അദ്ധ്യായം 7 –
അരുണിന്റെ വീട്…
പാട്ടു മൂളി കണ്ണാടിയിൽ നോക്കി മുടി ചീകുന്ന അരുണിന്റെ കയ്യിൽ ലക്ഷ്മി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് വിഷ്ണു കുറിച്ചു കൊടുത്ത മരുന്ന് ലിസ്റ്റും അഞ്ഞൂറ് രൂപയും കൊടുത്ത് ഗീത പറഞ്ഞു
“ഷുഗറിന്റെ ഗുളിക മാത്രം വാങ്ങണ്ട, ബാക്കിയെല്ലാം വേണം. നിയ്യേ നശിച്ചു, മാഷിന്റെ മകനേയും നിന്റെ കൂടെ കൂട്ടി നശിപ്പിക്കരുത് ”
അമ്മയുടെ വാക്കുകൾ കേട്ട് അരുൺ പിറു പിറുത്തു..
“ഉവ്വേ, ഉവ്വേ, അപ്പോൾ ഞാൻ, ഞാനാണ് നിന്നെ… ങ്ം ങ്ം … അല്ലാതെ നീ അല്ല…, അല്ലേ ? പണ്ട് പറങ്കി കാട്ടിൽ വച്ച് കള്ളു കുടിക്കാനും, സിഗരറ്റ് വലിക്കാനും എന്നെ പഠിപ്പിച്ച ആദ്യ ഗുരു നിയ്യാണ്..! പിന്നിട് ജോലിക്കൊന്നും പോകാതെ “തെരുവിൽ തെണ്ടി നടക്കാനും ” എന്നെ പഠിപ്പിച്ചു..”
ബൈക്കിന്റെ ഹോൺ ശബ്ദം കേട്ട് അരുൺ പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് അക്ഷമനായി നിൽക്കുന്ന വിവേകിനെയാണ്.
കൊളവൻ മൊക്ക് ലക്ഷ്യമാക്കി പഞ്ചായത്ത് പാതയിലൂടെ അമിത വേഗത്തിലുള്ള ബൈക്ക് യാത്ര. കൊല്ലാനാണോ വളർത്താനാണോ കൊണ്ട് പോകുന്നത് എന്നറിയാതെ ധൈര്യം നടിച്ച് പിൻ സീറ്റിൽ ഇരിക്കുന്ന അരുൺ.
രാജേഷ് സ്മാരക ബസ്സ് സ്റ്റോപ്പിന്റെ മുമ്പിൽ ബൈക്ക് നിർത്തിയിട്ട് വിവേക് ചോദിച്ചു
“ചേട്ടാ, പച്ചക്കിളി പോയോ”
യാത്രക്കാരിൽ ഒരാൾ ഇടതു കൈയ്യിൽ കെട്ടിയ വാച്ചിൽ സൂക്ഷിച്ചു നോക്കി..
“ഇപ്പോ വരും”
(തുടരും…)