വിപ്ലവവാദ ഒലികളങ്ങിങ്ങു
മുഴങ്ങുന്നു..
നീതിന്യായത്തിനായ് കേഴും
ഇരകളുടെ ശബ്ദാവലി
നാടൊട്ടുക്കും പരക്കുന്നു..
ചതിക്കപ്പെട്ട, ചതയ്ക്കപ്പെട്ട
സമുദായത്തിൻ കുതിച്ചുയിർപ്പ്!
യുവതലമുറയുടെ
മുറിവേറ്റവരുടെ മുന്നേറ്റത്തിൻ
വേറൊരു തലയ്ക്കൽ
ദൂരെയതാ..
മൺകുടീരത്തിനു മുൻപിൽ
കത്തിച്ച തിരിനാളത്തിനരികെ
കണ്ണീർമണികളിറ്റിറ്റു വീഴ്ത്തി
തലകുനിച്ചെന്തൊക്കെയോ
പുലമ്പും ഒരു യുവതി.
കണ്ണീരിൽ ചാലിച്ച
കഥയാണവളുടെ..
പീഡനത്തിന്റെ-
അരക്ഷിതാവസ്ഥയുടെ കഥ!
ഇരുട്ടു വീണു തുടങ്ങും നേരം
ചിത്തടത്തിനിടിപ്പുമേറുന്നൂ
കാലന്റെ പരിവേഷിതനാം
തന്തയുടെ ക്രീഡകളോ-
രോന്നുമേറ്റവളുടെ കഥ!
സ്വന്തം പെൺകുഞ്ഞിനു
സുരക്ഷാകവചം തീർക്കേണ്ടോൻ
അവൻ തൻ വിളയാട്ടത്തിനു
ചുവടുവെച്ചാടേണ്ടി വന്ന
ഹതഭാഗ്യയുടെ
നിസ്സഹായയുടെ കഥ!!
ശരിതെറ്റുകളെന്തെന്നു
തിരിച്ചറിവാകും മുമ്പെ
‘വാൽസല്യ’ തലോടലുകൾ
കാമപൂരിതമാണെന്നറി-
വാകും മുമ്പെ,
നീരാളിപിടിത്തത്തില-
കപ്പെട്ടവളുടെ കഥ!!
ആ പിഞ്ചുഹൃദയമെത്ര മേൽ
പിടഞ്ഞിരുന്നോരോ യാമങ്ങളിലും?
പുറമെ ചിരിച്ചും
അകമെ കരഞ്ഞും തീർത്തു
അവളുടെ ബാല്യകൗമാരങ്ങൾ
എല്ലാമറിഞ്ഞിട്ടുമൊന്നു
മെതിർക്കാനാവാതെ-
യവളോടൊപ്പം ആ
അമ്മയും തേങ്ങി..
‘ഞാനും ഇര’ യെന്നുറക്കെ
കരയണമെന്നാകിലും
‘കുടുംബഭദ്രത, കുടുംബമാനി’
യിത്യാദി പൊയ്മുഖങ്ങൾ
തന്നാഖ്യയിലവൾ
തന്നിലേക്കു തന്നെ വലിഞ്ഞു
അഥവാ സമൂഹമവളെ
വായടപ്പിക്കാൻ പഠിപ്പിച്ചു..
കുടുംബത്തിൻ മാനം ഹനിക്കാതെ
പിതൃശാപ മേൽക്കാതെ
പൊരുളെല്ലാമുള്ളിലൊതുക്കി.
ഈ പാഴ്ജൻമത്തിനിതിൽ
പരമെന്തു ശാപേറേറ്റിടാൻ?
മൺകൂനയിലെ തിരിനാളം
തെന്നിവന്ന കാറ്റിനൊപ്പം
പറന്നകന്നു പോയി..
ഈ മണ്ണിലീചെയ്തികൾ-
ക്കെല്ലാമീ മകൾ മാപ്പേകണോ?