുണ്ട് താനും. അത് രണ്ടും അവഗണിച്ചാൽ സുന്ദരമായൊരു പ്രണയസിനിമയാണ് ലൂക്ക. അഭിനന്ദനങ്ങൾ അരുൺ ബോസ്, മൃദുൽ ജോർജ്‌, നിമിഷ്  രവി, അനീസ് നാടോടി & ടീം സ്റ്റോറീസ് &  തോട്ട്സ് പ്രൊഡക്ഷൻസ്. (സ്റ്റോറീസ് &  തോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ  തോമസ്,  പ്രിൻസ് ഹുസൈൻ , ഗോകുൽനാഥ് ജി എന്നിവരാണ് നിർമ്മാതാക്കൾ.)

– ഉമേഷ് വള്ളിക്കുന്ന് 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account