കടൽ മാറി കരയായി മാറിയത് കേരളോൽപത്തിയുടെ രസകരമായൊരു മിത്താണെങ്കിലും കേരളത്തിനുള്ളിലെ ഒരു കൊച്ചു ഭൂപ്രദേശത്തിനും അങ്ങനെയൊരു കഥയുണ്ട്.
കണ്ണൂരിലെ പാഴി അങ്ങാടിയെന്നു പറഞ്ഞിരുന്ന ഇപ്പോഴത്തെ പഴയങ്ങാടിക്കടുത്താണ് മാടായി. മാടായിപ്പാറയും കാവും മാലിക് ദിനാർ പള്ളിയും തടാകവും ജൂതക്കളവും കോട്ടയുമൊക്കെച്ചേർന്ന് തികച്ചും ഒരു ജെെവഭൂമി. അനേകമനേകം ചെറുപ്രാണികളുടെയും പൂമ്പാറ്റകളുടെയും സസ്യവെെവിധ്യങ്ങളുടെയും അത്ഭുതങ്ങളെ ചേർത്തുവെക്കുന്നു, മാടായിപ്പാറ. വസന്തോത്സവങ്ങളിൽ ചെറുപുഷ്പ്പങ്ങൾ പൂത്തുനിറയുന്ന ദൃശ്യവിസ്മയമാണത്.
കൊടുങ്ങല്ലൂരിൽ ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപിച്ച മാലിക് ദിനാറുടെ (ശറഫ് ഇബ്നു മാലിക് ദിനാർ) മകൻ അബ്ദു റഹ്മാനാണ് മാടായിയിൽ, ഇന്ത്യയിലെതന്നെ മൂന്നാമത്തെ ഈ മുസ്ലിം പള്ളി നിർമിച്ചത്.
കോലത്തിരി രാജാക്കന്മാരുടെ സിംഹാസനാരോഹണം നടത്തിയിരുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്.
കുന്നിൻമുകളിൽ ഭഗവതിയെ കുടിയിരുത്തിയശേഷം ചെെതന്യം തെളിഞ്ഞുനിന്നിരുന്ന വിറക് താഴോട്ടെറിയുകയും അവിടെനിന്ന് കടൽ മാറി മാട് എന്നുവിളിക്കുന്ന കരയുണ്ടാവുകയും ചെയ്തു. പൂഴിനിറഞ്ഞ ഈ പ്രദേശം പിന്നെ മാടായി എന്നറിയപ്പെട്ടു. തൊള്ളായിരം ഏക്ര വനഭൂമിയുണ്ടായിരുന്ന മാടായിക്കാവ് നിർമിച്ച കോലത്തിരി രാജാവിന് പേര് കേരളൻ എന്നായിരുന്നു എന്നതും കൗതുകം.
ദേശത്തിൻറെ പലപല കഥകൾ ഇങ്ങനെ പലയിടങ്ങളിൽ പൂത്തുനിൽക്കട്ടെ, അതിനൊരു ഭംഗിയുണ്ട്. കഥകളെ ചരിത്രമാക്കുന്നവർ ആ മനോഹാരിതയെ ഇല്ലാതാക്കുകയാണല്ലോ ചെയ്യുന്നത്…