വാസുദേവൻ നായർക്ക് എഴുപത്തിനാല് വയസ്സ് പ്രായമുണ്ട്. രണ്ടു മക്കളാണ്. രണ്ടുപേരും നല്ല നിലയിൽ ജീവിക്കുന്നു. മകൻ മനോജിനൊപ്പമാണ് നായർ ഭാര്യയുമൊത്തു ജീവിക്കുന്നത്. ബാങ്ക് മാനേജർ ആയി വിരമിച്ചയാളാണ് വാസുദേവൻ നായർ. ജോലിയിലും വ്യക്‌തിജീവിതത്തിലും വളരെ നല്ലയാൾ. ഒരു നല്ല ഭർത്താവ്, നല്ല അച്ഛൻ, നല്ല മുത്തച്ഛൻ, അതെല്ലാമായിരുന്നു അദ്ദേഹം.

എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വസ്ഥത  തകിടം മറിഞ്ഞിട്ട്. അതെല്ലാം വാസുദേവൻ നായർ മൂലമായിരുന്നു. വളരെപ്പെട്ടെന്നായിരുന്നു നായരുടെ സ്വഭാവം മാറിമറിഞ്ഞത്. സ്‌ത്രീകളോടെല്ലാം നന്നായി പെരുമാറിയിരുന്ന അദ്ദേഹം ഇന്ന് സ്ഥലത്തെ പ്രധാന ആഭാസനാണ്. ലൈംഗീക ചുവയുള്ള സംസാരം, ആംഗ്യങ്ങൾ, എന്തിന്, മോശമായ പെരുമാറ്റം പോലും അയാളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു.

ജോലിക്കാരിയോട് മോശമായി പെരുമാറിയതിനെത്തുടർന്ന് അവർ ജോലിക്കു വരാതായി. സ്വന്തം ഭാര്യയോട് കുടുംബാംഗങ്ങളുടെ മുന്നിൽ വച്ചുപോലും ലൈംഗീക സംഭാഷണങ്ങൾ. വീട്ടിൽ സ്‌ത്രീകൾ വരാതെയായി. മകന്റെ ഭാര്യയോട് മാത്രമല്ല, കൊച്ചുമക്കളോടു പോലും മോശമായ പെരുമാറ്റം. കുടുംബമൊന്നാകെ ഞെട്ടിത്തരിച്ചുപോയി. വാസുദേവനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു ഇത്തരത്തിലുള്ള പെരുമാറ്റം.

പലരുടെയും നിർദ്ദേശാനുസരണം, ബലമായിത്തന്നെ മനോജ് ഇദ്ദേഹത്തെ മനഃശാസ്‌ത്ര കൗൺസിലിങ്ങുകൾക്കു വിധേയനാക്കിയെങ്കിലും ഫലം തഥൈവ. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയിലാണ് ഒരു മനോരോഗ ചികിത്‌സകന്റെ അടുത്തെത്തുന്നത്‌. അദ്ദേഹം പരിശോധിച്ച ശേഷം ഒരു ഞരമ്പുരോഗ വിദഗ്‌ധന്റെ അഭിപ്രായം കൂടി തേടുവാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ സ്‌കാനിങ്ങിൽ ആണ് വാസുദേവൻ നായരുടെ യഥാർത്ഥ പ്രശ്‌നം പുറത്തുവന്നത്. അതൊരു ചെറിയ മുഴയായിരുന്നു. അത്ര വലുതൊന്നുമായിരുന്നില്ലെങ്കിലും അതിരുന്ന ഇടമായിരുന്നു പ്രശ്‌നം. ഫ്രോണ്ടൽ കോർടെക്‌സിന്റെ ചില ഭാഗങ്ങളെയും അമൈഗ്ദാലയെയും സമ്മർദ്ദത്തിലാക്കുന്ന ഒരു ഇടത്തിലായിരുന്നു ആ മുഴ ഉണ്ടായിരുന്നത്. ഇത് കൊടുത്ത ഞെരുക്കമാണ് തലച്ചോറിലെ ഈ അവയവങ്ങളുടെ പ്രവർത്തനം താറുമാറാക്കിയത്.

ശസ്‌ത്രക്രിയ വഴി ഈ മുഴ നീക്കം ചെയ്യുക അസാധ്യമായിരുന്നു. മരുന്നുകൾ മാത്രമായിരുന്നു ഏക പോംവഴി. മരുന്നുകൾ പലതും കഴിച്ചുവെങ്കിലും നായരുടെ ഭാവത്തിൽ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. അങ്ങനെയാണ് മനോജ്, ഹോമിയോപ്പതിയിൽ ഇതിന് മരുന്നുണ്ടോയെന്നറിയുവാൻ എന്നെ സമീപിക്കുന്നത്.

ഹോമിയോപ്പതി മരുന്നുകളുടെ പ്രവർത്തനരീതി, മറ്റു മരുന്നുകളിൽ നിന്നും വ്യവ്യത്യസ്ഥമാണെന്ന് ഞാൻ ചില മുൻ ലേഖനങ്ങളിൽ സൂചിപ്പിച്ചിരുന്നു. മരുന്നുകൾ പ്രവർത്തിക്കുന്നത് ശരീരത്തിലെ രാസപ്രവർത്തനങ്ങളെ, പ്രത്യേകിച്ചും ഹോർമോണുകളെ ക്രമപ്പെടുത്തിക്കൊണ്ടാണെന്നത് എല്ലാവർക്കും അറിയുന്നതുമാണല്ലൊ. രോഗിയുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകൾ പരിഗണിച്ചാണല്ലോ ഹോമിയോപ്പതി മരുന്നുകൾ നൽകുക. ഇത്തരം രോഗങ്ങളിൽ പ്രത്യേകിച്ചും ലിംബിക് സിസ്റ്റം ഉൾപ്പെടുന്ന മാറ്റങ്ങൾക്കു ഹോമിയോപ്പതി വളരെ ഫലപ്രദമാണെന്ന് അനുഭവപാഠം.

മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ വാസുദേവൻ നായരുടെ സ്വഭാവത്തിൽ കാര്യമായ വ്യത്യാസങ്ങളുണ്ടായി. അദ്ദേഹം ഇപ്പോഴും മരുന്നുകൾ കഴിക്കുന്നുണ്ട്. വാസുദേവൻ നായർക്ക് മാത്രമല്ല, കുടുംബത്തിനാകെ ഇതൊരു ആശ്വാസമാകുകയായിരുന്നു.

പൊടുന്നനെയുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ പലപ്പോഴും തലച്ചോറുമായി ബന്ധപ്പെട്ടിട്ടുള്ള തകരാറുകൾ മൂലമായിരിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ ഒരു മുഴ കാരണമായി. ചിലർക്ക് രക്‌തക്കട്ടികൾ ആയിരിക്കും, മറ്റു ചിലർക്കാകട്ടെ രാസമാറ്റങ്ങൾ മാത്രമായിരിക്കും പ്രശ്‌നം. വിദഗ്‌ധമായ പരിശോധനയിലൂടെ മാത്രമേ ഇത്തരം രോഗങ്ങൾ കണ്ടെത്താനാകൂ. പലപ്പോഴും ഇത്തരം രോഗികളെ വീടുകളിൽനിന്നും കയ്യൊഴിയുന്നതിനു പോലും കാരണമായേക്കാം.

ഒരു കാർ അപകടത്തിൽ പെട്ട് തലച്ചോറിൽ ഉണ്ടായ ഒരു രക്‌തക്കട്ടികൊണ്ട് ജീവിതം തകർന്നടിഞ്ഞ ഒരു ഇരുപത്തിനാലുകാരിയുടെ കഥ ഞാൻ എ ബി സി ന്യൂസിൽ വായിച്ചിട്ടുണ്ട്. എലീസ എന്ന വിദേശ വനിതയുടേതാണീക്കഥ. അവളുടെ പത്തൊൻപതു വയസ്സിൽ നടന്ന ഒരു അപകടം, അവളുടെ ലൈംഗീകതയാകെ മാറ്റിമറിച്ചു. അമിതമായ കാമാസക്‌തി ആയിരുന്നു അവളുടെ പ്രശ്‌നം. ദിവസം എത്ര പ്രാവശ്യം ലൈംഗീക ബന്ധത്തിലേർപ്പെട്ടാലും അവൾക്കു മതിയാകുമായിരുന്നില്ല. ഭർത്താവല്ലാതെ ഇരുപതിലേറെ പങ്കാളികൾ അവൾക്കുണ്ടായിരുന്നത്രെ. ഒടുവിൽ രോഗകാരണം കണ്ടെത്തി ചികിൽസിച്ചതിനു ശേഷമായിരുന്നു അവൾ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങിയത്.

നമ്മുടെ മസ്‌തിഷ്‌കം ഇങ്ങനെയൊക്കെയാണ്. അത് പ്രവർത്തിക്കുന്ന രീതികൾ തികച്ചും വ്യത്യസ്‌തവുമാണ്. അതിനുണ്ടാകുന്ന പ്രശ്‌നങ്ങളും നമുക്ക് ഊഹിക്കുവാൻ കഴിയുന്നതിനും അപ്പുറത്തായിരിക്കും.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

4 Comments
  1. Prabhakaran Nair 12 months ago

    Right diagnose and right treatment could cure such disorders. Good to know your approach to such people and the right treatment given to them. God bless!

  2. Valsan 12 months ago

    Good to know and understand. Thanks,

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account