കുടുംബചിത്രങ്ങള്‍ മലയാളസിനിമയില്‍ അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന കാലത്താണ് പുതുമുഖസംവിധായികയായ സൗമ്യ സദാനന്ദന്റെ “മാംഗല്യം തന്തുനാനേന” എന്ന സിനിമ മലയാളി പ്രേക്ഷകന്റെ മുന്നിലേക്കെത്തുന്നത്. പ്രമേയത്തില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും ബോറടിക്കാതെ രണ്ടരമണിക്കൂര്‍ തമാശയില്‍ പൊതിഞ്ഞവതരിപ്പിക്കുന്ന ഈ ചിത്രം കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും ആഴവും  കാട്ടിത്തരുന്നു.

ചാനല്‍ അവതാരക, ഡോക്കുമെന്ററി/ഷോര്‍ട്ട് ഫിലിം സംവിധായിക/സഹസംവിധായിക എന്നീ വേഷങ്ങളില്‍ എറെക്കാലം ചിലവഴിച്ച ശേഷമാണ് സൗമ്യ സദാനന്ദന്‍ എന്ന സംവിധായിക രൂപപ്പെടുന്നത്. ഗീതു മോഹന്‍ ദാസ്, അഞ്‌ജലി മേനോന്‍, റോഷ്‌നി ദിവാകര്‍ എന്നിവര്‍ക്ക് ശേഷം മലയാള സിനിമയില്‍ സ്വതന്ത്ര സംവിധായികയായി അരങ്ങേറ്റം കുറിച്ച സൗമ്യ തുടക്കം ഒട്ടും മോശമാക്കിയില്ല. കണ്ട് കണ്ട് പഴകിയ പ്രമേയമാണ് സിനിമയുടെ അടിത്തറയെങ്കിലും ദുര്‍ബ്ബലമായ ആ ഇടത്തില്‍ നിന്നു കൊണ്ട് പരമാവധി ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്‌തമായ ആംഗിളുകള്‍, മികവുറ്റ ദൃശ്യങ്ങള്‍, അധികം മുഷിപ്പിക്കാത്ത സംഭാഷണങ്ങള്‍, ചടുലമായ എഡിറ്റിംഗ് എന്നിങ്ങനെയുള്ള ചില കാര്യങ്ങള്‍  ഈ സിനിമയെക്കുറിച്ച് എടുത്ത് പറയേണ്ടതായുണ്ട് .

മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. പ്രത്യേകിച്ച് കാര്യമായൊന്നും അഭിനയത്തിന്റെ കാര്യത്തില്‍ ചാക്കോച്ചന് ഈ സിനിമയില്‍ ചെയ്യാനില്ലെങ്കിലും ചാക്കോച്ചന്റെ ഭാര്യയായഭിനയിച്ച നിമിഷ സജയന്‍ എന്ന നടിയുടെ ഗംഭീരമായ പെര്‍ഫോമന്‍സാണ് ഈ സിനിമയുടെ ഹൈലൈറ്റെന്ന് നിസ്സംശയം പറയാം. ശാന്തികൃഷ്‌ണ, അലന്‍സിയര്‍, വിജയരാഘവന്‍ തുടങ്ങിയ അഭിനേതാക്കളുടെ നീണ്ടനിരയുണ്ടെങ്കിലും ഈ സിനിമയെ  മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഹരീഷ് കണാരന്റെ തമാശകള്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്.

വിദേശത്തു ജോലിയുണ്ടായിരുന്ന, സാമ്പത്തിക മാന്ദ്യം മൂലം  ജോലി നഷ്‌ടപ്പെട്ട, നാട്ടില്‍ പിടിച്ചു നില്‍ക്കാന്‍ കഷ്‌ടപ്പെടുന്ന ലക്ഷങ്ങളുടെ കടബാധ്യതയുള്ള, സാധാരണക്കാരനായ ചെറുപ്പക്കാരനായ റോയി എന്ന കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കോടീശ്വരനായ അവറാച്ചന്‍ മുതലാളിയുടെ മകള്‍ ക്ലാരയെ വിവാഹം കഴിക്കുന്നതും തുടര്‍ന്ന് അവര്‍ക്കിടയിലുണ്ടാകുന്ന കൊച്ചു കൊച്ചു വഴക്കുകളും സൗന്ദര്യപ്പിണക്കങ്ങളും ഉറ്റസുഹൃത്തായ ഷംസുവിന്റെ ഐഡിയകളിലൂടെ അബദ്ധങ്ങളില്‍ ചെന്നു ചാടുന്ന റോയിയുടെ വെപ്രാളവും കഷ്‌ടപ്പാടുകളുമാണ് സിനിമയിലുടനീളം.

ഒരു സാധാരണ കുടുംബചിത്രം എന്നതിലപ്പുറം മറ്റൊന്നും അവകാശപ്പെടാനില്ലാത്ത  ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ആല്‍വിന്‍ ആന്റണി സക്കറിയ തോമസ്, പ്രിന്‍സ് പോള്‍, ആയ്ഞ്ചലീന മേരി ആന്റണി  എന്നിവരാണ്. ടോണി മഠത്തില്‍  തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഒട്ടു പുതുമയില്ലെങ്കിലും സാധാരണക്കാരായ കുടുംബ പ്രേക്ഷകരെ രസിപ്പിക്കും എന്നത് തീര്‍ച്ചയാണ്.  മലയാള സിനിമയുടെ ഭാഗമായി സ്‌ത്രീപക്ഷത്തുനിന്നും ഇനിയും സംവിധാന രംഗത്തേക്ക് നിരവധിയായ വനിതകള്‍ കടന്നു വരികയും അവരാല്‍ വ്യത്യസ്‌തമായ സിനിമകള്‍ സംഭവിക്കട്ടേ എന്നും ‘മാംഗല്യം തന്തുനാനേന’ എന്ന ഈ സിനിമയെ മുന്‍ നിര്‍ത്തി ആഗ്രഹിക്കാം.

ജയശങ്കര്‍ എ എസ് അറയ്ക്കല്‍

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account