സ്‌കിറ്റ്‌സോഫ്രനിയ എന്ന ഈ അസുഖത്തിന്റെ മലയാള പദം എന്തായിരിക്കും എന്ന് തേടിയിട്ട് കിട്ടിയത് ഇതാണ് – ‘പ്രവൃത്തികൾക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസിക രോഗം’. വളരെ ശരിയായ ഒരു നിർവചനമായി എനിക്ക് തോന്നി. നമ്മുടെ ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇക്കൂട്ടർ ജീവിക്കുന്നത്. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാതെ. ഇല്ലാത്ത അനുഭവങ്ങളിലൂടേയും മിഥ്യാധാരണകളിലൂടേയും അവർ ജീവിക്കുന്നു എന്നർത്ഥം. ഇല്ലാത്തതു കേൾക്കുക, കാണുക, മണക്കുക, രുചിക്കുക തുടങ്ങി ഇല്ലാത്ത സ്‌പർശനാനുഭവം വരെ ഇക്കൂട്ടർക്കുണ്ടാകും. ഈ വാക്കിന്റെ ഇംഗ്ലീഷ് അർഥം സ്‌പ്ലിറ്റ് മൈൻഡ് അഥവാ വേർപെട്ട മനസ്സ് എന്നാണ്. ഇതിന്റെ ശരിയായ ഉച്ചാരണം സ്‌കിറ്റ്‌സോഫ്രനിയ എന്ന് തന്നെയാണ്.

കൗമാരത്തിന്റെ അവസാന കാലത്തോ യൗവ്വനത്തിന്റെ ആദ്യ കാലങ്ങളിലോ, അതായത് 16 മുതൽ 30 വയസ്സുവരെയുള്ള പ്രായത്തിലാണ് ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെടുക. മിക്കവരിലും 19 വയസ്സിനോടടുപ്പിച്ചാണ് ഈ രോഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഷാദം സ്‌ത്രീകളിലാണ് കൂടുതൽ കാണപ്പെടുന്നതെങ്കിൽ സ്‌കിറ്റ്‌സോഫ്രനിയ പുരുഷന്മാരെയാണ് കൂടുതലായും ബാധിക്കുന്നത്. ജനസംഖ്യയുടെ ഒരു ശതമാനത്തോളം ആളുകൾ ഈ രോഗത്തിന് അടിമയാണ് എന്നും ഒരു പഠനമുണ്ട്.

പലപ്പോഴും ഒരു വിദഗ്ദ്ധനുപോലും ഈ രോഗം തിരിച്ചറിയുക ശ്രമകരമാണ്. രോഗി അവരുടെ ചിന്തകളെക്കുറിച്ചു പറയുമ്പോൾ മാത്രമാണ് ചിലരിലെങ്കിലും ഈ രോഗമുണ്ടെന്ന് മനസ്സിലാകുക. മിക്കവരും ചികിത്‌സ ഇഷ്‌ടപ്പെടുന്നില്ല. രണ്ടു കാരണങ്ങളാണിതിനുള്ളത്. ഒന്ന് രോഗി അയാളുടെ ചിന്തകൾ, കാഴ്ച്ചകൾ, അനുഭവങ്ങൾ എല്ലാം അയാളുടെ ശരികളായി കാണുന്നു. അതൊരു രോഗമായി അവർക്കനുഭവപ്പെടുന്നില്ല. രണ്ടാമത്തേത് അവരിലെ സംശയമാണ്. മരുന്ന് വിഷമായും അവരെ കൊല്ലാനുള്ള ബോധപൂർവമായ ശ്രമമാണെന്നും അവർ വിശ്വസിക്കുന്നു.

അടുത്ത കാലം വരെ ഈ രോഗം പലവിധത്തിൽ തരം തിരിച്ചിരുന്നെങ്കിലും ഇപ്പോൾ ഇതിനു സ്‌കിറ്റ്‌സോഫ്രനിയ എന്ന ഒരൊറ്റ പേരുമാത്രമേ ഇപ്പോൾ ഉപയോഗിക്കുന്നുള്ളൂ. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ രോഗികൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. താഴെ പറയുന്നവയാണ് മുഖ്യ ലക്ഷണങ്ങൾ. ഇതിന്റെ ലക്ഷണങ്ങളെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. രോഗിയിൽ പ്രത്യക്ഷമാകുന്നതിനെ പോസിറ്റീവ് ലക്ഷണങ്ങൾ എന്നും രോഗിയിൽ നിന്നും നഷ്‌ടപ്പെടുന്നതിനെ നെഗറ്റീവ് ലക്ഷണങ്ങൾ എന്നും പറയുന്നു. ഡെല്യൂഷൻ, ഹാലൂസിനേഷൻ തുടങ്ങിയവ പോസിറ്റീവ് ലക്ഷണങ്ങൾക്കും നിർവികാരത, സംസാരമില്ലായ്‌മ, വികാര പ്രകടനമില്ലായ്‌മ തുടങ്ങിയവ നെഗറ്റീവ് ലക്ഷണങ്ങൾക്കും ഉദാഹരണങ്ങളാണ്. ബൗദ്ധിക ലക്ഷണങ്ങളാണ് മൂന്നാമത്തെ ഇനം. ചിന്തകളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണിത്. ഇവയും നെഗറ്റീവ് ലക്ഷണങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തുക. ശ്രദ്ധയില്ലായ്‌മ, ഓർമ്മയില്ലായ്‌മ തുടങ്ങിയവയാണ് ഇവ. വൈകാരിക ലക്ഷണങ്ങളാണ് നാലാമത്തേത്. ഇതും നെഗറ്റീവ് ലക്ഷണങ്ങൾ തന്നെ. നിർവികാരതയാണ് ഇതിൽ മുഖ്യം.

ഡെല്യൂഷൻ: തെറ്റായ വിശ്വാസം എന്നതാണ് ഡെല്യൂഷൻ കൊണ്ട് അർത്ഥമാക്കുന്നത്. നോർമലായ ഒരാൾക്ക് ശരിയല്ല എന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങൾ ഡെല്യൂഷൻ ബാധിച്ചവർക്ക് ശരിയായി തോന്നും. അത് അവരുടെ ശരിയാണ്. ഡെല്യൂഷൻ ഓഫ് പേർസിക്യൂഷനിൽ മറ്റുള്ളവർ ഉപദ്രവിക്കാൻ ശ്രമിക്കുന്നെന്നും അപായപ്പെടുത്താൻ ശ്രമിക്കുമെന്നും രോഗികൾ ഭയക്കുന്നു. ഡെല്യൂഷൻ ഓഫ് ഗ്രാൻഡ്‌യൂറിൽ രോഗികൾ പ്രത്യേക മഹത്വം ഉള്ളവരാണെന്നും, മറ്റു ആളുകളിൽ നിന്നും വ്യത്യസ്ഥരാണെന്നും അവർക്കു ചില പ്രത്യേക ശക്‌തികളും കഴിവുകളും ഉണ്ടെന്നും രോഗികൾ വിശ്വസിക്കുന്നു.

ഹാലൂസിനേഷൻസ്: ഇല്ലാത്ത ശബ്‌ദങ്ങൾ കേൾക്കുക, ഇല്ലാത്തതു കാണുക, മണക്കുക, രുചിക്കുക, അനുഭവിക്കുക എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതലാളുകളിലും ഇല്ലാത്തതു കേൾക്കുക എന്നതാണ് കൂടുതലായും അനുഭവപ്പെടുന്നത്. അതവർ ദൈവത്തിന്റെ അശരീരികളായി പോലും കരുതുന്നു. അത്തരം അശരീരികൾ അവർക്കു ഗുണപ്രദമായ സന്ദേശങ്ങളായിരിക്കുകയില്ല നൽകുക. മറിച്ച്‌ സ്വയം നശിക്കുക, മറ്റുള്ളവരെ നശിപ്പിക്കുക തുടങ്ങിയ സന്ദേശങ്ങളായിരിക്കും നൽകുക.

ചിന്താതകരാറുകൾ: രോഗി ഒരാശയത്തിൽ നിന്നും മറ്റൊന്നിലേക്ക്, സാമാന്യ ബുദ്ധിക്കു നിരക്കാത്ത രീതിയിൽ മാറിക്കൊണ്ടിരിക്കുകയും പരസ്‌പരബന്ധമില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

പ്രേരക തകരാറുകൾ: ഉൾപ്രേരണകൾ നഷ്‌ടപ്പെടുകയാണ് ഇത്തരം രോഗികളിൽ കാണുന്നത്. അവരുടെ ദൈനംദിന പ്രവൃത്തികൾ മറന്നു പോകുന്നു.

വൈകാരിക പ്രകടനങ്ങളുടെ അഭാവം: സന്തോഷമോ സങ്കടമോ പ്രകടിപ്പിക്കാനാകാത്ത അവസ്ഥ. അല്ലെങ്കിൽ പ്രകടനം അനവസരത്തിലാകുക എന്നിവയാണ് ഇത്തരം ലക്ഷണങ്ങൾ.

സാമൂഹിക പിൻവലിയൽ: സമൂഹത്തിലുള്ള എല്ലാവരും തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന രോഗിയുടെ തെറ്റായ വിശ്വാസം ആണ് ഇതിനു കാരണം. ആളുകളെ ഇവർ സംശയത്തോടും ഭീതിയോടേയും കാണുന്നു. പലപ്പോഴും ഇത്തരം രോഗികൾ അക്രമാസക്‌തരാകുന്നതിന്റെ കാരണവും ഈ ഭീതി തന്നെയാണ്.

രോഗത്തെക്കുറിച്ചു ബോധമില്ലായ്‌മ: ഇതാണ് മറ്റൊരു ലക്ഷണം. രോഗികൾ അവരുടെ ലോകത്തു ജീവിക്കുന്നവർ ആയതുകൊണ്ടുതന്നെ, തനിക്കൊരു രോഗമുണ്ട് എന്നവർ കരുതുന്നില്ല.

ബൗദ്ധിക ബുദ്ധിമുട്ടുകൾ: ശ്രദ്ധ, ഓർമ്മ എന്നിവയിൽ ബുദ്ധിമുട്ട്, ആശയ വിനിമയത്തിനുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് ഇവ. ചോദിക്കുന്ന ചോദ്യങ്ങൾക്കു കൃത്യമായ മറുപടി തരാൻ ഇത്തരം രോഗികൾക്കാവില്ല. ചിലർക്കാകട്ടെ സ്വന്തം പേരുപോലും ഓർമയുണ്ടായെന്നു വരില്ല.

സ്‌കിറ്റ്‌സോഫ്രനിയയുടെ കൃത്യമായ കാരണങ്ങൾ ഇനിയും പൂർണമായും കണ്ടെത്തിയിട്ടില്ല. ജനിതകവും പാരിസ്ഥിതികവുമായ കാരണങ്ങൾ ഈ രോഗത്തിനു പിന്നിൽ പ്രവർത്തിക്കുന്നു. ഗർഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന പോഷക ഭക്ഷണ ദാരിദ്രം, ചില വൈറൽ രോഗങ്ങൾ, പിറവിക്കുമുൻപുണ്ടാകുന്ന ചില പരിക്കുകൾ തുടങ്ങിയവയും ഈ രോഗത്തിനു കാരണമായേക്കാം. തലച്ചോറിൽ ഉണ്ടാകുന്ന രാസമാറ്റമാണ് മറ്റൊരു പ്രശ്‌നം. പാർക്കിൻസോണിസത്തിനു കാരണമായ ഡോപ്പാമിൻ എന്ന രാസവസ്‌തു തന്നെ മുഖ്യ ഹേതു. വിഷാദത്തിന്റെ മുഖ്യ കാരണമായ സെറട്ടോണിൻ എന്ന രാസവസ്‌തുവിന്റെ പങ്കും ഈ രോഗത്തിലും ചെറുതല്ല. ചില മരുന്നുകളും ഈ രോഗമുണ്ടാക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്. തുടർച്ചയായി കഴിക്കുന്ന ചില സ്റ്റിറോയിഡുകൾ ഇതിനു കാരണമാകുന്നു എന്ന് ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. കഞ്ചാവ്, മാരിജുവാന, എൽ എസ് ഡി എന്നിവയുടെ ഉപയോഗവും ഇതിന്റെ കാരണങ്ങൾതന്നെ.

രോഗിയുടെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗനിർണ്ണയം നടത്തുക. അതിനു മുന്നോടിയായി ഈ ലക്ഷണങ്ങൾ കാണിക്കാൻ സാധ്യതയുള്ള മറ്റു രോഗങ്ങൾ ഇല്ല എന്ന് പരിശോധനകളിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. താഴെ പറയുന്ന അഞ്ചു ലക്ഷണങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണമുണ്ടായിരിക്കണം. അവ കുറഞ്ഞത് ആറു മാസമെങ്കിലും നീണ്ടുനിൽക്കുന്നതുമായിരിക്കണം. ഇത്തരക്കാർക്ക് പഠന സംബന്ധമോ ജോലി സംബന്ധമോ ആയ പ്രശ്‌നങ്ങളും ഉണ്ടായിരിക്കണം എന്നതും നിബന്ധനകളാണ്.

1 . ഡെല്യൂഷൻ
2 . ഹാലൂസിനേഷൻസ്
3 . ക്രമരഹിത സ്വഭാവം
4 . ക്രമരഹിതമായ സംഭാഷണം
5 . നെഗറ്റീവ് ലക്ഷണങ്ങൾ, നാലാഴ്ച്ചയിൽ കുറയാത്ത ദൈർഘ്യത്തിൽ.

ഇത്തരം രോഗികളെ വളരെക്കാലമായി ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിൽസിച്ചു വരുന്നു. അത്തരത്തിലുള്ള ഒരു ഭാരത സർക്കാർ സ്ഥാപനമാണ് കോട്ടയത്തിനടുത്തു കുറിച്ചിയിലുള്ള നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത്. മനഃശാസ്ത്ര കൗൺസിലിംഗും സ്വയം സഹായ ചാതുര്യം നൽകുന്ന ചികിത്‌സാ മാർഗ്ഗങ്ങളും ഫലപ്രദമായി കണ്ടുവരുന്നു. പുനരധിവാസം നടത്തേണ്ടതായ രോഗികളും ധാരാളമുണ്ട്. തലച്ചോറിനെ ഉദ്ധീപിപ്പിക്കുന്ന ഇലക്‌ട്രോ കൺവൽസീവ് തെറാപ്പിയും ആവശ്യമായി വന്നേക്കാം. എന്നാൽ ഇത് സിനിമകളിൽ കാണുന്നതു പോലെ വേദനാജനകമായ ഒരു ചികിത്‌സാമാർഗ്ഗമൊന്നുമല്ല. അനസ്‌തേഷ്യ നൽകിയിട്ടാണ് ഇത്തരം ചികിത്സകൾ നടത്തുക.

ഡോ സുനീത് മാത്യു BHMS, M Phil(Psy), FCECLD

3 Comments
  1. James 2 years ago

    Great to know and understand…

  2. P K N Nair 2 years ago

    Good to know and understand.

  3. Prasad 2 years ago

    Thanks for this note.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account