കണക്ക് ഒരു മഹാസാഗരമാണ്. എന്റെ അഭിപ്രായത്തിൽ അറിയും തോറും ആഴം കൂടുന്ന മഹാസാഗരം. കരയ്ക്കുനിന്നു നോക്കുകയായിരുന്നില്ല, കഴിഞ്ഞ എട്ടൊമ്പത് വർഷമായി ആ മഹാസാഗരത്തിൽ കര തേടി മുങ്ങിയും പൊങ്ങിയും കൈകാലിട്ട് അടിച്ച്  കൊണ്ടിരിക്കുകയായിരുന്നു ഞാൻ. മെല്ലെ മെല്ലെ കരയ്ക്കടുക്കാറായി എന്നൊരു തോന്നൽ ഇടയ്ക്കുണ്ടാകും. വെറും തോന്നൽ.

ആദ്യമൊക്കെ കണക്ക് എനിക്കൊരു വലിയ ഭീകരനായിരുന്നു. കൂട്ടൽ, കുറയ്ക്കൽ… അതൊന്നു പഠിച്ചു വന്നപ്പോൾ അതാ ഹരിക്കലും ഗുണിക്കലും. എല്ലാം കൊണ്ടും  തുടക്കത്തിൽത്തന്നെ

കണക്ക്  വല്ലാത്ത പിശകായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതാ ഓൾജിബ്രയും, X ഉം yഉം, (a +b )2 ഉം, വൃത്തവും, ആരവും, ലംബകവും… കണക്കിഷ്‌ടമില്ലാത്ത ഒരു ശരാശരി മനുഷ്യൻ തകർന്നു പോകാൻ ഇത്രയൊക്കെ മതി!

പക്ഷേ ഞാൻ പ്രതീക്ഷ വിട്ടില്ല. എല്ലാം ശരിയാകും, അല്ലെങ്കിൽ ശരിയാക്കും എന്ന് ഞാൻ ഉറച്ച് വിശ്വസിച്ചു.  നാടോടിക്കാറ്റിൽ വിജയൻ പറഞ്ഞ പോലെ ഓരോന്നിനും ഓരോ സമയമില്ലെ?  ലോകപ്രശസ്‌തരായ പല ബുദ്ധിമാന്മാർക്കും  കണക്ക് ബുദ്ധിമുട്ടായിരുന്നത്രേ! എന്തിനധികം ഐൻസ്റ്റീനിന് പോലും കണക്ക് കടുങ്കട്ടിയായിരുന്നു. പിന്നെ നമ്മുടെ കാര്യം പറയണോ?

പണ്ടൊക്കെ പലരും എന്നോട് ചോദിക്കുമായിരുന്നു; കണക്കിലെങ്ങനാ? കണക്കിൽ ഞാൻ കണക്കാ എന്നു തന്നെയായിരുന്നു എപ്പോഴും എന്റെ ഉത്തരം. എങ്ങനെ ഈ കണക്കൊക്കെ ചിലർക്ക് വേഗം മനസ്സിലാകുന്നു എന്ന് ചിന്തിച്ച് ഞാൻ അത്‌ഭുതപ്പെട്ട് പോയിട്ടുണ്ട്. അവരെ മനസിലെങ്കിലും നമിച്ചിട്ടുണ്ട്.  കണക്ക് പെട്ടന്ന് മനസ്സിലാകുക, എല്ലാ കണക്കും വേഗം ചെയ്യാൻ കഴിയുക, അങ്ങനെ  ടീച്ചറെ ഞെട്ടിക്കുക, ആ ഭീകരൻകണക്ക് എന്റെ മുൻപിൽ തോറ്റ് തോപ്പിയിട്ട് കൈയും കെട്ടി നിൽക്കുക, ഇതൊക്കെയാണ് എന്റെയും സ്വപ്‌നം. എന്താന്നറിയില്ല, ഇപ്പോൾ കണക്ക് എനിക്ക് പണ്ടത്തെക്കാൾ എളുപ്പമായി വരുന്നുണ്ട്. പക്ഷേ ഇനി വരാനിരിക്കുന്നത് കൂടുതൽ ഭീകരന്മാരാണത്രേ!!

ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും കണക്ക് വിഷമമാണ്. പക്ഷേ നമ്മൾ  ഇന്ത്യക്കാർ കണക്കിലത്ര മോശക്കാരൊന്നുമല്ല. കണക്കിലേക്ക് നിരവധി സംഭാവനകൾ അവരുടേതായി ഉണ്ടായിട്ടുണ്ട്.  ഇന്ത്യൻ ജ്യോതിശാസ്‌ത്രജ്ഞനും ഗണിതശാസ്‌ത്രജ്ഞനുമായിരുന്ന ആര്യഭട്ട കേരളത്തിലാണ് ജനിച്ചത്. ജ്യോതിശാസ്‌ത്രത്തിന്റെയും, കണക്കിന്റെയും സമ്മിശ്രമായൊരു ഗ്രന്ഥമാണ് അദ്ദേഹം രചിച്ച ആര്യഭടീയ എന്ന പുസ്‌തകം. അതിൽ ആൾജിബ്രയും അറിത്തമാറ്റിക്‌സും ഒക്കെയുണ്ട്.

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നാണ് പൂജ്യം. ബ്രഹ്മഗുപ്‌തൻ എന്ന ഇന്ത്യൻ ഗണിതശാസ്‌ത്രജ്ഞനാണ് പൂജ്യത്തിന്റെ ചിഹ്നം ആവിഷ്‌കരിച്ചത്. (പൂജ്യം ഇല്ലായിരുന്നെങ്കിൽ കണക്കു പേപ്പർ നോക്കുന്ന ടീച്ചർമാർ എന്തു ചെയ്‌തേനെ!) ശ്രീനിവാസ രാമാനുജൻ, ഭാസ്‌കരാചാര്യർ എന്നിങ്ങനെ  നിരവധി ഗണിതശാസ്‌ത്രജ്ഞർ ഗണിതശാസ്‌ത്രത്തിന് ധാരാളം  സംഭാവനകൾ നൽകിയിട്ടുണ്ട്.

നീന്തി കരപറ്റിക്കഴിഞ്ഞാൽ കണക്കെന്ന കടലിന്റെ തീരത്ത് കാറ്റ് കൊണ്ടിരിക്കാൻ നല്ല രസമാണ്. അടുത്ത തിങ്കളാഴ്ച്ച കണക്ക് പരീക്ഷയാണ്. നന്നായ് പഠിക്കാനുണ്ട്. ചില സർവ്വസമവാക്യങ്ങളും, കുറച്ചു പണമിടപാടുകളും, അൽപ്പസ്വൽപ്പം ജ്യാമിതീയ വരകളും ഉണ്ട്. കൂടെ പരീക്ഷയ്ക്ക് നല്ല മാർക്കോടെ ജയിക്കുമെന്ന പ്രത്യാശയും.

ഭൂഗോളത്തിന്റെ സ്‌പന്ദനം അത് മാത്തമാറ്റിക്‌സിലാണെന്നാണല്ലോ സ്‌ഫടികത്തിലെ ചാക്കോ മാഷ് പറഞ്ഞത്. നമ്മുടെ നിത്യജീവിതത്തിൽ കണക്കിനൊരു റോളുണ്ട്. സമയമായും, ദൂരമായും, ആകൃതിയായും, അങ്ങനെ, അങ്ങനെ…. ശരിക്കും ഈ മാത്‌സ് ഒരൊന്നൊന്നര സംഭവം തന്നെ!!

– സ്വരൺദീപ്

2 Comments
  1. Sunil 2 years ago

    കണക്കിൽ തോറ്റാൽ പരക്കെ തോറ്റു എന്നൊരു ചൊല്ലുണ്ട്. നന്നായി പഠിക്കുക

    • Jisa Jose 2 years ago

      താങ്ക്യൂ ചേട്ടാ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account