ഭക്തമീരയുടെ ജീവിതത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും കഥകളും നിലവിലുണ്ട്. രാജസ്ഥാനിലെ രാജകുടുംബത്തിൽ ജനിച്ച മീര കഥളിലൂടെയും കവിതകളിലൂടെയും സ്ത്രീങ്കല്പ്പത്തിന്റെ ഭക്തിയായും പ്രണയമായും ദുഃഖമായും ധൈര്യമായും ശക്തിയായും സ്വാതന്ത്ര്യമായും ഒക്കെ വ്യത്യസ്‌ത ഭാവചലനങ്ങളെ അടയാളപ്പെടുത്തുന്നു. കൃഷ്ണഭക്തയായിരുന്ന മീരക്ക് ലൌകികമായ ആഢംബരങ്ങളോട് കടുത്ത വിപ്രതിപത്തിയായിരുന്നു. സമ്പന്നതയുടെ രാജകൊട്ടാരത്തിൽ ജീവിക്കുമ്പോഴും സമൃദ്ധി പോലും അസ്വാതന്ത്ര്യത്തിന്റെ തുടലു പോലെ മീരയെ വലിച്ചുമുറുക്കി. അകാലത്തിൽ ഭർത്താവായ യുവരാജാവ് മൃതിയടഞ്ഞതോടെ വൈധവ്യത്തിന്റെ കനത്ത അഗ്നിനാളങ്ങളിലേക്ക് മീര വലിച്ചെറിയപ്പെട്ടു. ദുഃഖത്തിന്റെ പാരമ്യത്തിൽ അകമനസ്സിനെ ഭക്തി കൊണ്ട് സ്ഫുടം ചെയ്തെടുത്ത് കരുത്താർജ്ജിച്ചു. കൃഷ്ണഭക്തർക്കൊപ്പം താമസിക്കാനിഷ്ടപ്പെട്ട മീരയെ ഭർത്താവിന്റെ പിതാവ് വിഷം കൊടുത്ത് കൊല്ലുവാൻ തുനിഞ്ഞെങ്കിലും ഭക്തിയുടെ ശക്തിയാൽ മീര രക്ഷപ്പെട്ടെന്നും കഥകൾ സൂചിപ്പിക്കുന്നു. സാമ്പത്തികമായും സാമൂഹ്യമായും സാംസ്ക്കാരികമായും സ്ത്രീകൾ അടിമത്തം അനുഭവിച്ചിരുന്ന ഒരു കാലത്താണു മീര ഭക്തിയാകുന്ന ആയുധം കൊണ്ട് ജീവിതത്തോട് പട വെട്ടിയത്. വിവിധ കാലങ്ങളിൽ ആണ്ടാളും അക്കമഹാദേവിയും ജാനാഭായിയും മീരയെ പോലെ പുരുഷാധിപത്യത്തിന്നെതിരേയും നിലവിലുള്ള ഉച്ഛനീചത്വങ്ങൾക്കുമെതിരേയും വ്യത്യ്സ്ത രീതികളിൽ ചെറുത്തുനില്പ്പുകൾ നടത്തിയിരുന്നു.

ശക്തയായ ഇന്ത്യൻ സ്ത്രീയെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീപക്ഷക്കവിതയായ സച്ഛിദാനന്ദന്റെ “മീര പാടുന്നു” എന്ന കവിതയാണിവിടെ ആധാരം. സർഗ്ഗാത്മക കഴിവുകൾ സാമൂഹ്യപരിവർത്തനത്തിനു പ്രയോജനപ്പെടണം എന്ന ദൃഢബോധത്തോടെ കാവ്യരചന
നിർവ്വഹിക്കുമ്പോൾ തൂലിക സാമൂഹ്യജീർണ്ണതകളോട് കലഹിക്കുന്നു.പ്രതിജ്ഞാ ബദ്ധത സ്വന്തം ആത്മാവിനോടെന്നപോലെ പാർശ്വവല്ക്കരിക്കപ്പെടുന്നവർക്കും സ്ത്രീകൾക്കും കീഴാളർക്കും വേണ്ടി ജീവിതത്തിന്റെ സൂക്ഷ്മചലനങ്ങളിലൂടെ കവി കവിതയെ കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്നു.

മീരയിലൂടെ അക്കാലത്തെ സാമ്രാജ്യത്വത്തിന്റെ ക്രൂരതകളും ഭരണാധിവർഗ്ഗത്തിന്റെ വിവേചനങ്ങളും ജനവിരുദ്ധനയങ്ങളും ബിംബപ്രതിബിംബങ്ങളിലൂടെ വരച്ചിടുന്നു.തന്റെ കവിതകളുടെ അടിസ്ഥാനപ്രമേയം സ്വാതന്ത്ര്യമാണെന്നു പറയുമ്പോൾ തന്നെ തന്റെ കഥാപാത്രങ്ങളിലൂടെ സ്വാതന്ത്ര്യപ്രഖ്യാപനം നിർവ്വഹിക്കുകയും ചെയ്യുന്നു. നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയുടെ അവ്യവസ്ഥിത നയങ്ങളിലേക്കാണു മീര തന്റെ തടവറയുടെ അഴികൾ ഭേദിക്കുന്നതു. അതു ഭേദിക്കാനുള്ള നിമിത്തമാകുന്നത് കൃഷ്ണഭക്തിയും… കൊട്ടാരത്തിന്റെ ഭൌതിക പ്രതാപങ്ങളുടെ കനത്ത രാവണൻ കോട്ടകൾ തകർത്ത്
സാധാരണജനങ്ങളിലെക്കെത്തിപ്പെടാനുള്ള വ്യഗ്രതയാണു മീരയിലെ അന്തർലീനമായ ഭക്തി. ജീവിതത്തിന്റെ നശ്വരതയെ ബോധ്യപ്പെടുത്താനുള്ള ഉപകരണമായി ഭക്തി പ്രവർത്തിക്കുന്നു. ആൺകോയ്മയുടെ സാമൂഹ്യപ്രയോഗത്തിലേക്കും അധിനിവേശമനോഘടനയിലേക്കും വിരൽ ചൂണ്ടുന്നതാണു ലൌകികസുഖങ്ങളോടുള്ള മീരയുടെ നിരാസങ്ങൾ നിറഞ്ഞ വിലാപങ്ങൾ. സാമൂഹ്യമായി വേരൂന്നിയ ചില ബോധങ്ങൾ സ്ത്രീയെ നിരന്തരം അലട്ടുന്നു. അവളുടെ ഇഷ്ടാനിഷ്ടങ്ങളെ തനിക്കൊപ്പമുള്ളവർക്കു വേണ്ടി മാറ്റിവെക്കേണ്ടി വരുന്നു. സ്വത്വബോധമുള്ളവർ ശക്തമായ നിലപാടുകൾ എടുക്കുന്നു. പക്ഷെ സമൂഹത്തിലെ മറ്റൊരു വശം ദൈന്യതയുടെ അഗാധഗർത്തങ്ങളിലേക്ക് നിപതിക്കുന്നു .

നിസ്വർക്കു വേണ്ടിയാണു കവിയും കഥാപാത്രവും സമരം ചെയ്യുന്നതു. എല്ലാം കൊടുത്ത് സ്ത്രീയെ റാണി എന്ന പരികല്പ്പന നല്കി അന്തഃപുരത്തിൽ തളച്ചിടുന്നു. അവിടെ അവൾക്കു ലഭിക്കുന്ന എല്ലാ സുഖഭോഗങ്ങളും എരിയുന്ന കനലുകളായി മാറുന്നു. സമത്വമോ സ്വാതന്ത്ര്യമോ സ്വാശ്രയമായ സാമ്പത്തികബലമോ സ്വപ്നം പോലു കാണാൻ കഴിയാത്ത ഒരു കാലത്താണു മീര സ്വാതന്ത്ര്യം കൊതിക്കുന്നതും വിഭാവന ചെയ്യുന്നതും കൊട്ടാരത്തിന്റെ തടവറയിൽ നിന്നും പുറത്തു കടക്കുന്നതും. തനിക്കു ലഭിച്ച സ്വർണ്ണക്കൊട്ടാരം കേവലം വിലകെട്ട ഒരു പൊന്നിൻ കൂടായെ അവൾക്കു തോന്നുന്നുള്ളു. അതുപോലെ വിലകൂടിയ രത്നവും മുത്തും പതിച്ച ആഭരണങ്ങളും വസ്ത്രങ്ങളും കിരീടവുമെല്ലാം വർദ്ധിച്ച ഭാരമായും കഴുത്തിനെ കുരുക്കുന്ന മരണക്കയറായും പൊള്ളിക്കുന്ന കനലായുമൊക്കെ കവി രൂപകങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ ചിഹനങ്ങളായി കല്പ്പിക്കുമ്പോൾ സഹൃദയപക്ഷത്തും സ്വാതന്ത്ര്യമില്ലായ്മയുടെ പിരിമുറുക്കങ്ങൾ ഞരമ്പുകളെ വലിക്കുന്നു. വിവാഹത്തിലൂടെ മുറിച്ചു മാറ്റപ്പെട്ട ചിറകുകൾ തിരിച്ചുവേണമെന്ന് മീര ആവശ്യപ്പെടുമ്പോൾ അടിമത്തം അനുഭവിക്കുന്ന സ്ത്രീപക്ഷത്തിന്റെ മുഴുവൻ ആവശ്യമായി മാറുന്നു. താൻ പറക്കാൻ പഠിച്ച അടിച്ചിറകുകളാണു വെട്ടിയരിയപ്പെടുന്നതെന്നു അർത്ഥം ധ്വനിക്കുമ്പോൾ സ്ത്രീയുടെ സർഗ്ഗാത്മകതയുടെ അടിവേരുകളാണു മുറിച്ചുമാറ്റപ്പെടുന്നതെന്ന് പരോക്ഷമായി വിവക്ഷിക്കാം. അടിച്ചിറകിന്റെ ശേഷി ലഭിച്ചാലെ ഈ ഉദയാകാശത്ത് സ്വച്ഛമായി പറക്കാനാകുയെന്നും മീര സാക്ഷ്യപ്പെടുത്തുന്നു.

കൈവിരലിലണിഞ്ഞ മോതിരം സാമ്രാജ്യത്വത്തിന്റെ അഹന്തയുടെ അടയാളമായും .. അധികാരഖഡ്ഗത്താൽ കൃഷ്ണഗീതം മീട്ടിയ തംബുരുവിന്റെ തന്ത്രികൾ ഭേദിച്ചതും പറഞ്ഞ് മീര വിലപിക്കുമ്പോൾ ജീവിതദുഃഖത്താൽ വിലപിക്കുന്ന സ്ത്രീയുടെ ദൈന്യം വരികളിലൊഴുകുന്നു. ദുരിതമനുഭവിക്കുന്ന വർത്തമാനകാല പെണ്മയുടെ വിവിധ ഭാവഹാവാദികളും അടിമത്വത്തിൽ നിന്നും കൊതിക്കുന്ന അദമ്യമായ സ്വാതന്ത്ര്യ വാഞ്ചയുമാണു മീര പാടുന്നു എന്ന കവിതയിലെ മൂർത്തഭാവം. മീരയിലൂടെ കവിക്കു സമൂഹത്തിനോട് പറയാനുള്ളത് വ്യക്തമാക്കുന്നു. സാഹിത്യം സമൂഹ നന്മക്കാണു. അത് വ്യക്തിപരമൊ സാമൂഹ്യപരമൊ ആവട്ടെ …നിലവിലുള്ള മൂല്യച്യുതികളെ ആഞ്ഞുകൊത്താനുള്ള തക്ഷകവീര്യമുള്ളതാകണം എന്നു കവിതയിലൂടെ
വ്യംഗ്യമാകുമ്പോൾ ധർമ്മസംസ്ഥാപനാർത്ഥം യാദവനായി ജനിച്ച അനന്തനീലിമയെപോലെയുള്ള കടൽ വർണ്ണനാണ് (കൃഷ്ണനാണ് ) ഇവിടെ മീരയുടെ വിമോചകനായി എത്തുന്നത്. എല്ലാ സ്ത്രീകളുടെയും പ്രതീകമായി ബന്ധനങ്ങൾ വലിച്ചെറിയുന്ന മുക്തസ്ത്രീയായി മീരയും എത്തുമ്പോൾ വീണ്ടും കവി വിഭാവന ചെയ്യുന്നത് നുരഞ്ഞുപൊന്തുന്ന നഷ്ടബാല്യകാലത്ത് കേട്ട മുത്തശ്ശിക്കഥകളേയും മലയും കിളിയും കടലുമുള്ള ഭൂമിയേയും പച്ചപ്പു നിറഞ്ഞ ഗ്രാമഭൂമിയേയും ,മല കടലാക്കുന്ന നീലക്കുറിഞ്ഞികൾ പൂക്കുന്നിടവും വീണ്ടും പുല്കുവാനുള്ള മോഹമാണു. അപ്പോഴും സ്വപ്നം കാണുന്നു പൊടിയിലും വിയർപ്പിലും മുങ്ങിയ ഒരിടയന്റെ കയ്യിലെ വേണുവും അതിൽ നിന്നുയരുന്ന വർണ്ണമയിൽ പ്പീലിനിറമുള്ള സ്വാതന്ത്ര്യഗാനവും.അവിടെ മുഖപടം മാറ്റി മീര ഇറങ്ങുന്നത് പുറത്തെ ചുട്ടുപഴുക്കുന്ന വെയിലിനൊപ്പം നില്ക്കുന്ന തെരുവിലേക്കാണു എന്നു പറയുമ്പോൾ, പാർശ്വവല്ക്കരിക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുകയും അക്ഷരങ്ങളിലൂടെ പൊരുതുകയും ചെയ്യുന്ന ഒരു കവി മനസ്സും, വർത്തമാനകാല പെണ്മയുടെ സാമൂഹ്യ രാഷ്ട്രീയ സമസ്യകളും, തിര നീക്കി പുറത്തു വരുന്നു.

2 Comments
  1. Swethakrishnavk 9 months ago

    It’s a very explanation

    • Swethakrishnavk 9 months ago

      It’s a very good explanation

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account