സ്വപ്‌നത്തിൽ
എനിക്ക്
മീശയുണ്ടായിരുന്നു
പട്ടു പോലത്തെ
പൊടിമീശ
ആയിരം കാലുള്ള
പഴുതാര മീശ
കറുത്തവാവു പോലത്തെ
കട്ടിമീശ
മുയലിന്റെ
കൊമ്പുള്ള മീശ
പാൽപ്പായസം പോലെ
വെളുത്ത മിശ

സ്വപ്‌നത്തിലേക്ക്
കത്രികകളും
കത്തികളും
കിലുങ്ങിക്കയറുന്നു
കാലുകൾ കെട്ടി
കൈകൾ കെട്ടി
വായിൽ തുണി തിരുകി
കണ്ണുകൾ കെട്ടി
അവർ വടിക്കുന്നു

മീശ പിന്നെയും
പൊടിച്ചു വരുന്നു
അവർ പിന്നെയും പിന്നെയും
വടിക്കുന്നു
മീശ പിന്നെയും പിന്നെയും
പൊടിച്ചു വരുന്നു…
വടിച്ചിട്ട രോമം കൊണ്ട്
മീശമലയുണ്ടാകുന്നു
മീശപ്പുഴയുണ്ടാകുന്നു
മീശക്കാറ്റ്
മീശ മഞ്ഞ്
മീശ ബീഡി
മീശച്ചാരായം
മീശക്കോടതി
മീശ സെക്രട്ടേറിയേറ്റ്
മീശപ്പോലീസ്
മീശപ്പട്ടാളം
ഹോട്ടൽ മീശ
മീശ ടെക്സ്റ്റൈൽസ്
മീശ ബുക്‌സ് സ്റ്റാൾ
മീശാസ് ഫാൻസി ആൻഡ്
സ്റ്റേഷണറി
മീശ കോൺസ്‌ട്രക്‌ഷൻസ്
മീശാ ട്രാവൽസ്
ന്യൂ മീശാ ബ്യൂട്ടി പാർലർ
മീശ ഫെസ്‌റ്റിവൽ
മീശക്കാർണിവൽ

ഉയരം കൂടുന്തോറും
മീശക്ക് ഉശിര് കൂടും
മീശ അതല്ലേ എല്ലാം
ജനകോടികളുടെ വിശ്വസ്‌ത മീശ
നമ്മുടെ നാടിന്റെ അഭിമാന മീശ

മീശപ്പഞ്ചായത്ത്
മീശ സംസ്ഥാനം
മീശ രാജ്യം
മീശ വൻകര
അനന്തമജ്ഞാനമവർണനീയം
ഈ മീശ ഗോളം തിരിയുന്ന മാർഗം

കണ്ടു കണ്ടങ്ങിരിക്കെ
കിനാവു മുറിഞ്ഞ്
കുത്തിപ്പിടിച്ചെഴുന്നേറ്റപ്പോൾ
പാറ്റ കരണ്ട
മീശ തടവി
ഞാൻ ഇതികർത്തവ്യതാ
മൂഢമീശസ്വർഗ
ചക്രവർത്തിയായി
സ്വയം പ്രഖ്യാപിക്കുന്നു

– ശിവപ്രസാദ് പാലോട്

1 Comment
  1. Anil 3 years ago

    Interesting!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account