വെറുതേയിരിക്കൽ എന്ന് പറയാവുന്ന ഒരിരുപ്പ് എപ്പോഴെങ്കിലുമൊക്കെ ഇഷ്‌ടപ്പെടാത്തവർ ഉണ്ടാകുമോ? ചുമ്മാതിരിക്കൽ, അല്ലെങ്കിൽ വെറുതേയിരിക്കൽ എന്ന് ആ ഇരുപ്പിനെ പറയുന്നത് തന്നെ ശരിയോ? വെറുതേയിരിക്കുക എന്നു പറയുന്ന ആ വേളയിൽ എത്രയധികം കാര്യങ്ങളാണ് മനസ്സിലൂടെ കടന്നുപോകുന്നത്! ചിലപ്പോൾ കടന്നു വന്ന വഴികളിലെ വിഹ്വലതകളുടെ കല്ലിലും മുള്ളിലും തട്ടിത്തടഞ്ഞുള്ള ഒരു നടപ്പാകാം മനസ് നടത്തുന്നത്. കടന്നു വന്ന വഴിത്താരകൾ എന്നെ ഞാനാക്കിയതെങ്ങനെയെന്നത് തിരിച്ചറിയുന്ന നടപ്പ്. അത്രയേറെ താണ്ടിയതുകൊണ്ട് മാത്രമാണ് ഇന്നത്തെ ഓരോ കാൽവെയ്‌പിനും ഈയുറപ്പ് എന്ന് മനസിലാക്കാനുതകുന്ന ചില വെറുതേയിരിപ്പുകൾ. മനസ്സിനും ശരീരത്തിനും പൂർണ്ണ വിശ്രമം നൽകിക്കൊണ്ട് ധ്യാനാവസ്ഥയിലെത്തുക എന്നത് ചിരകാല പരിശീലനത്തിലൂടെ മാത്രം കഴിയുന്ന കാര്യമാണ്. കർമ്മനിരതമല്ലാത്ത, എന്നാൽ ഈ ധ്യാനാവസ്ഥയുമല്ലാത്ത ഒരിരുപ്പാണ് വെറുതെയുള്ള ആ ഇരുപ്പ്.

പല ജോലികളിലുമായി ദിവസത്തിന്റെ ഭൂരിഭാഗം ഓടിത്തീർക്കുന്നതിനിടവേളകളിലെ വെറുതേയിരിക്കലുകൾ. പകൽ പലപ്പോഴായി മനസിലേക്കോടിവന്ന പല ആശയങ്ങളുടേയും ചിന്തകളുടേയും ക്രമമില്ലാത്ത നിരയെ വീണ്ടും വിളിച്ച് വരുത്തി നിരയ്ക്ക് നിർത്തി എന്തിനൊക്കെയോ വേണ്ടി അടുക്കി രൂപം കൊടുക്കുന്ന നേരങ്ങൾ. ഒന്നുകിൽ അതൊരു എഴുത്തിന് കാരണമാകാം. അല്ലെങ്കിൽ സ്വന്തം ചെയ്‌തികൾക്ക് സ്വയം ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാകാം. എന്തായാലും വെറുതെയല്ലാത്തൊരു വെറുതെയിരിക്കൽ. ചിലപ്പോഴൊക്കെ സർക്കാരിന്റെ പഞ്ചവത്‌സര പദ്ധതികളെ വെല്ലുന്ന പ്ലാനിങ്ങാണ് ഇത്തരം സമയങ്ങളിൽ മനസിൽ നടക്കുക. ചിലപ്പോൾ ഏറ്റവും സുന്ദര സ്വപ്‌നങ്ങൾ കാണുന്ന സമയം കൂടെയാണത്. മഞ്ഞു പെയ്യുന്ന മലഞ്ചെരുവിലെ, ജനാലയൊഴിച്ചുളള ഭാഗമത്രയും പുസ്‌തകങ്ങൾ നിറഞ്ഞ, നീണ്ട വരാന്തയുള്ള കൊച്ചു വീടിനെക്കുറിച്ചും, ആഗ്രഹിക്കുന്ന യാത്രകളെക്കുറിച്ചും ഒക്കെയുള്ള സ്വപ്‌നങ്ങൾ കാണുന്ന നേരം. ഒരിടത്തിരുന്നു കൊണ്ട് ദീർഘയാത്രകൾ നടത്തുന്ന നേരം. സ്വപ്‌നങ്ങൾ സത്യമാക്കാനുള്ള വഴികളേക്കുറിച്ച് ആലോചിക്കുന്ന നേരം. പണ്ടു കണ്ട സ്വപ്‌നങ്ങളേയും മോഹങ്ങളേയും മോഹഭംഗങ്ങളേയും കുറിച്ചോർക്കുന്ന നേരം. അത്തരത്തിൽ ശരിക്കുമൊരു ‘മീ ടൈം’ തന്നെയാണീ ചുമ്മാതിരിക്കലുകൾ. ആ വാക്കിന്റെ അർത്ഥം പോലെ തന്നെ ‘ചുമ്മാതിരിക്കൽ’ ആണോ അത്? ചുമ്മിക്കൊണ്ട്, അഥവാ ചുമന്നുകൊണ്ട് ഇരിക്കാൻ പ്രാരാബ്‌ധ ചിന്തകളില്ലാതെ, മനസ്സിനെ പറത്തി വിടാനാകുന്ന സമയം ആക്കാനായാൽ അതന്വർത്ഥമാണ്. പക്ഷേ ഏറ്റവുമധികം ചിന്തകൾ ഓടിയെത്തുന്ന സമയമല്ലേ അത്?

വെറുതെയിരിക്കലുകൾ ഏറ്റവും ആസ്വാദ്യമാകുന്നത് ഏറെ സന്തോഷത്തോടെ ചിലവിട്ട നിമിഷങ്ങളേക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കി ഇരിക്കുമ്പോഴാണ്. ചിലപ്പോൾ കാറ്റിലൊഴുകിയെത്തുന്ന ഒരു സുഗന്ധമോ, അല്ലെങ്കിൽ ദൂരെയെവിടെയോ കേൾക്കുന്ന പാട്ടിന്റെ വരികളോ ഓർമ്മയിലെത്തിക്കുന്നത് പ്രിയമേറും ചില നിമിഷങ്ങളെ ആയിരിക്കും. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ഓടിയെത്തുന്ന നേരവുമാവാമത്. അപ്പോൾ മനസിലേക്കോടിയെത്തിയ ഓർമ്മകൾ പങ്കുവയ്ക്കാൻ ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ….’ എന്നു നിനച്ചുള്ള ഇരുപ്പിനൊരു സുഖമുള്ള നോവാണ്.

അലസത കൊണ്ടുള്ള വെറുതേയിരിക്കലുകൾ മേൽപ്പറഞ്ഞതിലൊന്നും പെടുന്നില്ല. ചിലപ്പോഴെങ്കിലും ന്യായീകരിക്കാനാവുന്നതുമല്ല അത്. അവനവന് ലഭിച്ചിട്ടുള്ള കഴിവുകൾ തേച്ചുമിനുക്കിയെടുക്കാതെ മടിയുടെ ഈർപ്പവും ഇരുട്ടും നിറഞ്ഞ മൂലയ്ക്ക് തുരുമ്പിക്കാൻ വച്ചിട്ടുള്ള വെറുതെയിരിക്കൽ. പക്ഷേ അതിനേപ്പോലും കുറ്റപ്പെടുത്തുന്നത് ചിലപ്പോഴെങ്കിലും ക്രൂരതയാണ്. ആ ഇരുണ്ട മൂലയിലേക്ക് കടന്ന് ചെന്ന് അവിടെയിത്തിരി വെളിച്ചമായി നിന്നാൽ അലസത വിട്ടുണരുന്നയാൾ ചിലപ്പോൾ ചാരുതയേറുന്ന ശിൽപ്പങ്ങൾ തീർക്കുന്നതിന് സാക്ഷിയാവാനും അതിന്റെ സന്തോഷം പങ്കിടാനും കഴിഞ്ഞുവെന്നും വരാം. പങ്കിട്ടാൽ പാതിയാക്കാവുന്ന ദു:ഖഭാരങ്ങളുടെ ഇരുട്ടിലായിരുന്ന ആളുകൾ പരസ്‌പരം ഇങ്ങനെ താങ്ങായാൽ പിന്നീടുണ്ടാകുന്ന നിമിഷങ്ങൾ അമൂല്യങ്ങളാവും. പിന്നീട് അലസതയുടെ നേരങ്ങളില്ലാത്ത മനുഷ്യരായി, ഉർജ്ജസ്വലരായി അവർ മാറാനും മതി. അവരുടെ മനസപ്പോൾ ശിശിര നിദ്രയിൽ നിന്നുണർന്ന് പുതുനാമ്പുകൾക്കൊപ്പം പുറത്തേക്കു വരുന്ന ഒരവസ്ഥയിലായിരിക്കും. ഒരു പ്യൂപ്പ ചിത്രശലഭമായി പുറത്തേക്ക് വരുന്നത് പോലെ.

ഒരുപാട് നാൾ വീടും ഉദ്യോഗവും ഒന്നിച്ച് കൊണ്ടു നടന്ന്, നീരൂറ്റിയ കരിമ്പിൻ തണ്ടുകണക്കെ സ്വയം തോന്നുമ്പോൾ വെറുതെയിരിക്കാൻ കൊതി തോന്നും. പക്ഷേ ക്ലോക്കിന്റെ സൂചികൾ നിജപ്പെടുത്തിയ ജീവിതം സ്വന്തമായവർക്ക് എത്ര സമയം അങ്ങനെയിരിക്കാനാകും? ശരീരവും മനസ്സും അത്തരത്തിൽ പരുവപ്പെട്ടു കഴിഞ്ഞവരുടെ കാര്യമാണ്. അനുഭവിക്കാൻ യോഗമില്ലാത്ത ആർഭാടമാണവർക്ക് വെറുതെയിരിക്കൽ എന്നത്. മനസ്സിന്റെ സമനില തെറ്റാതെ നൂൽപ്പാലത്തിലൂടെ ബാലൻസ് ചെയ്‌ത്‌ നടക്കുന്ന പലർക്കും അവനവനെത്തന്നെ രക്ഷപെടുത്തിയെടുക്കാൻ ഇത്തരം ചില അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ…

വെറുതേ… വെറുതേയങ്ങനെ ഒരു തൂവൽ ഘനത്തിൽ മനസിനെ അതിന്റെയിഷ്‌ടത്തിനു വിട്ട്, വളരെ ഇഷ്‌ടപ്പെടുന്ന, കോടമഞ്ഞു വീഴുന്ന മലഞ്ചെരുവിലോ, കടലോരത്തോ ഇരിക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. എത്ര സുന്ദരമാണത്! അത്രയെങ്കിലുമൊക്കെ നമ്മൾ അവനവനു വേണ്ടി ചെയ്യേണ്ടതില്ലേ.  ‘….വെറുതേയിരുന്നൊരു കുയിലിന്റെ പാട്ടുകേട്ടെതിർപാട്ടു പാടുവാൻ മോഹം’. അതും എത്ര സുന്ദരമായ മറ്റൊരു വെറുതെയിരിക്കലാണ്!!

– വിനീത പ്രഭാകർ പാട്ടീൽ

7 Comments
 1. Padmapriya 8 months ago

  Great writing! Loneliness is something that will help one to mine self. Sometimes, it creates positive energy and clears the way forward but at times it is the other way around…

  • Vinitha 8 months ago

   Exactly.
   Thank you for reading.

 2. Gopan 8 months ago

  ‘വെറുതെ ഇരുന്ന’ മനസ്സിനെ തൊട്ടുണർത്തിയ ലേഖനം. ഇഷ്‌ടമായി!

  • Vinitha 8 months ago

   Thank you

 3. Anil 8 months ago

  Good findings

  • Vinitha 8 months ago

   Thank you

 4. Vm Jose 7 months ago

  വെറുതെ ആയില്ല വായന. വിനിനീതയ്ക്ക് എന്റെ വിനീത നമസ്കാരം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account