കാര്‍ഷികജീവിതത്തിന്റെ ആരംഭം മുതല്‍തന്നെ രാശികളെയും നക്ഷത്രങ്ങളെയും ഞാറ്റുവേലകളെയും കുറിച്ച് മനുഷ്യന് അറിവുണ്ടായിരുന്നു. വിത്തുവിതക്കേണ്ടതും വിള കൊയ്തെടുക്കേക്കേണ്ടതുമായ സമയഗണനകള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നത് ഞാറ്റുവേലകള്‍ അനുസരിച്ചാണ്. ഓരോ ഞാറ്റുവേലക്കും അനുയോജ്യമായ കൃഷിരീതികളെപ്പറ്റിയും അറിവുകള്‍ നിലനിന്നിരുന്നു.
കൃഷിക്കുമേല്‍ പ്രകൃതിക്ക് ഉണ്ടായിരുന്ന നിയന്ത്രണത്തെയാണ് ഞാറ്റുവേലകൊണ്ട് സൂചിപ്പിക്കപ്പെടുന്നത്. ഞാറ്(വിത്ത്), വേല (സമയം) എന്നിവ ചേര്‍ന്നതാണ് ഞാറ്റുവേല എന്ന പദം. ഏപ്രില്‍ 14/15 (മേടം 1) മുതല്‍ ആരംഭിക്കുന്ന കാര്ഷികവര്ഷം 27 ഞാറ്റുവേലകള്‍ കഴിഞ്ഞ് അടുത്ത വിഷുവരെ നീളുന്നു. 27 ഞാറ്റുവേലകള്‍ക്ക് 27 നക്ഷത്രങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്.
“ഭരണിയാകും ഞാറ്റുനില തന്നില്‍
വിരിപ്പിനൊക്കെ ഞാറതുപാകണം
തിരുവാതിര ഞാറ്റുനിലയോളം
വിരിപ്പങ്ങു നടുന്നുണ്ട് കുത്രചില്‍
പുണര്തത്തില് വിരിപ്പുനടുന്നവന്
ഗുണഹീനന്മാരായ കൃഷീവലര്‍” (കൃഷിഗീത)
കൃഷിഗീതയിലെ ഈ വരികള്‍ കേരളത്തില്‍ നിലനിന്നിരുന്ന കാര്ഷികസംസ്ക്കാരത്തിന്റെ സൂചനയാണ്. കടങ്കഥകളും പഴഞ്ചൊല്ലുകളുമായി ഇത്തരം കൃഷി അറിവുകള്‍ ധാരാളമായി പ്രചരിച്ചിരുന്നു.
വര്‍ത്തമാനകാലത്ത് ഞാറ്റുവേലപോലെത്തന്നെ ഞാറുനടീലും ഞാറ്റുപാട്ടുമെല്ലാം പാതിമറഞ്ഞ ഒരോര്‍മമാത്രമാണ്. താളംതെറ്റിയെത്തുന്ന മഴയും കുടിനീരുവറ്റിക്കുന്ന വേനലും മലയാളിയുടെ ഭാവുകത്വത്തെത്തന്നെ മാറ്റിയിട്ടുണ്ടാകാം.
ഞാറ്റുവേല ഒരു താളമായിരുന്നു, കര്‍ഷകരെപ്പോലെത്തന്നെ എഴുത്തുകാര്‍ക്കും. മലയാളസാഹിത്യലോകം വിഷവും ഓണവും പോലെത്തന്നെ തിരുവാതിര ഞാറ്റുവേലയെയും വിഷയമാക്കിയിട്ടുണ്ട്. പി-യും വൈലോപ്പിള്ളിയും ഇടശ്ശേരിയും ഒ.എന്‍.വിയുമെല്ലാം ഇവയെ കേരളത്തനിമയായി അടയാളപ്പെടുത്തുന്നു.
“കാണാനില്ലാതെയായെന് കലണ്ടറില്‍
ഓണവും സംക്രാന്തിയും ഞാറ്റുവേലയും
ഈറന്‍ മുടിയില്‍ നീ ചൂടിയ പൂക്കളും
ചാരുവാം നെറ്റിയില്‍ ചാര്‍ത്തും കുറികളും
കാതിലാമന്ത്രണം ചെയ്കയാം ഇന്നുസം-
ക്രാന്തിയാണായില്യമാണെന്നോരോവിധം” (താമരവിത്ത്- ഒ.എന്‍.വി)
ഒ.എന്‍.വി. കവിതകളില്‍ സംക്രാന്തി ഭയപ്പാടോടെ കടന്നുവരുന്ന ഓര്‍മയാവുന്നു. “തെറ്റിയ മന്ത്രത്തില്‍” കര്‍ക്കടകത്തിലെ ശീപോതിയോട് പുറത്തെന്നും പൊട്ടിയകത്തെന്നും പറഞ്ഞുപോകുന്നു. മുന്‍കരുതലുകളോടെ കര്‍ക്കടകത്തെ സംക്രാന്തി നാളില്‍ വരവേറ്റിരുന്ന മലയാളി അതിനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നത് ചുറ്റുപാടും വൃത്തിയാക്കികൊണ്ടും മരസ്സാമാനങ്ങള്‍ പാറകത്തിന്റെ ഇല ഉപയോഗിച്ച് ഉരച്ചുകഴുകിക്കൊണ്ടുമാണ്. സ്വന്തം മാലിന്യം എന്തുചെയ്യണമെന്നറിയാത്ത മാനസികാവസ്ഥയിലേക്ക് ഇന്നുമലയാളിയെത്തിയത് എങ്ങനെയാവും!!
കവികള്‍ ദീര്‍ഘദര്‍ശികളാണല്ലോ. ഇടശ്ശേരിയുടെ “പൊട്ടിപുറത്ത് ശീവോതി അകത്ത്” എന്ന കവിതയില്‍ ഇത്തരമൊരു ആശങ്കയാണ് അദ്ദേഹം പങ്കുവെക്കുന്നത്.
“പിന്തള്ളപ്പെടുകയില്ലെന്റെ
നാടും സംക്രാന്തിനാള്‍കളില്‍
അതിന്നുകഴിവുണ്ടല്ലോ
ശീവോതിയെ വരിക്കുവാന്‍” (പൊട്ടിപുറത്ത് ശീവോതി അകത്ത്- ഇടശ്ശേരി)
ഭൂതഭാവികളെ മറക്കുന്ന ജനതയെ പലതും ഓര്‍മിപ്പിക്കുകയാണ് കവി.
ഇക്കഴിഞ്ഞ തിരുവാതിരഞാറ്റുവേലക്കും മഴ തകര്‍ത്ത് പെയ്തിരുന്നു.
ഭൂമി ഉര്‍വ്വരമായി, പുതുനാമ്പുകള്‍ മുളപൊട്ടി.
പ്രകൃതിയുടെ താളങ്ങള്‍ നിലനിന്നാലേ ഈ നാമ്പുകള്‍ മേരുക്കളായി വളരുകയും ഭൂമിയിലെ ഉറവകള്‍ വറ്റാതിരിക്കാന്‍ കാവല്‍ നില്‍ക്കുകയും ചെയ്യൂ.
നല്ല കുറിപ്പ്.
മുന്നേറുക. ആശംസകൾ
വളരെ നല്ല കുറിപ്പ്.
നന്ദി
Good..
nice…