കാലം ശരികളേയും തെറ്റുകളേയും എത്രയധികം മാറ്റിമറിക്കുന്നു! ശരിയെന്നു കരുതിയ ആചാരങ്ങൾ തെറ്റെന്നും മറിച്ചും കാലം കാണിച്ചു തന്നുകൊണ്ടേയിരിക്കുന്നു. അതേപോലെ തെറ്റുകാരായ കഥാപാത്രങ്ങൾക്ക് വന്നുഭവിക്കുന്ന ദുരന്തങ്ങളെ കാവ്യനീതി എന്ന സുന്ദരപദം ന്യായീകരിക്കാറുണ്ട്. പക്ഷേ ചില കഥാപാത്രങ്ങൾക്ക് എന്തിനിത്ര വലിയ ശിക്ഷ എന്ന് ചരിത്രവും പുരാണങ്ങളും ആശ്ചര്യപ്പെടുത്താറുമുണ്ട്. അത്തരത്തിലൊരു സ്‌ത്രീ കഥാപാത്രം,  ഗ്രീക്ക് പുരാണങ്ങളിലെ മെഡൂസ. മൂന്ന് ഗോർഗോൺ സഹോദരിമാരിൽ ഒരാൾ. മുടികൾക്കു പകരം സർപ്പങ്ങളുള്ളവൾ. അവളുടെ മുഖത്തേക്ക് നോക്കുന്നവർ ശിലകളായിത്തീരുമത്രേ.

മെഡൂസയെപ്പറ്റി പല കഥകളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമർശമുണ്ട്. റോമൻ കവിയായ ഓവിഡിന്റെ  മെറ്റമോർഫോസിസിലും മെഡൂസയുടെ വിവരണങ്ങളുണ്ട്.

അതിസുന്ദരിയായിരുന്ന അവളെ അഥീനയുടെ (Goddess of wisdom, handicraft, and warfare) ക്ഷേത്രത്തിൽ വച്ച് പോസേയ്‌ഡോൺ (God of the sea, earthquakes, soil, storms, and horses) ബലാൽക്കാരമായി കീഴ്‌പ്പെടുത്തുന്നു. ഇതിന് അഥീന ശിക്ഷിച്ചത് മെഡൂസയെയാണ്. അതിസുന്ദരി എന്ന നിലയ്ക്കുള്ള അഥീനയുടെ പ്രശസ്‌തിക്ക് മെഡൂസ ഒരു വെല്ലുവിളിയാകാമെന്നതുമാകാം ശിക്ഷക്ക് പിന്നിൽ. അവളുടെ മുടിച്ചുരുളുകൾ സർപ്പങ്ങളായി മാറുകയും അവളുടെ ദൃഷ്‌ടി പതിക്കുന്നവർ കല്ലായി മാറുകയും ചെയ്യട്ടെ എന്നതാണ് അഥീനയുടെ ശാപം. ഭീകരമുഖവുമുള്ളവളായി മാറി മെഡൂസ അന്ന് മുതൽ. രാക്ഷസ തുല്യയായ, ഭീകര രൂപിണിയായാണ് ഇതിഹാസങ്ങളിൽ മെഡൂസ. ചുരുക്കത്തിൽ ഇരയ്ക്കു തന്നെ ശിക്ഷ.  അതിലെന്തു കാവ്യനീതി! തെറ്റുകാരനായ പോസേയ്‌ഡോണിന് എന്തു ശിക്ഷയാണ് കിട്ടിയത്? രണ്ടാളും തെറ്റുകാരെന്നാണെങ്കിൽ ഒരാൾ മാത്രം എന്തുകൊണ്ട് ശപിക്കപ്പെട്ടു? ചോദ്യമില്ലാത്ത കഥകളിങ്ങനെയെത്ര!

മെഡൂസയെ വധിക്കാൻ പോളിഡക്റ്റസ് അയച്ച പേർസിയൂസിനേയും അഥീന സഹായിക്കുന്നുണ്ട്. നേരേനോക്കിയാൽ ശിലയായിപ്പോകുമെന്നതുകൊണ്ട് അഥീന നൽകിയ, പ്രതിബിംബം കാണാവുന്ന പരിചയിൽ നോക്കി പേർസിയൂസ് മെഡൂസയുടെ ശിരസ്സറുത്തു. അപ്പോഴും ശക്‌തികൾ നശിക്കാത്ത ശിരസ്സിനെ അഥീനക്ക് കാഴ്‌ചവയ്ക്കുകയും അഥീന അതിനെ തന്റെ പരിചയിൽ ഉറപ്പിക്കുകയും ചെയ്‌തു. മരണസമയത്ത് ഗർഭിണിയായിരുന്ന (പോസേയ്‌ഡോണിൽ നിന്ന് ധരിച്ച ഗർഭം) അവളിൽ നിന്നുയിരാർന്ന മക്കളാണ് ചിറകുള്ള കുതിരയായ പെഗാസസും സ്വർണ വാളേന്തുന്ന ക്രിസോറും.

മെഡൂസയുടെ ചിത്രം കണ്ടിട്ടുണ്ടാവും പലയിടങ്ങളിലും. ചെറുത്തു നിൽക്കുന്ന സ്‌ത്രീയുടെ അത്യുഗ്രശേഷിയുടെ പ്രതീകമായൊക്കെ ഫെമിനിസത്തിന്റെ വളർച്ചയുടെ പല കാലഘട്ടങ്ങളിലും മെഡൂസയുടെ ചിത്രമുണ്ടായിരുന്നു. പ്രമുഖ ഫാഷൻ ബ്രാൻഡായ വെർസാചിയുടെ (Versace) ലോഗോ മെഡൂസയുടെ ചിത്രമാണ്. അവളിൽ ആകൃഷ്‌ടയാകുന്നവർക്ക് തിരിച്ചു പോക്കില്ല എന്ന സങ്കല്പമാണ് ജാനി വെർസാചി (Giovanni Maria “Gianni” Versace) മെഡൂസയെ ലോഗോ ആക്കാനുള്ള കാരണം.  തിരിച്ചു പോക്കില്ലാത്തത്ര ആകൃഷ്‌ടരായ ആരാധകരുള്ള ഫാഷൻ ബ്രാൻഡിന് ഇതിലും ഉചിതമായ മറ്റേത് ലോഗോയാണുള്ളത്. എങ്കിലും പുരാണങ്ങൾ തള്ളിപ്പറഞ്ഞ മെഡൂസയെ ആധുനിക സമൂഹം ഏറ്റെടുക്കുന്നുവെന്നും ഈ ലോഗോ പറയാതെ പറയുന്നില്ലേ? വിശ്വാസങ്ങളേക്കാൾ യുക്‌തിക്കൊപ്പം നിൽക്കുന്നതിലൂടെ സാധ്യമാകുന്ന ഏറ്റെടുക്കലുകൾ. പേഴ്‌സി ജാക്‌സൺ സീരീസ് സിനിമകളിലൂടെ പുതിയ തലമുറയ്ക്കും പരിചിതയാണ് മെഡൂസ.

മാനുഷിക വികാരങ്ങൾ മരവിച്ച് ശിലാ തുല്യമാകുന്ന മാനസികാവസ്ഥയെ മെഡൂസ കോംപ്ലക്‌സ്  എന്നും പറയും. മെഡൂസയുടേതു പോലെ തിക്‌താനുഭവങ്ങളും മറ്റുള്ളവരാൽ വെറുക്കപ്പെട്ട ജീവിതവും വികാരങ്ങളെ മരവിപ്പിച്ചില്ലായെങ്കിലാണ് അത്‌ഭുതം. വികാരങ്ങൾ മരവിച്ച് സ്വപ്‌നങ്ങളുരുകിയ എത്രയോ മെഡൂസമാർ ഇന്നും നമുക്കിടയിലുണ്ട്. അവരുടെ ദൃഷ്‌ടി പതിച്ചാൽ ശിലയാവുകയല്ല, മെഴുകുപോലുരുകുകയാവും ചെയ്യുക. ദുരിതക്കയങ്ങളിൽ കറങ്ങിയുഴറിയിട്ടു പോലും അതീവ മനസാന്നിധ്യത്തോടെയും കരുത്തോടെയും ജീവിതത്തിൽ മുന്നേറിയവരുമുണ്ട്. മെഡൂസ കോംപ്ലക്‌സ് തീരെയില്ലാത്ത ഭാഗ്യവതിമാർ എന്നേ പറയേണ്ടൂ അവരെപ്പറ്റി. അനുഭവങ്ങളുടെ കനലിൽ സ്ഫുടം ചെയ്‌തു മാറ്റേറിയ ജീവിതങ്ങൾ. കനൽച്ചൂട് താങ്ങാതെ വാടുന്നവർക്ക് ശാപമോക്ഷം ഒരിക്കലുമില്ലതാനും.

പുരുഷന്മാരലെഴുതപ്പെട്ടതാണ് പുരാണങ്ങൾ എന്നതിനാലാണ് മെഡൂസയെ മോശമായി ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സ്‌ത്രീപക്ഷ എഴുത്തുകാരിയായ ഹെലൻ സിക്‌സോസ് (Héléne Cixous) പറയുന്നത്. സ്‌ത്രീകളോട് അവരുടെ സ്വത്വം തിരിച്ചറിയാനും എഴുതി വളരാനും ‘മെഡൂസയുടെ ചിരി’ എന്ന ലേഖനത്തിലൂടെയവർ ആഹ്വാനം ചെയ്യുന്നു. അടിച്ചമർത്തപ്പെട്ട മെസൂസയെയല്ല, ചിരിയോടെ ജീവിതത്തെ നേരിടുന്ന മെഡൂസയെയാണ് നമ്മളാ ലേഖനത്തിൽ കാണുന്നത്.

ശൂർപ്പണഖയുടെ അനുഭവവും എത്ര ദു:ഖകരമാണ്. ശ്രീരാമനെ കണ്ടു മോഹിച്ച് തന്നെ സ്വീകരിക്കൂ എന്നപേക്ഷിച്ചു നിന്നവളാണ് ശൂർപ്പണഖ. തനിക്കു പത്‌നിയായി സീതയുണ്ട് അതുകൊണ്ട് ലക്ഷ്‌മണനെ സമീപിക്കൂ എന്ന് രാമനും നിനക്കു ചേർന്നത് ഏറ്റവും ശ്രേഷ്ഠനായ ശ്രീരാമനാണെന്ന് ലക്ഷ്‌മണനും പറഞ്ഞ് ശൂർപ്പണഖയെ നിരാകരിക്കുന്നു. നിരാകരിക്കുന്നു എന്നതിലല്ല, ഇതു പറഞ്ഞ് മാറിമാറി മറ്റേയാളുടെ പക്കലേക്ക് ഓടിച്ചു വിടുന്നു എന്നിടത്താണ് ശൂർപ്പണഖ അപമാനിക്കപ്പെടുന്നത്, സ്‌ത്രീത്വം അപമാനിക്കപ്പെടുന്നത്. എന്നിട്ടും ഒരു നികൃഷ്‌ട കഥാപാത്രത്തെപ്പോലെ എക്കാലവും ശൂർപ്പണഖയെ ലോകം നോക്കിക്കാണുന്നു.

ഇതിലെയും കാവ്യനീതി എന്താണ്? രാക്ഷസ കുലത്തിൽ ജനിച്ചു എന്നതു മാത്രമല്ലേ അവരുടെ  കുറ്റം. ജനിക്കുന്ന കുലം തിരഞ്ഞെടുക്കാൻ അവർക്കെന്തു പോംവഴിയാണ് ഉണ്ടായിരുന്നത്? സീതാപഹരണത്തിന് കാരണമാകാൻ മാത്രം സൃഷ്‌ടിച്ച കഥാപാത്രമോ ശൂർപ്പണഖ?

ജീവിതത്തിനോടടുത്ത് നിൽക്കുന്നവയാണ് സാഹിത്യസൃഷ്‌ടികൾ എന്നതുകൊണ്ടുതന്നെ ഇപ്പറഞ്ഞതുപോലെ തെറ്റ് ചെയ്യാതെ കുരിശേന്തുന്നവരും, ചെയ്‌ത തെറ്റിനേക്കാൾ വളരെ ഭാരമേറിയ കുരിശേന്തുന്നവരും ഏറെയാണ് സാഹിത്യത്തിലും. തെറ്റെന്ന് പറയുന്നതിൽപ്പോലും എത്ര ആപേക്ഷികതയാണ്? വ്യക്‌തികൾക്കും സമൂഹത്തിനും രാജ്യങ്ങൾക്കുമൊക്കെ സ്വന്തമായ ശരിതെറ്റുകൾ എത്രയെത്ര.

മനസ്സാക്ഷിയോട് തെറ്റ് ചെയ്യാതെ, ഒരഥീനയുടേയും ശാപത്തെ വകവയ്ക്കാതെ മുന്നോട്ട് ജീവിക്കാൻ ഓരോരുത്തർക്കുമാകുക എന്നതെത്ര നല്ലതാണ്.

– വിനീത പ്രഭാകർ പാട്ടീൽ

2 Comments
  1. Haridasan 3 years ago

    ദുഃഖപുത്രികളെ സൃഷ്‌ടിക്കുമ്പോളാണല്ലോ കാവ്യങ്ങൾ മഹത്വരമാവുന്നത്. അത് ഇനിയും തുടരും. ഇതെന്തു നീതി എന്ന ചോദ്യത്തിന് പ്രസക്‌തിയില്ല, കാരണം കഥയിൽ ചോദ്യമില്ലല്ലോ!

    • Vinitha 3 years ago

      അതെ. കണ്ണീരിനും ദു:ഖപുത്രിമാർക്കും വായനക്കാരും കാഴ്ചക്കാരും കുറയില്ല

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account