ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന ഒരു മാനസിക രോഗമാണ് വിഷാദം. ആത്‌മഹത്യകളുടെ മുഖ്യ ഹേതുവും ഈ രോഗം തന്നെ. നേരത്തെ തിരിച്ചറിയുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇതുവരെ നടന്നിട്ടുള്ള പല ആത്‌ഹത്യകളും ഒഴിവാക്കാൻ കഴിയുന്നതായിരുന്നു എന്നോർക്കണം. വളരെയധികം വിഷാദ രോഗികൾ സമൂഹത്തിലുണ്ടെങ്കിലും ചികിൽസക്കെത്തുന്നവർ നന്നേ വിരളമാണ്. ഓരോ വർഷവും ഇന്ത്യയിൽ മാത്രം ഒരു കോടി ആളുകൾക്ക് വിഷാദം ഉണ്ടാകുന്നു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. നൂറ്റിമുപ്പതു കോടിയിൽ താഴെയാണ് ഇന്ത്യയുടെ ജനസംഖ്യ എന്ന് കൂടി ഓർക്കേണ്ടതുണ്ട്.

പുരുഷന്മാരേക്കാൾ സ്‌ത്രീകളിലാണ് വിഷാദം കൂടുതലായി കണ്ടുവരുന്നത്. കുട്ടികളേയും വിഷാദം ബാധിക്കാറുണ്ട്. വിഷാദം എന്നത് മാനസികാവസ്ഥയിലുണ്ടാകുന്ന ഒരു വ്യത്യാസം മാത്രമല്ല, ചികിത്‌സ നൽകേണ്ടതായ ഒരു രോഗം തന്നെയാണ്. തുടർച്ചയായി, ആഴ്ച്ചകളോളം നീണ്ടുനിൽക്കുന്ന എന്തിനെന്നറിയാത്ത വ്യസനം, എല്ലാത്തിനോടുമുള്ള വിരക്‌തി പ്രത്യേകിച്ചും ഇഷ്‌ടമായിരുന്ന കാര്യങ്ങളിൽ പോലും, കഠിനമായ ക്ഷീണം എന്നിവയാണ് വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

ഇതോടൊപ്പം അനവധി ലക്ഷണങ്ങൾ വേറേയുമുണ്ട് വിഷാദത്തിന്. പ്രതീക്ഷകൾ അസ്‌തമിച്ചതു പോലെ ഒരു തോന്നൽ, ഒന്നും ശരിയാവില്ല എന്ന ചിന്ത, തന്നെയൊന്നിനും കൊള്ളില്ല എന്നതോന്നൽ, സഹായിക്കാനാരുമില്ലെന്ന ചിന്ത, ഇവയെല്ലാം വിഷാദത്തിന്റെ അവസ്ഥകൾ അനുസരിച്ചു കൂടി വരും. താൻ ജീവിക്കേണ്ടയാൾ അല്ലെന്നു പോലും ഇവരിൽ തോന്നലുളവാക്കും. ഇതിന്റെ തീവ്രതയിൽ ഇല്ലാത്ത ശബ്‌ദങ്ങൾ കേൾക്കുക, ഇല്ലാത്തതു കാണുക, ആരോ സ്‌പർശിക്കുന്നതു പോലെ തോന്നുക തുടങ്ങി മതിഭ്രമങ്ങളുമുണ്ടായേക്കാം. ആത്‌മഹത്യാ ശ്രമങ്ങളോ ആത്‌മഹത്യ തന്നെയോ നടന്നേക്കാം.

ഭക്ഷണ രീതിയിലും ഉറക്കക്രമത്തിലും മാറ്റങ്ങളുണ്ടാകും. അമിതമായി ഭക്ഷണം കഴിക്കുന്നവരും ഭക്ഷണം തീരെ കഴിക്കാത്തവരുമുണ്ടാകും. അതേപോലെതന്നെ ആവശ്യത്തിന് ഉറങ്ങാത്തവരും, കൂടുതലായി ഉറങ്ങുന്നവരുമുണ്ടാകാം. രോഗം ഒരു കുറ്റബോധമായും ഇവരിൽ പ്രത്യക്ഷപ്പെടാം. അകാരണമായ ദേഷ്യവും സങ്കടവും ഇക്കൂട്ടരിൽ പ്രകടമായേക്കാം. ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളിൽ മന്ദത, ഓർമക്കുറവ്, ശ്രദ്ധക്കുറവ് തുടങ്ങിയവയും സാമൂഹ്യമായുള്ള പിൻവലിയലും ഇതോടു ചേർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ തന്നെ.

വിഷാദം എന്ന് പൊതുവെ പറയുമെങ്കിലും എല്ലാ വിഷാദരോഗങ്ങളും ഒരു പോലെയല്ല. പലവിധത്തിലുള്ള വിഷാദ രോഗങ്ങളുണ്ട്. മുഖ്യമായിട്ടുള്ളത് മേജർ ഡിപ്രഷൻ (Major depression) എന്ന മുഖ്യ വിഷാദം തന്നെയാണ്. പാരമ്പര്യമായിട്ടാണിത് കൂടുതലായും കണ്ടുവരുന്നത്. എല്ലാ പ്രായക്കാരിലും ഇതുണ്ടാകാം. കൂടുതലായും ഇത്തരം വിഷാദംഉണ്ടാകുന്നത് ജീവിതം സമ്മർദ്ദ പൂർവമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് എന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മരണം വഴിയോ, വിവാഹമോചനം വഴിയോ, മറ്റേതെങ്കിലും വേർപിരിയലുകൾ മൂലമോ, ഇഷ്‌ടപ്പെട്ടവരെ നഷ്‌ടപ്പെടുക, സാമൂഹ്യ പരമായും വ്യക്‌തിപരമായും ഒറ്റപ്പെട്ടു എന്ന തോന്നൽ, ബന്ധങ്ങളിലുണ്ടാകുന്ന ഉലച്ചിൽ, ജോലിയിലുള്ള പ്രശ്‌നങ്ങൾ, വിരമിക്കൽ, ശാരീരികമോ മാനസികമോ ലൈംഗീകമോ ആയ ദുരുപയോഗം, കഠിനമായ രോഗം, ആർത്തവ പ്രശ്‌നങ്ങൾ, ഗർഭധാരണം, ആർത്തവവിരാമം തുടങ്ങി പലതും ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾക്ക് ഉദാഹരണങ്ങളാണ്.

സ്ഥിര വിഷാദം (Chronic depression ), Dysthymia എന്നത് മറ്റൊരുതരം വിഷാദ രോഗമാണ്. ആദ്യത്തെ തരത്തിലെ വിഷാദം പോലെ ലക്ഷണങ്ങൾ അത്ര തീവ്രമായിരിക്കുകയില്ല ഇതിൽ. ഇത്തരം വിഷാദം കാലേറെക്കാലം നീണ്ടുനിൽക്കും എന്നതുകൊണ്ടാണ് ഇത്തരത്തിലൊരു പേര് ലഭിച്ചത്. എല്ലാത്തിനോടും വിരക്‌തി, മിക്കദിവസങ്ങളിലും ദുഃഖം, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, എപ്പോഴും കിടക്കണമെന്നു തോന്നുക, പ്രതീക്ഷകൾ കുറയുകയും ആത്‌മഹത്യാ ചിന്തകൾ കൂടുകയുമാണ് ഇത്തരം രോഗികളിൽ കാണുക. ചികിത്‌സക്കെത്താത്തവരും ഇക്കൂട്ടർ തന്നെ. രോഗം അവരുടെ സ്വഭാവത്തിലേക്ക് സന്നിവേശിക്കുന്നതാണിതിന്റെ കാരണം.

പ്രസവാനന്തര വിഷാദം (Post partum depression ) ആണ് മറ്റൊരുതരം. പ്രസവാനന്തരമായ വിഷാദം ആയതുകൊണ്ടുതന്നെയാണ് ഇതിപ്രകാരം അറിയപ്പെടുന്നത്. ഗർഭകാലത്തോ അതിനു മുൻപോ ഇത്തരം രോഗികൾ നേരിടുന്ന പ്രശ്‌നം തന്നെയാകാം പ്രസവാനന്തരമുണ്ടാകുന്ന ഈ വിഷാദരോഗത്തിന് കാരണം. ചെറുപ്രായത്തിൽ അമ്മയാകുന്നവരും, ബന്ധുജനങ്ങളുടെ സഹായ സഹകരണങ്ങൾ കുറവുള്ളവരും, ഒറ്റയ്ക്ക് താമസിക്കുന്നവരും, ദാമ്പത്യ പ്രശ്‌നങ്ങൾ ഉള്ളവരുമാണ് ഇതിന്റെ മുഖ്യ ഇരകൾ.

ഇരുധ്രുവ വിഷാദം (Bipolar depression ) ആണ് മറ്റൊരു പ്രശ്‌നക്കാരൻ. ഉന്മാദവും ചേർന്നുണ്ടാകുന്ന അവസ്ഥയാണിത്. കുറച്ചു നാളുകൾ വിഷാദത്തിന്റേതാണെങ്കിൽ അതിന്റെ അടുത്ത നാളുകൾ ഉന്മാദത്തിന്റേതായിരിക്കും എന്നർത്ഥം. കൂടുതലാളുകളിലും പതിനഞ്ചിനും ഇരുപത്തി നാലിനും ഇടയിലുള്ള വയസ്സുകളിലായിരിക്കും ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ഇത് വളരെ ഗുരുതരമായ ഒരു രോഗമായിട്ടാണ് കണക്കാക്കുന്നത്.

കാലിക വിഷാദം (Seasonal depression ) ആണ് മറ്റൊന്ന്. വർഷാവർഷം ഒരേ സമയങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷാദരോഗമാണിത്. ചിലർക്ക് ശീതകാലത്താണെങ്കിൽ മറ്റുചിലർക്ക് വേനൽക്കാലത്തായിരിക്കും വിഷാദാക്രമണം. അക്കാലങ്ങളിലുണ്ടാകുന്ന തലച്ചോറിലെ ചില രാസമാറ്റങ്ങളാണിതിന് കാരണം. ജപ്പാനിൽ ആത്‌മഹത്യകൾ കൂടുന്നത് മഞ്ഞു കാലത്താണെന്നു എവിടെയോ വായിച്ചതോർക്കുന്നു. വെയിലിന്റെ അഭാവം വിഷാദ രോഗത്തിന്റെ തീവ്രത കൂട്ടുന്നതായി നിരീക്ഷണങ്ങൾ നടന്നിട്ടുണ്ട്.

ഇത്തരത്തിൽ വിഷാദരോഗത്തെ ഇനിയും പലവിധത്തിൽ തരം തിരിച്ചിട്ടുണ്ടെങ്കിലും വളരെ പ്രധാനമെന്ന് തോന്നിയതു മാത്രമാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് വിഷാദരോഗം ഉണ്ടാകുന്നത് എന്ന് പൂർണമായും മനസ്സിലാക്കാൻ ഇനിയും സാധിച്ചിട്ടില്ല എന്നതാണ് വസ്‌തുത. തലച്ചോറിലെ ചില രാസവസ്‌തുക്കളായ സെറട്ടോണിൻ, ഗാബ, നോർ എപ്പിനെഫ്രിൻ എന്നിവയുടെ അളവിലും പ്രവർത്തനത്തിലുമുണ്ടാകുന്ന അപാകതകളാണ് വിഷാദത്തിന്റെ ഇപ്പോൾ അറിയപ്പെടുന്ന കാരണങ്ങൾ. അവയുടെ മാറ്റങ്ങൾക്കു പുറകിലുള്ള കാരണങ്ങൾ ഇന്നും അജ്ഞാതമായി തുടരുന്നു. ഇതല്ലാതെയുള്ള കാരണങ്ങളിൽ പ്രധാനം ചില രോഗങ്ങൾ, മരുന്നുകൾ, തലച്ചോറിനേൽക്കുന്ന ആഘാതം തുടങ്ങിയവയാണ്.

വിഷാദരോഗത്തിനു കാരണമാകുന്ന രാസവസ്‌തുക്കളുടെ പ്രവർത്തനം ക്രമപ്പെടുത്തുക എന്നതാണ് മരുന്നുകൾ ചെയ്യുന്നത്. ഇത്തരത്തിലുള്ള രാസാക്രമീകരണങ്ങൾ ഹോമിയോപ്പതി മരുന്നുകൾ വഴി പാർശ്വഫലങ്ങളൊന്നും ഇല്ലാതെ സാധ്യമാക്കാനാകും. മരുന്നുകൾക്കൊപ്പം ചില സഹായ ചികിത്‌സാ രീതികളും പ്രയോജനപ്രദമാണ്. പിന്തുണ നൽകുക എന്നതാണ് ഇതിന്റെ ചികിത്‌സയിൽ ഏറ്റവും പ്രധാനം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത്. വിഷാദത്തെ അഹങ്കാരമായി കാണാതെ രോഗമായി പരിഗണിച്ചു് വേണ്ടത്ര പിന്തുണ നൽകുക എന്നതാണ് ഇവർ ചെയ്യേണ്ടത്. സഹായിക്കാനാരുമില്ല, തന്റെയാവശ്യം ആർക്കുമില്ല എന്ന തോന്നലിൽ നിന്നാണ് ആത്‌മഹത്യാചിന്തകൾ ഉടലെടുക്കുന്നത് എന്നോർക്കണം. സൈക്കോതെറാപ്പികളാണ് അടുത്തത്. അത് വിദഗ്‌ധനായ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിധിയിൽ വരുന്നതാണ്. കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഇന്റെർപേർസണൽ തെറാപ്പി എന്നിവയാണ് ഇതിൽ മുഖ്യം. ഗുരുതരമായ രോഗികളിൽ തലച്ചോറിനെ ഉദ്ധീപിപ്പിക്കുന്ന ഇലക്‌ട്രോ കൺവൽസീവ് തെറാപ്പിയും ആവശ്യമായി വന്നേക്കാം.

വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിദഗ്‌ധ സഹായം തേടുക എന്നുതന്നെയാണ് ഏറ്റവും ഉത്തമം.

ഡോ സുനീത് മാത്യു BHMS, M Phil(Psy), FCECLD

6 Comments
 1. Arun 3 years ago

  Thanks…

 2. Anish 3 years ago

  Good narration. thanks

 3. V Thomas 3 years ago

  Informative and helpful.

 4. Chandran 3 years ago

  Thanks, helpful.

 5. sivadas 3 years ago

  thanks for detailed info

 6. Siji 3 years ago

  Very informative..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account