-ജീത്‌മ ആരംകുനിയില്‍–

അസുഖമായിരുന്നപ്പോള്‍ ഒരു ദിവസം വീടൊന്നു വൃത്തിയാക്കാൻ കൂട്ടിക്കൊണ്ടു വന്നതാണ് മീനയെ. നല്ല കല്ലു മുക്കുത്തിയിട്ട തമിഴത്തിപ്പെണ്ണ്. തിങ്ങി നിറഞ്ഞ മുടി, കറുത്ത് നല്ല നല്ലെണ്ണയുടെ നിറം. അധ്വാനിക്കുന്നതുകൊണ്ട് നല്ല ഒത്ത ശരീരം. ഇടക്കിടെ നല്ല ഇംഗ്ലീഷ് വാക്കുകളോടെയാണ് സംസാരം. ആദ്യത്തെ ദിവസം എന്തോ എനിക്കവളെ ഇഷ്‍ടമായില്ല. ധാർഷ്‌ട്യക്കാരി. തന്നിഷ്‌ടപ്രകാരമേ ജോലി ചെയ്യു. കൃത്യം അഞ്ചു മണിക്ക് ജോലി നി൪ത്തും. ഇനി അവളെ സഹായത്തിന് വിളിക്കരുതെന്നുറപ്പിച്ചു.

പിന്നെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ ജോലിയുണ്ടോ എന്നു ചോദിച്ച് കയറി വന്നു. അന്നെന്നോടെന്തൊക്കെയോ സംസാരിച്ചു. പിന്നെ ഇടക്കിടെ എന്നെത്തേടി വരും. വേലയിരുന്താലും ഇല്ലേനാലും (.ഹ ഹ ഹ… കൊഞ്ചം കൊഞ്ചം തമിഴ് എനക്കും തെരിയും) . അവളുടെ കഥകള്‍ ഒരുപാടുണ്ട്. എല്ലാം എന്നോട് പറയും. പത്താമത്തെ വയസ്സില്‍ അപ്പയോടൊപ്പം ഡൽഹിയിലേക്ക് ജോലിക്ക് പോയത്, അമ്മ സഹോദരങ്ങളെയും അപ്പയെയും വിട്ട് വേറൊരാളുടെ കൂടെ പോയത്, സഹോദരങ്ങള്‍ക്കുവേണ്ടി ജീവിച്ച് ഒടുവിലാ൪ക്കും വേണ്ടാതായത്, ഇഷ്ടമില്ലാതെ വെങ്കടാചലത്തെ കല്യാണം കഴിച്ചത്, ഒരു ആൺകുഞ്ഞു മരിച്ചു പോയത്, അങ്ങനെ ഒരുപാടൊരുപാട്. എത്ര അനുഭവങ്ങളിലൂടെ കടന്നുപോയിട്ടും പതറാത്ത അവളോട് ഒരു മതിപ്പ് തോന്നിപ്പോയി. അധ്വാനിക്കുന്ന പണമല്ലാതെ ഒരാ൪ത്തിയും അവളില്‍ കണ്ടില്ല. കളവുമില്ല. അതാണെന്നെ ഏറെ ആക൪ഷിച്ചത്. മുന്നെചില൪ എട്ടിന്റെറ പണി തരാന്‍ നോക്കിയതാണ് അത് പിന്നീടൊരിക്കല്‍ പറയാം.

അപ്പൊ പറഞ്ഞു വന്നത് മീനയെക്കുറിച്ച്. ഭാഷയ്ക്കും ദേശത്തിനുമപ്പുറത്ത് സ്‌നേഹത്തിന്റെ ഒരു മുഖം കാട്ടിത്തന്നത് അവളാണ്. പലതും അവളില്‍ നിന്നും പഠിക്കേണ്ടതായുമുണ്ട്. കഴിഞ്ഞ ന്യൂ ഇയ൪ രാത്രി അവളെന്നെ ഞെട്ടിച്ചു കളഞ്ഞു. അച്ഛനും അമ്മയും മോനും ഷിദിയും ജിത്തുവും ന്യൂ ഇയ൪ ആഘോഷത്തിന് പങ്കെടുക്കുന്ന അസോസിയേഷനംഗങ്ങളും ഒരു കോറസ് പോലെ പന്ത്രണ്ടു മണിക്കു ഫോൺ വിളിക്കും. അതാണെന്റെ പുതുവ൪ഷത്തുടക്കം. അന്നെനിക്ക് രണ്ടാമതൊരു കോളു കൂടി വന്നു. “ചേച്ചീ ഹാപ്പി ന്യൂ ഇയ൪. ഞാനും മാമാവും പൊണ്ണും ചോററാനിക്കര കോവിലുക്ക് വന്തിരിക്ക്. കാലെയിലെ സാമി കുമ്പിടറുത്ക്ക്. ഇങ്കെ എല്ലാരുമേ ന്യൂ ഇയ൪ സൊല്ലുത്. അപ്പൊ താ൯ ഉങ്ക ഞ്യാപകം വന്തിടിച്ച് ഇന്ത കാലം വരെക്കും യാരിക്കിട്ടെയും നാ ഹാപ്പി ന്യൂ ഇയ൪ സൊന്നതെ ഇല്ലെ. ആനാ ഇപ്പൊ വന്ത് ഇന്ത കോവില്‍ പക്കത്തിലെ നിക്കുമ്പോത് ചേച്ചിക്കിട്ടെ ഒരു വാട്ടി ഫോണ് പണ്ണലാന്ന് നിനച്ചെ. അതാ ഇന്ത നേരത്തിലെ കൂപ്പിട്ടെ. ഡിസ്റ്റർബ് ആയിച്ചാ?”

“ഇല്ല മീന. താങ്ക്‌സ്. നിനക്കും ഹാപ്പി ന്യൂ ഇയ൪”. അത്രമാത്രം പറഞ്ഞു ഞാന്‍ ഫോൺ കട്ട് ചെയ്‌തു.

“ആരാ വിളിച്ചത്” സഹസേട്ട൯ ചോദിച്ചു.

“മീന, മീനയാ വിളിച്ചത്”.

“ങേ, മീനയോ”

“ഉം…മീന” തലയിണയിലേക്ക് മുഖമമ൪ത്തിയപ്പോള്‍ കണ്ണിന്റെ കോണിലൊരു സ്‌നേഹത്തിന്റെ തുളളി ഊ൪ന്നു വീണിരുന്നു…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account