പ്രത്യുത്‌പാദനമാണ് പ്രധാന ലക്ഷ്യമെങ്കിലും ലൈംഗീകതക്ക് മറ്റു പല സവിശേഷതകളുമുണ്ട്. ശരിയായ ലൈംഗീകത ശരീരത്തിനും മനസ്സിനും ആരോഗ്യവും ഉന്മേഷവും നൽകുന്നുണ്ട് എന്നത് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ശരീരത്തിലെ വിവിധ ഹോർമോണുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് സാധ്യമാകുന്നത്. ലൈംഗീകതക്ക് വൈകാരികവും ബൗദ്ധികവും സാമൂഹികവുമായ തലങ്ങളുണ്ട്. ഇണയുടെ സ്‌നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിലും ലൈംഗീകതയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന പല വൈകൃതങ്ങളും പോലെ ലൈംഗീക വൈകൃതങ്ങളും ഉണ്ട് എന്നത് നാം അറിഞ്ഞിരിക്കേണ്ട ഒരു സത്യമാണ്. ഇതെല്ലാം തന്നെ മാനസികാരോഗ്യം തകർന്നതിന്റെ ലക്ഷണങ്ങൾ തന്നെയാണ്. ശരിയായ മാനസിക നിലയുള്ളവർക്ക് ലൈംഗീക വൈകൃതങ്ങളിൽ ഏർപ്പെടുക സാധ്യമല്ല. നമ്മുടെ ലൈംഗീക ചിന്തകളും സ്വഭാവങ്ങളും നമുക്കോ മറ്റുള്ളവർക്കോ ഉപദ്രവകരമാകുന്നു എങ്കിൽ അത് ശരിയായ ലൈംഗീകത ആയിരിക്കുകയില്ല. ഇത്തരം വൈകല്യങ്ങളെ പാരാഫീലിയ എന്നാണ് പറയുക. ഇത്തരം വൈകൃതങ്ങൾ പല തരത്തിലുണ്ട്.

എക്‌സിബിഷനിസം: അഥവാ ലൈംഗീക പ്രദർശനം വളരെയധികം കണ്ടു വരുന്ന ഒരു ലൈംഗീക വൈകൃതമാണ്. തന്റെ നഗ്നതയോ ലൈംഗീക അവയവമോ എതിർ ലിംഗത്തിലുള്ളവരെ പ്രദർശിപ്പിക്കുന്നതിലൂടെ ആനന്ദം കണ്ടെത്തുന്നവരാണിക്കൂട്ടർ. ഇണയോടൊത്തുള്ള ലൈംഗീക ബന്ധം മൂന്നാമതൊരാളെ കാണിച്ചു സായൂജ്യമടയുന്നവരും ഇക്കൂട്ടരിൽ ഉണ്ടായിരിക്കാം. ട്രയോലിസം എന്ന പേരിലാണ് ഇതറിയപ്പെടുക.

ഫെറ്റിഷിസം: അചേതന വസ്‌തുക്കളിൽ ലൈംഗീക താൽപര്യം കണ്ടെത്തുന്ന ഒരു മനോരോഗമാണിത്. ഏതെങ്കിലും ഒരു വസ്‌തു അല്ലെങ്കിൽ ശരീരത്തിന്റെ ഒരു ഭാഗം തുടങ്ങിയവ ലൈംഗീക ചോദനയ്ക്ക് ഉപയോഗിക്കുന്നവരാണിവർ. അത് ചെരുപ്പായിരിക്കാം, തൂവാലയായിരിക്കാം, കാൽപാദമായിരിക്കാം, മുടിയായിരിക്കാം, മറ്റു പലതുമായിരിക്കാം. ജനനേന്ദ്രിയങ്ങൾക്കു ഇതിൽ കാര്യമായ പ്രസക്‌തിയില്ല.

ഫ്രോട്ടിയൂറിസം: തിരക്കുള്ള ഒരു സ്ഥലത്തോ അല്ലെങ്കിൽ ഒരു വാഹനത്തിൽ വച്ചോ മറ്റൊരാളുടെ ശരീരത്തിൽ ലൈംഗീക അവയവം ഉരസി ലൈംഗീക സുഖം അനുഭവിക്കുന്ന മാനസിക രോഗമാണിത്.

പീഡോഫീലിയ: കുട്ടികളോടുള്ള ലൈംഗീക ആകർഷണമാണ് പീഡോഫീലിയ. കുട്ടികൾ ഉൾപ്പെടുന്ന അശ്ളീല ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നതും ഈ രോഗത്തിന്റെ ഭാഗമായി തന്നെയാകണം. ഇത്തരം വൈകല്യമുള്ളവരുടെ എണ്ണം ഏറി വരുന്നു എന്നത് തികച്ചും നിർഭാഗ്യകരമാണ്.

നെക്രോഫീലിയ: മൃത ശരീരങ്ങളോടുള്ള ലൈംഗീക ആകർഷണമാണിത്. ഇതിൽത്തന്നെ രണ്ടു വിധം രോഗികളുണ്ട്. മൃതദേഹത്തിന്റെ ചൂട് നഷ്‌ടപ്പെടുന്നതിനു മുൻപ് അതായത് മരിച്ചു രണ്ടു മണിക്കൂറുകൾക്കുള്ളിൽ ലൈംഗീകമായി ഉപയോഗിക്കുന്നവരും തണുത്ത മൃതദേഹവുമായി അതായത് മരിച്ചു രണ്ടു മണിക്കൂറുകൾക്കു ശേഷം ഉപയോഗിക്കുന്നവരും. അതേപോലെ തന്നെ മൃതദേഹത്തിൽ വൈരൂപ്യങ്ങളുണ്ടാക്കി ആസ്വദിക്കുന്നവരും ഇക്കൂട്ടരിലുണ്ട്.

മാസോക്കിസം: ഇണയിൽനിന്നും ലഭിക്കുന്ന അവഗണനയിൽ നിന്നും വേദനയിൽ നിന്നും ആനന്ദം ലഭിക്കുന്ന ഒരു രതി വൈകൃതമാണിത്. ഇണ പീഡിപ്പിക്കുന്നതിനനുസരിച്ച് ലൈംഗീകാനന്ദം കൂടുന്നു എന്നതാണിതിന്റെ കൗതുകം.

സാഡിസം: മാസോക്കിസത്തിന്റെ വിപരീത സ്വഭാവമാണ് സാഡിസം. ഇണയോട് ക്രൂരമായി പെരുമാറുന്നതിൽ ആനന്ദമനുഭവിക്കുന്നവർ. ഇണയുടെ വേദനയിൽ നിന്നും കരച്ചിലിൽ നിന്നും ലൈംഗീക ചോദന ഉണ്ടാക്കുന്നവർ. ഇണയിൽ മുറിവുകളും പൊള്ളലുകളും ഉണ്ടാക്കാൻ മടിക്കാറില്ല.

വോയൂറിസം: മറ്റുള്ളവരുടെ നഗ്നതയിലേക്കും ലൈംഗീകതയിലേക്കും എത്തിനോക്കുന്നവരാണിക്കൂട്ടർ. മറഞ്ഞിരുന്നും ഒളിക്യാമറകൾ ഉപയോഗിച്ചും അന്യരുടെ സ്വകാര്യതയിലേക്കു കടന്നു കയറുന്നവർ. അശ്ളീല വീഡിയോ ചാറ്റുകൾക്കു നിർബന്ധിക്കുന്നവരും ഈ ഗണത്തിൽ വരും.

ഇൻസെസ്റ്: നിഷിദ്ധമായ ലൈംഗീക ബന്ധത്തിനോടുള്ള താൽപര്യമാണിത്. പിതാവും പുത്രിയും, മാതാവും പുത്രനും, സഹോദരങ്ങളും മറ്റു അടുത്ത ബന്ധങ്ങളും ഇതിന്റെ പരിധിയിൽ വരും.

ഒരു മനോരോഗമെന്നതിലുപരി ഇതിൽ മിക്കതും കുറ്റകൃത്യങ്ങൾ കൂടിയാണ്. ഇത്തരം മനോരോഗങ്ങൾ പലപ്പോഴും ശിക്ഷാ ആനുകൂല്യം കിട്ടുന്ന രോഗങ്ങളായി നിയമം കാണുന്നുമില്ല. ഇത്തരത്തിലുള്ള മിക്ക മനോരോഗികളും സമൂഹത്തിനു ആപത്തു തന്നെയാണ്. ഇത്തരക്കാർ ഇതൊരു രോഗമായി  കാണാറില്ലാത്തതുകൊണ്ടുതന്നെ ചികിത്‌സയും തേടാറില്ല. എന്നിരിക്കിലും ഇത്തരം രോഗങ്ങൾ ഒരു പരിധിവരെ മരുന്നും സൈക്കോതെറാപ്പികളും വഴി ഗുണപ്പെടുത്താൻ കഴിയും.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account