അമ്മമാർക്ക് മേടച്ചൂട് പണിത്തിരക്കിന്റെയും പരാതികളുടെയും കാലമാണെങ്കിലും ഞങ്ങൾക്കത് പഴുത്ത ചക്കയുടെയും മാങ്ങയുടെയും മധുരമാണ്. ഓരോരു കാറ്റിലും കടുക്കാച്ചി മാവിൽ നിന്ന് മാമ്പഴങ്ങൾ ഉരുണ്ട് പെരണ്ട് വീഴും. വടക്കെച്ചേതിയിൽ പഴുത്ത ചക്കകൾ വരട്ടാനും തിന്നാനും പാകത്തിൽ വേറെയും…
ചക്കവരട്ടിയും, കൊണ്ടാട്ടങ്ങളും ഉണ്ടാക്കിയും മഞ്ഞളും മല്ലിയും മുളകും കഴുകിയുണക്കിയും പച്ചമാങ്ങ ചെത്തിയിട്ടത് വെയിലത്തിട്ട് ആറ്റം വരുത്തിയും മഴക്കാലത്തെ സ്വീകരിക്കുന്ന തിടുക്കത്തിലായിരിക്കും പെൺകൂട്ടം. നാട്ടുവിശേഷം പറഞ്ഞു കൊണ്ട് പുളി കുരു കളഞ്ഞ് ഉപ്പും കൂട്ടി ഇടിച്ചു വെക്കുന്നത് പാറു അമ്മയുടെ പണിയാണ്.
ഉണക്കാനിടുന്നത് എന്തായാലും കാക്കയെ നോക്കുന്ന പണി ഞങ്ങൾക്കുള്ളതാണ്. വലിയ മുളവടിയുടെ അറ്റത്ത് പഴയ കറുത്ത കുടത്തുണി കെട്ടിയിട്ട് ഞങ്ങളുടെ കൈയിൽ തരും. അതിങ്ങനെ അടുത്ത് വെച്ച് ഞങ്ങൾ കിഴക്കേ ഉമ്മറത്തെ കുഞ്ഞു തിണ്ണയിൽ ഇരിക്കും. കാക്ക വന്നാൽ കൈയടിച്ച് ശബ്ദമുണ്ടാക്കണം. ഉണക്കാനിടുന്നത് അരിയോ ഗോതമ്പോ ആണെങ്കിൽ അച്ഛമ്മയും കൂട്ടിരിക്കും…
അങ്ങിനെ ഞങ്ങളും അച്ഛമ്മയും കൂടിയിരിക്കുമ്പോൾ കഥകൾ പറഞ്ഞു തരും.
പണ്ട് സീതാദേവി ചിത്രകൂടത്തിൽ ഇതുപോലെ കാട്ടുകിഴങ്ങുകൾ ഉണക്കാനിട്ടപ്പോൾ ദേവേന്ദ്ര പുത്രനായ ജയന്തൻ കാക്കയുടെ രൂപത്തിൽ വന്ന് സീതയെ ആക്രമിക്കാൻ ശ്രമിച്ചു. അതു കണ്ട് ദേഷ്യം പിടിച്ച ശ്രീരാമൻ ഒരു ദർഭപുല്ലെടുത്ത് മന്ത്രം ചൊല്ലി എറിഞ്ഞത് കാക്കയുടെ കണ്ണിലാണത്രെ! അതിനു ശേഷമാണുപോലും കാക്കയുടെ നോട്ടം ഇപ്പോഴത്തേത് പോലെ വക്രിച്ച് പോയത്. ജയന്തൻ ചെയ്ത തെറ്റിന് കാക്ക ശിക്ഷ അനുഭവിക്കേണ്ടി വന്നതിന്റെ അന്യായത്തെ ഞാൻ അച്ഛമ്മയെ ചോദ്യം ചെയ്തെങ്കിലും അരി കൊത്താൻ വരുന്ന കാക്കക്ക് അതു തന്നെ കിട്ടണം എന്ന് പറഞ്ഞ് സുനി എതിർഭാഗം പിടിച്ചു. അച്ഛമ്മ ഞങ്ങളെ രണ്ടിനേയും ചേർത്തിരുത്തി ന്യായസ്ഥരായി വളരണം എന്ന് പറഞ്ഞ് മൂർദ്ധാവിൽ ഉമ്മ വെച്ചത് ഇന്നും ഞാൻ മറന്നിട്ടില്ല…
ഞങ്ങൾ ഉണക്ക മുളകിനും മഞ്ഞളിനുമൊപ്പം വെയില് കൊള്ളുമ്പോൾ താഴെ വയലിൽ ഒരു കൂട്ടം പെണ്ണുങ്ങൾ ഉഴുന്ന് പറിച്ചെടുക്കുന്ന തിരക്കിലായിരിക്കും. ഉപ്പിട്ട കഞ്ഞിവെള്ളത്തിന് വീട്ടിലേക്ക് വരുന്ന സ്ത്രീകൾ മഴയ്ക്ക് മുമ്പ് വയലിലെ ഉഴുന്ന് പറിച്ചെടുത്ത് കഴിഞ്ഞാൽ മതിയായിരുന്നെന്ന് പരാതി പറയും.
ഉഷ്ണം കലശലാണ്. വെള്ളം കുടിച്ച് വയർ നിറഞ്ഞെന്ന പരാതിയിലാണ് എല്ലാവരും. ഞങ്ങൾ കുട്ടികളുടെയും കാര്യം വ്യത്യസ്തമല്ല. വെള്ളം മുക്കിക്കുടിച്ചും, പഴുത്ത മാങ്ങ ഈമ്പിത്തിന്നും ഞങ്ങൾ വയറും മനസും നിറച്ചു. വീട്ടുമുറ്റത്തിന്റെ അതിർത്തിയിലെ ചെമ്പരത്തിയും വെള്ളച്ചെമ്പകവും വൈകീട്ടാവുമ്പോഴേക്ക് ചൂട് കൊണ്ട് തല കുനിക്കും. അടുക്കളയിലും പുറത്തുമായി പണിയെടുക്കുന്ന അമ്മമാരുടെ ബ്ലൗസിന്റെ പിൻ ഭാഗത്ത് വിയർപ്പ് നനവുകൾ പടരും.
ഞങ്ങൾ കല്ല് കളിക്കുന്ന സിമന്റിന്റെ ഇരുത്തിയും കുട്ടിച്ചേതിയും ചൂടു കൊണ്ട് പൊള്ളുമ്പോൾ സ്റ്റീൽ മുരുഡയിൽ നിന്ന് വെള്ളം കുടഞ്ഞ് ചേതി നനയ്ക്കും. കഷ്ടപ്പെട്ട് കോരിയെടുക്കുന്ന വെള്ളം ചെറിയ കുട്ടികൾ നിലത്തൊഴിച്ച് കളിക്കുന്നതിനും കിട്ടും നല്ല വഴക്ക്. മേടമാസത്തിലെ കിണറാണ്, ഇനിയുമൊരു മഴ പെയ്തില്ലെങ്കിൽ വെള്ളം കലങ്ങുമെന്ന് പറഞ്ഞ് കൊണ്ടാണ് ശകാരം.
ഇപ്പോ കുളത്തിലെ വെള്ളവും താഴ്ന്ന് തുടങ്ങിയിരിക്കുന്നു. പക്ഷേ അലക്കാനും കുളിക്കാനും വരുന്നവർക്ക് കുറവൊന്നുമില്ല. ചുറ്റുവട്ടത്തുള്ള മിക്ക കിണറുകളും വറ്റിത്തുടങ്ങിയിരിക്കുന്നു. കുളത്തിന്റെ കരയിലും സംസാര വിഷയം ഉഷ്ണവും മഴയില്ലായ്മയും തന്നെയാണ്.
മാത്വമ്മയുടെ പൊരകെട്ട് കഴിഞ്ഞതോടെ മൂപ്പർക്കാണ് മഴ പെയ്യാഞ്ഞിട്ട് തിടുക്കം കൂടുതൽ. മഴക്കാലത്തേക്കുള്ള ഓലക്കണ്ണി മുഴുവൻ കൊത്തിയടുക്കി വെച്ചില്ലെന്ന പരാതിയാണ് പാറു അമ്മക്ക് . പശൂന്റെ ആല കെട്ടിപ്പൊതക്കണം എന്ന ആവലാതി ജാനു അമ്മക്കുമുണ്ടെങ്കിലും മഴ പെയ്യണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
മഴയില്ലായ്മയിൽ പരാതി പറഞ്ഞ് കൊണ്ട് നീട്ടി വിടുന്ന ദീർഘ നിശ്വാസങ്ങൾ മുഴുവൻ മുകളിലെത്തിയിരുന്നെങ്കിൽ മഴ പെയ്യാനുള്ള കാർമേഘങ്ങളായി മാറുമായിരുന്നു. ഞങ്ങൾ കുട്ടികളെയും ഉഷ്ണം കാര്യമായി തന്നെ ബാധിച്ചിരുന്നു. എന്ത് പരാതി പറയണമെന്നറിയാതെ ഞങ്ങളും വാശി പിടിച്ചു നടന്നു. ആദ്യമായാണ് കാലാവസ്ഥ ഞങ്ങൾ കുട്ടികളെ ഇത്തരത്തിൽ ബാധിക്കുന്നത്.
അമ്മമാരുടെ ഉണക്കലുകളും വിറക് ശേഖരണവും കഴിഞ്ഞ ഒരു വൈകുന്നേരമായിരുന്നു അത്. വയലിലെ ഉഴുന്ന് പറി കഴിഞ്ഞ് പെണ്ണുങ്ങൾ കൈയും കാലും കഴുകാൻ കുളത്തിലിറങ്ങി പായ്യാരക്കെട്ടഴിച്ചു കൊണ്ടേയിരിക്കുമ്പോൾ പെട്ടെന്ന് ആകാശം കറുത്തു. മഴ പെയ്തേക്കുമെന്ന് പറഞ്ഞ് ഉണങ്ങാനിട്ട തുണികൾ എടുക്കാൻ വല്യമ്മ പുറത്തേക്കോടി. ഞങ്ങൾ മുറ്റത്തിറങ്ങി ആകാശത്ത് നോക്കി നിൽക്കുമ്പോൾ പെട്ടെന്നൊരു തുള്ളി വെള്ളം എന്റെ നെറ്റിയിൽ പതിച്ചു… കണ്ണ് തുറന്ന് ആകാശത്ത് നോക്കിയപ്പോൾ അടുത്ത തുള്ളിയും…. സുനിയും കണ്ണ് തുറന്ന് മുകളിലോട്ട് നോക്കി നിൽക്കുകയായിരുന്നു. ഞങ്ങളുടെ കണ്ണിലും മുഖത്തും തുരുതുരാന്ന് വെള്ളത്തുള്ളികൾ വീണു തുടങ്ങി. ചെമ്പരത്തിയും ചെമ്പകവും നനഞ്ഞു തണുത്തു.
മണ്ണിലേക്ക് മഴത്തുള്ളികൾ ആഞ്ഞിറങ്ങിത്തുടങ്ങിയ ആ നിമിഷം ഞാനൊരു പുതുഗന്ധം ആദ്യമായി അറിഞ്ഞു. ലഹരി പിടിപ്പിക്കുന്ന ഒന്ന്…
മണ്ണിന്റെ മണമായിരുന്നു അത്… മഴ കനക്കുന്നതിനൊപ്പം അത് ഞങ്ങൾക്ക് ചുറ്റും പടർന്നു…
മഴയുടെ മണം മണ്ണിന്റെ മണമാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അന്നായിരുന്നു…
ഓർമ്മകളിങ്ങനെയും….