മീശ എന്ന ഒരൊറ്റ പദത്തിലേക്ക് മലയാള സാഹിത്യമാകെ ചുരുങ്ങിപ്പോയ കുറച്ചു നാളുകളാണ് കഴിഞ്ഞു പോകുന്നത്. ഒരിക്കലും കെട്ടടങ്ങരുത് എന്ന് ഡി സി യും എസ് ഹരീഷും അതു പോലെ മറ്റു ചിലരും മുട്ടിപ്പായി പ്രാർഥിച്ചു കൊണ്ടിരിക്കുന്നതായ ഈ സമയത്ത് രണ്ടു മൂന്നു ചോദ്യങ്ങളുമായി പ്രത്യക്ഷപ്പെടേണ്ടത് ഒരു ചരിത്ര വിദ്യാർഥിയുടെ കടമയും ഉത്തരവാദിത്തവുമാണ്.

സത്യത്തിൽ ഇത്രമാത്രം ചർച്ച ചെയ്യാനും രോഷാകുലരാവാനും മാത്രം മീശയിൽ രോമങ്ങളുണ്ടോ എന്നതാണ് പ്രഥമ ചോദ്യം. എത്ര സൂക്ഷമമായി വായിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല എന്നു തന്നെയാണ് ഉത്തരം. ഹരീഷിനേപ്പോലെ പ്രതിഭയുള്ള ഒരെഴുത്തുകാരനിൽ നിന്ന് നാം പ്രതീക്ഷിക്കുന്ന വായനാസുഖവും സംവേദനക്ഷമതയുമുള്ള ഒരു നോവൽ എന്ന സാമാന്യ വായനക്കതീതമായി പ്രത്യേക രാഷ്‌ട്രീയ നിലപാടുകളോ സാഹിത്യ നിലപാടുകളോ ഒന്നുമില്ലാത്ത ഒരു സാധാരണ സൃഷ്‌ടി എന്നു മാത്രമേ പറയാനാവൂ. നോവലിനെക്കുറിച്ചുള്ള വിശദപഠനം മറ്റൊരു വിഷയമായതിനാൽ തൽക്കാലം അതിനിവിടെ മുതിരുന്നില്ല.

യഥാർഥത്തിൽ മീശ ഒരു പരീക്ഷണമാണ്. സാമാന്യ മലയാള വായനയെ നമുക്കൊന്നു വിശകലനം ചെയ്യാം. കേവലം മൂന്നു കോടി മനുഷ്യർ സംസാരിക്കുന്ന ഭാഷയാണ് മലയാളം. മറ്റു ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമെന്നു പറയാവുന്ന അത്രയും ചെറുത്. സ്വാഭാവികമായും ഒരു മലയാള നോവൽ പുസ്‌തകത്തിന്റെ വിൽപ്പന സാധ്യത (sales potential) പതിനായിരം കോപ്പി വരെയൊക്കെയാണ്. (അമ്പതിനായിരം, ഒരു ലക്ഷം കോപ്പികളൊക്കെ വിറ്റ ചില അസാധാരണ പുസ്‌തകങ്ങൾ മലയാളത്തിലുണ്ട് എന്നു പറയപ്പെടുന്നുണ്ടെങ്കിലും) വലിയ കമ്പനികളുടെ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവുകൾക്കറിയാം, സാധ്യമായ വിൽപന എത്തിക്കഴിഞ്ഞാൽ പിന്നെ ലക്ഷ്യം സാധ്യത വർദ്ധിപ്പിക്കലാണ് എന്ന്. അതിനായി കമ്പനി മുതലാളിമാർ എന്തു തന്ത്രവും പയറ്റും. അതായത് പുസ്‌തക നിർമാണവും വിൽപനയും ഒരു വ്യവസായമാണ് എന്നിരിക്കെ അത്തരമൊരു വ്യവസായിയുടെ ലക്ഷ്യം തീർച്ചയായും മൂന്നു കോടി കോപ്പികളുടെ വിൽപ്പനയാണ്. കഴിയുമെങ്കിൽ അതിലുമേറെ. പതിനായിരം കോപ്പി വാങ്ങുന്ന സ്ഥിരം ഉപഭോക്‌താക്കൾക്കപ്പുറം പുതിയ ഉപഭോക്‌താക്കളെ കണ്ടെത്താനുള്ള വിപണന തന്ത്രങ്ങൾ നടപ്പാക്കുന്ന ഒരു വ്യവസായിയെ പഴിക്കുന്നതിൽ ഒരർഥവുമില്ല എന്നാണ് തോന്നുന്നത്. ക്ലോസ് അപ് പേസ്റ്റു കൊണ്ടു പല്ലു തേച്ചാൽ വഴിയെ പോകുന്ന പെൺകുട്ടികൾ ഓടി വന്ന് ചുംബിക്കും എന്ന് പരസ്യം ചെയ്യുന്ന അത്രയും ലളിതമാണ് DC യുടെ മീശാന്വേഷണ പരീക്ഷണങ്ങളും.

അപ്പോൾ പിന്നെ ഇവരൊക്കെ പറയുന്ന സാമൂഹ്യ പ്രതിബദ്ധത, ആത്‌മാർഥത തുടങ്ങിയ സംഗതികളൊക്കെ നുണയാണെന്നാണോ? തീർച്ചയായും അല്ല. ഹിന്ദുസ്ഥാൻ ലിവർ, കിംഗ് ഫിഷർ, അദാനി, അംബാനിമാർ തുടങ്ങിയവരൊക്കെ അവരുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ഉപന്യസിക്കാറുള്ളത് നമുക്കറിയുന്ന കാര്യമല്ലേ? കാൻസറിന് കാരണമായേക്കാന്ന വസ്‌തുക്കൾ പുറം തള്ളുന്ന വ്യവസായ സ്ഥാപനത്തിന്റെ ഉടമകൾ ഫാക്റ്ററിയോടൊപ്പം കാൻസർ ആശുപത്രികളും സ്ഥാപിക്കുന്നതു പോലുള്ള ഒരു യുക്‌തിയാണത്. അതു കൊണ്ടു തന്നെ പുസ്‌തകമുണ്ടാക്കിയേക്കാവുന്ന സാമൂഹ്യ സാംസ്‌കാരിക പ്രതിഭാസങ്ങളൊന്നും പുസ്‌തക വ്യവസായ സംരംഭകൻ പരിഗണിക്കേണ്ടതില്ല എന്നത്രേ ലാഭാധിഷ്ഠിത കൊളോണിയൽ സമൂഹത്തിന്റെ പ്രവർത്തന സിദ്ധാന്തം.

എഴുതുന്നവനും വായിക്കുന്നവനും ലാഭം മാത്രമുള്ള ഈ വ്യവസ്ഥയിൽ എതിർക്കപ്പെടാനെന്തെങ്കിലുമുണ്ടോ എന്നൊരു ചോദ്യം കൂടി അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. തീർച്ചയായും ഒന്നുമില്ല. സാഹിത്യം ഇപ്പോൾ കേവലം വിപണിയുൽപ്പന്നമാണ്. അത് എന്തെങ്കിലും സാമൂഹ്യ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതായോ വിപ്ലവങ്ങൾക്കു പ്രചോദനമാകുന്നതായോ ഒരു സൂചനയും നമുക്ക് ലഭ്യമല്ല. മറ്റെല്ലാത്തിനേയും പോലെ വെറും എന്റർടെയിനർ എന്ന നിലക്കാണ് സാഹിത്യം പരിഗണിക്കപ്പെടുന്നത്. ആ സ്ഥിതിക്ക് സാധ്യമായ എല്ലാത്തരം മസാലക്കൂട്ടുകളും ചേരുംപടി ചേർത്ത് പ്രീമിയം വിലയിട്ട് വിൽക്കുന്നതു തന്നെയാണ് ഉൽപാദകനും ഉപഭോക്‌താവിനും ഇടനിലക്കാരനും പ്രയോജനകരം. എത്ര പ്രകീർത്തിച്ചാലും മലയാളിയുടെ സ്വതസിദ്ധമായ വോയേറിക് സ്വഭാവത്തിന് ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല എന്നതിന്റെ ഏറ്റവും കൃത്യമായ സാക്ഷ്യപത്രമത്രേ മീശ നമുക്കു നൽകുന്നത്.

ഒക്കെയും ശരിയാവുമ്പോൾ പിന്നെന്താണ് പ്രശ്‌നം എന്നതാണ് അവസാനത്തെ ചോദ്യം. മലയാള സാഹിത്യം കടന്നു വന്ന വഴികളിൽ വെൺമണി സാഹിത്യവും അച്ചീചരിതങ്ങളും അരങ്ങുവാണ അത്ര പഴക്കമില്ലാത്ത ഒരു കാലഘട്ടമുണ്ടായിരുന്നു. ഒരേ അച്ചിൽ വാർത്ത അവയൊക്കെയും നില നിന്നതും അതിജീവിച്ചതും അവയിലെ പ്രമേയത്തിന്റെ രുചിയും മണവും കൊണ്ടു തന്നെയായിരൂന്നു. ആവർത്തിച്ച് അനുകരിച്ച് ഭാഷയേയും സാഹിത്യത്തേയും മുന്നോട്ടു പോകാൻ സമ്മതിക്കാതെ തടഞ്ഞു നിർത്തുന്നതിൽ  അച്ചീചരിതങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. തീർച്ചയായും മുഖ്യധാരാ മലയാള സാഹിത്യത്തിൽ പോർണോഗ്രഫിയോളമെത്തുന്ന ലൈംഗിക വർണനകളുടേയും തെറി പ്രയോഗങ്ങളുടേയും ഒരു പ്രളയം തുറന്നു പറച്ചിൽ എന്ന വ്യാജേന ഉണ്ടാവാനിടയുണ്ട്. ആ വിപരീത വളർച്ചയെ നേരിടാനും അതിജീവിക്കാനും നമുക്കു സാധ്യമാകുമോ എന്ന ഒരു ചരിത്ര വിദ്യാർഥിയുടെ ആശങ്ക മാത്രമാണ് ആ ചോദ്യം എന്നു വിചാരിച്ചാലും വിരോധമില്ല.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account