“My Mamma is a loving and caring pain in the abdomen, And at the same time a powerful healing energy that emanates from love..” 

മരിയ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവളുടെ ചാരനിറമുള്ള കണ്ണുകളിൽ അപ്പോഴും ചന്തമുള്ളൊരു വെയില്‍പക്ഷി ചിറക് തുവർത്തുന്നു. അനക്കമറ്റ ഏതാനും നിമിഷങ്ങളുടെ ശമനതാളത്തിനൊടുവിൽ മമ്മയുടെ മാറിൽ നിന്നടർന്നുമാറിയെന്ന പോലെ പൊടുന്നനെ അവൾ ഫെർണോയിലേക്ക് തിരിഞ്ഞു.

“ഡൊണേറ്റ് മി യുവർ ഐസ് ഫെർണോ…”

മരിയക്ക് കാണാവുന്നത്രയും ശബ്‌ദത്തിൽ ഫെർണോ ചിരിച്ചു. അന്ന് ആശുപത്രിക്കിടക്കയിൽ വെച്ച്  ‘ദാ എടുത്തോളൂ’ എന്ന് പറഞ്ഞ് മമ്മ വെച്ചുനീട്ടിയ വെളിച്ചം പൂത്തുനിന്നിരുന്ന  അവരുടെ കൺമിഴിവിന് പോലും മകൾക്കൊരിറ്റ്   വെളിച്ചമേകാനായിട്ടില്ല. കുഞ്ഞോളങ്ങൾ വെട്ടുന്ന  കിണർജലം കണക്കെ മനോഹരമായ കണ്ണുകള്‍ ഇപ്പോഴും തുറക്കുന്നത്  ഇരുട്ടിന്റെ ആഴങ്ങളിലേക്ക് തന്നെ….

“നോൺസെൻസ്… ”

ഫെർണൊ സ്വയം മെരുങ്ങി അവളുടെ ഇടതുനെഞ്ചിൽ തന്റെ പരുപരുത്ത കൈവെള്ള പതിച്ചുവെച്ചു.

“മരിയാ..,  ”

വാക്കുകൾ തുടരാൻ മരിയയുടെ മൂളലിനായി  ഫെർണൊ ഒരു വേള കാത്തു.

“നിന്റെ മമ്മയുടെ സാമീപ്യമാണ് ഈ വിരൽസ്‌പർശത്തിലൂടെ നീയിപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നത്.  കാര്യമൊന്നുമില്ലാതെ ഈ നെഞ്ചിനകത്ത് ഒരുക്കൂട്ടി വെച്ചിരിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചൂടേറ്റ് എന്റെ കൈവെള്ള എന്തുമാത്രം പൊള്ളുന്നുവെന്നോ.. ”

അലസതയുടെ കൂട്ടിലേക്ക് അവൾ ഒന്നുകൂടി ചുരുണ്ട് കയറുന്നത് പോലെ തോന്നി.

“എന്തിനാണ് നീയിങ്ങനെ സ്വയം ഉരുകുന്നത്? ദൈവത്തിന് നിന്റെ കാര്യത്തില്‍ ഒരു കൈപ്പിഴ സംഭവിച്ചിരിക്കുന്നു എന്നത് നേരുതന്നെ, പക്ഷെ നിനക്കത് ക്ഷമിക്കാനാവും. ദൈവത്തിന് മാപ്പ് കൊടുത്ത ഭാഗ്യശാലികളുടെ പട്ടികയിൽ മരിയയുടെ നാമം കൂടി ചേര്‍ക്കപ്പെടട്ടെ…”

കൂടുതൽ ഗൗരവമായതെന്തോ പറയാനുള്ള ഒരുക്കത്തില്‍ ഫെർണൊ ഒന്നുകൂടി അവൾക്കരികിലേക്ക് നീങ്ങിയിരുന്നു.

“അറിയുമോ മരിയാ, നിന്നോട് എന്നും സ്‌നേഹമുള്ള മമ്മയുടെ ആത്‌മശാന്തിയുടെ താരാട്ട് കൂടിയാണ് നമ്മുടെ ഈ സംഭാഷണമൊക്കെയും, മമ്മ ആഗ്രഹിച്ച പോലെ ആത്‌മധൈര്യവും ധർമ്മവിചാരവും സ്വായത്തമാക്കി നല്ലൊരു ജീവിതനിഷ്ഠ നീ സാധിച്ചെടുക്കണം…”

ഫെർണോയുടെ കൈത്തലം അറിയാതെ മരിയയുടെ മടിത്തട്ടിലേക്ക്  ഊർന്നുവീണു. യാതൊരു പ്രതികരണവുമറിയിക്കാതെ തീൻമേശയിലെ ചില്ലുപാത്രത്തിലേക്ക് കണ്ണുനട്ട് മരിയ അപ്പോഴും അതേ ഇരിപ്പ് തുടർന്നു.

അവൾ സ്വയം വൃത്തിയായി വിരിച്ചിട്ട  നാപ്‌കിനിൽ ഇത്തിരി ഭക്ഷണശകലം പോലും തെറിച്ചുവീണിട്ടില്ല. മണിക്കൂറൊന്നാകുന്നു തീന്‍മേശയോളം എത്തിയ ഈ വർത്തമാനം തുടങ്ങിയിട്ട്. അവളെ ജീവിതം ഒന്നൊന്നായി ബോധ്യപ്പെടുത്താൻ ഉറപ്പായും തനിക്കാവണം.  ഫെർണൊ നിശ്ചയിച്ചു.

പപ്പയ്ക്ക് മുഴുനേരം കുടിക്കാനുള്ള ഏറ്റവും ഒടുവിലത്തെ കാരണമായിരുന്നു മമ്മയുടെ മരണം. അന്ധയും വാശിക്കാരിയുമായ മരിയ എന്ന പെൺകുട്ടിയെ ലോകത്തിന്റെ നിറങ്ങളിലേക്ക് കൈപിടിച്ച് നടത്താന്‍ അവളുടെ പപ്പയാണ് ഫെർണോ എന്ന ഡയറക്ടറെ നിയോഗിച്ചത്. പിന്നെയിതുവരെ അവളുടെ മമ്മയും പപ്പയും എല്ലാം ഫെർണോ ആണ്.  കുട്ടികളുടെ കാര്യത്തിൽ പിതാക്കൻമാർക്ക് അത്രയൊക്കെയേ ആവൂ. നഷ്ടപ്പെടുന്നവരുടെ വിധിയാണത്. മിക്കപ്പോഴും കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളുടെ മാത്രം ഉത്‌കണ്ഠയാണ് അവരുടെ പഠനവും പരിപാലനവും. മറ്റേയാൾ ‘ഞാനുമുണ്ട്’ എന്ന് സദാ ഭാവിക്കുന്ന വെറും അഭിനേതാവ് മാത്രം…! എത്ര വിചിത്രവും കാപട്യവും നിറഞ്ഞതാണ് ബന്ധങ്ങൾ…!

ഫിംഗർ ബൌളിൽ വിരലുകൾ നനച്ച് അവൾ ഭക്ഷണം മതിയാക്കിയെന്നറിയിച്ചു.

“മരിയാ…. ”

“ഹെലൻ കെല്ലെറെ അറിയില്ലേ നീ , എനിക്കും ഒരു പക്ഷേ നിന്റെ മമ്മയ്ക്കും അറിയാവുന്നതിനാക്കാൾ ആഴത്തില്‍ അവരെയറിയാൻ നിനക്ക് തന്നെയാണാവുക. സ്വയം പ്രകാശിക്കാൻ, ലോകത്തിന് തന്നെ വെളിച്ചമാവാൻ സ്വന്തം കണ്ണിലെ ഒരു രൂപവട്ടത്തിലുള്ള ഇരുട്ട് ആ മഹതിക്ക് ഒരു പ്രശ്‌നമേ ആയില്ല. നിന്റെ കണ്ണുകൾക്ക് തെളിച്ചമായി മമ്മ മന:പാഠമാക്കി തന്നിട്ടുള്ള  വരികൾ ഈ സമയം നമുക്കൊന്ന്‍ പാടിയാലോ …?”

അനുമതിക്ക് സമയമനുവദിക്കാതെ ഫെർണൊ മൂളിത്തുടങ്ങിയപ്പോൾ വാഴയിലയിലൂടെ മഴജലമെന്ന പോലെ നൻമയുടെ ഈരടികൾ മരിയയുടെ നെഞ്ചിൽ ഒഴുകിപ്പരന്നു.
മായികലോകത്തുനിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന ഹെലനെ മരിയ കൌതുകത്തോടെ നോക്കിയിരുന്നു.

‘ശരിയാണ്, മമ്മയുടെ കുറവ് ഒരളവോളം നികത്തപ്പെടുകയാണ്…’

മരിയയുടെ ഹൃദയം തുറന്നുവായിച്ചവനെപ്പോലെ ഫെർണൊ തുടർന്നു.

“മരിയ.., ആത്‌മശിക്ഷണം ഒട്ടും സ്വായത്തമാക്കാത്ത ഹെലനെ അഭ്യസിപ്പിക്കുവാനെത്തിയ ഒരു ട്യൂട്ടറുടെ വേഷമല്ല എനിക്കിവിടെ. നീ അത്തരം നിഷ്‌ഫലചിന്തകളെ അകറ്റി നിർത്തണം.
സ്‌നേഹമയിയായ ഒരമ്മയുടെ മകളായി ജീവിതത്തിന്റെ ഈ പടവു വരെ നടന്നുകയറിയവളാണ് നീ. നിന്റെ ഹൃദയഭിത്തികളിൽ വീണ്ടും വീണ്ടും കേൾക്കുവാനായി രേഖപ്പെടുത്തിവെച്ചിരിക്കുന്ന മമ്മയുടെ സ്വരവും നിന്റെ ഉൾക്കാഴ്ച്ചയും എന്റെ സാന്ത്വനസ്‌പർശനങ്ങളിലൂടെ ഇനിയുള്ള പടവുകൾ താണ്ടാൻ നിനക്കൊപ്പമുണ്ടാവും. ഇതൊരു തീരുമാനമാണ്. ദൈവം നിനക്ക് മേൽ വീണ്ടുമൊരു പരീക്ഷണത്തിന് മുതിരില്ല എന്നെനിക്കുറപ്പുണ്ട്.കാരണം നീ ദൈവത്തിന് മാപ്പ് നല്‍കിയവരുടെ കൂട്ടത്തിലാണ്…”

അവളുടെ നിസ്സംഗഭാവം ഇനിയൊരു  ഉണർവ്വ് സാധ്യമല്ലെന്ന് സ്ഥിതീകരിച്ചുകൊണ്ടിരിക്കെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള ഭാവമാറ്റങ്ങൾ. പാതിയടച്ച കൺപോളകൾക്കിടയിലൂടെ കൃഷ്‌ണമണികളെ മൂടി ഒരു നീർക്കണം പൊടിഞ്ഞിറങ്ങുന്നു… നെറ്റിത്തടം ചുളിയുന്നുണ്ട്,  ചുണ്ടുകളെ വിതുമ്പാൻ വിടില്ലെന്ന് ശഠിക്കുന്ന തരത്തിൽ മുറുകെപ്പിടിച്ചിരിക്കുന്നു.. കൈകൾ നാപ്‌കിനിൽ തുടച്ച് ചുണ്ടുകൾ ഒപ്പി മരിയ പെട്ടെന്നുയർന്നു. ആർക്കോ നേരെ നടന്നടുക്കുന്ന പോലെ ആ കാലടികൾക്ക് വേഗത കാണപ്പെട്ടു.

“ഫെർണോ, എനിക്കെന്റെ മമ്മയുടെ സാമീപ്യം അറിയണം, ഇത്രയും നാൾ അനുഭവപ്പെടാത്ത ഏതോ ഒരു അസ്വസ്ഥത പെട്ടെന്നെന്നെ പിടികൂടിയിരിക്കുന്ന പോലെ, ഞാനൊന്ന് വിശ്രമിക്കട്ടെ, എനിക്ക് കണ്ണുകളടച്ച് മമ്മയെ കണ്ടുകൊണ്ട് മയങ്ങണം ..”

ഉറക്കമുറിയുടെ കതകിനെ അഭിമുഖീകരിച്ച് ഒരുനിമിഷം നിന്ന് മരിയ മന്ത്രിച്ചു.

‘ശരി’യെന്ന് സമ്മതം മൂളി മറിയയുടെ കാൽപാദങ്ങളെ പിന്തുടർന്ന ഫെർണോയുടെ കണ്ണുകൾ പെട്ടെന്ന്‍ നിശ്ചലമായി. അവളുടെ കാലുകൾക്കിടയിലൂടെ പൊഴിയുന്ന ചുവപ്പുതുള്ളികൾ മാർബിൾതറയിൽ നിരയൊപ്പിച്ച് മഞ്ചാടിമണികള്‍ തീര്‍ക്കുന്നു.

“ഓഹ്, ജീസസ്…….!!! മരിയ വലിയ കുട്ടിയായിരിക്കുന്നു…!!!”

പക്ഷേ, അവൾ, ഇങ്ങനെ, ഈബോധമറ്റ അവസ്ഥയിൽ… ഷി ഈസ് ഫിഫ്റ്റീൻ…, ഇതിനകം അവൾ വയസ്സറിയിച്ചിട്ടില്ലെന്നാണൊ..? ഇക്കാര്യം അവളെ അറിയിക്കാതെയെങ്ങനെ… ? മയങ്ങിക്കിടക്കുന്ന സൂര്യശോഭയെ അധികസമയം ഉണർത്താതിരിക്കാനാവില്ല. എനിക്ക് വേണ്ടി കാത്തിരിക്കുന്ന നിയോഗം ഇതായിരിക്കാം. ഉള്ളിലെ ശക്‌തിമത്തായ വികാരത്തെ  അലഞ്ഞുതിരിയുവാന്‍ അനുവദിച്ചുകൂടാ.

ചുവപ്പ് പടർന്ന് കയറുന്ന കിടക്കവിരിയിലേക്ക് കണ്ണയച്ച്  നിശബ്‌ദതയിൽ നിന്നുണർന്ന ഫെർണൊ മയക്കത്തിലേക്ക് വഴുതുന്ന മരിയയുടെ കരങ്ങൾ തന്നിലേക്കൊതുക്കി അവളെയുണർത്തി.

“മരിയാ, കുറച്ച് നിമിഷങ്ങൾ ഞാൻ നിന്നെ അപഹരിക്കുകയാണ്. നിന്നെ ഉപദ്രവിക്കണമെന്നോ അവഹേളിക്കണമെന്നൊ ഇല്ലാത്ത എന്‍റെ മന:ശുദ്ധിയെ നീ കളങ്കമായി കാണരുത്. നീയെന്ന പെൺകുട്ടി ഒരു മമ്മയാകുന്ന ദിനങ്ങളെക്കുറിച്ച് ഒരിക്കലെങ്കിലും മമ്മ വിസ്‌തരിച്ച് കേൾപ്പിച്ചിട്ടുണ്ടാകാം. ആ കാലത്തിലേക്കുള്ള ആദ്യനടക്കല്ലാണ് കഴിഞ്ഞ ഏതാനും നിമിഷങ്ങൾതൊട്ട്  നീ അനുഭവിച്ചറിയുന്ന ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ. അത് സന്തോഷപൂർവ്വം സ്വീകരിക്കുക തന്നെ വേണം..”

പുതിയ അറിവിന്റെ ഉണര്‍ച്ചയിൽ ആലസ്യം വിട്ട് മരിയ വാചാലയായി…

“അതെ ഫെർണോ, ഞാനോർക്കുന്നു. ഒരു കഥാരൂപത്തിൽ മമ്മ ഒരിക്കൽ വിവരിച്ചു തന്നതെല്ലാം… അടിവയറ്റിലെ സഹിക്കാനാവാത്ത വേദനയുടെ തുടക്കത്തെക്കുറിച്ച് , പിന്നീടുള്ള ഓരോ മാസവും ആ വേദനയുടെ തുടർച്ചകളുണ്ടായത്.., എന്റെ പിറവിയിലൂടെ ആ വേദനക്ക് വിടുതൽ കിട്ടുമെന്ന പ്രതീക്ഷ വെറുതെയായത്…, എനിക്ക് ഒട്ടും ഇഷ്‌ടമില്ലായിരുന്ന പെൺവളർച്ചയെക്കുറിച്ചുള്ള ചർച്ചകൾ..!

മരിയ ഓർമ്മയിൽ ഒന്നുകൂടി മുങ്ങിനിവർന്നു…

“അന്നൊരിക്കല്‍ ട്യൂട്ടർ മിസ്സ് ജാനറ്റ്,  ബ്രെയിലി ടെക്സ്റ്റിലൂടെ ആർത്തവത്തെക്കുറിച്ചുള്ള പാഠത്തിൽ എത്തിയെങ്കിലും  അപ്പോഴത്തെ എന്റെ അശാന്തത കണ്ട് മമ്മയ്ക്ക് പേടിയായി. മിസ്സ്‌ ജാനറ്റ് പിന്നെ അത് പഠിപ്പിച്ചതേയില്ല.അടിവയറ്റിലെ അത്തരമൊരു വേദന എനിക്ക് നേരിടാൻ ഇടവരരുതേയെന്ന് അന്നുമുതൽ ഞാൻ മുട്ടിന്മേൽ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു…, എന്നിട്ടും..? ”

“എന്നെ പിടികൂടിയിരിക്കുന്ന ഈ വേദനയും മമ്മയുടേത് തന്നെയാണെന്ന് ഞാനിപ്പോള്‍ അനുമാനിക്കുന്നു. അതിനർത്ഥം എന്നെയും സർവ്വേശ്വരൻ വിളിക്കാനൊരുങ്ങുന്നു എന്നാണോ..? മമ്മയുടെ അടുത്തേക്ക്…, വേണ്ട ഫെർണൊ…, എനിക്കിപ്പോൾ ഭയം തോന്നുന്നു,  ഈ വേദനയും കൊണ്ട് ഞാൻ ചെന്നാൽ മമ്മയ്ക്കത് സങ്കടമാവും. അറിയാലോ,
മമ്മയെന്നാൽ എനിക്ക് പുഞ്ചിരിക്കുന്ന മാലാഖയെന്ന പോലെ തന്നെ വിതുമ്പുന്ന അടിവയറ്റിലെ വേദന കൂടിയാണ്..“

വിഷയഗൌരവത്തിന്റെ അറിഞ്ഞ പാതിഭാഗം അവളെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ട് എന്ന് തീര്‍ച്ച.

“മരിയാ നീ കരുതുന്നത് പോലെ മരണത്തിന്റെ വരവറിയിക്കുന്ന വേദനയല്ല ഇത്. ജീവന്റെ തുടിപ്പാണത്. പ്രായം കൊണ്ടും പക്വത കൊണ്ടും പൂർണ്ണവളർച്ച എത്തിയെന്നതിന്റെ അറിയിപ്പും അടയാളവുമാണീ അവസ്ഥ.. ഒരു മമ്മയാകാൻ പ്രാപ്‌തയാവുന്നതിന് മുന്നോടിയായി കാണുന്ന ഇത്തരം സൂചനകൾ തീർച്ചയായും സ്വീകരിക്കുക തന്നെ വേണം. ഇതുമൊരു പ്രപഞ്ചനിയമമാണ്. നിന്നെയിപ്പോൾ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈർപ്പത്തെ തടയുവാനുള്ള പ്രവൃത്തികളാണ് ഞാനിപ്പോൾ ചെയ്‌തുകോണ്ടിരിക്കുന്നത്. മമ്മയുടെ സ്‌നേഹമുള്ള കണ്ണും കൈകളുമാണ് അതെന്ന് കരുതുക..”

ഡ്രോവർ തുറന്നെടുത്ത നനുത്ത തൂവാല മടക്കുകളായി അടുക്കുന്നതിനിടയിലും ഫെർണൊ സംസാരിച്ചുകൊണ്ടേയിരുന്നു..!

മരിയയുടെ കണ്ണുകൾ കൂമ്പി. ചാരത്തുടിപ്പാര്‍ന്ന കൺമണികൾക്കിടയിലൂടെ ഒരു മിന്നാമിന്നി വെട്ടം. ആ വെട്ടത്തിൽ തെളിഞ്ഞുവരുന്നു, നിറങ്ങളുടേയും ചിത്രങ്ങളുടേയും മായകാഴ്ച്ചകൾ… വിതുമ്പലുകളില്ലാതെ മമ്മ പുഞ്ചിരിക്കുന്നുണ്ട്. ചുണ്ടിലും നഖങ്ങളിലും മമ്മ എനിക്ക് പൂശിത്തരുന്ന ചായങ്ങൾ പൂന്തോപ്പിലെ നിറങ്ങൾ  നൽകുന്നുണ്ടെങ്കിലും അതെനിക്ക് മമ്മ ബേയ്ക്ക് ചെയ്‌തു തരുന്ന പ്ലം കേക്കിന്റെ രുചിയും ഗന്ധവുമാണ്. പുഞ്ചിരിക്കുന്ന വെട്ടിത്തിളങ്ങുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ മമ്മയുടെ കഴുത്തിലെ പപ്പ സമ്മാനിച്ച കല്ലുമാല ഓർമ്മിപ്പിക്കുന്നു…

‘മമ്മാ….ഓ…മമ്മാ… എനിക്കിപ്പോൾ മമ്മയെ കാണാനാവുന്നു..
ഹെലന്റെ സാമിപ്യം അറിയുന്നു ഞാൻ…’

മരിയ മമ്മയുടെ മടിയിൽ, ഹെലന്റെ താരാട്ട് കേട്ട് മയങ്ങുകയാണ്…!

അടിവയറ്റിലെ വിങ്ങലുകള്‍ ഇതിനകം ഫെർണൊ ആവി പിടിപ്പിച്ച് അകറ്റിയിരിക്കുന്നു.  അലോസരപ്പെടുത്തിക്കൊണ്ടിരുന്നിരുന്ന ഈർപ്പത്തെ വെടിപ്പാക്കിയിരിക്കുന്നു. കണ്ണ് പായാത്ത ഇടങ്ങളിലൂടെ നനുത്ത തൂവാല മൃദുവായി ഒഴുകവെ മരിയ ഫെർണോയുടെ മേനിയിൽ വിരൽ കൊരുത്തു.
അയാള്‍ അവളെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിച്ച് കാതിൽ മൊഴിഞ്ഞു.

“ഞാൻ പറഞ്ഞില്ലേ മരിയാ, ദൈവത്തിന് ഇനിയും നിന്നെ പരീക്ഷിക്കാനാവില്ലെന്ന്. നിനക്കായ് അവൻ രണ്ട് കണ്ണുകൾ കരുതിവെച്ചിരിക്കുന്നു…!”

ഫെർണോയുടെ കണ്ണുകളിലെ പ്രകാശം ഒരു മാരിവില്ലായി അവളുടെ കൃഷ്‌ണമണികളിൽ പ്രതിഫലിച്ചു. അന്നാദ്യമായി അവൾ തോട്ടത്തിലെ വർണ്ണപ്പൂക്കളെയും ചിലച്ചുപാറുന്ന കിളികളെയും കൺകുളിർക്കെ കണ്ടു. …!

 

1 Comment
  1. Sreenath 3 years ago

    Nice read…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account