“മദ്യം മനുഷ്യന്റെ ശത്രുവാണ്, എന്നാൽ ബൈബിൾ പറയുന്നു ശത്രുവിനെ സ്‌നേഹിക്കുക എന്ന്‌”. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്‌ത അമേരിക്കൻ പാട്ടുകാരൻ ഫ്രാങ്ക് സിനാത്രയുടെ വാക്കുകളാണിത്. മദ്യം ഉപയോഗിക്കുന്നതിനായി പലതും വളച്ചൊടിക്കുന്നവരാണ് നമ്മൾ. പുരാതന കാലം മുതൽ മദ്യപാനം നിലനിന്നിരുന്നു എന്നത് തർക്കമില്ലാത്ത ഒരു സത്യമാണ്. വിവിധ സർക്കാരുകൾ മദ്യം വിൽക്കുന്നു; അവരുടെ ജനം അതു കുടിക്കുന്നു. വിൽക്കുന്നവർ തന്നെ പ്രചരിപ്പിക്കുന്നു, മദ്യം വിഷമാണെന്ന്. ഈ പ്രചരണം മദ്യത്തിന്റെ വിൽപ്പന കൂട്ടുകയും ചെയ്യുന്നു. വളരെ വിരോധാഭാസം നിറഞ്ഞ ഒരു പ്രക്രിയ, അതാണ് മദ്യം. കുടിക്കുന്നവർ കുടിച്ചുകൊണ്ടേയിരിക്കുന്നു.

മദ്യപാനവും മദ്യപാനാസക്‌തിയും ഒന്നല്ല. ദിവസവും വൈകീട്ട് മദ്യം കഴിക്കുന്നവൻ  ഒരു പക്ഷേ മദ്യപാനിയായിരിക്കാം. എന്നാൽ മദ്യാസക്‌തൻ ആണെന്ന് പറയാൻ കഴിയുകയില്ല. മദ്യപാനാസക്‌തി ഒരു രോഗമാണ്, ചികിൽസിക്കേണ്ടതായ ഒരു രോഗം. രോഗിക്ക് മദ്യമില്ലാതെ തന്റെ ദൈനംദിന കാര്യങ്ങളോ ജോലിയോ നിർവഹിക്കാൻ കഴിയാതെ വരുന്ന ഒരു അവസ്ഥയാണിത്. കൂടുതലാളുകളും രസത്തിനു വേണ്ടിയോ സാമൂഹിക ബന്ധങ്ങൾക്കുവേണ്ടിയോ ആകും മദ്യപിക്കുന്നത്. പലപ്പോഴും ഇത് മദ്യപാനാസക്‌തിയിലേക്കു ചിലരെയെങ്കിലും എത്തിക്കാതിരിക്കില്ല.

മദ്യപാനത്തിന് വേണ്ടി മറ്റു കാര്യങ്ങൾ ഒഴിവാക്കുക, പ്രത്യേകിച്ചും ജോലി, കുടുംബം, സാമൂഹിക ജീവിതം, തുടങ്ങിയവ എന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. മദ്യപാനത്തിന് ഒരു രഹസ്യ സ്വഭാവമുണ്ടാക്കുക എന്നതും ഇതിന്റെ ലക്ഷണമാണ്. മദ്യം ഒളിപ്പിച്ചു വച്ച് കുടിക്കുക, അളവ് കുറച്ചു പറയുക തുടങ്ങിയവ ഇതിൽപ്പെടും. മദ്യപാനം നിറുത്തണമെന്ന് രോഗിക്കുതന്നെ തോന്നലുണ്ടാകുമെങ്കിലും നിറുത്താൻ കഴിയാത്ത അവസ്ഥയുണ്ടാകുക എന്നതും മറ്റൊരു ലക്ഷണം. മദ്യപാനം വഴിയുണ്ടാകുന്ന അപകടങ്ങളും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ തന്നെ. പ്രത്യേകിച്ചും മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളും പോലീസ് കേസുകളും.

മദ്യം ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ കഠിനമായ മനോവേദന അനുഭവപ്പെടുക, ശാരീരിക അസ്വസ്ഥതകൾ കാണിക്കുക, വിറയൽ തുടങ്ങിയവയും ഇവരിൽ പ്രകടമാണ്. ചിന്താതകരാറുകൾ, ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, അവ്യക്‌തമായ സംഭാഷണം തുടങ്ങിയവയും ഇക്കൂട്ടരിൽ കാണപ്പെടുന്നു. വയറുവേദന, ഓക്കാനം, ശർദ്ദിൽ, തുടങ്ങിയവയും ഉണ്ടാകാറുണ്ട്. ഉറക്കമില്ലായ്‌മ, ഇല്ലാത്തതു കാണുക, കേൾക്കുക തുടങ്ങിയ മിഥ്യാഭ്രമങ്ങളും സംശയവും ഇത്തരം രോഗികൾക്കുണ്ടാകും. ഇതെല്ലാം മദ്യത്തിന്റെ പിൻവലിക്കൽ ലക്ഷണങ്ങൾ എന്നാണറിയപ്പെടുന്നത്. രോഗനിർണ്ണയത്തിൽ ഇത്തരം ലക്ഷണങ്ങൾക്കു പ്രമുഖ സ്ഥാനമുണ്ട്.

സ്ഥിരമായ സമയത്തല്ലാതെ മദ്യം കഴിക്കാൻ തോന്നൽ ഉണ്ടാകുക, മദ്യത്തിനോട് അമിതമായ താൽപര്യം ഉണ്ടാകുക, മദ്യം കഴിക്കാൻ വേണ്ടി മറ്റു കാര്യങ്ങൾ ഒഴിവാക്കുക, മദ്യം കയ്യിൽ കിട്ടുമ്പോൾ അതിയായ  സന്തോഷം അനുഭവപ്പെടുക, ദേഷ്യവും സങ്കടവും അനുഭവപ്പെടുമ്പോൾ മദ്യത്തെ ആശ്രയിക്കുക, എത്രകഴിച്ചാലും മുൻപുണ്ടായിരുന്ന പ്രചോദനം ലഭിക്കാതിരിക്കുക, മുൻപ് വിവരിച്ച പിൻവലിയൽ ലക്ഷണങ്ങൾ ഉണ്ടാകുക, തുടങ്ങി ഏതെങ്കിലും മദ്യപനു ഉണ്ടാകുന്നുണ്ടെങ്കിൽ വിദഗ്‌ധ സഹായം തേടുക എന്നതാണ് ഏറ്റവും ഉചിതം.

മദ്യപാനം സാമ്പത്തികവും കുടുംബപരവും സാമൂഹ്യപരവും തൊഴിൽപരവുമായ ഒരു വിപത്താണ്. ഇവിടെയെല്ലാം ഇതിന്റെ പ്രതിഫലങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. ഒറ്റപ്പെടൽ, അവഗണന, തുടങ്ങിയവ വിഷാദത്തിലേക്കും ആത്‌മഹത്യയിലേക്കും നയിച്ചേക്കാം. മതിഭ്രമങ്ങളും സംശയങ്ങളും സ്വന്തം ജീവിതം മാത്രമല്ല കുടുംബത്തിലെ എല്ലാവരുടേയും ജീവിതം തകർക്കുന്നതിനും കാരണമായേക്കാം. തുടക്കത്തിൽ തന്നെ ഇതിനെ ഒരു രോഗമായിക്കണ്ട് ചികിത്‌സ നൽകുക എന്നതാണ് ഇതിനുള്ള പ്രതിവിധി.

ശാരീരികമായ പല പ്രശ്‌നങ്ങൾക്കും മദ്യപാനം കാരണമാകുന്നുണ്ട്. കരളിനെ ബാധിക്കുന്ന സിറോസിസ് എന്ന അസുഖമാണ് ഇതിൽ ഏറ്റവും മുഖ്യം. സിറോസിസ് എന്നത് ഒരു മാരക കരൾ രോഗം തന്നെയാണ്. കരളിന്റെ ഭാഗങ്ങൾ വീണ്ടും ഒരിക്കലും പ്രവർത്തിക്കാൻ കഴിയാത്ത വിധം നശിച്ചുപോകുന്നതാണിത്. മറ്റു കരൾ രോഗങ്ങളും ഇക്കൂട്ടരിൽ ഉണ്ടാകും. കരളിലെ ക്യാൻസറിന് അമിത മദ്യപാനം ഒരു കാരണമാണ്. പ്രത്യേകിച്ചും ഹെപ്പാറ്റൈറ്റിസ് ബി, സി, എന്നീ വൈറസുകൾ ബാധിക്കുന്നവരിൽ. തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുക, തലച്ചോറിലെ രാസവസ്‌തുക്കളുടെ പ്രവർത്തനം താറുമാറാക്കുക, തന്മൂലം അതിനനുസരണമായ മാനസിക രോഗങ്ങൾ ഉണ്ടാകുക സാധാരണമാണ്. ശരീരത്തിലെ വിറ്റാമിനുകളുടെ അളവ് കുറക്കുന്നതിനും മദ്യപാനം കാരണമാകുന്നു. തയാമിൻ എന്ന വിറ്റാമിന്റെ കുറവുകൊണ്ടു കോർസാക്കോഫ് സിൻഡ്രോം എന്നറിയപ്പെടുന്ന സൈക്കോസിസ് പോലുമുണ്ടാകാം. അമിത മദ്യപാനം ഹൃദയത്തിനും ദോഷകരമാണ്. രക്‌തസമ്മർദ്ദം ഉയരുക, ക്രമരഹിതമായ ഹൃദയമിടിപ്പ്, തുടങ്ങിയവ തളർവാതത്തിനും കാരണമാകും. അന്നനാളം, കുടൽ, പാൻക്രിയാസ്, കരൾ, മുലകൾ എന്നിവയിലെ ക്യാൻസറുകൾക്കും അമിത മദ്യപാനം കാരണമാകുന്നു.

രോഗിയുടെ സഹകരണം ലഭ്യമല്ല എന്നത് ഹോമിയോപ്പതി ചികിത്‌സയെ ചെറുതായി പ്രതിരോധത്തിലാക്കുന്നുണ്ട്. മദ്യപാനാസക്‌തി കുറക്കുന്നതിനും അനുബന്ധ രോഗ ചികിത്‌സക്കും ഹോമിയോപ്പതിയിൽ ധാരാളം മരുന്നുകളുണ്ട്. ഇത്തരം രോഗികളെ പുനരധിവസിപ്പിക്കുകയും മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കുകയും ചികിത്‌സയിൽ പ്രധാനമാണ്. ആൽക്കോഹോളിക്‌സ് അനോണിമസ് തുടങ്ങി പല ചികിത്‌സാ ഏജൻസികളും ഇന്ന് ലഭ്യമാണ്. പലയിടങ്ങളിലും പല ചികിത്‌സാ വിഭാഗങ്ങളുടെ ഡീ അഡിക്‌ഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. പരസ്‌പര സഹായ ഗ്രൂപ്പുകൾക്ക് ഇത്തരം ചികിത്‌സയിൽ വളരെ പ്രാധാന്യമുണ്ട്. മരുന്നുകൾക്കൊപ്പം ശരിയായ പരിചരണവും അംഗീകാരവും ഇത്തരം രോഗികൾക്ക് നൽകേണ്ടതുണ്ട്. ശരിയായ ചികിത്‌സയും പരിചരണവും വഴി പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയുന്ന ഒരു രോഗം കൂടിയാണ് ഇത് എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ഒപ്പം ഉത്തരവാദിത്വപൂർണ്ണമായ ഒരു മദ്യപാനസ്വഭാവം നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകതയും.

ഡോ സുനീത് മാത്യു BHMS, M Phil(Psy), FCECLD

10 Comments
 1. അറിയാതെ മദ്യത്തിന് അടിമപ്പെട്ടു പോകുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് ആണ്. ഈ ലേഖനം. മദ്യപാനം ഒരു രോഗാവസ്ഥയാണ് എന്ന് നമുക്ക് തിരിച്ചറിവ് ലഭിക്കും.

 2. P K N Nair 4 years ago

  Thank you so much for such informative and educative articles. It is helpful indeed.

 3. Rajiv 4 years ago

  മദ്യാസക്തി അപകടമാണ്. അറിവില്ലായ്മ തന്നെയാണ് പലപ്പോഴും ആളുകളെ ഇതിലെത്തിക്കുന്നത്. ഇങ്ങനെയുള്ള ആർട്ടിക്കിൾസ് ആളുകളിലെത്തണം. ബോധമാന്മാരാക്കണം. നന്ദി

 4. Priya 4 years ago

  Very helpful tips… thank you.

 5. Suresh 4 years ago

  Excellent article, very educative and very useful to note. Thanks,

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account