ആദ്യംകണ്ട കടലിനെ ആര്‍ക്കെങ്കിലും മറക്കാനാവുമോ! സങ്കല്‍പ്പങ്ങളെല്ലാം കൂടിച്ചേര്‍ന്ന് മൂര്‍ത്തരൂപം പ്രാപിച്ചതാണത്. ജയനും രതീഷും സീമയുമൊക്കെ കടല കൊറിച്ച് പാട്ടും പാടി നടന്ന സിനിമകളിലെ അസ്‌തമയച്ചുവപ്പ്. മണലില്‍ അവര്‍ കെട്ടിയുണ്ടാക്കിയ നനഞ്ഞ കൊട്ടാരങ്ങള്‍. നേരത്തെതന്നെ കടല്‍കണ്ട ചേച്ചി ഹസീന പറഞ്ഞുതന്ന കടല്‍ക്കഥകള്‍ കേട്ടപ്പോള്‍ കാതങ്ങള്‍ക്കകലെ നിന്ന് കടലിരമ്പം ചെവികളിലെത്തിയിരുന്നു. അറ്റം കാണാതെ പരന്നു കിടക്കുന്ന കടല്‍, ദൂരെ ആകാശം തൊടുന്നപോലെ മേഘങ്ങളിറങ്ങുന്ന ചക്രവാളം, ചെറുമീനുകളും കക്കകളും ശംഖും മണലിലേക്കെറിഞ്ഞു കുസൃതി കാണിക്കുന്ന തിരമാലകള്‍… അവളുടെ വാക്കുകളില്‍ കടല്‍ നിറഞ്ഞു. വല നന്നാക്കുന്ന മുക്കുവരുടെ കുടിലുകളും കടലില്‍ എറിയുന്ന നാണയത്തുട്ടുകള്‍ പെറുക്കിയെടുക്കാന്‍ മത്‌സരിക്കുന്ന മുങ്ങാങ്കുട്ടികളെയും അവള്‍ കണ്ടിട്ടുണ്ട്.

സ്വപ്‌നങ്ങളില്‍ കടലിരമ്പിക്കൊണ്ടിരിക്കെ ഒരുനാള്‍ കടല്‍ കാണാന്‍ പോവാമെന്ന് ആപ്പ ഉറപ്പു തന്നു. ഓഫീസിന്‍റെയും വീടിന്‍റെയും ഒടുങ്ങാത്ത തിരക്കുകള്‍ക്കിടയില്‍ ആ യാത്ര ഓരോ തവണയും മുടങ്ങിക്കൊണ്ടിരിക്കേ രാത്രിയുറക്കങ്ങളില്‍ ഞാനൊരുപാടു തവണ കടലിനെ സ്വപ്‌നം കണ്ടു. സ്വപ്‌നങ്ങള്‍ അപകടകാരികളാണ്. ഇല്ലാത്തതും നടക്കാത്തതും നമ്മുടെയുള്ളില്‍ കുത്തിനിറച്ച് ഓരോ ഉണര്‍ച്ചയിലും നമ്മെ വേദനിപ്പിച്ചു കൊണ്ടിരിക്കും. വൈകിയുണരുന്ന ആ പ്രഭാതങ്ങളില്‍ നിരാശക്കടലില്‍ വീണ് ഞാനാകെ കുതിര്‍ന്നു വീര്‍ത്തു. ഒടുവില്‍ ഒരു അവധി ദിവസം, ഒരിക്കലും ലീവില്ലാത്ത ഉമ്മയുടെ അടുക്കളയ്ക്കും ആപ്പയുടെ ഓഫീസ് മുറിക്കുമിടയില്‍ നിന്ന് ഞങ്ങള്‍ വല്യുപ്പയുടെ പച്ച നിറമുള്ള അംബാസഡറില്‍ പുറപ്പെട്ടു. അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ ആ സന്തോഷകരമായ യാത്രയ്ക്ക്. അതുവരെ യാതൊരു കുഴപ്പവുമില്ലാതിരുന്ന പുത്തന്‍ കാര്‍ കുറച്ചു കിലോമീറ്ററുകള്‍ പോയപ്പോഴേക്ക് അപശബ്‌ദങ്ങള്‍ പുറപ്പെടുവിച്ച് നിശ്ചലമായി. ഡ്രൈവര്‍ അബ്ബാസ്ക്ക പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മൂപ്പര്‍ക്ക് ഒരു കുലുക്കവുമില്ല. വര്‍ക്ക്ഷോപ്പ് കുറേ ദൂരെയാണ്. അവിടെപ്പോയി ആളെ വിളിച്ചു കൊണ്ടുവരുമ്പോഴെല്ലാം യാത്ര മുടങ്ങല്ലേ എന്നു പ്രാര്‍ത്ഥിച്ച് വഴിവക്കിലെ ബസ് സ്റ്റോപ്പിലിരിക്കുകയായിരുന്നു ഞങ്ങള്‍. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ചുവരില്‍ നീലച്ചായം കൊണ്ട് വരച്ചിട്ട രണ്ടില ചിഹ്നത്തിലേക്ക് നോക്കുമ്പോഴെല്ലാം കടല്‍നീലം ഉള്ളില്‍ തെളിഞ്ഞു. മെക്കാനിക്ക് വന്നു, കാര്‍ വര്‍ക്ക്ഷോപ്പിലേക്കെടുത്തേ പറ്റൂ എന്നു തീരുമാനമറിയിച്ചതോടെ നിരാശയുടെ തിരമാലകള്‍ ഉള്ളിലിരമ്പിയാര്‍ത്തു.

പിന്നെയും ഓരോ കാരണങ്ങളായി കടല്‍ക്കാഴ്‌ച്ചയകന്നു പോയി. ആപ്പയുടെ തിരക്കുകള്‍, അടുത്ത ബന്ധുക്കളുടെ കല്യാണം, വല്യുമ്മയുടെ അസുഖം … ഒടുവിലൊരു വേനലൊഴിവില്‍ ഇളം പച്ച നിറമുള്ള, തുറവിയുള്ള ഒരു ജീപ്പില്‍ കടല്‍ തേടിപ്പോകുമ്പോള്‍ മീശക്കാരനായ ഡ്രൈവര്‍ തമാശക്കഥകള്‍ പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു. നിറയെ കാറ്റും വെളിച്ചവുമുള്ള, താഴ്ന്ന സീറ്റുകളുള്ള, ധാരാളം സ്ഥലമുള്ള ആ വാഹനം ഒരു കളിപ്പാട്ടം പോലെ രസകരമായിരുന്നു. കുപ്പിവെള്ളം വാങ്ങാന്‍ കിട്ടുന്ന കാലമല്ലാത്തതിനാല്‍ കാനുകളില്‍ കുടിവെള്ളവും പഴങ്ങളുമൊക്കെയായിട്ടായിരുന്നു ആ കോഴിക്കോടന്‍ യാത്ര. ഉച്ചഭക്ഷണത്തിന്‍റെ ആലസ്യത്തില്‍ ചാരിയിരുന്നു മയങ്ങവേ ആപ്പ ചുമലില്‍ തട്ടി വിളിച്ചു..

‘നോക്ക്..ഇതാണ് കടല്‍..’ വിശ്വസിക്കാനായില്ല. തിളങ്ങുന്ന വെയിലില്‍ പരന്നുകിടക്കുന്ന വെള്ളത്തിന്‍റെ, വെട്ടിത്തിളങ്ങുന്ന അടരുകള്‍. തീക്ഷ്‌ണമായ വെയിലില്‍ കണ്ണഞ്ചിപ്പോയി. ആകാശവും കടലും ചേരുന്നിടത്ത് മേഘങ്ങള്‍ വെയിലിനെ ഉമ്മ വെയ്ക്കാൻ വെമ്പുന്നപോലെ. മുക്കുവരുടെ ചെറുതോണികള്‍ കറുത്ത പൊട്ടുകളായി തിരകളില്‍ ചാഞ്ചാടി. വെളുത്ത നുരയണിഞ്ഞ് ഹുങ്കാരത്തോടെ വരുന്ന തിരമാലകള്‍ക്ക് അവസാനമേയില്ല. മത്‌സ്യകന്യകകള്‍ നിലാവില്‍ വന്നിരിക്കുന്ന, തിമിംഗലങ്ങള്‍ പൂക്കുറ്റിപോലെ വെള്ളം ചിതറിച്ചു നീന്തുന്ന, കപ്പലുകള്‍ അറിയാതീരങ്ങളിലേക്കു പോകുന്ന, സ്രാവുകള്‍ ഇര തേടി നടക്കുന്ന അറബിക്കടല്‍. അത്‌ഭുതവും ഭയവും സന്തോഷവും കൊണ്ട് വീര്‍പ്പുമുട്ടി. കടല്‍ നോക്കിത്തീര്‍ക്കാന്‍ രണ്ടു കണ്ണുകള്‍ പോരാത്തതു പോലെ. കുറേസമയം കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്നു. മണലില്‍ പാദങ്ങള്‍ പുതഞ്ഞു. കാറ്റിന് മത്‌സ്യഗന്ധമായിരുന്നു. സമീപപ്രദേശത്തു താമസിക്കുന്ന ബന്ധുവീട്ടില്‍ പോവണമെന്ന് ആപ്പയും ഉമ്മയും നേരത്തെ പറഞ്ഞതാണ്. പക്ഷേ കടല്‍ത്തീരം വിട്ടുപോകാന്‍ എനിക്കൊട്ടും താല്‍പര്യമില്ലായിരുന്നു. വൈകിട്ട് അസ്‌തമയം കാണാന്‍ വരാമെന്നു പറഞ്ഞ് കടലിനോട് യാത്ര പറയുമ്പോള്‍ സങ്കടം തോന്നി.

സല്‍ക്കാരപ്രിയരായ ബന്ധുവീട്ടുകാര്‍ വിടുന്ന മട്ടില്ലായിരുന്നു. കുറഞ്ഞ സമയം കൊണ്ട് കുറെ വിഭവങ്ങളൊരുക്കി അവര്‍ സ്‌നേഹപൂര്‍വ്വം ഞങ്ങളെ കഴിപ്പിച്ചു കൊണ്ടേയിരുന്നു. നേരമിരുണ്ടു, മനസ്സും. കുടുംബനാഥന് എന്തോ പന്തികേടു തോന്നി കാര്യം തിരക്കി. അസ്‌തമയം കാണാമെന്നു പറഞ്ഞിരുന്നുവെന്ന് ആപ്പ നിസ്സഹായതയോടെ അറിയിച്ചപ്പോള്‍ വീടിന്‍റെ ടെറസിലേക്ക് ഞങ്ങളെ കൊണ്ടുപോയി ബൈനോക്കുലറെടുത്ത് അസ്‌തമയം കാണിച്ചു തരാന്‍ സ്‌നേഹസമ്പന്നനായ ആ ഗൃഹനാഥന്‍ ശ്രമിച്ചു. പക്ഷേ ഇരുള്‍ വന്നു മൂടിയിരുന്നു. ആ വീട്ടിലെ വൈദ്യുതിവെളിച്ചത്തില്‍ നിന്നു ഓടിരക്ഷപ്പെടണമെന്നു തോന്നി എനിക്കപ്പോള്‍. ഇനിയൊരിക്കല്‍ അസ്‌തമയം കാണിച്ചു തരാമെന്നു പറഞ്ഞ് മടക്കയാത്രയില്‍ പരിഭവത്തിന്‍റെ നീര്‍ക്കുമിളകള്‍ പൊട്ടിക്കാന്‍ ആപ്പ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതുതന്നെ എത്രപ്രാവശ്യം മുടങ്ങിപ്പോയി. ഇനിയൊരു വരവുണ്ടാവില്ലെന്നൊക്കെ മനസ്സ് സങ്കടപ്പെട്ടുകൊണ്ടേയിരുന്നു. കടല്‍ത്തീരം വഴി കടന്നു പോകുമ്പോഴേക്ക് നിരാശകൊണ്ടു മയങ്ങിപ്പോയിരുന്നു ഞാന്‍.

‘നോക്ക്.. കടലില്‍ നിലാവു വീഴുന്നത് കണ്ടോ…’ ആപ്പയുടെ ശബ്‌ദം എന്നെയുണര്‍ത്താതിരുന്നില്ല. അതുപോലൊരു കാഴ്ച്ച  മുമ്പൊരിക്കലും എന്നെ വിസ്‌മയിപ്പിച്ചിട്ടില്ല. ഉച്ചയ്ക്കു കണ്ട കടലല്ല നിലാവില്‍ വെട്ടിത്തിളങ്ങുന്ന ഈ കടല്‍. പാല്‍ കോരിയൊഴിച്ചതുപോലെ. സീതാലക്ഷ്‌മി ടീച്ചര്‍ പറഞ്ഞു തന്ന പാലാഴി മുന്നില്‍ നിവര്‍ന്നു കിടക്കുകയാണ്. ആളും അനക്കവുമില്ല. തിരമാലകളുടെ നിലക്കാത്ത ശബ്‌ദം മാത്രം. വെളുത്ത മണല്‍പ്പരപ്പും അതിരിടുന്ന കാറ്റാടി മരങ്ങളുടെ ഇരുണ്ട നിഴലുകളും. നിലാവു തൂവിയ ആ കടല്‍ ഉള്ളിലുള്ള എന്തിനെയൊക്കെയോ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. മത്‌സ്യകന്യകമാര്‍ മിത്തല്ല, യാഥാര്‍ത്ഥ്യം തന്നെയെന്നുറപ്പു തോന്നി. ചുഴികള്‍ക്കിടയില്‍ അവരുടെ കൊട്ടാരങ്ങളുടെ വാതിലുകള്‍ മറഞ്ഞുകിടപ്പുണ്ടെന്നും ഇഷ്‌ടപ്പെട്ടവരെ അവര്‍ ചുഴിയില്‍പ്പെടുത്തി സ്വന്തമാക്കുമെന്നും ഞാനുറപ്പിച്ചു. വേര്‍തിരിച്ചറിയാനാവാത്ത ഒരു ഭയം പാമ്പിന്‍ കുഞ്ഞിനെപ്പോലെ തണുപ്പോടെയിഴഞ്ഞു. ജീവിതത്തിനപ്പുറത്തെഎന്തിനെയൊക്കെയോ ആ കടല്‍ ഓര്‍മ്മിപ്പിച്ചു. വേര്‍തിരിച്ചറിയാനാത്ത, അവ്യക്‌തമായ ആ ചിന്തകള്‍ക്ക് പ്രപഞ്ചത്തിന്‍റെ, മരണത്തിന്‍റെ, സ്വര്‍ഗ്ഗനരകങ്ങളുടെ നിഗൂഢതകളുടെ ഇരുട്ടുണ്ടായിരുന്നു.

‘കടല്‍ കാണുമ്പോള്‍ ഇപ്പോള്‍ ഒരു പേടി തോന്നുന്നു, അല്ലേ..’ ആപ്പയും എന്തോ ആലോചിക്കുന്നതു പോലെ. ഞാനൊന്നും പറഞ്ഞില്ല. ലോകത്തിന്‍റെ നിഗൂഢതകള്‍ക്ക് ആപ്പയെ വിട്ടുകൊടുക്കേണ്ടിവരുമെന്ന ആധിയോടെ ആ ചൂടുള്ള വിരലുകളില്‍ പിടിമുറുക്കുക മാത്രം ചെയ്‌തു.

– ഷീബ ഇ.കെ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account