സ്വഭാവ നിയന്ത്രണമില്ലാത്ത കുട്ടികൾ, ശ്രദ്ധയില്ലാത്ത പെരുമാറ്റം, അടങ്ങിയിരിക്കുവാനുള്ള ബുദ്ധിമുട്ട്. ഇതെല്ലാം ഒരു രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചില മുതിർന്നവരിലും ഇത് കാണാറുണ്ട്. ഇതൊരു പക്ഷേ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ എന്ന രോഗമായിരിക്കാം. പലപ്പോഴും വിദ്യാലയങ്ങളിൽ പ്രശ്നക്കാരാകുമ്പോൾ മാത്രമേ മിക്ക മാതാപിതാക്കളും ഇത് ശ്രദ്ധിക്കുന്നുള്ളൂ എന്നത് തികച്ചും ഖേദകരം.
ശ്രദ്ധ കുറയുന്നതുകൊണ്ടുള്ള അധിക പ്രസരിപ്പാണ് ഈ രോഗം എന്നാണു ഇതിന്റെ പേരിൽ ഉള്ളതെങ്കിലും തങ്ങളിലേക്ക് ശ്രദ്ധ എത്തിക്കുക എന്നതാണ് ഈ കുട്ടികളുടെ പ്രവർത്തനത്തിലൂടെ കണ്ടു വരുന്നത്. എല്ലാവരും തങ്ങളെ ശ്രദ്ധിക്കണമെന്ന തോന്നലാണ് ഇവർക്കുള്ളത്. അതിനുവേണ്ടി എന്തും ചെയ്യാൻ ഇവർ ശ്രമിക്കും. നന്മ തിന്മകളെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയും ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറവും പുകഴ്ത്തലുകളോടുള്ള അമിത പ്രിയവും ഇവരെ പ്രശ്നക്കാരാക്കി മാറ്റുന്നു.
കൂടുതലായും പാരമ്പര്യമായി കണ്ടു വരുന്നു എങ്കിലും ഇതിനു പുറകിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. ഗർഭകാലത്തെ മദ്യപാനം, പുകവലി, ചില മരുന്നുകൾ എന്നിവ ഇതിനെ സ്വാധീനിക്കുന്നുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചെറു പ്രായത്തിലോ ഗർഭധാരണ സമയത്തോ ഉണ്ടാകുന്ന ഈയം പോലുള്ള ലോഹങ്ങളുടെ വിഷബാധ, ഗർഭകാലം പൂർത്തിയാക്കുന്നതിനു മുൻപുള്ള പ്രസവം, പ്രസവ സമയത്തെ കുറഞ്ഞ തൂക്കം, തലച്ചോറിനുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയവയും ഇതിൽ പെടുന്നു. ഗർഭ കാലത്തുണ്ടാകുന്ന ചില പകർച്ചവ്യാധികൾ, പ്രത്യേകിച്ചും മീസിൽസ്, വെരിസില്ല, റൂബെല്ല തുടങ്ങിയവയ്ക്കും ഈ രോഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കുന്ന കൃത്രിമ നിറങ്ങൾക്ക് ഇതുമായി ബന്ധമുണ്ടെന്നു പുതിയ പഠനം.
തലച്ചോറിലെ സന്ദേശ വാഹക രാസ പദാർത്ഥങ്ങളുടെ പ്രവർത്തന വൈകല്യങ്ങളാണ് ഇവരുടെ ഒരു പ്രശ്നം. പ്രത്യേകിച്ചും ഡോപ്പാമിൻ, നോർ എപിനെഫ്രിൻ എന്നീ രാസവസ്തുക്കളുടെ. അതുപോലെതന്നെ ഇത്തരക്കാരുടെ തലച്ചോറിന്റെ ചില ഘടനാ വൈകല്യങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിലെ പ്രീ ഫ്രോണ്ടൽ കോർട്ടെക്സിന്റെയും പോസ്റ്റീരിയർ പരൈറ്റൽ കോർട്ടെക്സിന്റെയും ചുരുക്കമാണ് ഇതിൽ പ്രധാനം. തലച്ചോറുമായി സംബന്ധിക്കുന്ന മൂന്നു പ്രധാന പ്രശ്നങ്ങളാണ് ഇത്തരക്കാരിൽ കണ്ടു വരുന്നത്. ശ്രദ്ധയിലുള്ള നിയന്ത്രണം, സ്വയം നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണം, കർമ്മവ്യാപൃതമായ ഓർമ്മ എന്നിവയിൽ കുറവുണ്ടാകുക എന്നിവയാണ് അവ.
രോഗ ലക്ഷണങ്ങളുടെ ഒരു നിര തന്നെയുണ്ട് ഇത്തരക്കാർക്ക്. ശ്രദ്ധ പതറുക, ഒന്നിലും ഏറെ നേരം ശ്രദ്ധിക്കാൻ കഴിയാതാകുക, പെട്ടെന്ന് മറന്നു പോകുക, ഒരു പ്രവർത്തിയിൽ നിന്ന് മറ്റൊന്നിലേക്ക് ദ്രുതഗതിയിൽ പൊയ്ക്കൊണ്ടിരിക്കുക, ഒരേ പ്രവൃത്തിയിൽ തുടരാൻ കഴിയാതെ വരിക, സന്തോഷപൂർവം ആരംഭിക്കുന്ന പ്രവൃത്തികളിൽ നിമിഷങ്ങൾക്കകം മടുപ്പുണ്ടാകുക, ക്ലാസ്സിൽ പറയുന്ന കാര്യങ്ങളോ ബോർഡിൽ എഴുതിയിരിക്കുന്ന കാര്യങ്ങളോ എഴുതിയെടുക്കാൻ കഴിയാതെ വരിക, ഗൃഹപാഠം ചെയ്യാനാകാതെ വരിക, പെൻസിൽ, ബുക്ക്, കളിപ്പാട്ടങ്ങൾ തുടങ്ങിയവ അടിക്കടി നഷ്ടപ്പെടുത്തുക, മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നിർദ്ദേശങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നിറുത്താതെ സംസാരിച്ചുകൊണ്ടിരിക്കുക, കാണുന്നതിലെല്ലാം തൊടുക, എടുത്തു നോക്കുക, ഒരുസ്ഥലത്ത് ഉറച്ചിരിക്കാൻ പ്രയാസം അനുഭവപ്പെടുക, എപ്പോഴും ചലിച്ചുകൊണ്ടിരിക്കുക, ക്ഷമയില്ലായ്മ , മറ്റുള്ളവരുടെ സംസാരത്തെ തടസ്സപ്പെടുത്തുക, ശ്രദ്ധയാകർഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കാര്യമില്ലാതെ ശബ്ദമുണ്ടാക്കുക തുടങ്ങി ഏറെയുണ്ട് ഈ പട്ടികയിൽ.
ചില കുട്ടികളിൽ ഈ രോഗം മറ്റു ചില രോഗങ്ങളോടൊപ്പം കാണപ്പെടാറുണ്ട്. എപ്പിലെപ്സി, ഓട്ടിസം, പഠന വൈകല്യം, ഉറക്ക സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത് ഒരു വിദഗ്ധന് മാത്രമേ തിരിച്ചറിയുവാൻ കഴിയുകയുള്ളൂ. ഈ രോഗ ബാധിതരായ കുട്ടികളുടെ ബുദ്ധി അളക്കുന്ന IQ ടെസ്റ്റിൽ മിക്കപ്പോഴും സ്കോർ കുറവായിരിക്കും. അത് ബുദ്ധിയുടെ കുറവുകൊണ്ടു മാത്രമായിരിക്കുകയില്ല. മറിച്ച് ടെസ്റ്റ് നടത്തുമ്പോഴുള്ള കുട്ടിയുടെ ശ്രദ്ധക്കുറവും ധൃതിയും ഓർമ്മക്കുറവും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.
ഇത്തരം രോഗബാധിത കുട്ടികൾ ശരിയായ ചികിത്സ തേടിയില്ലെങ്കിൽ രോഗം അവരുടെ പിൻകാലജീവിതത്തിലേക്കു വളരാൻ സാധ്യതയുണ്ട്. മൂന്നിലൊന്നു മുതൽ മൂന്നിൽ രണ്ടു വരെയാണ് ഇതിനുള്ള സാധ്യത. കൃത്യമായും ശരിയായും തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതും ക്ഷമയില്ലായ്മയും തെറ്റുകളിലേക്ക് വഴുതി വീഴുന്ന പ്രകൃതവും സാമൂഹിക പ്രശ്നങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ജോലിയിൽ താത്പര്യമില്ലായ്മയും മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും അമിത കോപവും ഇവരെ കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു. ഉത്തരവാദിത്വം ഇല്ലാത്ത ഇവർ ജീവിതത്തിലും പരാജയപ്പെടുക സാധാരണമാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ വിദഗ്ധ സഹായത്താലും മരുന്നുകളാലും പരിഹരിക്കുക എന്നുള്ളതാണ് ഇതിനുള്ള ഏക പോംവഴി.
മരുന്നുകളും ബിഹേവിയറൽ തെറാപ്പികളുമാണ് ഇതിൽ പ്രധാനം. സ്കൂളുകളിൽ ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതും, മാതാപിതാക്കളെ പരിശീലിപ്പിക്കുന്നതും ചികിത്സയുടെ ഭാഗം തന്നെ. ഹോമിയോപ്പതിയിൽ ഈ രോഗത്തിന് ശാശ്വത പരിഹാരം ലഭിക്കുന്ന മരുന്നുകൾ ഉണ്ട്.