വഴിയരികിലെ കൗതുകമുള്ള ഒരു കാഴ്ച്ചയാണ്. ഒരേ സ്ഥലത്തെ മൂന്ന് മതിലുകൾക്ക് മൂന്ന് അതിരളവുകൾ.

വർഷങ്ങൾക്കുമുമ്പേ കെട്ടിയ നടുവിലെ മതിൽ നല്ലപോലെ റോഡിൽനിന്ന് വിട്ട്, ഒരു വരി റോഡിനുകൂടി സാധ്യമാകുംപോലെ കെട്ടിയിരിക്കുന്നു. പിന്നീടുവന്ന കടമുറികളുടെ അതിർത്തി സാമാന്യം ഭേദപ്പെട്ട് നിർമിച്ചിട്ടുണ്ട്. ഇപ്പോൾ നിർമാണം നടക്കുന്ന മതിലാവട്ടെ, പരമാവധി റോഡുചേർന്ന് കെട്ടുന്നു.

നിയമസാധുത ഉണ്ടാവുമായിരിക്കാം. റിട്ട. തഹസിൽദാറും സംഘവുമാണ് പഞ്ചായത്ത് ഭരിക്കുന്നത്, അതവർ നോക്കട്ടെ. എങ്കിലും നമ്മുടെ മനസ്സുകൾ എത്ര ഇടുങ്ങുന്നു എന്നതിൻറെ ഒരു ചിത്രമായി ഇത് അടയാളപ്പെടുത്താം എന്ന് തോന്നുന്നു. അവനവനിലേക്കപ്പുറത്തെ ലോകം കാണാൻ കഴിയാതെ പോകുന്നതിൻറെ ചിത്രം. ഏറെക്കാലം താമസിച്ച ധർമടത്ത് അതിരുകളേയില്ലാത്ത വീടുകളെക്കുറിച്ച്, മുറ്റങ്ങളിലൂടെ നടന്നുപോകുന്നതിനെക്കുറിച്ച് എം എൻ വിജയൻ മാഷ് പറഞ്ഞത്, അതേപോലെ ഓർക്കുന്നു.

പുതിയ മതിലുകെട്ടുന്ന സ്ഥലത്തിൻറെ ‘ഉടമ’യെ അവിടെ കണ്ടു, നല്ല ഹാജിയാരാണ്. വിശുദ്ധമായ കഅ്ബയിൽ എല്ലാം സമർപ്പിച്ച മനസ്സിൻറെയും ‘ഉടമ’യാണ്. അദ്ദേഹത്തെ ഒന്നു നമസ്ക്കാരം ചെയ്‌തു. ‘ഒരാൾക്ക് എത്ര മണ്ണ് വേണം’ എന്ന ആ പഴയ ചോദ്യം വെറുതേ മനസ്സിൽ പറഞ്ഞു. എല്ലാമുപേക്ഷിച്ച് സന്യാസത്തിനെത്തിയ ഒരാൾ അച്ചാറു കഴിക്കുന്നതുകണ്ട് അയാളുടെ മനസ്സുവായിച്ച ഗുരു നിത്യയെ ഇവിടെ ഓർക്കാതെയും വയ്യ.

തമ്മിൽ സാമ്പത്തികസ്ഥിതി കുറഞ്ഞ ഒരു കുടുംബമാണ് റോഡിന് പരമാവധി സ്ഥലം വിട്ട് ആദ്യം മതിലുകെട്ടിയത് എന്നത് മറ്റൊരു കൗതുകവുമായി.

‘ജീവിതമാണ് സന്ദേശം’ എന്നൊന്നും പറയാൻ നമുക്കാവില്ലെങ്കിലും ‘ജീവിതം തന്നെയാണ് സംസ്‌ക്കാരത്തിൻറെ അടയാളം’ എന്ന് ഓരോരുത്തർക്കും സ്വയം ഉറപ്പിക്കാവുന്നതേയുള്ളൂ. അവനവനിൽ അവസാനിക്കുന്ന കാഴ്ച്ചകൾ ഇങ്ങനെ ചിലത് ഓർമിപ്പിക്കുന്നു.

ഇത് ഏതെങ്കിലും വ്യക്തികളെക്കുറിച്ചുള്ള കുറിപ്പല്ല, ഇതെവിടെയും ഉണ്ടാകാമല്ലോ. അതുകൊണ്ട് ഈയൊരു ചിത്രം ഇങ്ങനെ ഈ മതിലിൽ പതിച്ചുവെക്കാം….

– രാജേഷ് മേനോൻ

1 Comment
  1. Anil 2 years ago

    Wirthful message. Hope everyone takes it…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account