മണ്ണിൽച്ചവുട്ടി നടക്കുക എന്നതാണ് മനുഷ്യനെക്കുറിച്ച് പറഞ്ഞിരുന്ന ഒരു വലിയ കാര്യം. കാരണവൻമാർ അങ്ങനെ പറഞ്ഞിരുന്നു. പറച്ചിൽ എന്നല്ല, ഒരു ഓർമപ്പെടുത്തൽ. ആകാശത്തേക്കുയരുമ്പോഴും കാൽച്ചുവട്ടിലെ മണ്ണ് എന്നൊരു ചിന്ത.

ഒരുപിടി മണ്ണ് കയ്യിലേക്കു കോരിയെടുത്ത് സുഭാഷ് പലേക്കർ എന്ന മണ്ണിന്റെ മനുഷ്യൻ ”അന്നപൂർണ” എന്നാണ് പറഞ്ഞത്. ചെടികൾക്കു നൽകുന്ന വളത്തിന് ജീവാമൃതം എന്ന് പേരിട്ടയാളാണ് ആ മണ്ണറിഞ്ഞ പ്രകൃതി സ്‌നേഹി. മണ്ണിലാണ് ജീവൻ എന്നദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.

പഴുത്തില വീണാൽ പച്ചില ചിരിക്കും എന്നതാണ് നമ്മുടെ ചൊല്ല്. പരസ്പ്പരം മത്സരിക്കുന്ന മനുഷ്യജീവിതത്തിൽ അത് ശരിയാണ്. എന്നാൽ, പഴുത്തില വീഴുന്നതുകണ്ട് ഇതുവരെ ഒരു പച്ചിലയും ചിരിച്ചിട്ടുണ്ടാകില്ല. ഒരു മരത്തിന്റെ ആത്‌മകഥയിലും അങ്ങനെയൊരു ചൊല്ല് കടന്നുവരില്ല. മരം അതിന്റെ ആയുസ്സിൽ, വലിച്ചെടുത്ത് ഇലകളിൽ, പൂക്കളിൽ, ശിഖരങ്ങളിൽ, തായ്ത്തടിയിൽ സൂക്ഷിക്കുന്ന ഓരോ മൂലകവും ഈ മണ്ണിലേക്കുതന്നെ തിരിച്ചുനിക്ഷേപിച്ചാണ് അതവസാനിക്കുക. അതിൽനിന്നാണ് മണ്ണ് ജീവിതം പിന്നെയും പിന്നെയും പങ്കുവെക്കുന്നത്.

കുഴിച്ചെടുത്ത സംസ്‌ക്കാരത്തിൻറെ ചിത്രങ്ങളൊക്കെയും മണ്ണിന്റേതായിരുന്നല്ലോ. മൺപാത്രങ്ങളുൾപ്പടെ.

ഇന്ന് മണ്ണുകൊണ്ടുള്ളതെല്ലാം കൗതുകങ്ങൾ മാത്രമാവുന്നു. മൺവീട് എന്നതുപോലും ഒരു ജീവിത സംസ്ക്കാരത്തിൻറെ അടയാളമല്ല, കൗതുകത്തിന്റെ ചിഹ്നമാണ്. കോൺക്രീറ്റിനുമുകളിൽ ഓടുവിരിക്കുന്ന പുതിയ കാലത്തിന്റെ അലങ്കാരങ്ങൾ.

മണ്ണിന് ഒരു ദിനം (ഡിസംബർ അഞ്ച്) എന്നത് നമ്മെയെന്തോ വെറുതേ ഓർമിപ്പിക്കുന്നുണ്ട്. ”മണ്ണിന്റെ മാറിൽ” എന്നൊരു നോവലിന് തലക്കെട്ട് കൊടുത്തത് ചെറുകാട് എന്ന – തൻറെ മുരിങ്ങച്ചോട്ടിലിരുന്ന് ആകാശം കണ്ട –  എഴുത്തുകാരനാണല്ലോ.

ഒരു പാത്രമുണ്ടാക്കാൻപോലും മണ്ണ് കിട്ടാനില്ല എന്ന് കുംഭാരക്കോളനിയിലെ വയോധികനായ മനുഷ്യൻ സങ്കടപ്പെടുന്നു. ജീവിതം മുഴുവൻ മണ്ണുകുഴച്ചു പതംവന്ന കെെകൾക്ക് മണ്ണ് എന്നതിനേക്കാൾ മറ്റെന്ത് ജീവിതം.

രാജേഷ് മേനോൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account