‘അപ്പോള്‍ ഞാന്‍ ഇവിടെനിന്നും അങ്ങ് പിരിയാം, അതാണ്‌ ഉത്തമം, ഈ പെണ്ണിന്റെ മുഖം മൂടി അങ്ങ് ഉപേക്ഷിയ്ക്കരുതോ?’ ഉരുളക്കുപ്പേരിപൊലെ  മറുപടിവന്നു.

ആദ്യം ഒന്നു പകച്ചുപോയി! ഇതെന്തെ…. രാവിലത്തെ ഇമെയിൽ തുറന്നപ്പോൾ ‘മഴയിൽ‘ നിന്നുള്ള ഒരു കത്തിന്റെ  ‘ഫോർവേർഡ് സന്ദേശം’. നേരെ ലിങ്ക് പിടിച്ച്, മഴത്തുള്ളിയിലെത്തി. സ്വസ്ഥമായി ഒന്നുകൂടി വായിച്ചു നോക്കി. ഇതവൻ തന്നെ…. ജോർജ്ജ്!! ഇന്നലെയൊ ഈ കഴിഞ്ഞ ആഴ്ച്ചയിലോ മറ്റോ  ഗ്രൂപ്പിൽ ചേർന്ന ഒരു പുതിയ കക്ഷിയാണെന്നു തോന്നുന്നു. ങാ….സാരമില്ല, അഭിപ്രായസ്വാതന്ത്ര്യം എല്ലാ മനുഷ്യരുടെയും അവകാശമാണല്ലൊ!! വിട്ടുകള….

എങ്കിലും ഉച്ചക്കുള്ള കറിക്കരിയുന്നതിനിടയിൽ മനസ്സ്  ഒന്നു പുറകോട്ടോടിച്ചു. ഇത്രമാത്രം പ്രകോപിപ്പിക്കാനായി ഞാനെന്തെങ്കിലും പറഞ്ഞാരുന്നോ… എയ്, ഒരിക്കലും ഇല്ല! ഫ്ലാഷ്ബാക്കടിക്കാനായി ഞാൻ  പരിപ്പുകറിക്കുള്ള പ്രഷർകുക്കറിന്റെ തിരി താത്തുവെച്ചിട്ട് വീണ്ടും എത്തി ‘മഴത്തുള്ളി’യുടെ പേജിലൂടെ ഞാൻ വീണ്ടും അഭിപ്രായങ്ങളിൽ പരതി…

ജോർജ്ജിന്റെ പുതുതായി ഉടലെടുക്കുന്ന ഗ്രൂപ്പുകളെപ്പറ്റിയുള്ള കമന്റ് വീണ്ടും വായിച്ചു,.. ‘അതിന്റെ ഒരു സ്വഭാവമാണ്, ഈയാംപാറ്റകളെപ്പോലെയാണ് നമ്മളൾ. വെളിച്ചം കാണുന്നേടത്തെക്കോടിക്കൂടും, കുറെ കഴിഞ്ഞാൽ പിന്നെ എല്ലാവര്‍ക്കും മടുപ്പാണ്.പിന്നെ ഈയിടെയായി ഓരോരുത്തരും സ്വന്തം കമ്യൂണിണിറ്റിയുണ്ടാക്കുന്ന തിരക്കിലാ. രാഷ്‌ട്രീയക്കാർ ഗ്രൂപ്പുണ്ടാക്കുന്ന പോലെ! അതും ഒരു മലയാളി സ്വഭാവമാണ്. നമ്മുടെ ഡോക്റ്റർ കാനം ‘മലയാളി ഞണ്ടുകളെ’പ്പറ്റി പറഞ്ഞപോലെ, കാത്തിരുന്നു കാണുക’.

അതിനു തൊട്ടടിയിലായി ഞാൻ അഭിപ്രായം എഴുതിയതും വായിച്ചു…

‘ഏതൊരു സംരഭത്തെയും കാര്യകാരണമില്ലാ‍തെ വിമര്‍ശിക്കാനും, മലയാളി ഒട്ടുംതന്നെ പുറകിലല്ല….! അല്ലെ!! ഇവിടെ എത്തിപ്പെടുന്നതിന്റെ പ്രാധാന ഉദ്ദേശം കൂട്ടായ്‌മക്കുവേണ്ടിയുള്ള വെമ്പൽ ആകാം. പ്രതീക്ഷിച്ചതു കിട്ടാതെ വരുമ്പോൾ പിരിഞ്ഞു പോകാൻ അവകാശമുണ്ടല്ലോ? ആരംഭശൂരത്വത്തെക്കാൾ നമ്മൾ കൂട്ടായ്‌മകൾ കുറക്കുക, ‘എന്റെ നിന്റെ’ ഈ നിലപാടുകൾ ഉപേക്ഷിക്കുക. ഇന്ന് ധാരാളം ‘choice’ ഉള്ളപ്പോൾ ഒരിടത്തു മാത്രം ചുറ്റിത്തിരിയേണ്ടല്ലോ!!!’

വീണ്ടും വീണ്ടൂം എന്റെ വാക്കുകൾ വായിച്ചു നോക്കി. ഇതിലെന്താ ഇത്ര പ്രകോപിപ്പിക്കാൻ പോന്ന വാക്കുകൾ?  അതിന്റെ കൂടെ ഇതു വായിച്ചപ്പോ ഇതിയാനു ഞാൻ ഒരു പെണ്ണിന്റെ പേരിൽ എഴുതുന്ന ‘ഒരുത്തൻ’ ആണെന്നു കൂടി എങിനെ തോന്നി?

സത്യമല്ലെ ഞാൻ പറഞ്ഞത്..? ഇത്രയും ആയപ്പൊഴേക്കും എന്റെ പരിപ്പിന്റെ ചൂളംവിളിക്കിടയിൽ ഞാൻ  ഓടി അടുക്കളയിലേക്ക്. ഭാഗ്യം  കരിഞ്ഞില്ല, അടിക്കുപിടിച്ചും ഇല്ല! പരിപ്പുകറിക്ക് കടുവറക്കുന്നതിനിടയിൽ വീണ്ടും ആലോചിച്ചു, അങ്ങനെ വിട്ടാൽ കൊള്ളില്ലല്ലോ.. ഈ 10, 40 വയസ്സായി, കുഴിയിലോട്ട്കാലും നീട്ടിയിരിക്കുന്ന എനിക്കിട്ടാണൊ ഇവന്റെ  വേഷംകെട്ടൽ! ഇതിനിടയിൽ ഗ്രൂപ്പ് മോഡറേറ്ററുടെ വക എന്നെപ്പറ്റിയുള്ള സത്യസന്ധമായ ദിവ്യവെളിപാടും വന്നു. ‘സപ്‌ന എന്നും ഒരു നല്ല സുഹൃത്തും വിമർശകയും, സത്യാന്വേഷിയും ആണെന്ന’ തെളിവ്. പിന്നെ  മലയാളി എന്ന മറ്റൊരു മെമ്പറിന്റെ, ഗുണ്ടാ സ്റ്റൈൽ വിരട്ട്, ‘ഏതവനാട ഞങ്ങടെ സപ്‌നചേച്ചിയെ ചോദ്യം ചെയ്യൂന്നത്? നീന്നെ തട്ടും, കൊല്ലും, ചുണയുണ്ടെങ്കിൽ  വീടിന്റെ  വെളിയിലിറങ്ങടാ’ എന്നൊക്കെ. കർത്താവെ, എനിക്കിത്രമാത്രം അനുകൂലികളും സഹൃദരായ സുഹൃത്തുക്കളുമോ!

ഏന്നിട്ടും, ഇത്രയൊക്കെയായിട്ടും പുള്ളിക്കാരൻ വിശ്വസിക്കാനോ, ഒരു വിട്ടുവീഴ്ച്ചക്കോ തയ്യാറായില്ല. വീണ്ടും എത്തി അഭിപ്രായം. ഒരു സ്‌ത്രീയുടെ പടം മാത്രം ഡിസ്‌പ്ലെ പിക്ച്ചർ ആയി കൊടുത്തിരിക്കുന്ന ഒരു പ്രൊഫൈലിൽ നിന്നും കിട്ടിയ ഒരു റെസ്‌പോൺസ് ആണിത്. ‘വളരെ ബോധിച്ചു… അതായത് നമ്മളൊക്കെ വെറും തെണ്ടികൾ എന്നര്‍ഥം… മനോഹരം ഇത്… ഒത്തിരി മുന്നോട്ടു പോകും… ഞാന്‍ പടി ഇറങ്ങുന്നു’.

ഞാൻ സത്യത്തിൽ നെഞ്ചത്തു കൈ വെച്ചു, എന്റെ കർത്താവെ ഇതിയാനെന്തിന്റെ കേടാ? എന്റെ ചെറിയ ഒരഭിപ്രായം എവിടുന്ന് എവിടെ ചെന്നെത്തിച്ചു!!

കുറെ നാളുകൾ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ  സ്വന്തം ചിത്രത്തിന്റെ സ്ഥാനത്ത്, പുള്ളിക്കാരന്റെ അന്നത്തെ മൂഡ് അനുസരിച്ച് പല ജാതി മൃഗങ്ങളും, പക്ഷികളും, ചിത്രങ്ങളും മാറി മറിഞ്ഞുകൊണ്ടിരുന്നു. എല്ലാ ദിവസവും എത്തിനോക്കി, എന്തെങ്കിലും അനക്കം ഉണ്ടോ എന്ന്.. ഇല്ല.

വീണ്ടും വീണ്ടും കഥയില്ലാതെ  ആട്ടം കാണുന്നുതുപോലെ ഞാൻ  വീണ്ടും, ക്ഷമാപണങ്ങൾ എഴുതിച്ചേർത്തുകൊണ്ടേയിരുന്നു. ഇതിനെല്ലാം മറുപടി, ഞാൻ ഒരു സ്‌ത്രീയുടെ ചിത്രത്തിന്റെ പുറകിൽ  ഒളിച്ചിരിക്കുന്ന പുരുഷൻ എന്ന വാക്കുകൾ തന്നെ വന്നു വീണ്ടും മറുപടിയായി. പിന്നെ ആട്ടിപ്പായിക്കുന്ന നിർദ്ദയസ്വരങ്ങളും!

ഇതിനിടെ സഹൃദയരായ പലരുടെയും കഥകളും കവിതകളും മറ്റും വായിച്ച്, എത്രെയൊ നല്ല കൂട്ടുകാരെ ഞാൻ നേടിയെടുത്തു. ആരും ആരെയും നിരാശപ്പെടുത്തുകയോ, വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌തില്ല. അഥവാ വിമർശനങ്ങൾ ഉണ്ടെങ്കിൽ തന്നെയും, ഹൃദ്യമായ ഭാഷയിൽ പൊതിഞ്ഞ, നല്ലതിനു മാത്രം എന്ന ധ്വനിയിൽ മീട്ടിയ, ഒന്നു രണ്ടു പദങ്ങളിൽ ഒതുങ്ങുന്ന ഒരു സംഗീതം പോലെ മാത്രം.

കോട്ടയം എന്ന എന്റെ സ്വന്തം നാട്ടിലെ ആളും എന്റെ  ഹൃദയം തന്നെ ഞാൻ  ശവക്കല്ലറകെട്ടി, അവിടെ ഉപേക്ഷിച്ചിട്ടു പോന്ന എന്റെ പ്രിയപ്പെട്ട സി എം എസ് കോളേജിലെ സഹപാഠിയും കൂടിയാണ് ഇയാൾ എന്നറിഞ്ഞു. ദൈവം തമ്പുരാനെ, എന്നാത്തിന്റെ  തലക്കാച്ചിലാ ഇവന്!

വേണ്ട,  ചിലനേരത്തെ ചില മനിതർ! എന്നോർത്തു സമാധാനിച്ചു.

മഴത്തുള്ളിപോലെയുള്ള ചെറിയ ഗൂപ്പുകളിൽ ആളുകൾ തിങ്ങിനിറയുന്നു, പൊഴിഞ്ഞു പോകാതെ  നിലനിൽക്കുന്നു എങ്കിൽ അതിന്റെ നടത്തിപ്പുകാർക്കും, സംഘാടകർക്കും സ്വാർത്ഥ താത്‌പര്യങ്ങൽക്കതീതമായ,  ഒരു കൂട്ടായ്‌മയുടെയും സൌഹൃദത്തിന്റെയും മാറ്റൊലിയും, പ്രസക്‌തിയും പ്രകടിപ്പിക്കാൻ സാധിച്ചിരിക്കുന്നു എന്ന കാര്യം സ്‌പഷ്‌ടമല്ലെ!! അല്ലാതെ, ഒരു ഗ്രൂപ്പുണ്ടാക്കി ഇട്ടിട്ട് പൊയില്ലല്ലോ… ഇതു മനസ്സിലാക്കാതെ, എന്തും ഏതും ആരൊടെന്നില്ലാത വിളിച്ചു പറയാൻ തുടങ്ങിയാൽ കഷ്‌ടമല്ലെ?

ഇതിനിടെ എന്റെ പരിപ്പുകറിയും ചോറും കൂട്ടാനും റെഡിയായി. നാളുകൾ കടന്നു പോയി H1N1 എന്ന മാരകരോഗഭീതിയിൽ കുഞ്ഞുങ്ങളെ സ്‌കൂളുകളിൽ പോലും വിടാതെ നെഞ്ചോടടുക്കി കൊണ്ടു നടക്കുന്നതിനിടയിൽ, മഴത്തുള്ളിയുടെ ആഭ്യന്തരം തുള്ളിയായി നിലനിന്നു. ടാക്‌സിയിലെ ഹാൻഡിൽ റ്റിഷ്യു വെച്ചു തുടച്ചും, സൂപ്പർമാർക്കറ്റിലെ ട്രോളിയുടെ ഹാൻഡിൽ സാനിറ്റൈസർ കൊണ്ട് കഴുകിയും, ഒരോ ദിവസം കടന്നു പൊയ്ക്കോണ്ടിരുന്നു. ആനക്കാര്യത്തിനിടെ ചേനക്കാര്യം എന്ന ഗതിയിലായിരുന്നു, നിത്യം.

കുറെ നാളുകൾക്കു ശേഷം ഒരു  കുറിമാനം എത്തി!

‘ഒരു സത്യം പറയട്ടെ… പരാക്രമം സ്‌ത്രീകളോടല്ല വേണ്ടൂ എന്നറിയാം. എങ്കിലും അന്ന് എന്റെ മുന്നിൽ കിട്ടിയിരുന്നേൽ ഞാൻ രണ്ടു പറഞ്ഞേനെ.. ഹ,ഹ,ഹ… പിന്നെ എല്ലാ നല്ല സൌഹൃദങ്ങളും തുടങ്ങുന്നത് ഒരു ചെറിയ ഉടക്കിലാ. അതങ്ങനാ.. ഞാന്‍ ഇങ്ങനൊക്കെയാ ചങ്ങാതീ…കുറെ ദേഷ്യപ്പെടും. പിന്നെ അടങ്ങും. അത്രയേ ഉള്ളൂ. പിന്നെ സുഖമാണോ? അവിടെ എന്ത് ചെയ്യുന്നു?’

ഞാനും ഓർത്തു, സുഹൃത്ത് ആയിത്തന്നെയിരിക്കട്ടെ. സംസാരിച്ചു, ഒരു മീഡിയ കൺസൾട്ടൻസി നടത്തുന്ന, മനസ്സിൽ വിമ്മിഷ്ടങ്ങളും നഷ്‌ടബോധങ്ങളുടെ കൂമ്പാരവുമായി നടക്കുന്ന ഒരു സാധു.

‘അഛൻ മരിക്കുന്നത് നിർന്നിമേഷനായി നോക്കി നിൽക്കാൻ മാത്രമെ കഴിഞ്ഞിട്ടുള്ളു. എനിക്ക് സപ്‌ന, ചില നേരത്ത് എന്റെ തലയിലൂടെ ഇടിമിന്നൽ പാഞ്ഞു പോകുന്നതുപോലെ തോന്നും. ഞാൻ എത്തു ചെയ്യുന്നു, പറയുന്നു എന്ന് എനിക്കുതന്നെ  തീർച്ചയില്ല… വേദനിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു…’

‘വേണ്ട, സാരമില്ല, സുഹൃത്തുക്കൾക്കിടയിൽ എന്തു  ക്ഷമാപണം, സരമില്ലന്നേ!’ എന്റെ  സ്വാന്തനങ്ങൾ അയാൾ  ചെവികൊണ്ടൊ, മനസ്സിലാക്കിയോ എന്നറിഞ്ഞില്ല.

‘സപ്‌നാ, ഞാനൊരു കൂട്ടിക്കുഴഞ്ഞ സ്വഭാവിയാണ്, എന്നെ മനസ്സിലാക്കാൻ പലർക്കും സാധിക്കാറില്ല’, സ്വരത്തിലൊരു അനുരഞ്ജനത്തിന്റെ  നേരിയ ചുവ ഉണ്ടെന്ന് തോന്നി.

അങ്ങനെ വഴിക്കുവാ മോനെ, ഞാൻ മനസ്സിൽ കരുതി. നിന്നെ ഞാൻ എന്നെങ്കിലും ചുരുട്ടിക്കെട്ടും എന്നു പണ്ടെ തീരുമാനിച്ചിരുന്നതാ, കേട്ടോ..

പിന്നീട് ഞാൻ തന്നെ വിചാരിച്ചു, ഇങ്ങെരെ നന്നാക്കിയിട്ട് എനിക്കെന്തു കിട്ടാനാ. എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞു മനസ്സിലാക്കി, അതായത്, ഞാനൊരു സ്‌ത്രീ തന്നെയാണ് എന്ന സത്യം. പിന്നെ  ഇന്റർനെറ്റിൽ കാണുന്ന എല്ലാരും ഫ്രോഡുകളാണെന്നു സമ്മതിച്ചുതരാൻ  ബുദ്ധിമുട്ടുണ്ട്. വർഷങ്ങളായി, ഒരുക്കൽ‌പ്പോലും കണ്ടിട്ടില്ലാത്ത, എന്നാൽ എനിക്കു വേണ്ടി വാളെടുക്കാൻ  പോന്നത്ര സ്വാതന്ത്ര്യം ഉള്ള സഹൃദയരായ സുഹൃത്തുക്കൾ  ധാരാളം ഉണ്ട്.

ആരോടും ഞാൻ ആരാണെന്നു പറഞ്ഞു സ്ഥിരീകരിക്കേണ്ടി വന്നിട്ടില്ല. അങ്ങനെയും ഒരു  ഗതി വന്നു. കലികാല ദോഷം!

ഒരു പോസ്റ്റുമാർട്ടത്തിനു  തയ്യാറല്ലാത്ത, എന്നാൽ, ‘ഞാനാടാ  ഭൂലോകം‘ എന്നു സ്വയം അഹങ്കരിക്കുന്ന സാധു തോമാച്ചൻ ആണല്ലെ!

‘ഹ.. ഹ.. സത്യം അല്ലെ ഞാന്‍ പറഞ്ഞതൊക്കെ, സപ്‌നാ.. എനിക്ക് പോളിഷ് ചെയ്‌തു സംസാരിക്കാന്‍ അറിയില്ല..’

‘വേണ്ടാ ഹെ, ആരു പറഞ്ഞു, പക്ഷെ ഇത്രമാത്രം വലിച്ചു നീട്ടി, മനുഷ്യന്റെ  ദിവസം കളയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്നെ  പറഞ്ഞുള്ളു’.

ഹ ഹ ഹ ഹ….

ഒരായിരം ഗ്രൂപ്പുകളിൾ  ആര് എവിടെ ചേരണം എന്നു തീരുമാനിക്കാൻ പ്രായസം ആണ് എന്നെ ഉദ്ദേശിച്ചുള്ളു. അതിനു എന്റെ നേരെ മാത്രം യുദ്ധം പ്രഖ്യാപിക്കേണ്ടതുണ്ടോ?

മാഷെ, ഞാൻ  ആദ്യം  അഭിപ്രായം  പറഞ്ഞു എന്നു മാത്രമെയുള്ളു. പത്ത് ആയിരം മനുഷ്യർ എന്തായാലും വെറുതെ മഴത്തുള്ളിയിൽ കിടന്നു കറങ്ങില്ലെല്ലോ! പ്രത്യേകതകൾ എന്തെങ്കിലും കണ്ടുകാണുമായിരിക്കും എന്നു കരുതൂ….

ജീവിതത്തിന്റെ ഒരു നല്ല ഭാഗം ജോലി ചെയ്‌തും, ഗൾഫിൽ പൊടിയടിച്ചും വെയിലുകൊണ്ടു വരണ്ടും ജീവിക്കുന്ന മനുഷ്യർക്ക് മഴത്തുള്ളിയിൽ നീന്നു വരുന്ന, നസീറിന്റെ  കുട്ടിക്കവിതകളും, പ്രമോദ് കുടമാളുരിന്റെ നൊമ്പരപ്പൂക്കളും, മീര അനിരുദ്ധന്റെ  മറക്കുവതെങ്ങിന്റെ ഞാനും, സേതുലക്ഷ്‌മി യുടെ  ഇംഗ്ലീഷ് പതിപ്പായ She’s gone എല്ലാം തന്നെ രാവിലെ തന്നെ മെയിൽ തുറക്കുമ്പോൾ ഒരു ഗൃഹാതുരത്വം വിളമ്പുന്നു. ഓണക്കാലെത്തെ ഓണപ്പുടവകളുടെ ചിത്രങ്ങൾ സമ്മാനമായെത്തുന്നതും ഒരു പക്ഷെ  ജോർജ്ജെ,  താങ്കൾക്ക് കാര്യമായ ഒരു കാര്യമല്ലാതെ തോന്നാം. ഈ പറയുന്ന ഞാനും ഒന്നു മടിച്ചു മടിച്ചാണിവിടെയെത്തിയത്. കിളവികൾക്കിവിടെ എന്തു കാര്യം എന്നു കരുതി, ആദ്യം! വീണയുടെ ഗുഡ് മോർണിംഗുകളും, സന്തൊഷിന്റെ അത്തപ്പൂചിത്രങ്ങളും, സുരേഷിന്റെ പുതിയ ബ്ലോഗ് സംരംഭങ്ങളും, സിന്ധുവിന്റെ ഓണക്കോടി മെയിലും, എന്നെയും ഇവരിലൊരു തുള്ളിയാക്കി മാറ്റി. എന്നാൽ ചേച്ചി, സഹോദരി, സുഹൃത്തെ എന്നുള്ള വിളികളും മറ്റും എന്നും രാവിലെ ഫെയിസ്ബുക്ക് തുറന്നിടുന്നതു പൊലെയുള്ള നെറ്റിലെ ദിനചര്യയായി മാറി ഇന്ന്. മഴത്തുള്ളിയുടെ  പേജുകളും. ആരും ആരുടെയും ജീവിതത്തിന്റെ കണക്കുപുസ്‌തകത്തിന്റെ  താളുകൾ മറിക്കാറില്ല. എങ്കിലും, സ്‌നേഹവും സത്യവും സൌഹൃദവും  ഇവിടെ തുള്ളികളായി നിറഞ്ഞൊഴുകുന്നു  എന്ന കാര്യത്തിൽ എല്ലാവരെപ്പോലെ  എനിക്കും സംശയമില്ലാത്തിടത്തോളം, എടോ ജോർജ്ജെ,  തനിക്കും എന്നും ഇവിടെ സുസ്വാഗതം, കേട്ടോ!!

ഇതാണു മോനെ പറയുന്നത്  കോട്ടയം അച്ചായത്തിമാരോടു കളിക്കരുത് എന്ന്!! നമുക്ക്  സമാധാനമായി  ജീവീച്ചു കൂടെ?

സപ്‌ന അനു ബി ജോർജ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account