2013

നാട്ടിലേക്കുള്ള ഓരോ യാത്രകളും മനസ്സിൽ ഒരായിരം ആഗ്രഹങ്ങളുമായിട്ടാണ് പോകുന്നത്. പക്ഷെ ഒരിക്കലും നടക്കാറില്ലാത്ത, ആഗ്രഹങ്ങൾ! എന്നത്തെയും പോലെ അന്നും നാട്ടിൽ എത്തി. ആദ്യത്തെ ദിവസത്തെ തിരക്കിൽ രണ്ടുദിവസം കഴിഞ്ഞാണ് സിനിയെ വിളിച്ചത്.

എടീ നീ ഇറങ്ങുന്നോ? കോഫി ഡേയിൽ കാണാം. ഒരു പത്തരയ്ക്ക്, ഒ കെ!

എന്നും ഒരു നഷ്ടം പോലെ മനസ്സിന്റെ  കോണിൽ സൂക്ഷിച്ചിരുന്ന ഒരു  പേര്! അരുൺ… സ്‌നേഹമെന്നോ, പ്രേമം എന്നോ ഒന്നും  ഒരിക്കലും വിളിക്കാൻ പറ്റില്ല. 12 വയസ്സിൽ എന്തു പ്രേമം! ആദ്യമായി പുറകെ വന്നവൻ, അന്ന് നടന്നു നടന്ന് സ്വന്തം ചെരുപ്പ്  തേഞ്ഞവൻ, ജീവിതത്തിൽ പിന്നീട് ഒരിക്കലും കാണെരുതെന്ന് ആഗ്രഹിച്ചവൻ ! 1978 മുതൽ 2011 വരെ മറന്നു പോകാത്തൊരു പേര്, അത്രമാത്രം!

2011

എന്നാൽ ആ പേര് പ്രതീക്ഷകൾക്ക് വിപരീതമായി ഒരു സ്വപ്‌നത്തിൽ എത്തി.

ചങ്ങലകളിൽ കുരുങ്ങിയ ദേഹവും അലറിക്കരുയുന്ന ഒരു നിലവിളിയും ചേർന്ന്,  സപ്‌നാ….. ഞെട്ടി വിറച്ചെഴുന്നേറ്റ എനിക്ക്, മുഖമോ ആളെയോ ശബ്‌ദമോ പരിചയമായിരുന്നില്ല, തികച്ചും അവ്യക്‌തം!  വെറും ഒരു സ്വപ്‌നം, അതിൽ മാത്രം  ചിന്തകളെ ഒതുക്കി നിർത്തി. പക്ഷെ എന്റെ പേരു വളരെ വ്യക്‌തമായിരുന്നു. പരിചിതമായ എന്റെ പേരുമാത്രം ഓർമ്മ! ചങ്ങലകളുടെ കിലുക്കവും വ്യക്‌തം! വരിഞ്ഞു മുറുകുന്ന ചങ്ങലകൾ വ്യക്‌തം, ചോരവാർന്നൊലിക്കുന്ന മുറിവുകളും വ്യക്‌തം, മറ്റെല്ലാം അപരിചിതം.

എന്നാൽ ആ സ്വപ്‌നം എന്നെ വിടതെ  വേട്ടയാടി, വീണ്ടും ചിന്തിപ്പിച്ചു, എന്തിന്റെന്നറിയാതെ, എവിടേക്കെന്നറിയാതെ, ആർക്കുവേണ്ടി എന്നറിയാതെ. മനസ്സിന്റെ കോണിൽ എവിടെയോ അവ്യക്‌തമായി, എന്നാൽ ഒരു കുഞ്ഞു വേദനയോടെ  കിടന്നു. എങ്ങനെയെങ്കിലും കണ്ടുപിടിക്കണം, തീർച്ചയായും, എന്നെ എന്തിനോ വേണ്ടി വിളിച്ചതാണ്. 40 വർഷത്തിനു ശേഷം എന്തിന് എന്ന ചോദ്യം എന്റെ മനസ്സിലും വരിഞ്ഞു മുറുകി,  ചങ്ങലകൾ പോലെ തന്നെ.

2012

അമ്പാടി എന്ന വീട്ടുപേരും, വീടിന്റെ എതാണ്ടൊരു  പരിചയവും വെച്ച്  അന്വേഷിക്കാനായി എന്റെ കൂട്ടുകാരെ ഏർപ്പടുത്തി. വീടിന്റെ  റ്റി സി നമ്പർ കിട്ടിയാൽ ഫോൺ നമ്പർ കണ്ടുപിടിക്കാം! ആരുടെ എന്ന് വെള്ളിടി വെട്ടുന്നതുപോലെ മനസ്സിൽ  തെളിഞ്ഞു. അരുൺ!! എന്നെ അലറിവിളിച്ചത് ഇവനായിരിക്കുമോ, അല്ല. ആ നിലവിളിയും  അരുണുമായി എന്തു ബന്തം!! ഒന്നുമില്ല, മനസ്സിനെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

2013 വീണ്ടും

കോഫിഡേയിൽ എത്തി.  സിനിയുടെ കൂടെ  മൂലക്കുള്ള സോഫയിൽ  സുഖമായി ചാരിയിരുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും അവളെ  ആദ്യം  വിളിക്കാത്ത ഒരു  യാത്രയും ഇല്ല, ഞാൻ  ഏയർപോർട്ടിൽ എത്തി,  ചെന്നിട്ടു വിളിക്കാം എന്ന അവസാനത്തെ കോൾ  ഇല്ലാത്തൊരു  യാത്രയും ഇന്നും ഓർക്കുന്നില്ല.  എന്താ നീ അത്യാവശ്യമായി കാണണം എന്നു പറഞ്ഞു വിളിച്ചത്,  സിനിയുടെ വ്യക്‌തതമായ ചോദ്യം. എന്റെ അവ്യക്‌തമായ മുഖത്ത് വളിച്ച ചിരി.

നീ കാര്യം പറ, എന്താ സപ്പൂ..   എന്റെ വീട്ടുകാരും കൂട്ടുകാരിൽ അടുത്തിടപിഴകുന്നവരും മാത്രം വിളിക്കുന്ന പേര്.. സപ്പൂ.

ഇന്നലെ ഞാൻ  അരുണിന്റെ കണ്ടു …  എന്റെ അർദ്ധോക്‌തിയിൽ നിർത്തിയ ഉത്തരം.

എവിടെ, എങ്ങിനെ, അവൻ  എവിടെ വെച്ച്, എങ്ങിനെ നിന്നെ വിളിച്ചു?

എന്ത്, എവിടെ, എങ്ങിനെ എന്നൊന്നും നീ ചോദിക്കരുത്, എനിക്ക് ആകക്കൂടെ പ്രാന്തായിരിക്കയാ, കേട്ടിട്ട്.

എന്ത് കേട്ടിട്ട്?  സിനിയും വിട്ടില്ല, നീ മൂഴുവൻ പറ സപ്‌ന. അവനെങ്ങിനെ  നീന്നെ തപ്പിയെടുത്തു. ഇപ്പൊ ഇവിടെയുണ്ടോ?

വിവരങ്ങൾ സംസാരിക്കാനായി ഞാൻ  കാലുമടക്കി  സോഫായിൽ  വിസ്‌തരിച്ചിരുന്നു. എന്റെ ഇരുപ്പിന്റെ  സൌകര്യം കണ്ട വെയിറ്റർ പയ്യൻ എന്റെയടുത്തെത്തി. ഇവരടുത്തകാലത്തെങ്ങും പോകില്ല, അവൻ മനസ്സിൽ പറഞ്ഞുകാണും.

എനിക്ക്  മെനു തരൂ….

രണ്ടു മോക്ക, ഒരു ചെറിയ വെള്ളം,  രണ്ടു പ്ലേറ്റ് സാൻഡ്‌വിച്. സിനി നിനക്ക്  എന്തെങ്കിലും കൂടെ?

എടീ, ഞാൻ ഇതിനൊന്നും അല്ല വന്നത., നീ കാര്യം പറ, അവൾ അക്ഷമയായി. ഈ കാപ്പിയും, കൂപ്പിയും  ഒന്നു ഇപ്പൊ അവൾക്ക് ഏക്കില്ല എന്നു മനസ്സിലായി.

ഒത്തിരി പറയാണുണ്ട്, അതാ. ഞാൻ കഴിക്കാനെന്തെങ്കിലും  പറഞ്ഞത്. ഇതിനിടെ എത്തി എന്റെ ഭർത്താവിന്റെ വിളി, എവിടെയാ? ഒരു പിംഗ് ശബ്‌ദം   അദ്ദേഹത്തിന്റെ  ഫോണിൽ എത്തിക്കാണും. കോഫി ഡേ, ബില്ല്   650/-  രൂപ.

രാവിലെ ഇറങ്ങിയോ തെണ്ടാൻ? മോളെ ,നീന്നോടു ഞാൻ പറഞ്ഞിട്ടില്ലെ ഈ കോഫിഡെ യിൽ ഒന്നും അധികം കയറണ്ട എന്ന്. കഴിഞ്ഞ പ്രാവശ്യം ഓർക്കുന്നുണ്ടോ ഇവന്മാർ അടിച്ചു പൊളിച്ച സമയം ഞാൻ  തൊമ്മനെയും  കൊണ്ട് ഓടി രക്ഷപെട്ടത്? വിശ്വസിക്കാൻ പറ്റില്ല. നീ വേറെ എവിടെയെങ്കിലും പോയിരിക്ക്.

ഇതിനിടെ ഫോൺ തട്ടിപ്പറിച്ചെടുത്ത സിനി, വർത്തമാനത്തിൽ  വാചാലയായി, എന്റെ ഭർത്താവിനോട്.  ഏതൊരു  വിശാല ഹൃദയനാ‍യ പുരുഷനെയുംപോലെ എന്റെ കണവനും  വാചാലനായി. ആ സിനി, എന്തുണ്ട്, എന്റെ ഡാർളിംഗ് വിശേഷം? ഇപ്പൊ ഓഫ്ഫീസ്സിൽ, വൈകിട്ടു  സംസാരിക്കാം.  enjoy,  see you .

ഇന്നാടീ, അങ്ങേര്  വെച്ചെന്നു തോന്നുന്നു. ങാ.. പോട്ടെ നീ  ബാക്കി കഥ പറ..

ഞാൻ തന്നെ കണ്ടുപിടിച്ചു, ചുമ്മാ ഒന്നു തോന്നി, എവിടെ എന്റെ പഴയ പ്രേമഭാജനം എന്നൊന്ന് അറിയാനായി. ഞാൻ കൈനീട്ടി കാപ്പിക്കപ്പ് എടുത്തു. ഹൃദയത്തിന്റെ  ആകൃതിയിൽ കാപ്പിയുടെ പതകൾക്കു മുകളിൽ കോഫീഡേക്കാരുടെ കരവിരുതുകൾ. എന്റെ മനസ്സിന്റെ  ചില്ലുവാതിലുകളും  മലർക്കെത്തുറന്നു. ഞാൻ അതിലേക്ക് നിർനിമേഷയായി നോക്കിയിരുന്നു.

സിനിയുടെ ക്ഷമയുടെ നെല്ലിപ്പലക  പൊട്ടിപ്പൊളിഞ്ഞു താഴെ വീണു. സപ്‌നാ, നീ കാപ്പി ഇതുവരെ കണ്ടിട്ടില്ലെ ഇത്രമാത്രം നോക്കിയിരിക്കാൻ?  എടീ നീ അവനെ എങ്ങനെ കണ്ടുപിടിച്ചു?

വീണ്ടും  2011

മനസ്സിലൂടെ വിണ്ടും  ഓടിയെത്തിയ മുഖം  എങ്ങെനെ, എവിടെ ആരുടെ സഹായത്താൽ കണ്ടുപിടിക്കും എന്നു ചിന്തിച്ചു.

ആഷിഷ മാരിയുണ്ടാകും ആനന്ദ വാഗ്‌ദത്തമെ, മേലിൽ നിന്നു രക്ഷകൻ നൽകും ആശ്വാസകാലങ്ങളെ എന്ന് പാട്ടിനൊപ്പം, മൂന്നു കുഞ്ഞുങ്ങളെ തോളിലും കാലിലും കിടത്തി ആട്ടി ഉറക്കുമ്പോഴും ഓഫ്ഫിസ്സിലെ ഫയലുകൾക്കിടയിൽ തപ്പിത്തടയുമ്പോഴും മീൻ കറിക്ക് മുറിച്ച് കഴുകി വാരുമ്പോഴും ആലോചന വിട്ടില്ല.

നേരിട്ടു ചെല്ലാൻ പറ്റില്ല. ആ വീടും വീട്ടുപേരും മാത്രം ഓർമ്മ.

ജോയോടു പറയാം ആരെങ്കിലും കൂട്ടുകാരെക്കൊണ്ട് ഈ വിടിന്റെ  ഫോൺ നമ്പർ ഒന്നു കണ്ടുപിടിച്ച്, അവിടെ ഈ പേരിൽ ഉള്ള ആൾ ഉണ്ടോ, എവിടെയാ, മൊബൈൽ എന്തെങ്കിലും വിവരം… ആ, അതുതന്നെ, ജോയെ നേരിട്ടു വിളിച്ചു കാര്യം  പറഞ്ഞു.

അന്നു വൈകിട്ടു തന്നെ ജോ എത്തീ എന്റെ ചാറ്റ് വിന്റോയിൽ. കിട്ടി സപ്‌നാ, എന്തിനാ നീ ഇയാളെ തപ്പുന്നത്. അങ്ങേര്  ഇംഗ്ലണ്ടിൽ ആണു പോലും.  നീ വിട്ടുകള…

ഇമെയിൽ എന്തെങ്കിലും ?

നിനക്ക് മനസ്സിലാകില്ലെ, വിട്ടുകളയാൻ. ജോ ഒരു ദേഷ്യഭാവത്തിന്റെ  ചാറ്റ് ലോഗോ ചേർത്ത്  ഉത്തരം പറഞ്ഞപ്പോ എനിക്ക്, വല്ലാതെ കത്തി, ഇവളെന്നോട് കള്ളം പറയുകയാ, തീർച്ച!

അപ്പോ  ജോ സംസാരിച്ചു ആളിനോട്, നേരല്ലേ?  എന്തിനാ എന്നോട്? എനിക്കു നിന്നെ അറിയില്ലന്നു തോന്നിയൊ? ഞാൻ  ഇതോടെ ഇതു വെച്ചുകെട്ടും എന്നു തോന്നിയോ നിനക്ക്? എന്നെ ഇത്രക്കേ അറിയുള്ളു?

അതു വേണ്ട സപ്‌നാ. നീ വിട്ടുകള. ഓഫ്ഫീസ്സിൽ പോകാൻ നേരമായി. പിന്നെകാണാം.

ചാറ്റ് വിന്റോയും അടച്ച്  ജോ സ്ഥലം വിട്ടു.

അപ്രസക്‌തമായ ഈ വിഷയം മനസ്സിൽ നിന്നു മായാതെ തന്നെ കിടന്നു.

ഒരാഴ്ച്ചത്തെ ചൂടും ജീവിതവും നീണ്ടു നീണ്ടു പോയി. ജോ ലോഗ്‌ഡ്‌ ഇൻ എന്ന് ഇടക്കിടക്ക് വിന്റോയിൽ തെളിഞ്ഞു. എങ്കിലും ഞാനും അത്രകണ്ട്  മൈൻഡ് ചെയ്‌തില്ല.

വേണ്ട, വേണ്ട എന്നു തന്നെ മനസ്സു പറഞ്ഞു. ചോദിക്കണ്ട, വരാൻ പോകുന്ന വിപത്തിന്റെ  ചെങ്കൊടി പോലെ തോന്നിയോ?

സപ്‌നാ, പ്രതീക്ഷിക്കാതെ ജോയുടെ ചാറ്റ്.

ഹായ്, എന്തു വിശേഷം മാഷെ…

ഇതാ  ഇമൈൽ, നീ ഒരു മെയിൽ അയക്ക്…

ആരുടെയാ?

ജോ  5@$#%#$%%  കുറെ അക്കങ്ങൾ തെറി അഭിഷേകമായി തന്നു. ഇനി ഞാൻ പറയണോ ആരുടെയെന്ന്. നിനക്കറിയില്ലെ?

കിട്ടിയില്ല, ഇംഗ്ലണ്ടിലാ എന്നൊക്കെ പറഞ്ഞതോ?

ആ അന്നേരം എനിക്കു നിനക്കു തരണ്ട എന്നു തോന്നി. എനിക്ക് സംസാരിച്ചിട്ട് എന്തോ പരസ്‌പരബന്ധം ഇല്ലാത്ത, നേരെയല്ലാത്ത ഒരു വ്യക്‌തിയായി തോന്നി. അതാ ഞാൻ… അർദ്ധോക്‌തിയിൽ ജോ നിർത്തിയത് എന്നെ കൂടുതൽ  ആകാംക്ഷയിൽ എത്തിച്ചു.

പിടിച്ച പിടിയാലെ ജോയുടെ ഈ സംസാരത്തിനിടയിൽ ഞാൻ  ഒരു ടെസ്റ്റ് മെയിൽ പോലെ അയച്ചു,  Is this you Arun? Pls revert back …. Sapna

മൂന്നു മിനിട്ടിനകം മറുപടിയും എത്തി, who else do you think , if you knew my name is Arun?

അപ്പുറത്തുനിന്നു കല്ലുവെച്ചെ മറുപടി എത്തിയപ്പോൾ,  ആളെ കണ്ടുപിടിക്കാൻ ചെന്ന ജോയ്ക്ക്  തോന്നിയ ചേതോവികാരം എതാണ്ട്  പിടികിട്ടി. ഇത് ഒരു വഴിക്കു പോകില്ല, തീർച്ച !!

തിരിച്ചൊരു മറുപടിക്ക് ഞാനും പോയില്ല. എങ്കിലും ഇങ്ങേര് ഇത് ഇവിടംകൊണ്ട് നിർത്തില്ല എന്ന് എനിക്കു തീർച്ചയായിരുന്നു. പ്രതീക്ഷ അസ്ഥാനത്തായില്ല. രാവിലെ തന്നെ അടുത്ത ഇമെയിൽ എത്തി.

What the hell do you need?

മറുപടി പ്രതിക്ഷിക്കുന്നില്ല എന്നു അറിയാമായിരുന്നു. എങ്കിലും, വേണ്ട എന്നു തന്നെ തീരുമാനിച്ചു. പ്രതീക്ഷക്ക് വിപരീതമായി ചാറ്റിൽ എത്തി. കൂടുതൽ ചീത്തവിളിയുടെ അവസാനം, നീ ഇപ്പൊ എവിടെയാ?  വിവരങ്ങളും വിശേഷങ്ങളും അങ്ങോട്ടും ഇങ്ങോട്ടും  പറഞ്ഞു തീർന്നു.

ഞാൻ കേട്ട അലർച്ചകളും ഞരക്കങ്ങളും വേദനകളും എല്ലാ ശരിയായിരുന്നു  എന്ന് മനസ്സിലായി! മയക്കുമരുന്നിന്റെ ചികിത്സക്കായി ഇംഗ്ലണ്ടിലെ ആശുപത്രിയിൽ  ആയിരുന്നു. അവിടെ നിന്ന് മാനസിക ആശുപത്രിയിലേക്കവർ മാറ്റി.

ഒരു ഇമെയിൽ സന്ദേശത്തിലെ  വാക്കുകൾ എന്നെ കുറ്റവാളിയുടെ വേഷം എടുത്തണിയിച്ചു. ഒരു സമയത്ത്, ഏതൊക്കെയോ സ്‌ത്രീകളുടെ കൂടെത്താമസിക്കാനും പലരെ പ്രേമിക്കാനും സ്‌നേഹിക്കാനും ശ്രമിച്ചു.  പക്ഷെ ആർക്കും നിന്റെ മുഖം ഇല്ലായിരുന്നു. എല്ലാ പ്രേമവും പാ‍തിയുറക്കത്തിൽ നിന്റെ പേരു വിളിയിൽ അവസാനിച്ചു. ഇതിന്റെയെല്ലാം അവസാനം ആയിരുന്നു മെന്റൽ അസൈലം!

നീ ആലോചിച്ചിട്ടുണ്ടോ എനിക്കെന്തു സംഭവിച്ചു എന്ന്? പിന്നെ ഇപ്പൊ നീ എന്തിനെന്നെ അന്വേഷിച്ചു?

അരുൺ, എന്തിന് എന്ന് ചോദിച്ചാൽ, അതിനെനിക്കുത്തരം ഇല്ല..

ഏറ്റവും സ്വസ്‌തമായ ഒരു ജീവിതം ഉള്ള നീ എന്നെ എന്തിനു കണ്ടുപിടിക്കാൻ ശ്രമിച്ചു…. വീണ്ടും വീണ്ടൂം ഉള്ള അരുണിന്റെ ചോദ്യത്തിനെനിക്ക്  ഉത്തരങ്ങളീല്ലായിരുന്നു. ഞാൻ  സത്യം പറഞ്ഞാൽ  ആരും ഒരിക്കലും വിശ്വസിക്കില്ല, പിന്നല്ലെ  ഇവൻ! ഞാനിവന്റെ കരിച്ചിലു കേട്ടു, അലർച്ച കേട്ടു എന്നൊക്കെ ഈ കമ്പ്യൂട്ടർ യുഗത്തിൽ ആരു വിശ്വസിക്കാൻ, ഇല്ല…

ജൊയ്ക്ക് നിന്റെ കസിനെ അറിയാമായിരുന്നു. ലക്ഷ്‌മി അങ്ങനെ വിളിച്ചു.

എന്നിട്ടാണോ ഇതു അരുൺ ആണൊ എന്നൊക്കെ ജോ ചോദിച്ചത്. എന്തിനാ സപ്‌നാ നീ കഥയുണ്ടാക്കി പറയുന്നത്? ആ പിന്നെ കള്ളം പറയാൻ നീ പണ്ടേ മിടുക്കിയാണ്. നിന്നെ ഓർത്തു ഞാൻ കരഞ്ഞു തീർത്ത കണ്ണുനീരെത്രയാണെന്നറിയാമോ?  നീ ഏതോ ഒരു സമയത്ത് സ്വയം തീരുമാനിച്ചു, എനിക്കും കുടുംബത്തിനും നീ വിചാരിക്കുന്ന ഒരു സ്റ്റാറ്റസ് ഇല്ല  എന്ന്, അതെല്ലെ?

യാതൊരു വിധത്തിലുള്ള വിശകലനങ്ങളും, കാരണങ്ങളും ഏൽക്കില്ല, മനസ്സിലാകില്ല എന്നെനിക്കറിയാമായിരുന്നു, ഞാൻ ശ്രമിച്ചും ഇല്ല.

ചെവിയിൽ മുഴങ്ങുന്ന അവന്റെ അലർച്ചയുടെ ശബ്‌ദം എനിക്ക്, ആരോടും പറഞ്ഞു മനസ്സിലാക്കാനില്ല. ഞാൻ വിചാരിച്ചതൊക്കെ തെറ്റായിരുന്നു എന്ന്, എനിക്ക് സ്വയം വിശ്വസിപ്പിക്കാനായിരൂന്നു ഇതെല്ലാം. ഒന്നും എനിക്കാരോടും പറയാനില്ല.

ഞാൻ ജൂണിൽ നാട്ടിൽ വരും അരുൺ, വന്നിട്ടു വിളിക്കാം. അന്ന് നീ   കാണുമോ? ഇൻഡ്യയിലെ നമ്പർ തരൂ…

1978

12 വയസ്സിൽ റ്റ്യൂഷൻ ക്ലാസ്സിലേക്ക് പോകുന്നവഴി. എന്നും പുറകെ വരുന്ന ഒരു മുഖം. അത് സ്ഥിരമായപ്പോൾ ഒരു പുഞ്ചിരിയുടെ വക്കിലെത്തി  മാസങ്ങൾക്കു ശേഷം! എന്റെ വീടുവരെ പിന്തുടരാൻ തുടങ്ങിയപ്പോൾ,എന്നും ഗെയിറ്റിൽ കാത്തുനിൽക്കുന്ന അമ്മയുടെ കണ്ണുകൾക്കും ഇതേ മുഖം പരിചിതമായി. പക്ഷെ അമ്മയുടെ മുഖം പരിചയത്താൽ പുഞ്ചിരിച്ചില്ല, മറിച്ച് അമ്മയുടെ വിരലുകളുടെ നല്ല കിഴുക്കുകൾ  എനിക്കു ചിരപരിചിതമായിത്തീർന്നു.

അവനെയെങ്ങാണും നോക്കി എന്നു ഞാൻ  അറിഞ്ഞാൽ, ദേണ്ടെ പെണ്ണെ… അമ്മ അർദ്ധോക്തിയിൽ നിർത്തി. ബാക്കി ഞാൻ  ഊഹിച്ചിരുന്നു.

നടത്തം ഏതാണ്ട് അവിടം കൊണ്ടവസാനിച്ചു. പത്താം ക്ലാസ്സിന്റെ പരീക്ഷകാരണം റ്റ്യൂഷൻ വീട്ടിലേക്കു മാറ്റി. ഇംഗ്ലീഷിൽ നല്ല മാർക്കുണ്ടായിരുന്ന ഞാൻ ലിറ്ററേച്ചറിനു  ചേന്നു  + 2. പ്രേമം എന്ന വാക്ക് മിൻസ് & ബൂണിന്റെ പേജുകളിലെ ഹീറോകളുടെ പേരിലേക്ക്  ചേക്കേറിത്തുടങ്ങി. വീടുമാറി, ഞങ്ങൾ സിനിയുടെ വീടിനടുത്തേക്ക് മാറി. അതു കൂടുതൽ നല്ല കൂട്ടുകാരെയും എന്റെ ജീ‍വിതത്തിന്റെ അർത്ഥങ്ങളും  തിരുത്തിക്കുറിച്ചു.

1983

കോട്ടയത്ത്, എന്റെ കൊച്ചു വലിയ ലോകത്ത്, ദേവലോകത്തേക്ക് ഞാൻ എന്നന്നേക്കുമായി താമസം ആയി. സി എം എസ്സ് കോളേജും ,അവിടുത്തെ ചാമരങ്ങളും, എന്റെ മനസ്സിൽ പ്രേമങ്ങളെപ്പറ്റിയുള്ള ചിന്തകൾ എന്നന്നേക്കുമായി തിരുത്തിക്കുറിച്ചു.

എന്നാൽ എതോ ഒരു ദിവസം, കോട്ടയത്ത് എന്നെത്തേടിയെത്തിയ അരുൺ പറയാതെ പോന്നതിന്റെ  സങ്കടവും എന്നെ ഓർക്കുന്നുണ്ടോ ഇപ്പോഴും എന്ന വാചകങ്ങൾക്കു വാക്കുകളും അപ്രസക്തമായിത്തോന്നി. ഞാൻ പഠിക്കാനായി  ഇംഗ്ലണ്ടിലേക്ക് പോകുന്നു. കൂട്ടുകാരോടാരൊ അന്വേഷിച്ചപ്പോൾ കോട്ടയത്തുണ്ടെന്നു കേട്ടു. ഒന്നു വന്നു കണ്ടുപോകണമെന്നു തോന്നി…

വർഷങ്ങൾക്കു ശേഷം എന്റെ കൂടെ നടക്കുന്നതിനിടയിൽ വല്ലാത്തൊരു മൌനം തിങ്ങി നിറഞ്ഞു. എനിക്കെന്തോ അസ്വസ്ഥത തോന്നിത്തുടങ്ങി.

എന്തോ എന്നോടു പറയാനുണ്ടെന്നു തീർച്ച…

പറയൂ  അരുൺ… എന്തായാലും പറയൂ. 20 വയസ്സിന്റെ ഒരു വാചാലത എനിക്കു തന്നെ വന്നോ എന്നൊരു  തോന്നൽ!

സപ്‌നാ, നിന്നൊടെനിക്കൊന്നും പറഞ്ഞു മനസ്സിലാക്കാൻ  സാധിച്ചില്ല എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്. എന്നാൽ ഞാൻ ഒത്തിരി എന്തോക്കെയോ പ്രതീക്ഷിച്ചിരുന്നു.  എല്ലാം ഒന്ന് പറഞ്ഞവസാനിപ്പിക്കാനാണ് ഞാൻ  നിന്നെ തിരഞ്ഞു പിടിച്ചത്.

സാരമില്ല, അരുൺ. എന്നോട് വന്നു പറയാനുള്ള മനസ്സ് നീ കാണിച്ചല്ലോ, അതുമതി.

ഇപ്പോഴും എനിക്ക് നീ വളരെ സ്‌പെഷ്യൽ ആണ്. അതൊരിക്കലും മാറില്ല,  അതും ഒന്നു പറയാനുംകൂടിയാ ഞാൻ വന്നത്.

എല്ലാവർക്കും അവരവുടെതായ സ്വാതന്ത്ര്യങ്ങൾ ഉണ്ട് അരുൺ. പിന്നെ ബലമായി പിടിച്ചു പറിക്കാനൊക്കില്ല ആരെയും. സ്വയം തീരുമാനിക്കാനും  പറ്റില്ല. അറിയാമല്ലോ അല്ലെ?

അധികം സംസാരിക്കാൻ നിൽക്കാതെ അരുൺ തിരിച്ചു നടന്നു.

1989

അതും ആയിരുന്നില്ല അവസാനത്തെ ഗുഡ് ബൈ. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ  കോട്ടത്തിനു  പോകാനായി ഹോസ്റ്റലിൽ നിന്നും  എത്തി. IATA ഡിപ്ലൊമയുടെ പരീക്ഷയും കഴിഞ്ഞു  പോകുന്ന ധൃതിയിൽ.

നേരെ മുന്നിൽ അരുൺ. സഡൺ ബ്രെക്കിട്ടു ഞാനും ഞെട്ടിത്തരിച്ചു നിന്നു,  ഓ….

നിന്റെ കല്യാണം നിശ്ചയിച്ചു, അല്ലെ?

ശ്വാസം കിട്ടാതായിട്ടും ഞാൻ പറഞ്ഞു, അതു അടുത്ത മാസം, നീ ഇംഗ്ലണ്ടിൽ നിന്നെപ്പോ എത്തി?

വിസ സ്റ്റാമ്പ് ചെയ്‌തതേയുള്ളും, തിരിച്ചു പോന്നു. ഇതിനായിരുന്നു അന്നു നീ എന്നെ  മൈൻഡ് ചെയ്യാതിരുന്നത് അല്ലെ?

ഇതിനെന്നു വെച്ചാൽ മനസ്സിലായില്ല അരുൺ?

അനിൽ അന്നു മുതലേ നീയുമായി സ്‌നേഹത്തിലായിരുന്നു അല്ലെ? നിങ്ങൾ കുടുംബമായി പരിചയക്കാരും. അറിഞ്ഞതുകൊണ്ടാണ് അന്നു ഞാൻ കോട്ടയത്തു നിന്നെ കാണാൻ വന്നത്. നീ‍ ഓർക്കുന്നുണ്ടോ?

അന്നു നീ ഒന്നും പറഞ്ഞില്ല, ഞാൻ  ഒന്നു  ചോദിച്ചും ഇല്ല.  ഇപ്പോ കണ്ടപ്പോ സംസാരിക്കാതിരിക്കാൻ  തോന്നിയില്ല. ഒന്നു മിണ്ടിയിട്ടു പോകാം എന്നു വെച്ചു.

Any way all the best…..

വെടിച്ചില്ലു മായുന്നതുപോലെ മറഞ്ഞു അരുൺ.  പിന്നൊരിക്കലും കാണാതിരിക്കാനായി.

വീണ്ടും 2013

ഇതിനിടെ എവിടെ സ്വപ്‌നം കാണുകയാ നീ, എടീ നീ  അരുണിനെ എങ്ങെനെ കണ്ടുപിടിച്ചു. സിനി വീണ്ടൂം കുലുക്കി വിളീച്ചു.

നമ്മുടെ ഷെറിനു അറിയാമായിരുന്നു അവന്റെ ചേച്ചിയെ. അവർ ഒരുമിച്ച്‌  സ്‌കൂളിൽ പഠിപ്പിക്കയായിരുന്നു. സംസാരത്തിൽ എവിടെയോ എന്റെ പേരുവന്നപ്പോ എന്നെ അന്വേഷിച്ചു വിളിച്ചു അത്രമാത്രം.

എന്തോന്നു കണ്ടുപിടിക്കാൻ? അവൻ എന്റെ ആരാ? എന്റെ  ചോദ്യത്തിനു  സിനിയും തലകുലുക്കി സമ്മതിക്കുന്നതു പോലെ തോന്നി.

ഇതൊക്കെ ഒന്നു കഥപോലെ നിന്നോടൊന്നു പറയാൻ മാത്രമാണ് ഞാൻ വന്നത്. നീ വിട്ടുകള, അത്രേയുള്ളു കഥ.

സിനിക്ക് അത്രക്കങ്ങോട്ടു വിശ്വാസം പോര. അത്രെയുള്ളോ? എനിക്കത്ര വിശ്വാസം പോര. നീയായതുകൊണ്ട് എനിക്കൊട്ടും വിശ്വാസം പോര. സിനിക്ക് എന്നെ ഏതാ‍ണ്ട് വ്യക്‌തമായി അറിയാം എന്നുള്ള എന്റെ മനസ്സിന്റെ  തോന്നൽ  വെറുതെയായിരുന്നില്ല!

ഈ സമയം കൊണ്ട് സാൻഡ്‌വിച് എത്തി. കാശുകൂടുതൽ കൊടുത്തതുകൊണ്ട് സാൻഡ്‌വിച് നിരത്തി കൊണ്ടുവന്നു വെച്ച ലെറ്റൂസും ക്യാബേജിലയും കൂടി തിന്നു തീർത്ത്, കയ്യും വടിച്ചു നക്കിത്തുടച്ചു.

മൊത്തമായും ചില്ലറയായും  കഥ  സിനിയോട് അവിടം കൊണ്ട് നിർത്തി .

വീണ്ടും  2011

സിനിയോട് കഥ ഒരു കടങ്കഥപോലെ നിർത്തി. എന്നാൽ ജീവിതത്തിൽ ഞാനെന്ന പെണ്ണിനെ മനസ്സ വാചാ കർമ്മണാ സ്‌നേഹിച്ചു പ്രാന്തുപിടിച്ചവൻ വീണ്ടും മുന്നിലെത്തി. ഒരു സാധാരണ സുഹൃത്തിന്റെ ലാഖവത്തോടെ കഥ പറയുന്നതുപോലെ സ്വന്തം ജീവിതം എന്റെ മുന്നിൽ തുറന്നു വെച്ചു.

നീന്നോടെനിക്കു പറയാൻ സാധിച്ചിട്ടില്ല എന്നതാണ് എന്റെ ജീവിതത്തിൽ ചെയ്‌ത ഏറ്റവും വലിയതെറ്റ്… പിന്നെ നീന്നിൽ നീന്ന് ഞാൻ എന്തോക്കെയോ പ്രതീക്ഷിച്ചു, അതനുസരിച്ച് ഞാൻ  മുന്നോട്ടുപോയി. എല്ലാം നിന്റെ തെറ്റാണെന്നു ഞാൻ സ്വയം  വിശ്വസിപ്പിച്ചു…

ഒന്നും അറിയാത്ത നിന്റെ മുന്നിൽ പലപ്രവശ്യം ഞാൻ  ആവശ്യമില്ലാതെ  വന്നു. അതേപോലെ ഞാൻ  എല്ലാം മനസ്സിലടക്കി. വീണ്ടും ഒന്നും പറയായാതെ തിരികെപ്പോയി. നിനക്കറിയാമൊ എനിക്കിന്ന്  47 വയസ്സായി. ജീവിതം എങ്ങോട്ടാണെന്നറിയില്ല. ഞാൻ  അടുത്തയാഴ്ച്ച തിരിച്ചു പോകും.

വെറും ഒരു കസേരക്കപ്പുറവും ഇപ്പുറവും വർഷങ്ങൾക്കു ശേഷം കാണുന്ന കൂട്ടുകാരുടെ സ്‌നേഹതാൽപ്പര്യങ്ങളോടെ സംസാരിച്ചു. കൂടെ വന്ന എന്റെ അനിയത്തിയോട് അതിലും സ്‌നേഹത്തോടെയുള്ള അന്വേഷണങ്ങൾ! മുഖത്തോടുമുഖം നോക്കി ഒരു പഴയ കഥയുടെ കെട്ടുകളും അഴിച്ചില്ല.  അതെല്ലാം ഇമെയിലിനും ചാറ്റുകൾക്കും തീറെഴുതിക്കൊടുത്തു.

മനസ്സിന്റെ കുറ്റബോധം എന്നന്നേക്കുമായി എന്റെ മനസ്സിൽ ആഴ്ന്നിറങ്ങി.

അറിയാതെ, പറയാതെ, മനസ്സറിയാതെ  എനിക്കുവേണ്ടി ഹോമിക്കപ്പെട്ട ഒരു ഹൃദയം. ഇനിയൊരിക്കലും  തിരിച്ചുവരില്ല, സ്‌നേഹിക്കില്ല എന്നറിഞിട്ടും തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ഒരു മനസ്സ്!

ഒരു സൌഹൃദത്തിലെന്നപോലെ വന്നു പറഞ്ഞു തിരിച്ചു പോയി, എന്നന്നേക്കുമായി… ഇതും സ്‌നേഹം തന്നെയാണോ?

സപ്‌ന അനു ബി ജോർജ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account