ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മുഖ്യമായും പല ലൈംഗീക പ്രശ്‌നങ്ങളുടെയും പിന്നണിയിൽ പ്രവർത്തിക്കുന്നതെന്ന് ഞാൻ മുൻ അധ്യായത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഇത്തരം പ്രശ്‌നങ്ങൾ മനസ്സിലാക്കണമെങ്കിൽ ലൈംഗീകത എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ലൈംഗീക വിനോദത്തിനോ പ്രത്യുത്‌പാദനത്തിനോ അല്ലെങ്കിൽ ഇവ രണ്ടിനുമോ വേണ്ടി സ്‌ത്രീ പുരുഷന്മാർ ഇണ ചേരുന്നതിനെയാണ് ലൈംഗീക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകളും താത്‌പര്യങ്ങളും അനിവാര്യവുമാണ്.

ലൈംഗീക ബന്ധത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ആകെ സെക്ഷ്വൽ റെസ്‌പൊൺസ് സൈക്കിൾ എന്ന് പറയും. ഇത് നാല് വിവിധ ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഇതിലെ എല്ലാ ഘട്ടങ്ങളും ഒരു സംതൃപ്‌ത ലൈംഗീക ബന്ധത്തിന് തുല്യ പ്രാധാന്യം ഉള്ളവ തന്നെയാണ്. ഇതിൽ ഏതു ഘട്ടത്തിലുണ്ടാകുന്ന പ്രശ്നങ്ങളും നമ്മുടെ ലൈംഗീക മാനസിക ആരോഗ്യത്തിൽ പ്രതിഫലിക്കാവുന്നതു തന്നെയാണ്.

എക്സയിറ്റ്മൻറ് അഥവാ ആവേശം എന്നതാണ് ആദ്യ ഘട്ടം. ഇത് ഏതാനും മിനുട്ടുകൾ മുതൽ ഏതാനും മണിക്കൂറുകൾ വരെ നീണ്ടു നിന്നേക്കാം. ഇതിന്റെ സമയ ദൈർഘ്യം കൂടുന്നതനുസരിച്ചു ലൈംഗീക സംതൃപ്‌തിയും കൂടുന്നതായിരിക്കും. ശരീരത്തിലെ മസിലുകൾ മുറുകുക, ഹൃദയ നിരക്ക്, ശ്ശ്വാസോച്‌വാസം എന്നിവ കൂടുക, ലൈംഗീകാവയവങ്ങളിലേക്കു രക്‌ത സംക്രമണം അധികരിക്കുക, മുലക്കണ്ണുകൾ ദൃഢമാകുക, സ്‌ത്രീകളുടെ യോനീച്ഛദം (ക്ലിറ്റോറിസ്), യോനിച്ചുണ്ടുകൾ തുടങ്ങിയവയ്ക്കും പുരുഷ ലിംഗത്തിനും ഉദ്ധാരണമുണ്ടാകുക, യോനിസ്രവങ്ങൾ ഉണ്ടാകുക, പുരുഷന്മാരിൽ വൃഷണങ്ങൾ വീർക്കുക, സ്രവങ്ങളുൽപാദിപ്പിക്കുക, സ്‌ത്രീകളിൽ മാറിടങ്ങൾ വീർത്തു വരിക തുടങ്ങിയവയാണ് ഈ ഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങൾ.

രണ്ടാമത്തെ ഘട്ടം പ്ലാറ്റോ (plateau)എന്നാണറിയപ്പെടുന്നത്. ഒന്നാം ഘട്ടമായ എക്സയിറ്റ്മൻറ് തീവ്രത കൂടിയ ഘട്ടമാണിത്. യോനി കൂടുതൽ വികസിക്കുകയും വീർക്കുകയും ചെയ്യും.യോനീഭിത്തികൾ ഇരുണ്ട പർപ്പിൾ നിറത്തിലാകും. യോനിച്ഛദം കൂടുതൽ സൂക്ഷ്‌മ സംവേദന ക്ഷമതയുള്ളതാകുന്നു. ഹൃദയ നിരക്ക്, ശ്വാസ നിരക്ക്, രക്‌ത സമ്മർദ്ദം എന്നിവ ക്രമാതീതമായി ഉയരുന്നതും, കാൽ പാദങ്ങളിലെയും കൈകളിലെയും മുഖത്തെയും മസിലുകൾ വലിഞ്ഞു മുറുകുന്നതും ഈ ഘട്ടത്തിലാണ്.

മൂന്നാമത്തെ ഘട്ടമാണ് ഓർഗാസം അഥവാ രതിമൂർച്ഛ എന്നറിയപ്പെടുന്നത്. ഇത് തന്നെയാണ്  സെക്ഷ്വൽ റെസ്‌പോൺസ് ചക്രത്തിന്റെ മൂർദ്ധന്യം എന്നറിയപ്പെടുന്നതും. ഹൃദയ, ശ്വാസ നിരക്കുകൾ, രക്‌തസമ്മർദം എന്നിവ അതിന്റെ മൂർദ്ധന്ന്യത്തിലെത്തുന്നതും ഇതിൽത്തന്നെ. ലൈംഗീക പിരിമുറുക്കത്തിൽ നിന്ന് മുക്‌തിപ്രാപിക്കുന്നതു രതിമൂർച്ഛയിലൂടെയാണ് . സ്‌ത്രീകളിൽ യോനിയും ഗർഭാശയവും പ്രത്യേക താളത്തിൽ സങ്കോചിക്കുകയും അപൂർവമായ ഒരു സുഖാവസ്ഥയിലേക്കു നയിക്കപ്പെടുകയും ചെയ്യും.പുരുഷൻമാരിൽ ലിംഗത്തിന്റെ അടിഭാഗത്തുള്ള മസിലുകൾ താളാത്‌മകമായി സങ്കോചിക്കുകയും സ്ക്കലനം നടക്കുകയും ചെയ്യും. പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുഖകരമായ അവസ്ഥ നൽകുന്ന ഒന്നാണ് സ്ക്കലനം.

നാലാമത്തെ ഘട്ടമാണ് റെസൊല്യൂഷൻ (resolution) എന്നറിയപ്പെടുന്നത്. ഈ അവസ്ഥയിലാണ് ശരീരം അതിന്റെ പൂർവകാല പ്രവർത്തനങ്ങളിലേക്ക് മടങ്ങുന്നത്. ഇത് സുഖത്തിന്റെയും അടുപ്പത്തിന്റെയും ക്ഷീണത്തിന്റെയും സമ്മിശ്രമായ ഒരു ഘട്ടമാണ്. സ്‌ത്രീകളിൽ ചിലർക്ക് ഈ ഘട്ടത്തിൽ നിന്ന് വീണ്ടും പെട്ടെന്ന് തന്നെ വീണ്ടുമൊരു രതിമൂർച്ഛാ ഘട്ടത്തിലേക്ക് മടങ്ങുവാൻ സാധിക്കും. സ്‌ത്രീകളുടെയും പുരുഷൻമാരുടെയും റെസൊല്യൂഷൻ ഘട്ടങ്ങൾ വ്യത്യസ്‌തമാണ്. സ്‌ത്രീകൾക്ക് ഒന്നിലധികം രതിമൂർച്ഛകൾ സാധ്യമാണെങ്കിലും പുരുഷനിൽ റെസൊല്യൂഷൻ ഘട്ടം ദീർഘമായാണ് കണ്ടുവരുന്നത്. അതിനു റിഫ്രാക്ടറി പീരീഡ് എന്നാണ് പറയുന്നത്. ഈ സമയത്തു വീണ്ടുമൊരു രതിമൂർച്ഛ പുരുഷന് അപ്രാപ്യമാണ്. പ്രായം കൂടുംതോറും റിഫ്രാക്ടറി സമയം കൂടിക്കൊണ്ടിരിക്കും.

സ്‌നേഹവും ദൃഢമൈത്രിയും ഊട്ടിയുറപ്പിക്കാൻ കഴിയുന്ന ഒരു ഘട്ടമാണ് റെസൊല്യൂഷൻ എന്നതാണ് ഇതിന്റെ പ്രാധാന്യം. സ്‌ത്രീ എപ്പോഴും പുരുഷന്റെ കരുതൽ ഇഷ്‌ടപ്പെടുന്നു എന്നത് തർക്കമില്ലാത്ത ഒരു സത്യമാണ്. പുരുഷന്റെ ലൈംഗീകത രതിമൂർച്ഛയിലൂടെ തിരശീലയിടപ്പെടുന്നു. അതിനു ശേഷം ലൈംഗീക ചേഷ്‌ടകളോ സ്‌പർശനം പോലുമോ ഇഷ്‌ടപ്പെടാത്തവർ ധാരാളമുണ്ടാകും. എന്നാൽ സ്‌ത്രീക്ക് ഈ ഘട്ടം അങ്ങനെയല്ല. രതിമൂർച്ഛക്കു ശേഷമുള്ള ലൈംഗീക ചേഷ്‌ടകളും ഭാവങ്ങളും അവരെ വീണ്ടും രതിമൂർച്ഛയിലെത്തിച്ചേക്കാം. ഈ ഘട്ടത്തിലുള്ള പുരുഷന്റെ തലോടലോ, കെട്ടിപ്പിടിക്കലോ സ്‌ത്രീകളിൽ തൃപ്‌തിയും സ്‌നേഹവും വർധിപ്പിക്കാൻ കാരണമാകും എന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്‌ത്രീ അതാഗ്രഹിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. ഇത്തരം പ്രവർത്തികൾ സ്‌ത്രീകളിൽ ഇണയോടുള്ള സ്‌നേഹവും അടുപ്പവും വിശ്വാസവും വർധിക്കുന്നതിന് കാരണമാകുമെന്ന് പുരുഷന്മാരും മനസിലാക്കിയിരിക്കേണ്ടതാണ്.

ലൈംഗീകതയുടെ രസതന്ത്രം

ലൈംഗീക ബന്ധത്തിനും ലൈംഗീകതക്കും സഹായിക്കുന്ന വിവിധ ഹോർമോണുകൾ നമ്മുടെ ശരീരം സൃഷ്‌ടിക്കുമെങ്കിലും ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ, പ്രൊലാക്ടിൻ എന്നിവയാണ് ഇതിൽ മുഖ്യസ്ഥാനം വഹിക്കുന്നത്. ഇതിൽ ടെസ്റ്റോസ്റ്റിറോൺ പുരുഷ ഹോർമോണും ഈസ്ട്രോജൻ സ്‌ത്രീ ഹോർമോണുമാണ്. പാൽ ഉത്‌പാദനമാണ് പ്രൊലാക്ടിൻറെ മുഖ്യ ധർമ്മം. ഈ ഹോർമോണുകളെല്ലാം വ്യത്യസ്ഥ അളവുകളിൽ സ്‌ത്രീ പുരുഷന്മാരിലുണ്ടാകും. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടുതലും ഈസ്ട്രജന്റെ അളവ് കുറവുമായിരിക്കും. സ്‌ത്രീകളിലാകട്ടെ നേരേ മറിച്ചും. ഈസ്ട്രജൻ കൂടുതലും ടെസ്റ്റോസ്റ്റിറോൺ കുറവുമായിരിക്കും.

അതുപോലെ തന്നെ സ്‌ത്രീയുടെ ലൈംഗീക വികാരങ്ങളെ കുറക്കുന്ന മറ്റൊരു ഹോർമോൺ ആണ് പ്രൊജസ്റ്റീറോൺ. സാധാരണയായി ആർത്തവ ചക്രത്തിലെ അണ്ഡോത്‌പാദന സമയത്ത്, അതായത് ആർത്തവമായി പത്തു മുതൽ പതിനെട്ടു വരെയുള്ള ദിവസങ്ങളിൽ ഈസ്ട്രജന്റെ അളവ് കൂടുതലും പ്രൊജസ്ട്രോജന്റെ അളവ് കുറവുമായിരിക്കും. ഇക്കാലഘട്ടങ്ങളിൽ ആരോഗ്യവതികളായ സ്‌ത്രീകളിൽ ലൈംഗീക വികാരം കൂടുതലായിരിക്കും. ഇത് പ്രത്യുൽപ്പാദനത്തിന്റെ പ്രകൃതി നിയമവുമാണ്.

ലൈംഗീകതയെ സ്വാധീനിക്കുന്ന മറ്റു രണ്ടു ഹോർമോണുകളാണ് ഓക്‌സിടോസിനും വാസോപ്രെസ്സിനും. മനുഷ്യരെത്തന്നെ അടുപ്പിക്കുകയും സ്‌നേഹിപിക്കുകയും ചെയ്യിപ്പിക്കുക എന്നതാണ് ഓക്‌സിടോസിന്റെ പ്രധാന ധർമ്മം. ഈ ഹോർമോൺ തന്നെയാണ് പ്രസവ സമയത്തു ഗർഭപാത്രത്തിന്റെ സങ്കോചമുണ്ടാക്കുന്നതും. സ്ക്കലനസമയത്ത് ഈ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും എന്നതും ഇണയോടുള്ള ബന്ധത്തിന് തീവ്രത നൽകുന്നു. വാസോപ്രെസ്സിൻ പുരുഷന്മാരിൽ ലൈംഗീക വികാരം വർധിപ്പിക്കുകയും ഉദ്ധാരണം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഇത് സ്‌ത്രീകളിൽ ലൈംഗീക വികാരം കുറയ്ക്കുകയാണ് ചെയുക.

ആർത്തവവിരാമവും ലൈംഗീകതയും

ആർത്തവവിരാമത്തിൽ ലൈംഗീക ഹോർമോണുകളുടെ അളവിൽ കുറവുണ്ടാകുന്നു എന്നത് വാസ്‌തവംതന്നെ. അതുകൊണ്ടുതന്നെ അവരുടെ ലൈംഗീകതയിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ലൈംഗീകമായി ഉണരുന്നതിൽ കാലതാമസമുണ്ടാകുക, സ്‌പർശനങ്ങൾക്ക് വികാരമുണർത്തുന്നതിൽ മുൻപുണ്ടായിരുന്ന തീവ്രത നഷ്‌ടപ്പെടുക തുടങ്ങിയവയെല്ലാം ആർത്തവവിരാമത്തോടടുപ്പിച്ചു കുറച്ചുകാലം ഉണ്ടാകാനിടയുണ്ട്. ഇത് മാറിയ ഹോർമോണുകളുമായി പൊരുത്തപ്പെടാൻ ആവശ്യമായ സമയം മാത്രമാണ്. ശാരീരികവും മാനസികവുമായ മറ്റസ്വസ്ഥതകളും ഇക്കാലത്തുണ്ടാകും. എന്നാൽ ലൈംഗീകതക്ക് ആർത്തവവിരാമവുമായി വലിയ ബന്ധമൊന്നുമില്ല. ലൈംഗീകതക്ക് പ്രായം വലിയ പ്രശ്‌നമൊന്നുമല്ല എന്നർത്ഥം. എന്നാൽ മറ്റു ചില പ്രശ്‌നങ്ങൾ അവരെ അലട്ടിയേക്കാം. പ്രമേഹം, രക്‌തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ആയിരിക്കും അവ. ഈസ്ട്രജന്റെ കുറവ് യോനിയിലേക്കുള്ള രക്‌തപ്രവാഹം കുറക്കുകയും തൻമൂലം യോനീസ്രവങ്ങൾ കുറയുകയും ലിംഗപ്രവേശനം ബുദ്ധിമുട്ടാകുകയും ചെയ്യാറുണ്ട്. ഇത് പരിഹരിക്കാനുതകുന്ന ലേപനങ്ങൾ ഇന്ന് ലഭ്യമാണ്. പലർക്കും ഇക്കാലങ്ങളിലെ ലൈംഗീക ബന്ധങ്ങൾ പഴയതിനേക്കാൾ ആസ്വാദ്യകരമാണെന്നാണ് യാഥാർഥ്യം. ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയുന്ന ശസ്‌ത്രക്രിയകൾ വഴിയുള്ള  നിർബന്ധിത ആർത്തവ വിരാമമാണ് പൊതുവെ ലൈംഗീക വികാരം കുറയ്ക്കുന്നതായി കാണപ്പെടുന്നത്. മനസിനും ശരീരത്തിനും ആർത്തവവുമായി പൊരുത്തപ്പെടാനാകാത്തതാണ് ഇതിന്റെ കാരണം. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളും കൂടുതൽ ഇക്കൂട്ടരിൽ തന്നെ. ഇത്തരം ശസ്‌ത്രക്രിയകൾ നടത്തുന്നതിന് മുൻപ് അതിന്റെ ആവശ്യകത കൂടി മനസിലാക്കുന്നത് നന്നായിരിക്കും.

സ്‌ത്രീകളിലെ ആർത്തവവിരാമം പോലെ അപൂർവമെങ്കിലും പുരുഷന്മാരിലും ഒരു വിരാമമുണ്ട്. ഇതിനെ ആൻഡ്രെപ്പോസ് എന്നാണ് വിളിക്കുന്നത്. ഇതിനു കൃത്യമായ പ്രായപരിധിയൊന്നുമില്ല. മുപ്പതു ശതമാനം അമ്പതു വയസിനു മുൻപുള്ളവരെയും പത്തു ശതമാനം മുപ്പത്തിനു മുകളിൽ പ്രായമുള്ളവരെയും ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ സമർത്ഥിക്കുന്നു. എന്നാൽ എൺപതു വയസിനു മുകളിൽ ഇത് ബാധിക്കാത്തവരുമുണ്ട്. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് തന്നെയാണ് ഇതിന്റെ കാരണം.

ഹോമോസെക്ഷ്വാലിറ്റി

ഒരേ ലിംഗത്തിൽപ്പെട്ട ആളുകൾ തമ്മിലുള്ള ലൈംഗീക ആകർഷണമാണ് ഹോമോസെക്ഷ്വാലിറ്റി. സ്‌ത്രീകൾ സ്‌ത്രീകളുമായും പുരുഷന്മാർ പുരുഷന്മാരുമായും മാനസികവും ശാരീരികവുമായ ആകർഷണം ഉണ്ടാകുന്ന ഒരു അവസ്ഥ. ഇത് മുൻകാലങ്ങളിൽ ഒരു രോഗാവസ്ഥയായിട്ടാണ് കണ്ടിരുന്നതെങ്കിലും ഇപ്പോൾ ഇത് ഒരു അവസ്ഥ മാത്രമാണ്. രോഗമല്ല എന്നർത്ഥം. പല രാജ്യങ്ങളും ഇത്തരം വിവാഹങ്ങൾക്ക് നിയമ സാധുത വരെ നൽകി കഴിഞ്ഞിരിക്കുന്നു. ഹോമോസെക്ഷ്വൽ ആയ സ്‌ത്രീകളെ ലെസ്ബിയൻ എന്നും പുരുഷന്മാരെ ഗേയ് എന്നും സാധാരണ ഭാഷയിൽ പറഞ്ഞുവരുന്നു. ഇത്തരക്കാർക്ക് എതിർ ലിംഗത്തിൽ പെട്ടവരോട് ലൈംഗീകാകർഷണം ഉണ്ടാകാറില്ല. സാധാരണ വിവാഹബന്ധങ്ങൾ നിലനിർത്തുക എന്നതുതന്നെ ഇവർക്ക് സാധ്യമാകുകയില്ല. ഏതു ലിംഗത്തിൽപ്പെട്ടവരോടും ലൈംഗീകാകർഷണമുള്ളവർ ബൈസെക്ഷ്വൽസ് എന്നാണറിയപ്പെടുന്നത്. ഇത്തരക്കാർക്ക് സ്വന്തം ലിംഗത്തിൽ പെട്ടവരോ എതിർ ലിംഗത്തിൽ പെട്ടവരോ അല്ലെങ്കിൽ ഭിന്നലിംഗത്തിൽ പെട്ടവരോ ആയി ആനന്ദകരമായ ലൈംഗീക ബന്ധം സാധ്യമാകുന്നു.

ലൈംഗീക താൽപര്യങ്ങൾ മുതൽ ലൈംഗീക സ്വഭാവം വരെ നിയന്ത്രിക്കുന്നത് തലച്ചോറാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. ഏറ്റവും പ്രധാന ലൈംഗീക അവയവം ഏതാണെന്നു ചോദിച്ചാൽ തലച്ചോർ ആണെന്നേ ഞാൻ പറയുകയുള്ളൂ. മാനസിക പ്രശ്‌നങ്ങൾക്കും രോഗങ്ങൾക്കും ലൈംഗീകതയിൽ സാരമായ വ്യതിയാനം സൃഷ്‌ടിക്കാനാകും. അതുകൊണ്ടുതന്നെ ലൈംഗീക പ്രശ്‌നങ്ങൾ സ്വന്തം ഇണയോട് തുറന്നുപറയാനുള്ള ആർജവം ഉണ്ടാക്കുക എന്നതും ആവശ്യമുണ്ടെങ്കിൽ വിദഗ്ദ്ധരെ സമീപിക്കുക എന്നതും സന്തോഷകരമായ ഒരു ദാമ്പത്യ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്.

– -Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account