ചില  കഥകൾ കേട്ടുറങ്ങിയാൽ അതിലേക്കു മാത്രമേ അടുത്ത പുലരിയിൽ ഉണരാനാകൂ. കുറേനേരം, ചിലപ്പോൾ ദിവസങ്ങളോളം അത്  നമുക്കൊപ്പം ഉണ്ടാകയും ചെയ്യും. ഇടം വലം തിരിയാൻ സമ്മതിക്കാതെ. വാശി പിടിക്കുന്ന കുട്ടികളേപ്പോലെ, മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കാൻ പോലും സമ്മതിക്കാതെ.

അതാനു ഘോഷ്  സംവിധാനം ചെയ്‌ത ‘മയൂരാക്ഷി’ എന്ന സിനിമ മറ്റൊന്നും ഓർമ്മിക്കാത്തവണ്ണം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. സുശോഭൻ (സൗമിത്ര ചാറ്റർജി) എന്ന ആ അച്ഛൻ എങ്ങനെ ഉറങ്ങി എന്നോർത്ത് ഉണർന്ന പുലരിയിൽ മറ്റെന്ത് ഓർമ്മിക്കാനാണ്! അപു സൻസാർ തുടങ്ങി വാലെന്റൈൻസ് ഡേ (2018) വരെ എത്തി നിൽക്കുന്ന സിനിമ ജീവിതമാണ് സൗമിത്ര ചാറ്റർജി എന്ന നടന്റേത്. സത്യജിത് റായ് തുടങ്ങി മൃണാൾ സെന്നിലൂടെ നിലകാശ് റോയ് വരെയുള്ള സംവിധായകർക്കൊപ്പം പ്രവർത്തിച്ചു എന്നതു തന്നെ മതി ആ പ്രതിഭയുടെ കഴിവറിയാൻ. സുശോഭൻ എന്ന റിട്ടയേർഡ്  പ്രൊഫസറായി മാറാൻ ഇതിൽപ്പരം ആർക്കു കഴിയും. ഈയടുത്തു നടന്നതിനെയൊന്നും ഓർക്കാൻ കഴിയാതെ, എന്നാൽ പഴയത് പലതും വളരെ വ്യക്‌തതയോടെ ഓർത്തിരിക്കുന്ന ഒരച്ഛൻ. തന്നെ കാണാൻ ഷിക്കാഗൊയിൽ നിന്ന് എത്തുന്ന മധ്യവയസ്ക്കനായ മകനെ ക്രിക്കറ്റ് മാച്ച് കഴിഞ്ഞു ലക്‌നൗവിൽ  നിന്നെത്തുന്ന പഴയ യുവാവായി കണ്ടു സംസാരിക്കുന്നു അദ്ദേഹം. മയൂരാക്ഷി എന്ന പൂർവ വിദ്യാർത്ഥിനി മകന്റെ വധുവായി വരണം എന്ന് ആഗ്രഹിക്കുമ്പോഴും ആ കാലം കഴിഞ്ഞതും മകനും മയൂരാക്ഷിയും ഇനിയൊരിക്കലും കൂട്ടിച്ചേർക്കപ്പെടാൻ സാധ്യമല്ലാത്തവിധം ജീവിതത്തിന്റെ രണ്ടറ്റങ്ങളിൽ എത്തിയെന്നതും അദ്ദേഹം അറിയുന്നില്ല. ഒരുപാടൊരുപാട് അറിവുകൾ ഉള്ളിലുള്ള പ്രൊഫസർ പറയുന്ന പലകാര്യങ്ങളും എത്ര ഉൾക്കാഴ്‌ചയുള്ളവയും തത്വ ചിന്തകളും ആണെന്ന് ചികിത്സിക്കുന്ന ഡോക്ടർ പോലും അത്ഭുതപ്പെടുന്നു. സിനിമയിലല്ലാതെ, ജീവിതത്തിലും എന്ത് ബുദ്ധിയുള്ളവർ എന്ന് പേര് കേൾപ്പിച്ചവർക്കു തന്നെയെന്തേ പലപ്പോഴും വാർദ്ധക്യത്തിൽ ഈയവസ്ഥ?

അച്ഛന്റെ വിവരം അറിഞ്ഞു ഷിക്കാഗോയിൽ  ജോലി ചെയ്യുന്ന മകൻ ആര്യനിൽ (പ്രോസേൻജിത് ചാറ്റർജി) എത്തുന്നത് തനിക്ക് അച്ഛനുമായി ആശയവിനിമയം സാധ്യമാണ് എന്ന ധാരണയിൽ ആണ്.  അയാളുടെ വരുമാനം അച്ഛന്റെയുൾപ്പടെയുള്ള  ചെലവുകൾക്ക് അത്യാവശ്യമെന്നിരിക്കെ തിരിച്ചു പോയേ  മതിയാകൂ താനും. പോകുന്നതിനു മുൻപായി അച്ഛന് എത്രയും പ്രിയപ്പെട്ട വിദ്യാർഥിനിയായിരുന്ന മയൂരാക്ഷിയെ കണ്ടുപിടിക്കാൻ ഇറങ്ങുന്ന ആര്യനിൽ അവർ ജീവിതത്തിൽ വളരെ ദൂരെയാണെന്ന് അറിയുന്നു. താൻ കാണാൻ ചെന്ന ദിവസം തന്റെ കൺമുന്നിൽ അവർ മരിച്ചു എന്നാണ് അച്ഛനോട് പറയുന്നത്. അച്ഛൻ അവരെ കാത്തിരിക്കുന്നത് അവസാനിപ്പിക്കണം എന്ന ആഗ്രഹം ആണിതിന് പിന്നിൽ. പക്ഷെ മകൻ മടങ്ങിപ്പോയതിന്റെ അടുത്ത ദിവസം അവൻ വന്നതുപോലും ഓർമ്മയില്ലാത്ത അച്ഛനെയാണ് സിനിമയിൽ കാണുന്നത്. അച്ഛന്റെ ജീവിതം, ഓർമ്മകൾ ഒക്കെ പോയകാലത്തെവിടെയോ ഒരിടത്തു നിന്ന് മുന്നോട്ടു വരാൻ കൂട്ടാക്കാതെ നിൽക്കുന്നുണ്ട്. സ്വന്തം ജീവിതത്തിലേക്കും നിത്യവൃത്തിയിലേക്കും തിരിച്ചു നടന്നേ മതിയാകൂ ആ മകന്. അതിന്റെ അത്യാവശ്യവും നാട്ടിൽ അച്ഛന് ഒപ്പം നിന്നാലുമുള്ള നിസ്സഹായതയും മടങ്ങിപ്പോക്കിനെ ന്യായീകരിക്കുന്നുമുണ്ട്. മധ്യവയസ്സിന്റേതായ പ്രശ്‌നങ്ങളിൽ ഉഴറുന്ന മനസോടെയാണ് ആര്യനിൽ ജീവിക്കുന്നതും. അച്ഛന്റെ ഓർമ്മയുടെ മുകളിൽ വന്ന പാട ചേർന്നിരുന്ന് സംസാരിച്ച് തലോടി നീക്കാൻ നടത്തുന്ന വിഫലശ്രമം, അതിന്റെ നിരാശ ഒക്കെത്തന്നെ കണ്ണുകളിൽ നിറയ്ക്കാൻ പ്രൊസേൻജിത്തിന് എത്ര നന്നായി കഴിഞ്ഞിരിക്കുന്നു.

അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ഫ്ലാഷ്ബാക്കുകളൊന്നും പതിവ് ശൈലിയിൽ അവതരിപ്പിച്ച് നൊസ്റ്റാൾജിയ ഉണർത്താനൊന്നും സംവിധായകൻ ശ്രമിച്ചിട്ടില്ല. അച്ഛന്റെ ഓർമ്മകൾ എവിടെ തങ്ങി നിൽക്കുന്നു എന്നത് മാത്രം മതി ആ ബന്ധം വ്യക്‌തമാകാൻ. അത്തരമൊരച്ഛനെ ഒറ്റയ്ക്കാക്കുന്ന മകന്റെ മടക്കയാത്ര അതിലൂടെ കാഴ്‌ചക്കാരനെ കരയിക്കൽ തുടങ്ങിയ പതിവു ഗിമ്മിക്കുകളൊന്നുമിതിലില്ല. മകന്റെ മടക്കയാത്ര അനിവാര്യമാണെന്ന്  തിരിച്ചറിയാനും ഇത്തരം എത്രയോ മക്കളെ മനസിലാക്കാനും കാരണമാകുന്ന സിനിമ. വിദേശത്തുള്ള ഏക മകന് ബാദ്ധ്യതയാകരുതെന്ന തീരുമാനത്തിൽ ആയകാലത്തേ വിശ്രമജീവിതത്തിനുള്ള ഇടം ബുക്ക് ചെയ്‌തിട്ടിരിക്കുന്ന മാതാപിതാക്കളെ സ്വന്തം അച്ഛനമ്മമാരേപ്പോലെയറിയുന്നതു കൊണ്ടും അവർ ചെയ്യുന്നതാണ് ഞാനും ചെയ്യേണ്ടതെന്ന് വിശ്വസിക്കുന്നതിനാലുമാകാം ഈ ചിത്രത്തിലെ മകന്റെ മടക്കയാത്രയിലെ ശരി മാത്രം കാണാനാകുന്നത്.

സുദീപ്‌ത ചക്രവർത്തി അവതരിപ്പിച്ച കെയർ ടേക്കർ ആണ് സുശോഭന്റെ അവസ്ഥ ശരിയായി തിരിച്ചറിഞ്ഞു പെരുമാറുന്നത്. വളരെ പ്രൊഫഷണൽ ആയി നിൽക്കുമ്പോൾ തന്നെ അവർക്ക് ഉള്ളിലുള്ള മമത തിരിച്ചറിയാനാവുന്നുമുണ്ട്. അത്തരം ഒരാളുടെ സാന്നിധ്യവും ആര്യനിലിന്റെ മടക്കയാത്രയെ ന്യായീകരിക്കാൻ ഉതകുന്നുമുണ്ട്. വീട്ടിലെ പരിചാരകന് പ്രൊഫസറുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള അജ്ഞാനത്തിൽ നിന്നുണ്ടാകുന്ന അബദ്ധ ധാരണകളും ഭയവും സമൂഹത്തിന്റെ തന്നെ ചില മനോഭാവങ്ങളെയാണ് കാണിക്കുന്നത്. തലച്ചോറിലെ കോശങ്ങൾ ഒന്നുറങ്ങുകയോ പ്രായാധിക്യത്താൽ മുന്നത്തെപ്പോലെ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുന്ന തികച്ചും ശാരീരികമായ പ്രശ്‌നത്തെ മാനസിക പ്രശ്‌നമായും ഭ്രാന്തെന്നും പല പേരിട്ട് വിളിക്കുന്ന സമൂഹത്തിന്റെ പ്രതിനിധിയാണീ പരിചാരകൻ.

ആര്യനിലിന്റെ പഴയ കൂട്ടുകാരി, ബന്ധു, മയൂരാക്ഷിയുടെ കൂട്ടുകാരി, എന്നീ കഥാപാത്രങ്ങളും ഈ ചിത്രത്തിൽ ഇടയ്ക്ക് വന്ന് തങ്ങളുടെ ചെറിയ ഭാഗങ്ങൾ ഭംഗിയാക്കിപ്പോകുന്നുണ്ട്.

ഓർമ്മക്കടലിന്റെ അടിത്തട്ടിലെന്ന് കരുതിയവ വ്യക്‌തമായി ഓർക്കുന്ന പ്രൊഫസർ, മകൻ വന്നു പോയ കാര്യം പിറ്റേ ദിവസം തന്നെ മറന്നു കഴിഞ്ഞു. അപ്പോൾ മകൻ പോയ നോവറിയുന്നില്ലയെന്ന് സിനിമയെന്നു മറന്ന് നമ്മൾ ആശ്വസിക്കും. ആശുപത്രിയിൽ പോകാനിഷ്‌ടമില്ലാത്ത ഭാര്യയുടെ അവസാന കാലത്തെ ആശുപത്രിവാസം അദ്ദേഹം മറന്നതും അവരെ ആശുപത്രിയിലാക്കേണ്ടി വന്നിട്ടില്ല എന്ന് പറയുന്നതും മറ്റൊരാശ്വാസം. ഇത്ര ഭംഗിയായി ഓർമ്മയുടെ ഒളിച്ചുകളിയെ ചിത്രീകരിക്കുന്ന മറ്റൊരു ചിത്രം വേറെയുണ്ടാകില്ല. അതിഭാവുകത്വമൊട്ടുമില്ലാതെ അഭിനയിച്ച സൗമിത്ര ചാറ്റർജിയെ നേരിൽക്കണ്ടാൽ ഒരു പക്ഷേ പ്രൊഫസർ സുശോഭൻ അല്ലേ എന്ന് ചോദിച്ചു പോകും. അദ്ദേഹത്തിന്റെ ഏറ്റവും നന്നായഭിനയിച്ച കഥാപാത്രങ്ങളിൽ ഒന്നാണിത്.

മനുഷ്യന്റെ നിസാഹായവസ്ഥയും വ്യക്‌തിബന്ധങ്ങളും വരച്ചുകാട്ടാൻ ഇത്തിരിയിടം മതിയെന്നും ഇത്തിരിയിടത്ത് ഒരു മാസ്റ്റർപീസ് വരയ്ക്കാനാകുമെന്നും അതാനു ഘോഷ് കാണിച്ചുതരുന്നു. ആ ചിത്രത്തിൽ നിന്നിറങ്ങി മനസ് സാധാരണ നിലയിലാവാൻ കാഴ്‌ചക്കാരന് സമയമെടുക്കുന്നതും അദ്ദേഹത്തിന്റെ വിജയം തന്നെ.  മയൂരാക്ഷി ഉൾപ്പടെ ആറു ചിത്രങ്ങൾ അദ്ദേഹം ചെയ്‌തു കഴിഞ്ഞു. ഈ ചിത്രത്തിന് മികച്ച ബംഗാളി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം (2017) ലഭിച്ചിട്ടുമുണ്ട്. അതാനു ഘോഷിന്റെ ഡിമെൻഷ്യ ബാധിച്ച അച്ഛൻ തന്നെയാണ് ചിത്രത്തിന് പ്രചോദനമായത്. ഒരു വൈകുന്നേരം വീട്ടിൽ കയറിച്ചെന്നപ്പോൾ മഷിക്കുപ്പിയിലെ മഷിയിൽ എന്നപോലെ പച്ചവെള്ളത്തിൽ ബോൾ പെൻമുക്കിയെഴുതുന്ന അച്ഛനേയും ചിലപ്പോൾ മകനെ തിരിച്ചറിയാത്ത അച്ഛനേയും കുറിച്ച് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. നേരനുഭവം ചിത്രത്തിന്റെ പൂർണ്ണതയ്ക്ക് കാരണമായതാകാം.

ആയ കാലത്ത് എത്ര നന്നായി അടുക്കും ചിട്ടയോടും കൂടെ ജീവിച്ചു എന്നതും എത്ര പാണ്ഡിത്യം ഉണ്ടായിരുന്നു എന്നതും ഒന്നും സഹായകരമാകാത്ത അവസ്ഥ, അത് നാളെ ആർക്കും വരാവുന്നത് തന്നെ. മനുഷ്യർ മനസ്സിനുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഓർമ്മകളുടെ സാഗരം ഏതു വിധത്തിൽ ഉള്ളതാണെന്നും അതെങ്ങനെ പിന്നീട് അലയടിക്കുമെന്നും തീരെ പ്രവചിക്കാനാവില്ല. ചിത്രത്തിൽ, അച്ഛൻ പറയുമായിരുന്നു എന്ന് പറയുന്നതുപോലെ, മകൻ ഒടുവിൽ പറയുന്നതുപോലെ ‘ടുമോറോ ഈസ് അനദർ ഡേ’. ഗോൺ വിത് ദ് വിൻഡ് എന്ന നോവലിലെ ഈ അവസാനവരി നാളെയെന്നുള്ള അനിശ്ചിതത്വവും അതേ സമയം നല്ല നാളെയെന്നുള്ള പ്രത്യാശയും കൂടെയാണ്.

– വിനീത പ്രഭാകർ പാട്ടീൽ

1 Comment
  1. Sreeraj 1 year ago

    A good narration of this disorder, connecting the movie story.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account