ഓർമ്മകളിൽ നിന്നു പറന്നകലാൻ ചിറകുണ്ടായിരുന്നെങ്കിൽ, മനസുകളിൽ നിന്ന് രക്ഷപെട്ട് പറന്നകലുന്ന ധാരാളം മനുഷ്യരെ നോക്കി പക്ഷികൾ അത്ഭുതപ്പെട്ടേനെ, മനസുകളിൽ നിന്ന് പറന്നകലുന്ന മനുഷ്യരെ കണ്ട്. ‘ഓർമ്മയിൽ നിന്നുള്ള ഒഴുകിപ്പോക്ക്’ എന്ന കവിതയിൽ എമിലി ഡിക്കൻസൺ സങ്കൽപ്പിക്കുന്നതാണ് അത്. ഓർമ്മയിൽ നിന്ന് പറന്നകലാൻ ചിറകുണ്ടായിരുന്നെങ്കിൽ എന്ന വരിയെടുത്താണ് ‘റ്റു ഫ്ലീ ഫ്രം മെമ്മറി’ എന്ന കവിതയ്ക്ക് അവർ തലക്കെട്ടുപോലും നൽകിയത്.

അവനവനെക്കുറിച്ചുള്ള ആദ്യ ഓർമ്മ എന്താണ്? അതേതു പ്രായത്തിലെ ഓർമ്മയാണ്?  ഇന്നലെകളേയും ഇന്നിനേയും കൂട്ടിയോജിപ്പിക്കുന്ന അസംഖ്യം നേർത്ത നൂലുകളല്ലേ ഓർമ്മകൾ? ഓർമ്മവലകൾ ഭേദിച്ചുള്ള പുറത്തുപോക്ക്‌ സ്വമേധയാ സാധ്യമല്ലതാനും.

ഓർമ്മകൾ എന്നു പറയുമ്പോൾ തന്നെ ഗൃഹാതുരത്വമുണർത്തുന്ന സ്‌മരണകൾ എന്നൊന്നും കരുതേണ്ടതില്ല. അൽപ്പസമയം മുൻപ് കയ്യിൽ നിന്നു താഴെ വച്ച താക്കോൽ എവിടെയെന്ന് ഓർത്തെടുക്കാനാവാതെ തപ്പിനടന്നിട്ടില്ലേ, എന്റെ ഓർമ്മയ്ക്ക് ഈയിടെ ഇതെന്ത് പറ്റുന്നു എന്ന ആത്‌മഗതവുമായി? അൽപ്പം മുൻപ് സംസാരിച്ചാളുടെ പേരോർത്തെടുക്കാൻ കഴിയാതെ നിന്നു പോയിട്ടില്ലേ? കഴിഞ്ഞയാഴ്‌ച കേട്ട പാട്ടിന്റെ വരികൾ ഓർത്തെടുക്കാനാവുന്നില്ലല്ലോ എന്ന് ആലോചിച്ച് നിന്നു പോയിട്ടില്ലേ? പക്ഷേ, മറ്റ് ചില  ഓർമ്മകൾ, അറിവുകൾ, ഒരിക്കൽ സ്വാംശീകരിച്ചവ, മറക്കാതിരിക്കുകയും ചെയ്യും. കുട്ടിക്കാലത്ത് സൈക്കിൾ ചവിട്ടുമായിരുന്ന എത്രയോ പേർ വർഷങ്ങളായി സൈക്കിൾ കൈകൊണ്ട് തൊട്ടിട്ടുണ്ടാവില്ല. എങ്കിലും ഇപ്പോൾ ഒരു സൈക്കിൾ കിട്ടിയാൽ ബാലൻസ് തെറ്റാതെ ഓടിക്കാനാവും. സൈക്കിൾ സവാരി മാത്രമല്ല. അതുപോലെ എത്രയോ കാര്യങ്ങൾ. നീന്തൽ പഠിച്ചത്, കാറോടിക്കാൻ പഠിച്ചത് അങ്ങനെയങ്ങനെ. എന്നാൽ വശത്താക്കിയ ചില വിദ്യകൾ മറവിയിലേക്ക് നമ്മളറിയാതെ തെന്നിമാറിക്കഴിഞ്ഞിട്ടുമുണ്ട്.

ഇന്നലെകൾ മറവിയുടെ അറയ്ക്കുള്ളിലെ ഇരുട്ടിൽ ആണ്ടു പോയ മായ മലമുകളിലെ ആശുപത്രിയിലെ ഡോക്റ്റർമാരായ അമ്മയെയും മകനേയും കാണുന്നതു മുതൽ ശൂന്യമായ താളുകളിൽ ജീവിതം വീണ്ടുമെഴുത്ത് തുടങ്ങുകയാണ്. വീണ്ടും പുതിയ അനുഭവങ്ങൾ, ഓർമ്മകൾ സൃഷ്‌ടിക്കപ്പെടുകയാണ്. ഗൗരിയായിരുന്ന ജീവിതം, ഗൗരിയെന്ന പേര്, നരേന്ദ്രൻ എന്ന പ്രിയപ്പെട്ടവൻ എന്നീ താളുകളുള്ള പഴയ ഓർമ്മ പുസ്‌തകം അവളുടെ ബോധമണ്ഡലത്തിലേയില്ല. അവരുടെ മായയായി മാറിക്കഴിഞ്ഞു അവൾ.

ബോധരഹിതനായി ആശുപത്രിയിൽ കിടന്നയാൾ ബോധം വന്നതുമുതൽ മാതൃഭാഷ മറന്ന് തമിഴിൽ മാത്രം സംസാരിച്ചിരുന്നതായി കേട്ടിട്ടുണ്ട്. പ്രായാധിക്യം കൊണ്ടുള്ള ഓർമ്മക്കുറവിൽ ഭാര്യയെ അമ്മേയെന്നു വിളിക്കുകയും മകൻ എന്ന പോലെ അവരോടു പെരുമാറുകയും ചെയ്‌തിരുന്നപ്പോൾത്തന്നെ, പണ്ടു പഠിച്ച ഇംഗ്ലീഷ് കവിതകൾ കൃത്യതയോട് ചൊല്ലി നടന്നിരുന്ന മറ്റൊരാൾ… ഓർമ്മകളുടേയും ഓർമ്മ നഷ്‌ടങ്ങളുടേയും തിരിയാക്കളികൾ.

ഓർമ്മയുടേയും മറവിയുടേയും അറകൾക്കുള്ളിലേക്ക് വേർതിരിച്ച് ഓരോ കാര്യങ്ങളും മാറ്റപ്പെടുന്നത് എങ്ങനെയാണ്? എന്തൊക്കെ ഏതേത് അറയിലേക്കെന്ന് നിജപ്പെടുത്തുന്നതിന്റെ മാനദണ്ഡം എന്താണ്? ഉടനേ മറക്കുന്നവ, കുറച്ച് കാലത്തേക്ക് മറക്കരുതാത്തവ, ഒരിക്കലും മറക്കരുതാത്തവ എന്നിങ്ങനെ എവിടെ വച്ച് തിരിക്കപ്പെടുന്നു? ആ തരം തിരിക്കൽ  മനസ്സിലാഗ്രഹിക്കുന്നതു പോലെയാവണമെന്നില്ലതാനും. മറക്കാനാഗ്രഹിക്കുന്ന പോറലുകൾ നീറ്റലോടെ ഓർത്തോത്തിരിക്കലാണല്ലോ സാധാരണം.

ഓർമ്മശക്‌തി കൂട്ടുക എന്ന വിദ്യ പഠിപ്പിക്കാം എന്നവകാശപ്പെടുന്നവർ മറക്കാനുള്ള വിദ്യ ഒന്ന് പഠിപ്പിച്ചു തരുമോ എന്ന്  ‘മെമ്മറി’ എന്ന കവിതയിൽ വില്യം ബ്രൗൺ ചോദിക്കുന്നു. ഓർക്കാനിഷ്‌ടപ്പെടാത്തവ മറക്കാനൊരു വിദ്യയും ഓർത്തിരിക്കേണ്ടവ മറക്കാതിരിക്കാനൊരു വിദ്യയും സ്വപ്‌നതുല്യ ജീവിതമാകുമോ തരിക? ആവില്ല എന്നു വേണം പറയാൻ. എല്ലാത്തരം ഓർമ്മകളുടേയും അനുഭവങ്ങളുടേയും ആകെത്തുകയാണല്ലോ ഓരോരുത്തരും. ‘ഓർമ്മയാണ് ഞാൻ’ എന്നു പ്രിയ എഴുത്തുകാരി പറഞ്ഞതുപോലെ.

‘ദ റോഡ് നോട്ട് ടേക്കൺ’ എന്ന കവിതയിലെ വഴി രണ്ടായി പിരിയുന്ന പോയിന്റിലേക്ക് ഓർമ്മകൾക്കൊപ്പം തിരിച്ച് നടന്ന്, അന്നു പോകാതെയുപേക്ഷിച്ച മറ്റേ വഴിയിലൂടെ സഞ്ചരിച്ചെങ്കിൽ എന്ന് പലവട്ടം ആലോചിക്കാത്തവർ ആരുണ്ട്? ഓർമ്മകളുടെ വഴിയിൽ തിരഞ്ഞ് തിരഞ്ഞ്, എവിടെ വച്ചാണ് എനിക്കെന്നെ കൈമോശം വന്നത്?

– വിനീത പ്രഭാകർ പാട്ടീൽ

8 Comments
 1. Anil 2 years ago

  Wonderful note..

  • Vinitha 2 years ago

   Thank you

 2. Priya 2 years ago

  ആരുടെ ഓർമ്മയാണ് ഞാൻ…. ഓർമകളിലെ ആലസ്യവും നീറ്റലും… നല്ല വായന

  • Vinitha 2 years ago

   Thank you

 3. Sunil 2 years ago

  Good…

  • Vinitha 2 years ago

   Thank you

 4. Vishwanath 2 years ago

  ഓർമ്മകളിൽ നിന്നു പറന്നകലാൻ ചിറകുണ്ടായിരുന്നെങ്കിൽ… Nice one. Keep writing.

  • Vinitha 2 years ago

   Thank you

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account