സാധാരണ കണ്ടുവരുന്ന മിക്ക മാനസിക പ്രശ്‌നങ്ങളും രോഗങ്ങളും മുൻ അധ്യായങ്ങളിൽ വിവരിച്ചു കഴിഞ്ഞു. എന്നിരിക്കിലും പരാമർശിക്കേണ്ടതായ ചില പ്രശ്‌നങ്ങൾ കൂടിയുണ്ട്. അത്തരം പ്രശ്‌നങ്ങളിൽ ഒന്നാണ് പൊടുന്നനേ അകാരണമായി ഉണ്ടാകുന്ന പരിഭ്രാന്തി കലർന്ന ഭീതി. ഇതിനെ പാനിക് ഡിസോർഡർ എന്ന് വിളിക്കുന്നു. അപ്രതീക്ഷിതമായി മുന്നറിയിപ്പൊന്നുമില്ലാതെയാണ് ഇത് സംഭവിക്കുക. എന്തിനെന്നറിയാത്ത ഭയം, പരിഭ്രാന്തി, ഉയർന്ന നെഞ്ചിടിപ്പ്, വിറയൽ, വിയർക്കൽ, ശ്വാസം മുട്ടൽ, ശരീരമാകെ മരവിപ്പ്, എന്തോ അപകടം സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ എന്നിവയാണ് ഇവർക്കനുഭവപ്പെടുക. ഇതിനു കൃത്യമായ ഒരു കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. അമിത മാനസിക സമ്മർദ്ദം, പുകവലി, ബാല്യകാല പീഢനങ്ങൾ, ദുര്യുപയോഗങ്ങൾ എന്നിവയും ഇതിന്റെ പുറകിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സി ബി റ്റി പോലുള്ള സൈക്കോതെറാപ്പികൾ, കൗൺസലിങ്, ഹോമിയോപ്പതി മരുന്നുകൾ തുടങ്ങിയവ വഴി ഈ രോഗം പൂർണ്ണമായും ചികിൽസിച്ചു മാറ്റാവുന്നതാണ്.

ആഘാതാനന്തര മാനസിക സമ്മർദ്ദം അഥവാ പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോർഡർ ആണ് മറ്റൊന്ന്. ജീവിതത്തിലെപ്പോഴെങ്കിലും അനുഭവിക്കേണ്ടതായിവന്ന ഒരു മാനസികാഘാതം അതിന്റെ തീവ്രതയോടെയുള്ള ഓർമ്മപ്പെടുത്തലുകളായി അനുഭവപ്പെടുക എന്നതാണ് ഈ രോഗം. അതൊരുപക്ഷേ ഒരു ബലാത്‌സംഗമാകാം, മറ്റേതെങ്കിലും തരത്തിലുള്ള ലൈംഗീക പീഢനമാകാം, ആക്രമണമാകാം, യുദ്ധമാകാം, റോഡപകടമാകാം, മറ്റപകടമാകാം, അടുത്തയിടെ ഉണ്ടായ സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളാകാം. ഇത്തരം സംഭവങ്ങൾ നടന്നതിന് ശേഷമുള്ള ആദ്യ മൂന്നു മാസങ്ങൾക്കുള്ളിൽ ആയിരിക്കും മിക്കവരിലും ഇതിന്റെ ലക്ഷണങ്ങൾ ആദ്യമായി ഉണ്ടാകുക. വളരെ വർഷങ്ങൾക്ക് ശേഷം ആദ്യമായി ഉണ്ടാകുന്ന പരിഭ്രാന്തി ഇതിന്റെ നിർവചനത്തിൽ വരികയില്ല. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഈ രോഗത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുകയും ചെയ്യും. വിയറ്റ്‌നാം യുദ്ധത്തിനു ശേഷം ഉണ്ടായ ഇത്തരം രോഗികളിൽ നടത്തിയ പഠനങ്ങളിൽ അവരുടെ തലച്ചോറിലെ മൂന്നു പ്രധാന ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകുന്നതായി കണ്ടെത്തുകയുണ്ടായി. പ്രീ ഫ്രോണ്ടൽ കോർട്ടെക്‌സ്, ആമൈഗ്ദാല, ഹൈപ്പോ ക്യാമ്പസ് എന്നിവയാണ് അവ. സൈക്കോതെറാപ്പികളായ കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഐ മൂവ്‌മെന്റ് ഡിസെൻസിറ്റൈസേഷൻ ആൻഡ് റീ പ്രോസസിങ്, ഇന്റർ പേർസണൽ തെറാപ്പി എന്നിവ ഇവരിൽ വളരെ ഫലപ്രദമായി കണ്ടുവരുന്നു. ഇതിന്റെ ചികിത്സയിൽ ഹോമിയോപ്പതി മരുന്നുകൾക്കും വളരെ പ്രാധാന്യമുണ്ട്.

ഇല്ലാത്ത രോഗത്തെക്കുറിച്ചുള്ള ഭയമാണ് മറ്റൊന്ന്. ഹൈപ്പോകോൺഡ്രിയാസിസ് എന്നാണിതിന്റെ പേര്. എപ്പോഴും എന്തെങ്കിലും മാരക രോഗമുണ്ടെന്ന് ചിന്തിച്ചുകൊണ്ടിരിക്കുക, മരിക്കുമെന്ന് ഭയപ്പെടുക, അതേക്കുറിച്ചോർത്തു ഉറക്കം നഷ്‌ടപ്പെടുക, അസ്വസ്ഥനാകുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ആവശ്യമില്ലാതെ വൈദ്യസഹായം തേടുക, ഇന്റർനെറ്റിലും പുസ്‌തകങ്ങളിലും അസുഖങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടിക്കൊണ്ടിരിക്കുക, അത് തനിക്കുണ്ടെന്ന് തോന്നുക തുടങ്ങിയ പ്രശ്‌നങ്ങളും ഇക്കൂട്ടർക്കുണ്ട്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന അമിത ഹൃദയമിടിപ്പ്, മാംസപേശികളുടെ ക്ഷീണം, ദഹനക്കുറവ് തുടങ്ങിയവ ഇവരുടെ ഭയം വർധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇതോടനുബന്ധമായി വിഷാദ രോഗമുണ്ടാകുന്നവരും കുറവല്ല. ഹോമിയോപ്പതി മരുന്നുകളും കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും ഈ രോഗത്തിന് വളരെ ഫലപ്രദമാണ്.

സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ലാത്ത മോഷണങ്ങളാണ് പ്രതിപാദിക്കേണ്ടതായ മറ്റൊരു പ്രശനം. ക്ലെപ്‌റ്റോമാനിയ എന്നറിയപ്പെടുന്ന ഒരു രോഗമാണിത്. ചില വസ്‌തുക്കൾ കണ്ടാൽ മോഷ്‌ടിക്കാതിരിക്കാൻ പറ്റാത്ത ഒരവസ്ഥ. ഇത്തരം മോഷണങ്ങൾ പതിവാക്കുകയും പിടിക്കപ്പെടുകയും ചെയ്യുക ഇവരിൽ പതിവാണ്. കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും ഹോമിയോപ്പതി മരുന്നുകളും ഈ രോഗത്തിലും തികച്ചും ഫലപ്രദമായി കണ്ടുവരുന്നു.

മാനസിക രോഗങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു  എന്നതിന് തെളിവുകളാണ് ഇത്തരം രോഗങ്ങൾ. മറ്റുള്ളവർക്ക് ഇവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞെന്നു വരികയില്ല. ഒരാളുടെ സ്വഭാവത്തിൽ എന്തെങ്കിലും വൈകല്യം ശ്രദ്ധയിൽ പെടുകയാണെങ്കിൽ വിദഗ്‌ധ സഹായം തേടുന്നത് വളരെ അനുചിതമായിരിക്കും. മിക്ക പ്രശ്‌നങ്ങളും ഇന്ന് ചികിൽസിച്ച്‌ പൂർണമായും ഭേദപ്പെടുത്താൻ കഴിയുന്നതാണ്.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

1 Comment
  1. Siji 3 years ago

    Good one

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account