പതിവുപോലെ ഒരു വെള്ളിയാഴ്ചയുടെ അവസാനഘട്ടം. അയാൾ ബിയർ ഗ്ലാസ് കയ്യിലേന്തി, സിഗരെറ്റിന് തീ കൊളുത്തി തന്റെ ബാൽകണിയിൽ, മയക്കം പൂണ്ട നഗരത്തെ നോക്കി ഇരുന്നു.
ശബ്ദകോലാഹലങ്ങൾക്ക് തീവ്രത നഷ്ടമായിരിക്കുന്നു. തെരുവ് വിളക്കുകൾ തങ്ങളുടെ ചുറ്റും നൃത്തമാടുന്ന ചെറു അതിഥികളെ നോക്കി ചിരിതൂകി നില്ക്കുന്നു.
പെട്ടെന്ന് അയാളുടെ മൊബൈൽ ശബ്ദിച്ചു. സമയം പന്ത്രണ്ടോട് അടുത്തിരിക്കുന്നു. ഈ സമയത്ത് ആരാണ്?
അനുജത്തിയാണ്. അവൾ നാട്ടിൽ ടീച്ചറാണ്. ഭർത്താവ്, ദിനേശൻ, നേവിയിൽ നിന്നും റിട്ടയർ ആയി. ഇപ്പോൾ പൂനെയിൽ ജോലി. കുട്ടികൾ രണ്ടുപേർ നാട്ടിൽ തന്നെ പഠിക്കുന്നു.
“ദിനേശേട്ടന്റെ അമ്മ ഇന്ന് വൈകീട്ട് കുളിമുറിയിൽ വീണു. കുറച്ചു സീരിയസ് ആണെന്ന് പറയുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്. എട്ടന് വരൻ പറ്റ്വോ? നാളെ ശനിയാഴ്ചയല്ലെ, ഒന്ന് വന്നു കണ്ടിട്ട് പൊയ്ക്കോ” – അനുജത്തി .
“നോക്കട്ടെ” അയാൾ പറഞ്ഞു.
അയാൾ ആലോചനയിലായി. പോകണോ? എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ പോയാൽ മതിയോ? അതോ, ഇപ്പോൾ തന്നെ പോയി കാണണോ?
പോകാതിരുന്നാൽ ബന്ധുക്കൾ പറയും, അവധി ആയിട്ടുപോലും അവൻ ഒന്ന് വന്നു കണ്ടില്ലാന്ന്. അച്ഛന് ഇല്ലാത്ത സ്ഥിതിയ്ക്ക് ഞാനാണ് അനുജത്തിക്ക് വേണ്ടി എല്ലാം ചെയ്തത്. അവളുടെ പഠിപ്പും, കല്യാണവും എല്ലാം. ഈ അവസ്ഥയിൽ പോകാതിരുന്നാൽ അവൾക്ക് അത് ബുദ്ധിമുട്ടാകുമോ? അവൾക്ക് ഒരു വിഷമം ഉണ്ടാകരുത്. അത് എന്റെ ഉത്തരവാദിത്തമാണ്.
കാലത്ത് കാർ എടുത്തു പോകാം. ഞായറാഴ്ച തിരിച്ചും വരാം. അവധി എടുക്കേണ്ട ആവശ്യവും ഇല്ല. അയാൾ നിശ്ചയിച്ചു.
ഉച്ചയാകുമ്പോഴേക്കും നാട്ടിലെത്തി. വഴിയിൽ എവിടെയും നിർത്തിയില്ല. പൂത്തു നില്കുന്ന സൂര്യകാന്തി പൂക്കളും വിളഞ്ഞു നില്കുന്ന പച്ചക്കറി തോട്ടങ്ങളും കണ്ണിൽ പെട്ടെങ്കിലും മനസ്സിൽ പതിഞ്ഞില്ല. വർണ്ണങ്ങളിൽ അലിയാനും അത് നുകരാനും എല്ലായിപ്പോഴും സാധിക്കില്ലല്ലോ, അടുത്തുണ്ടായാലും!
“കുറച്ചു സീരിയസ് ആണ്. ഐ സീ യു വിലാ, വെന്റിലേറ്ററിൽ”, ചോറ് വിളമ്പുന്നതിനിടയിൽ അമ്മ പറഞ്ഞു. “എല്ലാവരും എത്തിയിട്ടുണ്ട്. തിരിച്ചുവരവ് സംശയമാണെന്നാ പറയുന്നത്. ദിനേശൻ രാവിലെ തന്നെ എത്തി. കഷ്ടായിപ്പോയി. പ്രായവും അധികമായില്ലല്ലോ! ദിനേശന്റെ അച്ചന്റെ കാര്യമാണ് കഷ്ടം. അയാളാകെ തളർന്ന് പോയത്രേ.”
നാല് മണിക്ക് ശേഷമേ സന്ദർശകർക്ക് ആശുപത്രിയിൽ പ്രവേശനമുള്ളൂ. അയാൾ നാലുമണിക്ക് തന്നെ ആശുപത്രിയിലെത്തി. ഐ സീ യു വിന് പുറത്ത് എല്ലാവരും ഉണ്ട്. അകത്തേക്ക് എല്ലാവരെയും കടത്തിവിടില്ല. ഒന്നോ രണ്ടോ പേരെ മാത്രം.
അസുഘകരമായ അന്തരീക്ഷം. ആരൊക്കെയോ എന്തിനോ വേണ്ടി കാത്തിരിക്കുന്നു. കരയുന്നവരും ചിരിക്കുന്നവരും കുശുകുശുക്കുന്നവരും ചുറ്റിനും. തോർത്ത്മുണ്ടും കടലാസും തറയിൽ വിരിച്ച്, കൈത്തണ്ട് തലയിണയാക്കി മുഖം പാതി മറച്ച് ചിലർ കിടന്നുറങ്ങുന്നു. ചിലർ എന്തോ പ്രതീക്ഷയിൽ കാതോർത്തിരിക്കുന്നു. ചൂടും വിയർപ്പും കലർന്ന ഗന്ധം പരിസരമാകെ നിറഞ്ഞു നിൽക്കുന്നു.
ജീവിത യാത്രയിൽ എന്തൊക്കെ കാണണം അനുഭവിക്കണം? അടുത്ത നിമിഷം എന്തെന്നറിയില്ല.
രണ്ടുപേരിൽ ഒരാളായി അയാൾക്ക് ഐ സീ യു വിന് അകത്തു കയറാൻ പറ്റി. അനുജത്തിയുടെ ശുപാർശയും ബാംഗ്ലൂരിൽ നിന്നാണെന്നുള്ള പരിഗണനയും.
ഐ സീ യു വിൽ പലതും കണ്ടെങ്കിലും ഒന്നും അറിഞ്ഞില്ല. മണം മാത്രം അറിഞ്ഞു – മരണത്തിന്റെ മണം.
പുറത്തിറങ്ങുപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി.
“പ്രതീക്ഷയില്ല. എങ്കിലും നോക്കാമെന്നാ ഡോക്ടർ പറഞ്ഞത്”, ദിനേശൻ പറഞ്ഞു.
അയാൾ വീട്ടിലേക്ക് മടങ്ങി. ഇന്ന് അമ്മയുടെ കൂടെ നില്കാം. അമ്മ വീട്ടിൽ തനിച്ചാണ്.
കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ചു. അമ്മ പതിവ് സീരിയലുകളും കണ്ടിരിക്കുകയാണ്. പലരുടെയും ജീവിത കഥകൾ കാണാനും അറിയാനും ഉള്ള കൊതി. “ഓ അവൾക്ക് അങ്ങനതന്നെ വേണം” അമ്മ ഇടയ്ക്ക് അഭിപ്രായം പറയുന്നത് കേൾകാം – ഏതോ സീരിയലിലെ അമ്മായിയമ്മയെ കുറിച്ച്.
സമയം രാത്രി പതിനൊന്നായി. അനുജത്തിയുടെ ഫോണ്; “അവർ മരിച്ചു. കാലത്ത് വീട്ടിലേക്ക് കൊണ്ടുപോകും. ഏട്ടൻ അവിടെക്കെത്തിയാൽ മതി”.
കാലത്ത് തന്നെ അയാൾ അങ്ങോട്ട് പോയി. നാട്ടുകാരും വീട്ടുകാരും എത്താൻ തുടങ്ങിയിരിക്കുന്നു.
“ശവം ഇപ്പോൾ എത്തും” ആരോ പറഞ്ഞു.
ജീവൻ വിട്ടുപോയ ശരീരം ശവമായി. ശവത്തിനു പേരില്ല. ബന്ധമില്ല. ഇന്നലെവരെ ഭാര്യയായിരുന്നു, അമ്മയായിരുന്നു, അമ്മൂമ്മയായിരുന്നു. ഒരു വീഴ്ചയിൽ ഒന്നുമല്ലാതായി. വീഴ്ചയിൽ നിന്നും കൈ പിടിച്ചുയർത്താൻ സ്വന്തം പ്രാണൻ പോലും കൂട്ടുനിന്നില്ല. ഉച്ഛ്വാസവായു വലിച്ചെടുക്കാൻ കഴിവുള്ളത് വരെ പ്രാണൻ കൂടെയുണ്ട്. അതിനു ദേഹം പ്രാപ്തനല്ലെന്നു കണ്ടാൽ വിട്ടെറിഞ്ഞ് പോകും! ഈ ദേഹം അൽപ്പമൊന്നു തളർന്നാൽ കൂടൊഴിഞ്ഞു പോകാൻ പ്രാണൻ ധൃതി കാട്ടുന്നു. വഞ്ചനയോ അതോ ധർമ്മമോ?
ശവത്തിനെ ഒരു നോക്ക് കാണാൻ സ്വന്തക്കാരും ബന്ധക്കാരും നാട്ടുകാരും കാത്തുനിൽക്കുന്നു. വീടിനകത്ത് നിന്നും ആരുടെയോ അടഞ്ഞ തേങ്ങൽ കേൾക്കാം.
ശവം ദർശനത്തിന് വച്ചു. ആളുകൾ ചുറ്റി നടന്നു. ചിലർ കൈകൂപ്പി. ചിലർ ദൈവത്തെ വിളിച്ചു. ചുരുക്കം ചിലർ കണ്ണീർ ഒപ്പി.
“വിവരം അറിഞ്ഞപ്പോൾ ഇന്നലെ പെട്ടെന്ന് ഇങ്ങോട്ട് പോന്നതാ. വീട്ടിൽ കുട്ടികൾ മാത്രമേ ഉള്ളു. വിവരം അറിഞ്ഞാൽ വരാതിരിക്കാൻ പറ്റ്വോ? ഇവിടെ എത്തിയപ്പോഴാ കാര്യങ്ങൾ അറിഞ്ഞത്. ഞാൻ വിചാരിച്ചത് കുറച്ചു ദിവസം കിടന്നേക്കുമെന്നാ. കിടന്നുപോയാൽ ബുധിമുട്ടായേനെ. ഇതിപ്പം ആരെയും ബുദ്ധിമുട്ടിക്കാതെ പോയല്ലൊ. സുകൃതം ചെയ്ത ജന്മം. ഇന്നിപ്പം ഞായറാഴ്ചയും ആയതു കൊണ്ട് സൌകര്യായി. എല്ലാം കഴിഞ്ഞ് ഇന്ന് തന്നെ തിരിച്ചും പോകാലോ, കുട്ടികൾക്ക് നാളെ സ്കൂളിൽ പോകേണ്ടതല്ലേ. ഇന്ന് തന്നെ മരിച്ചത് നന്നായി”. ആരോ അടക്കം പറയുന്നത് അയാൾ കേട്ടു.
ആ വാക്കുകൾ അയാളെ വല്ലാതെ വേദനിപ്പിച്ചു. മരണം തടുക്കാനാവില്ല. മരണത്തിന് കാലവും സമയവും ഇല്ല. എങ്കിലും, ഇന്നുതന്നെ മരിച്ചതു നന്നായോ? മരണത്തിലും നന്മ ചെയ്ത സ്ത്രീ! ആരെയും ബുദ്ധിമുട്ടിക്കാതെ വിട്ടുപോയി. ആർക്കെങ്കിലുമൊക്കെ ആ മരണം ചിലപ്പോൾ ഒരു വേദന കൊടുത്തിട്ടുണ്ടാകാം. തീരാ നഷ്ടവും. ഏതു പ്രായത്തിൽ മരിച്ചാലും, മരണം അകാലം തന്നെ.
മനുഷ്യക്കോലങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങൾ! എന്റെ മരണവും ചിലർക്കെങ്കിലും നമ്മയാകുമോ? ആരും ചിന്തിക്കാറില്ല. ഇന്നത്തെ തന്റെ സന്തോഷം, തന്റെ കുടുംബം, അതാണ് വലുത്! അതിനപ്പുറം ഒരു ലോകം ഇല്ല. കാലം മാറി. മനുഷ്യർ മാറി. എന്റേതിനും അപ്പുറം കാണാനുള്ള ദൃഷ്ടി നഷ്ടമായി.
അയാളുടെ മനസ്സ് പറഞ്ഞു.. “മരിച്ചത് നന്നായി…”
മരിച്ചത് നന്നായി…
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
മരിച്ചത് നന്നായില്ല..
ഇവിടെ സ്നേഹിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാകുമ്പൈാൾ മരണം എങ്ങിനെ നന്നാകും…
വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നു.
നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ .
മരണം നല്ലതല്ല.. അയാൾക്കും അതറിയാം.. പക്ഷെ, സ്വാർത്ഥതാൽപ്പര്യങ്ങൾക്കുവേണ്ടി, ഒരാൾ ഇന്നുതന്നെ മരിച്ചത് നന്നായി എന്ന് കേട്ടപ്പോളാണ് മരിച്ചത് നന്നായെന്ന് തോന്നിപ്പോയത്.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
മരണം രംഗബോധമില്ലാത്ത കോമാളി.
ഒരു വീഴ്ചച പോലും അവന്
കടന്നു വരാനുള്ള വഴിയൊരുക്കും.
മരണം പോലും ആഘോഷിക്കപ്പെടുന്ന
കാലത്തിൽ കഥയ്ക്ക് പ്രസക്തിയേറുന്നു.
കഥ നന്നായി. അഭിനന്ദനങ്ങൾ……
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
It is a true statement of social behaviour. Beautiful. Keep writing.
Thank you, Sir, for your kind words..