മഴയെ ചുംബിക്കാന്‍ ചുണ്ടുകളില്ലാത്ത സമൂഹമാണ് നമ്മള്‍. ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനല്‍ ഉള്ള് പൊള്ളിക്കുമ്പോള്‍ മഴക്കായി കാത്തിരിക്കും. ‘ഒരു മഴ കിട്ടിയെങ്കിലെ’ന്ന് ദിവസത്തിലൊരുതവണയെങ്കിലും ഉരുവിടും. മഴ കുറയുന്നതിന്‍റെ കാരണങ്ങളെപ്പറ്റി പ്രസംഗിക്കും. കാലവര്‍ഷം തിരി നീട്ടാന്‍ തുടങ്ങുമ്പോഴേക്കും ‘ശ്ശൊ മഴ’ എന്ന് ശപിക്കാന്‍ തുടങ്ങും. ‘ഹൊ, വന്നു മഴ, ഇനി രക്ഷയില്ല’ ഇതാണ് ആദ്യമഴയെപ്പറ്റിയുള്ള മിക്കവരുടേയും കമന്‍റ്. കാലാവസ്ഥാമാറ്റത്തെ ഒരുതരത്തിലും ഉള്‍ക്കൊള്ളാത്ത ഈ ജനത ഇപ്പോള്‍ അവരവരുടെ മക്കളെ മഴയത്ത് കളിക്കരുതെന്നും മഴകൊള്ളരുതെന്നും പറഞ്ഞ് വിലക്കുക മാത്രമല്ല മഴനൃത്തം പോലുള്ള സ്വാതന്ത്ര്യങ്ങളേയും കൂച്ചുവിലങ്ങിടുന്നു.

മഴക്കാലം രോഗകാലമാണെന്ന് ആശുപത്രികള്‍ വിളിച്ചു പറയുന്നു. പ്രായോഗിക ജീവിതത്തിന്‍റേയും പ്രയോജനവാദത്തിന്‍റേയും ഇരകളായിത്തീര്‍ന്ന മലയാളി ആഞ്ഞുപെയ്യുന്ന മഴയുടെ ലാവണ്യഭംഗി നുകരാന്‍ അര്‍ഹനല്ല എന്നല്ലേ നേര്?

മഴയുടെ പേരില്‍ ‘സിനിക്കാ’വുകയല്ല. മഴയുടെ പേരില്‍ നാം നിര്‍മിച്ചെടുത്ത കാല്‍പനികമായ ക്ലീഷേകള്‍ തകരേണ്ടതുണ്ടെന്ന് ആഗ്രഹിക്കുമ്പോള്‍തന്നെ മഴയ്ക്ക് നമ്മുടെ മനസ്സിലെ സ്ഥാനമെന്തെന്ന് ഓര്‍ത്തെടുക്കുകയാണ്.

കഥയിലും കവിതയിലുമായി മഴയെ ആവോളം ആവിഷ്കരിച്ചിട്ടുണ്ട്, നമ്മള്‍. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന പ്രസിദ്ധവും ശക്തവുമായ കഥ മഴക്കെടുതിയുടെ കൂടി സാക്ഷ്യപത്രമാണ്. കഥയുടെ ഏകാന്തപഥികനായ ടി. പദ്മനാഭനും, സക്കറിയയും പദ്മരാജനുമൊക്കെ മഴയുടെ ടൈറ്റില്‍കഥകള്‍ എഴുതിയിട്ടുണ്ട്. ‘കാലവര്‍ഷത്തിന്‍റെ വെളുത്തമഴ’ എന്ന ഒ.വി. വിജയന്‍റെ മനസ്സില്‍ തട്ടുന്ന മഴപ്രയോഗം ഓര്‍മ വരുന്നു. ‘മഴ വന്നു, മഴ ചെറുതായി, മഴ ഉറങ്ങി’ എന്നെല്ലാം വിജയന്‍ സവിശേഷമായി മഴയെ ആഖ്യാനപ്പെടുത്തി. മലയാളിഗൃഹാതുരതയുടെ തലസ്ഥാനമാണ് മഴ. ഇന്നൊ ഇന്നലെയോ തുടങ്ങിയതല്ല. ഉള്ളൂരിന്‍റെ മഴത്തുള്ളിയിലെ വരികള്‍ ഇങ്ങനെ :

നീയാരുസന്താന മരത്തില്‍ നിന്നു
ഞെട്ടറ്റുവീഴും മലര്‍മൊട്ടുപോലെ
മന്ദാകിനീ സൈകതഭൂവില്‍നിന്നു
പതിക്കുമന്നച്ചെറുമുട്ടപോലെ.

മഴ എന്ന പേരില്‍ കവിതയെഴുതാത്ത കവികള്‍ ചുരുക്കമാണെന്നു തോന്നുന്നു. എഴുത്തച്ഛന്‍ മുതല്‍ നമ്പ്യാര്‍, ചെറുശ്ശേരി, ആശാന്‍, പി. കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി, ഒ.എന്‍.വി…. കവിതയില്‍ എപ്പോഴും മഴപ്പെരുക്കമായിരുന്നു. ‘മഴ എന്നെ മറക്കുമ്പോള്‍’ എഴുതിയ ഷെല്‍വി ആത്മഹത്യയിലാണ് ജീവനൊടുക്കിയത്. സുഗതകുമാരിയുടെ ‘രാത്രിമഴ’ രോഗത്തിന്‍റെ വര്‍ഷാലാപനമാണ്. അന്‍വര്‍ അലി തന്‍റെ കവിതാസമാഹാരത്തിന് ‘മഴക്കാല’മെന്ന് പേരിട്ടു.

സാഹിത്യമലയാളത്തെ മഴയുടെ മലവെള്ളപ്പാച്ചില്‍ വന്ന് മൂടിക്കൊണ്ടിരിക്കുന്നു. ഞാനും ഒരു മഴക്കഥയെഴുതി. ‘മഴ നനഞ്ഞ വിത്തുകള്‍’. പുസ്തകത്തിന് പേര് തിരഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞത് ആ പേര് തന്നെ. മഴയുണ്ടല്ലോ അത് നന്നാവുമെന്ന് ആളുകള്‍. കഥയിലെ മഴ ഇഷ്ടമായെന്ന് പറയുമ്പോള്‍ ഒന്നു മനസ്സിലാക്കുന്നു. മഴ നമ്മുടെ വായനയെ സ്വാധീനിച്ചിരിക്കുന്നു. എഴുത്തിലെ തലമുറവ്യത്യാസം മഴയുടെ വിഷയത്തില്‍ അത്ര പ്രകടമല്ലെന്നാണ് തോന്നുന്നത്. പൊതുവെ എല്ലാവരും മഴയുടെ സൗന്ദര്യാരാധകരായി സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. മഴയുടെ കാല്‍പനിക കാമുകരാണ് എഴുത്തുകാരെന്ന് സാമാന്യമായി പറയാം.

എന്നാല്‍ മഴയനുഭവത്തിന്‍റെ പ്രകടമായ വ്യത്യാസം അപൂര്‍വമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മഴയുടെ സീല്‍ക്കാരങ്ങളും സ്വരങ്ങളും മേളങ്ങളും ബാല്യത്തിന്‍റെ നിലവറയില്‍ ഇപ്പോഴും ബാക്കികിടപ്പുണ്ടെന്ന എം. ടി.യുടെ ചിന്തയില്‍ നിന്ന് വ്യത്യസ്തമായാണ് രൂപേഷ് പോള്‍ മഴയെ അറിയുന്നത്. രൂപേഷ് എഴുതി: “മഴ എനിക്ക് ഷൂസിനു മുകളില്‍ ജീന്‍സിന്‍റെ അഗ്രത്തില്‍ ചെളിപിടിച്ചിരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധമായ ഒരു കഥാസന്ദര്‍ഭം മാത്രമാകുന്നു”.

സാഹിത്യത്തില്‍ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് മടങ്ങാം. കാലവര്‍ഷവും തുലാവര്‍ഷവും ഇനി ഇരമ്പിക്കുതിക്കുകയില്ല. വൈകിയാണിപ്പോള്‍ മഴ തുടങ്ങുന്നത്. നമ്മുടെ ബാഗുകളില്‍ ഒരു വിരല്‍നീളത്തില്‍ നാനോ കുടയുണ്ട്. ഏത് മഴത്തുള്ളിയേയും അതിജീവിക്കുന്ന, മഴയെക്കാള്‍ മനോഹരമായ കുട! മഴയുടെ ശല്യം സഹിക്കാത്തതിനാല്‍ പലരും ഇരുചക്രവാഹനങ്ങള്‍ പോര്‍ച്ചില്‍ നിര്‍ത്തി കാറെടുക്കുന്നു. മഴ ഭൂമിയില്‍ പെയ്താല്‍ മതി, എന്‍റെ വീടിനുമേല്‍ വേണ്ട എന്ന തീരുമാനമെടുക്കാന്‍ നാളെ മനുഷ്യനു കഴിയുമായിരിക്കും! മഴ മണ്ണില്‍പെയ്തിറങ്ങണമെന്ന് അവന്‍റെ അവസാനശ്വാസം വരെ അവന് ആഗ്രഹിച്ചല്ലേ പറ്റൂ.?!

പുഴയില്ലെങ്കില്‍ നാമില്ലെന്ന് പറയുന്ന വൈകാരികത മഴയില്ലെങ്കില്‍ നാമില്ലെന്നു പറയാന്‍ നാം കാണിക്കാത്തതെന്തേ? മലയാളി മലയാളിയായി നിലനില്‍ക്കാന്‍ മല മാത്രം പോര, മഴയും വേണമെന്ന് തിരിച്ചറിയാന്‍ ഇനി എത്രകാലമെടുക്കും?

എട്ടുകെട്ടില്‍ പൂമുഖത്തിരുന്ന് മുറുക്കിത്തുപ്പി നനരയ വിഷമത്തില്‍ പാടി ആസ്വദിച്ചതിനു സമാനമായ അനുഭവമാണ് മഴയുമായി മലയാളികള്‍ക്കുള്ളത്. മഴയത്തിറങ്ങാന്‍ വയ്യ. മഴ നനയാനും വയ്യ. എന്നാല്‍ കഥയിലും കവിതയിലും നിരന്നുനില്‍ക്കുന്ന മഴവരികള്‍ നാം ആസ്വദിച്ച് മുറുക്കിത്തുപ്പുന്നു, രസിക്കുന്നു.!

അതേ! എല്ലാ മേഖലയിലും അവതാരരൂപമാര്‍ന്നു നില്‍ക്കുന്ന മലയാളിയുടെ ഹിപ്പോക്രസി മഴയനുഭവത്തിലും കുറവല്ല. ചുണ്ടുകള്‍ കൊണ്ടല്ലാതെ മഴയെ ചുംബിക്കുന്നവരുടെ കപടാനുരാഗത്തിന്‍റെ കഥയാണത്.

ഇതൊരു മഴയനുഭവക്കുറിപ്പാകുന്നില്ല. ശരാശരിമലയാളിയുടെ മഴയനുഭവത്തിന്‍റെ ചരിത്രപ്പകര്‍പ്പ്, അത്രമാത്രം.

ഇത് കപടനാട്യത്തിന്‍റെ മറ്റൊരു പകര്‍പ്പുമാത്രമെന്ന് നിങ്ങളിലാരെങ്കിലുംവിധിയെഴുതാന്‍ മുതിരുമ്പോഴേക്കും ഒരു മഴപ്പെരുക്കം വന്ന് മൂടട്ടെ എന്ന് വെറുതെ ആശിക്കുന്നു.

– ഡോ. സി. ഗണേഷ്

(ഡോ. സി. ഗണേഷ് – കഥാകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകന്‍. ‘ഐസര്‍’  എന്ന കഥാസമാഹാരമാണ് ഏറ്റവും പുതിയത്. മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി സ്മാരക പുരസ്കാരം ഉള്‍പ്പെടെ സ്റ്റേറ്റ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. തിരൂര്‍ മലയാള സര്‍വകലാശാലയില്‍ അസി. പ്രഫസര്‍.)

5 Comments
 1. Peter 1 year ago

  വായനാസുഖം.. അല്പം ചിന്തയും. മനോഹരം ഈ കുറിപ്പ്.

 2. Ajaykalyani 1 year ago

  നല്ല എഴുത്ത് വായന തന്നൂ
  നന്ദിയേറെ

 3. shaju parackel 1 year ago

  നന്നായിരിക്കുന്നു

 4. Haridasan 1 year ago

  Great writing, Sir. Thank you!

 5. Kanakkoor 1 year ago

  nice.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account