അരുൺ എൻ ശിവൻ എന്ന സംവിധായകന്റെ ആദ്യ ചിത്രമാണ് ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’. പ്രമുഖ നാടകകൃത്തായ റഫീഖ് മംഗലശ്ശേരിയാണ് രചന. കാർത്തിക് കെ നഗരം സിനിമ നിർമ്മിക്കുകയും മമ്മാലിയായി അഭിനയിക്കുകയും ചെയ്യുന്നു. നാടകക്കാരാണ് അഭിനേതാക്കളൊക്കെയും (പ്രകാശ് ബാരെ, സന്തോഷ് കീഴാറ്റൂർ, ബാലൻ പാറക്കൽ, വിജയൻ കാരന്തൂർ, അനീഷ് ജി മേനോൻ, മുസ്തഫ, രാജേഷ് ശർമ്മ, ബിനോയ് എം വി, സുരേഷ് ബാബു തുടങ്ങിയവർ സിനിമാനടന്മാരാണെങ്കിലും അടിസ്ഥാനപരമായി നാടകക്കാർ തന്നെയാണ്). അങ്ങനെ നാടകക്കാരുടെ സിനിമയാണ് ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ എന്ന് തന്നെ പറയാവുന്നതാണ്.
പരപ്പനങ്ങാടി, ചെട്ടിപ്പടി, വള്ളിക്കുന്ന് എന്നിങ്ങനെ തൊട്ടുകിടക്കുന്ന മൂന്നു നാട്ടുകാരാണ് സിനിമയുടെ മുന്നിലും പിന്നിലുമായുള്ളവരിലേറെയും. അങ്ങനെ വരുമ്പോൾ ഒരേ നാട്ടുകാരുടെ സിനിമയാണ് ‘മമ്മാലി’ എന്നും പറയാം.
ആ നാട്ടിൽ, മനുഷ്യൻ എന്ന പേരിൽ ഒരു ബസ്സുണ്ടായിരുന്നു പണ്ട്. ആ ബസ്സിന്റെ പേരാണ് സിനിമയിലെ പ്രധാന കഥാപത്രങ്ങളിലൊന്നായ ബസ്സിന് കൊടുത്തിരിക്കുന്നത്. പുലരി എന്നുപേരുള്ള മറ്റൊരു ബസ്സും ആ ഗ്രാമത്തിലെ മനോഹരമായ വിജനപാതകളിലൂടെ ഓടുന്നുണ്ട് സിനിമയിൽ. ആ ബസ്സുകളിൽ സഞ്ചരിക്കുകയും ഇടവഴിയും വയലും വെള്ളവും താണ്ടി ചെന്നെത്തുന്ന വീടുകളിൽ താമസിക്കുകയും ചെയ്യുന്ന മനുഷ്യരെയാണ് സിനിമ കാണിച്ചു തരുന്നത്.
പ്രകൃതി രമണീയവും പ്രശാന്തസുന്ദരവുമായ ഒരു ഗ്രാമത്തിലെ നന്മ നിറഞ്ഞ മനുഷ്യരുടെ സൗഹാർദത്തിന്റയും സ്നേഹത്തിന്റെയും കഥയാവേണ്ടതല്ലേ മമ്മാലിയുടെ കഥ? തീർച്ചയായും അങ്ങനെയാവാം. പക്ഷേ, കണ്ണുതുറന്നു കാഴ്ച്ചകൾ കാണുന്ന കലാകാരന് ഒരിക്കലും അങ്ങനെയാവാൻ പറ്റില്ലെന്ന്, പുറം കാഴ്ച്ചകളിൽ അഭിരമിച്ചു നിൽക്കാനാവില്ലെന്ന് തെളിയിക്കുന്നു മമ്മാലി എന്ന ഇന്ത്യക്കാരൻ.
ശക്തമായി രാഷ്ട്രീയം ‘പറയുന്ന’ സിനിമയാണ് ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’. ഒരേ സമയം പരസ്പരം വളമൂറ്റി വളരുന്ന ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു തീവ്രവാദത്തെയും ധീരമായി എതിരിടുന്നുണ്ട് സിനിമ. മൻസിയ അവതരിപ്പിക്കുന്ന ഷെരീഫയും മമ്മാലിയും എല്ലാ ദിവസവും പോലീസ് സ്റ്റേഷനിൽ ചെന്നു ഒപ്പിടാൻ വിധിക്കപ്പെട്ടവരാണ്. മമ്മാലിയുടെ മകനും ഷെരീഫയുടെ ഭർത്താവുമായ അൻവർ ഐ എസ്സിൽ ചേർന്ന് കൊല്ലപ്പെട്ടത് കൊണ്ട് ഭരണകൂടത്തിൻ്റെ നിരീക്ഷണത്തിലാണിവർ. ഭരണകൂടത്തിന് വേണ്ടി പോലീസും ഇസ്ലാമിക തീവ്രവാദത്തിന്റെ ചൂണ്ടയിൽ പ്രലോഭനങ്ങളുടെയും വിശ്വാസത്തിന്റെയും ഇര കോർത്ത് തീവ്രവാദികളുടെ ദല്ലാളുകളും ശത്രു പക്ഷത്ത് പ്രതിഷ്ഠിച്ച് ഹൈന്ദവ തീവ്രവാദികളും ഇവരുടെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കുന്നു. അകറ്റി നിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് എതിർ പക്ഷത്തു നിൽക്കുന്നവരെക്കാളുപരി സ്വന്തമെന്നു വിശ്വസിച്ചിരുന്ന പ്രിയപ്പെട്ടവരാണെന്നത്, സ്വന്തം അമ്മ പോലുമാണെന്നതാണ് ദുരന്തം.
ഷെരീഫയും മമ്മാലിയും ഇരയാക്കപ്പെടുന്നത് മാത്രമല്ല സിനിമ പറയുന്നത്. കറവ വറ്റിയ തൻ്റെ പശുവിനെ വിൽക്കാൻ നടക്കുന്ന ചോയി തന്റെ മകനടക്കമുള്ള ഗോമാതാപൂജക സംഘത്തിന്റെ ഇരയാണ്. സ്വന്തം വീട്ടിലെ പശുവിനു പുല്ലുകൊടുക്കാതെ ‘ഗോമാതാ’വിനെ കൊണ്ട് നടക്കുന്നവരുടെ ഇര. ബാലൻ പാറക്കലിന്റെ പക്വമായ പ്രകടനമാണ് ചോയിയായി. സർക്കാരാശുപത്രിയിലെ കൈക്കൂലിക്കാരനായ ഡോക്റ്ററുടെ ഇരകൾ, ഇളക്കക്കാരനായ പോലീസുകാരൻ്റെ ഇരയാകുന്ന ട്രാൻസ് ജന്റേഴ്സ്, ബാലവിവാഹത്തിന്റെ ഇരയായി പർദ്ദയിൽ പൊതിയപ്പെടുന്ന സ്കൂൾ വിദ്യാർത്ഥിനി, മനുഷ്യപക്ഷത്തു നിൽക്കുന്നുവെങ്കിലും ഡിപ്പാർട്ട് മെന്റിലെ ഹൈറാർക്കിക്കു മുൻപിൽ നിസ്സഹായനായിപ്പോകുന്ന പോലീസുദ്യോഗസ്ഥൻ, മനുഷ്യസ്നേഹത്തിസ്ന്റെ പേരിൽ മാവോയിസ്റ് മുദ്രകുത്തപ്പെട്ട അയ്യപ്പൻ, എന്നിങ്ങനെ ഒരുപാട് ഇരകളുടെ സിനിമയാണ് ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’. ഇരകൾക്കു പുറകെ വലയും ചൂണ്ടയുമായെത്തുന്നവരുടയും സിനിമയാണ് മമ്മാലി.
ഇത്രയേറെ മനുഷ്യർ കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ നിറയെ ഡയലോഗുകളാണ്. പലതും കടുപ്പത്തോടെയും ചിലതൊക്കെ നൈസായിട്ടും രാഷ്ട്രീയം പറയുന്നവ. സീനുകളിലും സിറ്റുവേഷനുകളിലും സ്വാഭാവികമായി വരേണ്ടതിനുപകരം ഡയലോഗ് പറയുന്നതിനു വേണ്ടി മാത്രമുള്ളതാകുന്നു പലപ്പോഴും സിറ്റുവേഷനുകൾ എന്നത് സിനിമയെ ബാധിക്കുന്നുണ്ട്. ‘ശക്തമായ രാഷ്ട്രീയ സിനിമ’ എന്നതിന് പകരം ‘ശക്തമായി രാഷ്ട്രീയം പറയുന്ന സിനിമ’ എന്നെഴുതേണ്ടി വരുന്നത് അതുകൊണ്ടാണ്. ഷോട്ടുകളുടെ അപര്യാപ്തതയിൽ എഡിറ്റിങ് താളം തെറ്റുന്നുണ്ട്. പലപ്പോഴും. നാടക നടന്മാരെ സിനിമാ നടന്മാരാക്കി മാറ്റി കഥാപത്രങ്ങളിലേക്കു സന്നിവേശിപ്പിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പല അഭിനേതാക്കളുടെയും പ്രകടനങ്ങൾ നാടകീയമാവുകയും സിനിമ പുറകോട്ടു നിൽക്കുകയും നാടകം മുന്നോട്ടു നിൽക്കുകയും ചെയ്യുന്നുണ്ട്.
റഷീദ് അഹമ്മദിന്റെ ചമയത്തിൽ മമ്മാലിയായി മാറിയ കാർത്തിക് കെ നഗരം ആ മനുഷ്യന്റെ നിസ്സഹായതയെ പകർത്തി വെച്ചു. വലിയ താരങ്ങളുടെ മേക്കോവറും കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പുകളും വലിയ വാർത്തയാകാറുണ്ട്. ഇവിടെയും നടന്റെയും മേക്കപ്പ് ആർട്ടിസ്റ്റിന്റെയും വലിയ പരിശ്രമങ്ങൾ കാണാനുണ്ട്. ഷെരീഫയായി പൂർണതയോടെ മാറി മൻസിയയുടെ നല്ല പ്രകടനം കാണാം. സ്ക്രീനിനും സ്റ്റേജിനുമിടയിൽ പെട്ടുപോയി മറ്റുള്ള കുറെയേറെ കഥാപാത്രങ്ങൾ. അതിനു പക്ഷെ ആരെയും കുറ്റപ്പെടുത്താനാവില്ല. ഒരു വാണിജ്യ സിനിമയുടെ ഷൂട്ടിങ്ങിന് ഒന്നോ രണ്ടോ ദിവസത്തേക്ക് വേണ്ടി വരുന്ന തുക കൊണ്ട്, വളരെ വേഗത്തിൽ ഷൂട്ട് ചെയ്തു തീർക്കേണ്ടി വരുന്ന ഇത്തരം ചെറിയ ചിത്രങ്ങളിൽ പെർഫെക്ഷൻ തിരയുന്നത് ക്രൂരതയാകും. അതിനേക്കാൾ വലിയ ക്രൂരത സെൻസർ ബോർഡും ഉപ സംവിധാനങ്ങളും അവരോടു ചെയ്തു കഴിഞ്ഞതിനു ശേഷം.
ഈ സിനിമ സെൻസർ ചെയ്യുന്നതിന് മുൻപും ശേഷവുമായി രണ്ടു തവണ കാണാനുള്ള അവസരമുണ്ടായി. ആദ്യം കണ്ട സിനിമയെ വാരിയുടച്ചു കളഞ്ഞു സെൻസർ ബോർഡ്. മമ്മാലിയോട് താടി വാദിക്കാൻ ആവശ്യപ്പടുന്നുണ്ട് സന്തോഷ് കീഴാറ്റൂരിന്റെ സബ് ഇൻസ്പെക്റ്റർ. അതിലെ ‘താടി’ എന്ന വാക്ക് മ്യൂട്ട് ചെയ്തു കളയുന്ന തരത്തിൽ സെൻസർഷിപ് ‘വളർന്നു’ കഴിഞ്ഞു. അങ്ങനെയുള്ള നിരവധി വെട്ടും കുത്തുമേറ്റാണ് സിനിമ പുറത്തിറങ്ങിയത്. ഒരു കൊച്ചു സിനിമയെ ഇത്രത്തോളം പേടിക്കുന്നുവോ അവർ? അങ്ങനെ പേടിച്ച് പേടിച്ച് മമ്മാലിഎന്ന സിനിമയുടെ ആത്മാവായ ഷോട്ടുകളും അവർ നശിപ്പിച്ചു കളഞ്ഞു. അവസാന സീനിലെ ബസ് സ്റ്റോപ്പിൽ മനുഷ്യൻ എന്ന പേരുണ്ടായിരുന്ന ബസ് ‘അയോദ്ധ്യ’ എന്ന പേരിൽ വരുന്നതും ‘പുലരി’ എന്ന പേരിൽ ഓടിക്കൊണ്ടിരുന്ന ബസ് പച്ച നിറത്തിൽ അൽ ജിഹാദ് ആയി എതിർ ദിശയിലേക്ക് പോകുന്നതും കണ്ടിരുന്നു സെൻസറിനു മുൻപ്. മനുഷ്യരുടെ പരിണാമം ഗംഭീരമായി ആവിഷ്കരിക്കുന്ന ഷോട്ടുകൾ. സെൻസർ ബോർഡ് ആ ബസ്സുകളുടെ പേരുകൾ മായ്ച്ചുകളഞ്ഞ് വന്ധ്യംകരിച്ചാണ് സിനിമ പുറത്തു വിട്ടത്.
പക്ഷേ, പരപ്പനങ്ങാടി പ്രയാഗിൽ ഏറെക്കുറെ നിറഞ്ഞ തിയേറ്റർ പ്രതീക്ഷ നൽകുന്നുണ്ട്. മമ്മാലിക്കൊപ്പം നിൽക്കാൻ നാട്ടിലാളുണ്ടെന്ന സന്തോഷം. ദേശഭക്തി നെറ്റിയിലൊട്ടിക്കാതെ ജീവിക്കാൻ കഴിയുന്ന രാജ്യം തന്നെയാണ് ഇന്ത്യ. അത് വിട്ടുകൊടുക്കരുത് എന്ന് മമ്മാലിക്കൊപ്പം ഒരു ഇന്ത്യക്കാരൻ.
– ഉമേഷ് വള്ളിക്കുന്ന്