“ആ പ്രഭാതത്തില്‍ നെടുമ്പാശ്ശേരിയിലേക്കു  പോകുന്ന  മധുരനാരങ്ങയുടെ നിറമുള്ള ബസ്സില്‍ ഒരു ശീതീകരണിക്കും തണുപ്പിക്കാനാവാത്ത  നെടുവീര്‍പ്പുകളുടെയും കണ്ണീരിന്റെയും  താപം തിരിച്ചറിയാനായി. ശാപം കിട്ടിയ ജന്മങ്ങളാണ്  ഓരോ  പ്രവാസിയും എന്ന്  ഉള്ളിലിരുന്നാരോ കണ്ണീരൊഴുക്കിക്കൊണ്ടേയിരുന്നു”.

വീട്ടില്‍ ഏറെ പ്രിയതരമായ ഇടം ഏതെന്നു ചോദിച്ചാല്‍ പെട്ടെന്നൊരുത്തരം പറയാനാവില്ല. പ്രഭാതങ്ങളിലുണരുമ്പോള്‍ ‘എന്റെ  ആത്‌മാവിലിന്ന്  സൂര്യവെളിച്ചമുണ്ട്’ എന്ന്  മഞ്ഞുതുള്ളികളുടെ നൈര്‍മ്മല്യവുമായി ജനാലയില്‍ ചിരിക്കുന്ന പോസ്റ്റര്‍.  വെള്ളത്തുള്ളി ഇലയില്‍ കാത്തുവച്ചു പടർന്നു തുടങ്ങിയ  മണിപ്ലാന്റും  ചൈന  മുളയും  വളരുന്ന  ജാലകപ്പടികളുള്ള  കിടപ്പുമുറി. എന്നെക്കാള്‍  പ്രായമുണ്ട്  എന്റെ  വീടിന്. പിറന്നു  വീണത്  ഇവിടെ, വളര്‍ന്നതും പഠിച്ചതും വായിച്ചതും  എഴുതിയതും  ഇവിടെ. ഇവിടെ എന്താണ്  പ്രിയപ്പെട്ടതല്ലാത്തതായി ഉള്ളത്…

അടുക്കളയിലെ ചെറിയ സ്റ്റൂളിലിരുന്ന് രാവിലെ ഉമ്മ പാത്രത്തിലേക്കിട്ടു തരുന്ന ചൂടൻ ദോശകള്‍. പാചകപരീക്ഷണങ്ങള്‍ക്കിടം തരുന്ന ഈ അടുക്കള അതെത്ര പഴയതാണെങ്കിലും പ്രിയങ്കരം തന്നെ. വൈകുന്നേരങ്ങളില്‍ എല്ലാവരുമിരുന്നു  സൊറപറഞ്ഞിരുന്ന  ചാമ്പയും  പേരയും ചെറിമരവുമുള്ള വീട്ടുമുറ്റം. വീട് തരുന്ന തണല്‍, സ്വപ്‌നങ്ങള്‍, ആധികള്‍, പ്രതീക്ഷകള്‍ ഒന്നിനെയും വേര്‍തിരിച്ചെടുക്കാനാവില്ല. വേരാഴമുള്ള ഒരു വന്‍മരമായി വീടും നാടും  ഉള്ളില്‍പ്പടര്‍ന്നു കിടക്കുകയാണ്. ദീര്‍ഘകാലം വീട് വിട്ടുപോയി താമസിക്കേണ്ടി വന്നിട്ടില്ല  എവിടെയും. എങ്കിലും  ഒന്നോ രണ്ടോ ദിവസത്തേക്ക്, അല്ലെങ്കില്‍  ആഴ്ച്ചയിലേക്ക്  വീടിനെയും നാടിനെയും പിരിയേണ്ടി വരുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന സംഘര്‍ഷം. അതാലോചിക്കുമ്പോഴാണ് പ്രവാസിയുടെ വിങ്ങലുകളുടെ ഭീകരത ഉള്ളിലേക്കു കടന്നു  വരുന്നത്.

പ്രവാസികള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് മലപ്പുറം. കുട്ടിക്കാലം മുതല്‍ ഗള്‍ഫുകാരെയും  അവരുടെ ജീവിതവും കണ്ടാണ് വളര്‍ന്നത്.  കൂട്ടുകാരെയും കുടുംബത്തെയും പിരിഞ്ഞ്  ജോലി  ചെയ്യാന്‍ നിര്‍ബന്ധിതരായി കടല്‍ കടക്കുന്ന യുവാക്കള്‍. അവരെ  പിരിയുമ്പോള്‍  വീട്ടുകാരിലുണ്ടാവുന്ന വേദന, ഇണയുടെ വിരഹം, മക്കളുടെ ഒറ്റപ്പെടലും കാത്തിരിപ്പും..

കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകളിലെല്ലാം പ്രവാസികള്‍ ധാരാളമുണ്ടായിരുന്നു.  അതോടൊപ്പം തന്നെ വിവാഹം കഴിഞ്ഞു അന്യനാട്ടിലേക്കു കുടിയേറുന്ന പെണ്‍കുട്ടികളുടെ  വേദനകളും അടുത്തുനിന്നു കണ്ടറിയാനായി. കടല്‍  കടന്നു  പോകുന്ന  യുവാക്കള്‍ക്കു  കിട്ടുന്ന  അനുതാപമോ  സ്‌നേഹമോ പോലുമില്ലാതെ  നാടുകടത്തപ്പെടുന്ന പ്രവാസികളായിരുന്നു  പെണ്‍കുട്ടികള്‍. അവള്‍ക്കു സങ്കടം പുറത്തു  കാണിക്കാന്‍ വയ്യ. കരയാന്‍ പാടില്ല. സമരസപ്പെടാന്‍  മാത്രമേ അനുവാദമുള്ളൂ. അതെല്ലാം കണ്ടുവളര്‍ന്നതു കൊണ്ടാവണം  പ്രവാസജീവിതത്തോട്  ഒരിക്കലും താല്‍പര്യം തോന്നിയിട്ടില്ല.

കുറച്ചു ദിവസങ്ങളിലേക്ക് വീടു വിട്ടു പോകുമ്പോള്‍ എന്തെന്നറിയാത്ത ഒരാധിയും വിങ്ങലും  ദിവസങ്ങള്‍ക്കു മുമ്പേ ഉള്ളില്‍  പത്തി  വിടര്‍ത്തിത്തുടങ്ങും. ചെയ്യുന്ന ജോലികളില്‍ ശ്രദ്ധ  കുറയും. ഭക്ഷണം കഴിക്കാന്‍ താല്‍പര്യമില്ലാതെയാവും. എന്തൊക്കെയോ ജോലികള്‍ ചെയ്‌തു തീര്‍ക്കാനുണ്ടെന്നു മനസ്സു വെമ്പും. ഇനിയും അടയ്ക്കാനുള്ള എന്തെങ്കിലും ബില്ലുകള്‍, വില്ലേജിലോ മുനിസിപ്പാലിറ്റിയിലോ ബാങ്കിലോ കൊടുത്തു ശരിയാക്കാനൂള്ള രേഖകള്‍, വീടിന്റെ മുക്കിലോ മൂലയിലോ വൃത്തിയാക്കാന്‍ മറന്നു പോയ ഇടങ്ങള്‍, ഓഫീസില്‍ എന്തെങ്കിലും  പ്രയാസങ്ങള്‍…  അങ്ങനെ എന്തിനെയൊക്കെയോ മനസ്സ് വേവലാതിപ്പെടും. ഒരാളുടെ അഭാവം  മൂലം ലോകത്തിനൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നറിയാഞ്ഞിട്ടല്ല. സ്വന്തമായ  ഇടങ്ങളില്‍ നിന്നു മാറിനില്‍ക്കേണ്ടി വരുന്നതിന്റെ പ്രയാസങ്ങളാണീ വേവലാതികളെന്നു  തിരിച്ചറിയാനാവുന്നുണ്ട്. എന്നിട്ടും എന്നും നടന്നു പോകുന്ന വഴിയിലൂടെ നടക്കുമ്പോള്‍  ഇനിയെന്നാണിങ്ങനെയൊന്നൊരു ചോദ്യം വെറുതെ തികട്ടി വരും. പെരിന്തല്‍മണ്ണ  മാര്‍ക്കറ്റിലെ  സായാഹ്നബഹളങ്ങളിലേക്ക്, ഒലിവ്  സൂപ്പര്‍മാര്‍ക്കറ്റിലെ അലസ വൈകുന്നേരങ്ങളിലേക്ക്,  ഡി സി ബുക്ക്‌സിന്റെ പുസ്‌തക നിരകളിലേക്ക്, സരോജ് ഹോട്ടലിലെ മസാല ദോശ ഗന്ധങ്ങളിലേക്ക്, ഓഫീസിന്റെ ചൂടുള്ള  ഉച്ചത്തിരക്കിലേക്ക്, കെ എസ് ആര്‍ ടി സി ബസ്സിന്റെ വിന്‍ഡോ സീറ്റിന്റെ സ്വകാര്യതയിലേക്ക്, വീടിന്റെ  പരാതികളിലേക്കും  ദൈനംദിനജോലികളിലേക്കും  എപ്പോളാണെത്തുക എന്നൊരു നഷ്‌ടബോധം എല്ലാ ആഹ്ലാദങ്ങള്‍ക്കും മീതെ പൊടിച്ചു നില്‍ക്കും. എങ്കിലും ദൂരെയിരുന്ന്  വീടിനെക്കുറിച്ചോര്‍ക്കുന്നത് വല്ലാത്തൊരു  സാന്ത്വനവുമാണ്. ഞാനില്ലാത്ത എന്റെ  കിടപ്പുമുറി, യാത്ര പോരുമ്പോള്‍ അയയില്‍ ഉണങ്ങാനിട്ട ഉടുപ്പുകള്‍, തേടി  വരുന്ന കത്തുകളും തപാലുകളും, ചെറിയ ഇടവേളയിലേക്കെങ്കിലും നഷ്‌ടമാവുന്ന  പരിചിതമുഖങ്ങള്‍, പച്ചമാങ്ങയും മുരിങ്ങക്കായയുമിട്ട് കൊതിപ്പിക്കുന്ന എരിവും പുളിയുമുള്ള  മീന്‍കറി, അങ്ങനെ ചെറിയകാര്യങ്ങളെക്കുറിച്ചോര്‍ക്കാനപ്പോള്‍ മാത്രമേ കഴിയൂ.

വര്‍ഷങ്ങളോളം വീടിനെയും നാടിനെയും പിരിഞ്ഞു നില്‍ക്കുന്നവരുടെ നൊമ്പരങ്ങള്‍      അതുകൊണ്ടൊക്കെത്തന്നെ വല്ലാതെ അലട്ടാറുമുണ്ട്. മലപ്പുറത്തെ കെ എസ് ആര്‍ ടി സി  ബസ് സ്റ്റാൻഡ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഒരു ചെറുപതിപ്പാണ്. രാവിലെ  ബസ്  യാത്രയില്‍  പതിവായി കാണുന്ന കാഴ്ച്ചയാണ് നെടുമ്പാശ്ശേരി  എയര്‍പോര്‍ട്ടിലേക്കു  പോകുന്ന  ലോ  ഫ്‌ളോര്‍  ബസ്. അതിനകത്തു നിറയെ പ്രവാസികളാണ്. പുറത്ത് അവരെ യാത്രയാക്കാനായി  കുടുംബമൊട്ടാകെ എത്തിയിട്ടുണ്ടാകും. ഓരോ ദിവസവും കണ്ണുനനയിപ്പിക്കുന്ന  കാഴ്ച്ചകളുണ്ടാവും.

ഒരിക്കല്‍  ചെറുപ്പക്കാരനായ  ഒരച്ഛന്‍  രണ്ടോ  രണ്ടരയോ  വയസ്സു  പ്രായം  വരുന്ന  ഓമനകളായ  ഇരട്ടക്കുഞ്ഞുങ്ങളുടെ മുമ്പില്‍ മുട്ടുകുത്തിയിരുന്ന് കവിളുകളില്‍ മാറിമാറി ചുംബിക്കുന്നതു  കണ്ടു. എത്ര ദിവസം കഴിഞ്ഞാലാണ്  കുഞ്ഞുങ്ങളെപ്പിരിഞ്ഞതിന്റെ  അസ്വസ്ഥത  അയാളില്‍  നിന്നകന്നു പോവുകയെന്ന് അന്നു മുഴുവന്‍ ഓര്‍ത്തു.

മറ്റൊരിക്കല്‍  ഇരുപത്തിനാലു വയസ്സു വരുന്ന ഒരു യുവാവിന്റെ നിഷ്‌കളങ്കമായ മുഖം. അവനെ  യാത്രയയക്കാനെത്തിയിരിക്കുന്നത്  അൽപ്പം പ്രായം ചെന്ന മാതാവും കുട്ടിത്തം വിടാത്ത  ഭാര്യയും നാലു മാസം പ്രായം വരുന്ന കുഞ്ഞും. ബസ് കയറിയപ്പോള്‍ത്തന്നെ അവന്‍ അവരോട്  പോകാന്‍ ആംഗ്യം കാണിക്കുന്നുണ്ട്. അവരുടെ മുഖത്തു നോക്കാന്‍ അവനാവുന്നില്ല. ബസ്  എടുക്കാതെ പിന്‍തിരിയാന്‍ അവര്‍ക്കുമാവുന്നില്ല. ഒടുവില്‍ ബസിന്റെ വലിയ ചില്ലു  ജാലകത്തില്‍ മുഖം ചേര്‍ത്ത് അവന്‍ കൈകൊണ്ട് പോകാന്‍ ആംഗ്യം കാണിച്ചു. അവര്‍ക്ക്  അവന്റെ  മുഖം കാണുന്നില്ലെങ്കിലും എനിക്കത് വളരെ വ്യക്‌തമായിരുന്നു. ടവ്വല്‍  കടിച്ചു  പിടിച്ച്  അവന്‍ പൊട്ടിപ്പൊട്ടിക്കരയുകയാണ്. കവിളിലൂടെ ചാലിട്ടൊഴുകുന്ന കണ്ണുനീര്‍ വീണ് അവന്റെ  നെഞ്ചു പൊള്ളി. അവന്റെ ശരീരം വിറയ്ക്കുന്നതു കണ്ടാവണം ബസ്സിനു   പുറത്തു ചില്ലില്‍ കൈവച്ച് ആ ഉമ്മയും ഭാര്യയും വിങ്ങിക്കരയാന്‍ തുടങ്ങിയിരുന്നു. ഒന്നുമറിയാത്ത ആ പിഞ്ചു കുഞ്ഞു മാത്രം അത്‌ഭുതത്തോടെ ചുറ്റുമുള്ള ലോകത്തോടു  പുഞ്ചിരിച്ചു കൊണ്ടിരുന്നു.

ആ ദിവസം മുഴുവന്‍  ഭാരം കയറ്റി വച്ചതുപോലെ  ഹൃദയം  വിങ്ങിക്കൊണ്ടിരുന്നു. ഒന്നുറക്കെക്കരയാന്‍, എന്തൊക്കെയോ അപ്രീതികളില്‍ നിന്ന്, നിസ്സഹായതകളില്‍  നിന്നു മുക്‌തി നേടാനാവാതെ ഞാന്‍ വലഞ്ഞു. ആ പ്രഭാതത്തില്‍ നെടുമ്പാശ്ശേരിയിലേക്കു  പോകുന്ന  മധുരനാരങ്ങയുടെ നിറമുള്ള ബസ്സില്‍ ഒരു ശീതീകരണിക്കും തണുപ്പിക്കാനാവാത്ത  നെടുവീര്‍പ്പുകളുടെയും കണ്ണീരിന്റെയും താപം തിരിച്ചറിയാനായി. എല്ലാ കാല്‍പ്പനികതകളും  മറന്ന് അന്നേരം ഞാന്‍ പ്രവാസത്തെ വല്ലാതെ വെറുത്തു. ശാപം കിട്ടിയ ജന്മങ്ങളാണ്  ഓരോ  പ്രവാസിയും എന്ന്  ഉള്ളിലിരുന്നാരോ കണ്ണീരൊഴുക്കിക്കൊണ്ടേയിരുന്നു.

– ഷീബ ഇ.കെ

2 Comments
  1. jisa Jose 7 months ago

    touching Sheeba

  2. Sunil 7 months ago

    ദയനീയമാണീ പ്രവാസജീവിതം….

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.

Forgot your details?

Create Account