ഭക്ഷണം കഴിക്കാതെ ആർക്കും അധിക ദിവസങ്ങൾ ജീവിക്കാനാകില്ല. ശരിയായവിധമല്ല ഭക്ഷണം കഴിക്കുന്നതെങ്കിലും പ്രശ്‌നമാണ്. ഗുരുതരമായ പ്രശ്‌നങ്ങളെ വരുത്തിത്തീർക്കാൻ ഇത്തരം അപക്ക്വമായ ഭക്ഷണ രീതികൾക്കു കഴിയും എന്നത് സംശയലേശമെന്യേ തെളിയിക്കപ്പെട്ടതാണ്. എന്നാൽ ആഹാരരീതിയും മാനസികാരോഗ്യവും തമ്മിൽ എന്ത് ബന്ധം എന്ന് ചിന്തിക്കുന്നവർ ഉണ്ടാകും. ഈറ്റിംഗ് ഡിസോർഡേർസ് എന്നറിയപ്പെടുന്ന ഒരുകൂട്ടം പ്രശ്‌നങ്ങൾ മാനസിക പ്രശ്‌നങ്ങളോ രോഗങ്ങളോ മൂലമാണുണ്ടാകുന്നത് എന്നത് ശാസ്‌ത്രീയ വശം.

പ്രധാനമായും മൂന്നു പ്രശ്‌നങ്ങളാണ് ഇത്തരം രോഗങ്ങങ്ങളിൽ കണ്ടുവരുന്നത്. അനോറെക്‌സിയ നെർവോസ, ബുലീമിയ നെർവോസ, ബിൻജ് ഈറ്റിംഗ് എന്നിവയാണ് അവ. പൊണ്ണത്തടി പലപ്പോഴും ഗൗരവമായ ഒരു പ്രശ്‌നം തന്നെയാണ്. നമ്മൾ അത് കൈകാര്യം ചെയ്യുന്ന രീതി തികച്ചും തെറ്റായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുറച്ചു പട്ടിണി കിടക്കുക, കുറേ വ്യായാമം ചെയുക, കൂണുപോലെ മുളച്ചു പൊന്തുന്ന ചികിത്‌സകൾ കൈക്കൊള്ളുക, എന്നതാണ് മിക്കവരുടെയും രീതി. ആർക്കും തന്നെ ഇത്തരം പ്രവർത്തനങ്ങളിലൂടെ കൃത്യമായ പ്രയോജനം ലഭിച്ചിട്ടില്ല എന്നതും മറ്റൊരു വസ്‌തുത. പൊണ്ണത്തടി ഒരു രോഗമായി കണ്ട്‌ ചികിൽസിച്ചെങ്കിൽ മാത്രമേ അതിനു പൂർണമായ പരിഹാരം ലഭിക്കുകയുള്ളൂ. ഇതിന്റെ പുറകിൽ മാനസികമായ പലകാരണങ്ങളുമുണ്ട്.

അനോറെക്‌സിയ നെർവോസ

ശരീരഭാരത്തിനെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നവരാണിക്കൂട്ടർ. എത്ര മെലിയാൻ സാധ്യമാകും എന്നന്വേഷിക്കുന്നവർ. പട്ടിണികിടന്നും ആഹാരം അൽപ്പമാത്രമാക്കിയും ആവശ്യത്തിലേറെ വ്യായാമം ചെയ്യുന്നവർ. ചിലരാകട്ടെ കഴിച്ച ഭക്ഷണം വായിൽ വിരലിട്ടു ഛർദിച്ചു കളയുക വരെ ചെയ്യും. ഇത്തരക്കാരുടെ പ്രവൃത്തികൾ മിക്കപ്പോഴും അവരെ ഗുരുതരമായ മറ്റസുഖങ്ങളിലേക്ക് എത്തിക്കാറുണ്ട്. നമുക്ക് ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതായ ഊർജ്ജം, പോഷകങ്ങൾ എന്നിവയുടെ കുറവ് ഇവരിൽ പല രോഗങ്ങൾക്കും കാരണമാകുന്നു. പൊട്ടാസ്യത്തിന്റെ കുറവ് ഹൃദ്രോഗങ്ങളിലേക്കും, തളർവാതത്തിലേക്കും വരെ എത്തിക്കാൻ സാധ്യതയുണ്ട്. ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടേണ്ട ഹോർമോണുകളുടെ ഉത്‌പാദനക്കുറവ് ആണ് അടുത്ത പ്രശനം. സ്‌ത്രീകളിലെ ആർത്തവ പ്രശ്‌നങ്ങൾ,  ആർത്തവമില്ലായ്മ തുടങ്ങി വിഷാദം, ആകാംക്ഷാ രോഗങ്ങൾ, ഉറക്കമില്ലായ്‌മ തുടങ്ങി പല രോഗങ്ങങ്ങൾക്കും ഇത് കാരണമാകുന്നു.

ഈ രോഗത്തെ അതിന്റെ തീവ്രതയനുസരിച്ചു നാലായി തരം തിരിക്കാം. ലഘു, മിതത്വം, കഠിനം, അതികഠിനം എന്നിവയാണ് അവ. ഇത് കണക്കാക്കുന്നത് ശരീര പിണ്ഡപ്പട്ടിക (Body Mass Index – BMI) കണക്കിലെടുത്തുകൊണ്ടാണ്. BMI കണക്കാക്കുന്നത് ഒരാളുടെ തൂക്കം കിലോഗ്രാമിലാക്കി അതിനെ അയാളുടെ ഉയരത്തിന്റെ ചതുരശ്ര മീറ്റർ കണക്കാക്കി ഹരിക്കുകയാണ് വേണ്ടത്.

BMI  = ശരീരഭാരം (കിലോഗ്രാമിൽ) / ഉയരം ചതുരശ്രമീറ്ററിൽ

ഒരുദാഹരണത്തിന് ഒരാൾക്ക് 60 കിലോ ഭാരവും 150 സെന്റീമീറ്റർ ഉയരവുമുണ്ടെന്നിരിക്കട്ടെ, അയാളുടെ BMI = 60 /(1 .5 X 1 .5 ) = 60  / 2 .25  = 24

ശരിയായ BMI എന്ന് പറയുന്നത് 20 നും 25 നും ഇടയിലാണ്. ലഘു അനോറെക്‌സിയയിൽ BMI പതിനേഴിനും പത്തൊൻപതിനും ഇടയിലും മിതത്വത്തിൽ പതിനാറിനും പതിനേഴിനും ഇടയിലും കഠിനത്തിൽ പതിനഞ്ചിനും പതിനാറിനും ഇടയിലും അതികഠിനത്തിൽ പതിനഞ്ചിൽ താഴെയുമായിരിക്കും.

ബുലീമിയ നെർവോസ

ഭക്ഷണം എത്ര കഴിച്ചാലും മതിവരാത്ത അവസ്ഥയാണ് ഇത്. സാധാരണ ഭക്ഷണം കഴിക്കുന്നവർക്ക് ഒരളവിന്‌ ശേഷം കഴിക്കാൻ പറ്റാതാകുന്നു. എന്നാൽ ഇത്തരക്കാർക്ക് ഭക്ഷണം തൃപ്‌തി നൽകുന്നില്ല എന്നതാണ് പ്രശ്‌നം. എത്ര ഭക്ഷണം കഴിച്ചാലും വയറു നിറഞ്ഞാലും കഴിച്ചുകൊണ്ടിരിക്കുക എന്നതാണിവരുടെ പ്രത്യേകത. ഛർദിച്ചും വയറിളക്കിയുമെല്ലാം ഇതിനു പരിഹാരം തേടുന്നു ഇക്കൂട്ടർ. ആത്‌മവിശ്വാസക്കുറവ്, മാനസിക സമ്മർദ്ദങ്ങൾ, ചില പ്രത്യേക സമ്മർദ്ദങ്ങൾ തുടങ്ങി പലതുമാകാം ഇതിന്റെ പുറകിലുള്ള കാരണങ്ങൾ. തലച്ചോറിലെ രാസവസ്‌തുക്കൾ തന്നെയാണ് ഇവിടെയും കുഴപ്പക്കാർ. അമിതമായ വണ്ണം, വയറുസംബന്ധിയായ അസുഖങ്ങൾ, അപമാനം തുടങ്ങി പലതും ഇത്തരക്കാരെ വിഷാദത്തിലേക്കോ തുടർന്ന് ആത്‌മഹത്യയിലേക്കോ നയിക്കാറുണ്ട്. പ്രിൻസസ് ഡയാനയുടെ വിവാഹബന്ധം വേർപിരിയാനുള്ള ഒരു കാരണം ഇതായിരുന്നുവത്രെ.

ബിൻജ് ഈറ്റിംഗ്

കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കഴിക്കുന്നവരാണിക്കൂട്ടർ. മാനസിക സമർദ്ദങ്ങളേയും വികാരങ്ങളേയും നേരിടാൻ വേണ്ടിയായിരിക്കണം ഇവർ ഭക്ഷണത്തിൽ അഭയം പ്രാപിക്കുന്നത്. ഏകാന്തത, വിരസത തുടങ്ങിയവയും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. ബിൻജ് ഈറ്റിംഗ് ബുലീമിയയിൽ സാധാരണ കാണാറുണ്ടെങ്കിലും ബിൻജ് ഈറ്റിംഗ് ഡിസോർഡർ ബുലീമിയയിൽ നിന്നും വ്യത്യസ്‍തമാണ്. ബുലീമിയ കഴിക്കാതിരിക്കാൻ നിവൃത്തിയില്ലാത്ത ഒരു പ്രക്രിയ ആണെങ്കിൽ ബിൻജ് ഈറ്റിംഗ് ഡിസോർഡർ എന്നത് ഭക്ഷണത്തോടുള്ള ആസക്‌തിയാണ്.

അമിത വണ്ണം (Obesity)

ശരീരാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിധം കൊഴുപ്പു ശരീരത്തിൽ അടിഞ്ഞുകൂടുകയും തത്‌ഫലമായി ആവശ്യത്തിലധികം ശരീരഭാരം ഉണ്ടാവുകയും ചെയുന്ന അവസ്ഥയാണ് അമിതവണ്ണം. അമിതമായി ഭക്ഷണം കഴിക്കുകയോ, അലസമായി ജീവിതം നയിക്കുകയോ ആണ് പ്രധാനമായും ഇതിന്റെ കാരണങ്ങൾ. ഇന്ന് നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നവും അമിത വണ്ണം തന്നെ. ഇതിനെ നമുക്ക് നാലായി തരം തിരിക്കാം. BMI 25 നും 30 നും ഇടയ്കുള്ളവരെ നമുക്ക് ഈ രോഗത്തിന്റെ  തുടക്കക്കാർ എന്നു പറയാം. 30 നും 35 നും ഇടയിലുള്ളവരെ ക്ലാസ് I  ഒബേസിറ്റി എന്നും 35 നും 40 നും ഇടയ്ക്കുള്ളവരെ ക്ലാസ് II ഒബേസിറ്റി എന്നും 40 നു മുകളിൽ ഉള്ളവരെ ക്ലാസ് III എന്നും പറയുന്നു.

ഹൃദ്രോഗങ്ങൾ, പ്രമേഹം, അസ്ഥിതേയ്‌മാനം, ഉറക്കത്തിൽ ശ്വാസം നിന്നുപോകുന്ന അവസ്ഥ, ആസ്‌ത്‌മ, ചിലതരം കാൻസറുകൾ എന്നിവയാണ് അമിതവണ്ണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ. ജീവിതദൈർഘ്യം ഇക്കൂട്ടരിൽ മറ്റുള്ളവരെ അപേക്ഷിച്ച് കുറച്ചു കുറവായിട്ടാണ് കണ്ടുവരുന്നത്. പുകവലിയും മദ്യപാനവും ഇക്കൂട്ടരിൽ പ്രശ്‌നങ്ങൾ വളരെയധികം സങ്കീർണമാക്കും.

ഇവിടെ സൂചിപ്പിച്ച ഭക്ഷണ സംബന്ധികളായ അസുഖങ്ങൾക്ക് മരുന്നുകൾ മാത്രം മതിയാകില്ല. മനഃശാസ്‌ത്ര കൗൺസിലിംഗും, ഭക്ഷണ ക്രമ കൗൺസിലിംഗും ആവശ്യമായി വന്നേക്കാം. എന്നാൽ മരുന്നില്ലാതെ ഇത്തരം രോഗങ്ങൾ ചികിൽസിക്കാനുമാകില്ല. രോഗത്തിന്റെ കാരണം കണ്ടെത്തി ചികിൽസിക്കുക എന്നത് തന്നെയാണ് ഏറ്റവും ഫലപ്രദം.

ഡോ സുനീത് മാത്യു BHMS, M Phil(Psy), FCECLD

9 Comments
 1. Babu Raj 2 years ago

  Thanks for this note, helpful. Eating disorders can be found with many people. Burt not much awareness.

 2. Prasad 2 years ago

  Good to know and understand….

 3. Anu 2 years ago

  Kollam nannayittundu

 4. Pramod 2 years ago

  Thanks for educating us with such articles.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account