വിഷ്‌ണു നാരായണൻ എന്ന പുതുമുഖ സംവിധായകനും കൃഷ്‌ണമൂർത്തി എന്ന തിരക്കഥാകൃത്തും മലയാള സിനിമയിലേക്ക് പ്രതിഭ  തെളിയിച്ചുകൊണ്ടുതന്നെ കടന്നു വരുന്ന സിനിമയാണ് മറഡോണ.  മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാറാണ് നിർമ്മാണം.

ഒരു സിനിമയുടെ ആദ്യ ഷോട്ട് മുതൽ ത്രില്ലടിച്ച് കാണാൻ കഴിയുന്നത്  വല്ലപ്പോഴുമാണ്. ത്രില്ലർ എന്ന പേരിൽ വരുന്ന പല സിനിമകളും തുടക്കം മുതൽ ഒടുക്കം വരെ കണ്ടാലും നനഞ്ഞ പടക്കം പോലെയേ തോന്നാറുള്ളു. എന്നാൽ “മറഡോണ” ആദ്യ ഷോട്ട് മുതൽ സസ്‌പെൻസ് ഉണർത്തി പ്രേക്ഷകനെ കൂടെ കൊണ്ടുപോകുന്നു. ചിക്ക് മംഗ്ലൂരിൽ തുടങ്ങി ബാംഗ്ലൂരും കോഴിക്കോടും ചാവക്കാടും കളിയിക്കാവിളയും  കന്യാകുമാരിയും വരെ (സസ്‌പെൻസായി മറ്റൊരിടത്തേക്കും) നീളുന്ന ലൊക്കേഷനുകളിലാണ് സിനിമയുടെ കഥ. ടോവിനോ തോമസ് എന്ന നടൻ്റെ  നല്ല  പ്രകടനം കാണാം. പതിവ് സിനിമകളിൽ  നിന്ന് വ്യത്യസ്‌തമായി നായക കഥാപാത്രം പ്രേക്ഷകർ പ്രതീക്ഷിക്കാത്ത  ഭാവങ്ങളിലൂടെയും, സ്വഭാവങ്ങളിലൂടെയും  കടന്നു പോകുന്നുണ്ട്. അത് സിനിമയെ ആകാംക്ഷാഭരിതമാക്കുന്നുതിൽ പ്രധാന പങ്കു വഹിക്കുന്നുമുണ്ട്. (പ്രണയപ്രകടനങ്ങൾ പതിവുപോലെത്തന്നെ).

കഥാപാത്രത്തെ  ഏറ്റവും ഗംഭീരമാക്കിയത് ചെമ്പൻ വിനോദാണ്. ക്ലാസ് പ്രകടനം. നായികയായെത്തിയ ശരണ്യ ആർ നായർ മുഖം കൊണ്ടും വേറിട്ട  പ്രകടനം കൊണ്ടും പതിവ് നായികമാരിൽ നിന്നും വ്യത്യസ്‌തയായി. ടിറ്റോ വിൽസൺ (അങ്കമാലി ഡയറീസിലെ യൂ ക്ലാമ്പ് രാജൻ) സുധി എന്ന സാധാരണ  ‘കൂട്ടുകാരൻ’  കഥാപത്രത്തെ അസാധാരണ മികവോടെ അവതരിപ്പിച്ചു.    ലിയോണ ലിഷോയ് വളരെ സ്വാഭാവികമായി നാദിയയായി.  ജിനു ഭാസ്‌കറിനെ കുറെ നാളുകൾക്കിപ്പുറം നല്ലൊരു വേഷത്തിൽ കാണാനായി. ഷാലു റഹീം വ്യത്യസ്‌ത സന്ദർഭങ്ങളിലുള്ള  വ്യത്യസ്‌തമായ ഭാവപ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുന്നു. നിസ്റ്റാർ  അഹമ്മദ്, കിച്ചു ടെല്ലുസ്, മായാ മേനോൻ, കുമാർ വള്ളിക്കുന്ന് തുടങ്ങിയവരും പേരറിയാത്ത (എനിക്ക്) അഭിനേതാക്കളും (ദിയ മോൾ, അരുൾ, നിസ്സാം, ഫ്ളാറ്റിലെ വൃദ്ധൻ തുടങ്ങിയ കഥാപാത്രങ്ങൾ) നന്നായി.    ഓരോരുത്തരും ‘നന്നായി’ എന്നത് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.  എന്തെന്നാൽ ഇവരിൽ  പലരുടെയും ഏറ്റവും സ്വാഭാവികമായ  അഭിനയം ഈ സിനിമയിലാണ് കാണുന്നത്. അതുകൊണ്ടു തന്നെ സംവിധായകൻ ഇവരിലൂടെ വളരെ കൃത്യമായി തൻ്റെ മികവ് അടയാളപ്പെടുത്തിയിരിക്കുന്നു. റാംബോ എന്ന നായയെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ഫ്ളാറ്റിലെയും ബാൽക്കണിയിലെയും രംഗങ്ങൾ നന്നായി ചിത്രീകരിച്ചിരിക്കുന്നു.  ദീപക് ഡി മേനോനാണ് ഛായാഗ്രഹണം. സൈജു ശ്രീധരന്റെ  എഡിറ്റിങ്ങും. വിനായക് ശശികുമാർ എഴുതി, സുഷിൻ  ശ്യാം സംഗീതം നിർവഹിച്ച പാട്ടുകൾ (നെസ്റ്റ് അഹമ്മദിന്റെയും ഫെജോയുടെയും ഓരോ പാട്ടുകളും)  ചിത്രത്തിനൊപ്പം നിൽക്കുന്നു (മുഖ്യ ഗായകനും അദ്ദേഹം തന്നെ). നേഹ എസ് നായരാണ് ഒരേയൊരു ഗായിക.

അങ്ങനെ ഒരു ഒന്നാന്തരം സസ്‌പെൻസ്/റൊമാൻസ് ത്രില്ലറായി, എന്നാൽ അത്തരം മലയാളസിനിമകൾക്ക് സാധാരണ പതിവില്ലാത്ത വിധം അൽപ്പം  മന്ദഗതിയിലുള്ള ഹൃദ്യമായ താളത്തിൽ ‘മറഡോണ’  ഇടവേള പിന്നിടുന്നു. ബാൽക്കണിയിൽ മാത്രം കണ്ടു മുട്ടുന്ന (കേട്ട് മുട്ടുന്നതും) മനുഷ്യർ തമ്മിൽ രൂപപ്പെടുന്ന പാരസ്‌പര്യം ഹൃദ്യമാണ്. മനുഷ്യർ മാത്രമല്ല  പട്ടിയും പ്രാവുമൊക്കെയുണ്ട് കൂട്ടിന്. പെണ്ണെന്നാൽ ‘ടെസ്റ്റ് ഡ്രൈവി’നുള്ളതല്ലെന്നും ആണുങ്ങളായാൽ ‘അങ്ങനെയല്ല വേണ്ടതെ’ന്നും മറ്റുമുള്ള ചിന്തകൾ  മറഡോണയുടെ ഹൃദയത്തിലേക്ക് അവൾ കയറ്റി വിടുന്നുണ്ട് – സ്വാഭാവികവും മനോഹരവുമായി.

എന്നാൽ രണ്ടാം പകുതി ആരംഭിച്ച് അധികനേരമാകും മുൻപേ സിനിമയുടെ മട്ടു മാറുന്നു! ക്ളീഷേകളിലേക്ക് തിരക്കഥ ഇറങ്ങി ചെല്ലുന്നതോടെ സാമാന്യം ബോറടിച്ചു തുടങ്ങുന്നു. ഉപേക്ഷിക്കപ്പെട്ട ഫാക്റ്ററികളിൽ ഈ സിനിമയും  തല്ലു കൂടാൻ പോകുന്നു. നായകൻ പതിവ് നായകനായി ഉയിർത്തെഴുന്നേൽക്കുന്നു. ചെറിയ ചില കൃത്രിമ ട്വിസ്റ്റുകളൊഴികെ മറ്റെല്ലാം പതിവ് പോലെ. മികച്ച ക്രാഫ്റ്റ് കയ്യിലുണ്ടെന്നു ആദ്യപകുതിയിൽ തെളിയിച്ച സംവിധായകനും എഴുത്തുകാരനും പിന്നീടെന്താണ് പറ്റിയതെന്ന് നമ്മൾ അന്തം വിടുന്നു!

സിനിമയുടെ കച്ചവടത്തെ നിയന്ത്രിക്കുന്നവരുടെ ധാരണകൾ/തെറ്റിദ്ധാരണകൾക്കു മുൻപിൽ ആ പുതുമുഖങ്ങൾക്കു കീഴടങ്ങേണ്ടി വന്നതാവാം എന്ന് ചിന്തിച്ചു പോകുന്നു. കച്ചവട സിനിമയുടെ നടപ്പു മാതൃകകളെ പൊളിച്ചടുക്കുന്നതിൽ വിജയിച്ച സംവിധായകരുടെ ശിഷ്യന്മാരാണിവർ. പുതിയ പാതകൾ വെട്ടാൻ കെൽപ്പുള്ളവർ. മുന്നോട്ടാവട്ടെ, പുതിയ, സ്വന്തം  സിനിമകളിലേക്കാവട്ടെ അടുത്ത  ചുവടുകൾ.

– ഉമേഷ് വള്ളിക്കുന്ന് 

4 Comments
 1. Vipin 3 years ago

  Good read!

  • umesh 3 years ago

   Thank you

 2. Anil 3 years ago

  Good review, as usual!

  • umesh 3 years ago

   Thnak you

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account