അമ്മയെ ഞങ്ങള്‍ പഠാന്‍കാര്‍ അമ്മീജാനെന്നാണ് വിളിക്കുന്നത്.

അമ്മീജാന്റെ ഇരുപതാം വയസിലാണ് ഞങ്ങള്‍ ഹൈദരാബാദിലെത്തുന്നത്. രണ്ടു വയസായ എന്നെയും ഒക്കത്തെടുത്തു അമ്മീജാന്‍ നടന്നുവരുന്നത് ഇപ്പോഴും കണ്ണിലുണ്ടെന്ന് അയലത്തെ കിഷന്‍ചാച്ച പറയാറുണ്ട്. ചാച്ച സൈറാബഹനെന്നാ വിളിക്കുക. ഒറ്റക്കൊരു യുവതിയെ തെരുവിന്റെ മധ്യത്തില്‍ കണ്ട ചാച്ച അന്ന് മറ്റൊന്നും ആലോചിച്ചില്ല. വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. വീട്ടിലെത്തിയ ഞങ്ങളെ ചാച്ചയുടെ പത്നി ശര്‍മ്മിളാചാച്ചി രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അത് പറയുമ്പോഴൊക്കെ ചാച്ച കരയുമായിരുന്നു.

ചാച്ച ഒന്നും ചോദിച്ചില്ല. ആരാ, എവിടന്നാ എന്നൊന്നും. ഈ പതിനെട്ട് വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും അമ്മി അത് ചാച്ചയോട് പറഞ്ഞിട്ടുമില്ല. എന്തിന്,  മകനായ എന്നോടുപോലും അമ്മി അത് പറഞ്ഞിട്ടില്ല..കേരളത്തിലെവിടെയോ ആണ് ഞങ്ങളുടെ വേരുകള്‍ എന്ന് മനസിലായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്താ, ഒരാളും ഞങ്ങളെ തേടി വന്നിട്ടില്ല…

മുഹമ്മദ് റഫി..

അതാണ് എന്റെ പേര്. ഓര്‍മ്മ വച്ച നാള്‍ മുതല്‍ അബ്ബയെ ഞാന്‍ കണ്ടിട്ടില്ല. സ്കൂള്‍ രേഖകളില്‍ ജഹാംഗീര്‍ ഷെയ്ക്ക് എന്ന പേര് കണ്ടു എന്നല്ലാതെ അബ്ബയുടെ ഫോട്ടോ പോലും അമ്മിയുടെ കയ്യിലില്ല. അതെന്താ കയ്യിലില്ലാത്തതെന്നു പോലും ആ മുഖത്ത് നോക്കി ചോദിക്കാന്‍ എനിക്കാവില്ല. ഒന്നുറപ്പാണ്. എനിക്കാ പേര് വന്നത് റഫിസാബിന്റെ ഓര്‍മ്മക്കായാണ്. കാരണം അമ്മിയുടെ ടേപ്പ് റിക്കോര്‍ഡറില്‍ ഞാന്‍ കേട്ടിട്ടുള്ളത് മുഴുവനും റഫിസാബിന്റെ പാട്ടുകളായിരുന്നു.

”ദൂര്‍ കെ മുസാഫിറും” ” സുഹാനി രാത്തു” മൊക്കെ മനഃപ്പാഠമാണെനിക്ക്. കൂടാതെ അമ്മി നല്ലൊരു കവയിത്രി കൂടിയായിരുന്നു. ഉര്‍ദുവില്‍ നല്ല ഗസലുകള്‍ രചിച്ച് പാടുമായിരുന്നു. എന്നിട്ടെന്നോട് പറയും ഇതൊന്ന് മലയാളത്തിലെഴുതാന്‍. ഉറുദു കലര്‍ന്ന മലയാളമാണ് അമ്മിയുടേതെങ്കിലും ഏറ്റവും നല്ല മലയാളമാണ് എനിക്ക് പഠിപ്പിച്ചു തന്നത്.

അമ്മിയുണ്ടാക്കുന്ന ബിരിയാണി. അതിന് വല്ലാത്തൊരു സ്വാദാണ്. അന്ന് ചാച്ചയും കുടുംബവും രാവിലെ മുതല്‍ വീട്ടിലായിരിക്കും.

”ബഹന്‍..മേ ആയാ..” പിന്നെ അടുക്കളയിലൊരു ബഹളമാണ്..

അമ്മിയുടെ കണ്ണുകള്‍ക്ക് എന്തു ഭംഗിയാണെന്നോ! കുലീനത്വം തുളുമ്പുന്ന കണ്ണുകള്‍, തീക്ഷ്ണമാണത്. കറുത്ത നിഖാബണിഞ്ഞ് അമ്മി തെരുവിലൂടെ നടന്നുനീങ്ങുമ്പോള്‍ മുഗള്‍സുന്ദരിമാരെ ഒാര്‍മ്മ വരും. വീട്ടില്‍ തയാറാക്കിയ രസഗുളയും ഗുലാബ്ജാമും കടകളിലേക്ക് കൊടുത്താണ് അമ്മി എന്നെ വളര്‍ത്തിയത്. എനിക്കൊരു കുറവും വരുത്തിയിട്ടില്ല..

അമ്മിയെ എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു. സൈറാബഹന്റെ മകന്‍ എന്ന നിലയില്‍ എന്നോടും എല്ലാവര്‍ക്കും വലിയ സ്നേഹമായിരുന്നു.

ഒരുപാട് ദൂരൂഹതകള്‍ അമ്മിയിലൂണ്ടായിരുന്നൂ. അമ്മിയറിയാതെ അതെല്ലാം മനസിലാക്കണമെന്ന് ഒരു ആകാംക്ഷ.

ഞങ്ങളുടേത് പൂമുഖവും രണ്ടു കിടപ്പുമുറികളും ഒരടുക്കളയും ഉള്ള ഒരു കൊച്ചുവീടാണ്. അമ്മിയുടെ മുറി എല്ലായ്പോഴും പൂട്ടിക്കിടന്നു. അതിലേക്ക് എനിക്ക് പ്രവേശനം ഇല്ലായിരുന്നു. രാത്രി അത്താഴം കഴിഞ്ഞശേഷം കുറച്ച് നേരം പാട്ടുകള്‍ കേള്‍ക്കും. പാട്ടുകള്‍ പാടും. ശേഷം ഞാന്‍ എന്റെ കിടപ്പുമുറിയിലേക്ക്.

തലയില്‍ തലോടി നെറ്റിയില്‍ ചുംബിച്ച് അമ്മി എന്നും പറയുന്ന വാചകം ഇതാണ് –

”സോജാ..മേരാ ഷഹ്സാദാ..”

പിന്നെ സ്വന്തം മുറിയില്‍ കയറി വാതിലടക്കും. അമ്മിക്കോ എനിക്കോ അസുഖം വരുമ്പോള്‍ മാത്രം ആ മുറി പൂട്ടി ഞങ്ങള്‍ എന്റെ മുറിയിലാകും.

ഒരുദിവസം ഇതിന്റെ നിജസ്ഥിതി അറിയാനായി ശ്രമിച്ചു. അമ്മി മരണപ്പെടുന്നതിന്ന് ഒരു മാസം മുമ്പ്. അന്നൊരു വ്യാഴാഴ്ചയായിരുന്നു…

പതിവുപോലെ അമ്മി മുറിയില്‍ കയറി വാതിലടച്ചു. ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. അമ്മിയുടെ മുറിയുടെ വാതില്‍ക്കല്‍ കാതോര്‍ത്തുനിന്നു.

ശ്രവണമധുരമായ ഖുര്‍ആന്‍ പാരായണമാണ് കേട്ടത്. ഏതാണ്ട് ഒരുമണിക്കൂറോളം അത് തുടര്‍ന്നു. അതിന്റെ സ്വരമാധുരിയില്‍ ലയിച്ച് ഞാനുറങ്ങിപ്പോയി. പിന്നെ ഞാനുണരുന്നത് ഒരു ഗാനം കേട്ടാണ്..

” ബഹാരോം ഫൂല് ബര്സാവോ..,

മേരാ മെഹ്ബൂബ് ആയാ ഹെ..”

അത് അമ്മിയുടെ ശബ്ദമായിരുന്നു. ഇടക്കിടെ തേങ്ങുന്നുണ്ടായിരുന്നു.

എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്.

അവസാനത്തില്‍ പല്ലവി പാടിയത് ഒരു ആണ്‍ശബ്ദമായിരുന്നു. ഒടുവില്‍ അവരൊന്നിച്ച് ആ ഗാനം പൂര്‍ത്തിയാക്കി.

”രോനാ മത്.. സൈറാ.. രോനാ മത്..”

ഇന്നുവരെ ഞങ്ങളുടെ ജീവിതത്തില്‍ കേട്ടിട്ടില്ലാത്ത ആ ശബ്ദം..!

അതേപ്പറ്റി ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഞാനറിഞ്ഞെന്ന് അമ്മി അറിഞ്ഞാല്‍ അത് വിഷമമാകുമോ എന്നു ഭയന്നു.

അമ്മിയുടെ കണ്ണുകളില്‍ ഒരു ചിരി ഞാന്‍ കണ്ടു. അറിഞ്ഞിട്ടും എന്നോട് ചോദിക്കാത്തതാണോ. മരിക്കുന്നതിന്ന് രണ്ടു ദിവസം മുമ്പ് അത്താഴം കഴിഞ്ഞനേരത്ത് എന്നോട് ചോദിച്ചു,

”ബേട്ടാ.. ആരാണാ മെഹ്ബൂബെന്ന് നിനക്കറിയണോ…? ”

ഞാനൊന്നും മിണ്ടിയില്ല..

”ഓ ലാലി ഫൂല് കി മെഹന്ദി ലഗാ ഇന് ഗോരി ഹാഥോം മെ…. കയ്യില്‍ മൈലാഞ്ചിയിട്ട് ഞാനാ മെഹബൂബിനെ കാത്തിരിക്കയാണ്.. അതിനുശേഷം നിനക്കാ താക്കോല്‍ ലഭിക്കും..”

”അമ്മീ… മാപ്പുതരൂ.. ഞാനറിയാതെ..”

”ഏയ് കുഛ് നഹി ബേട്ടാ.. മേരാ ഷഹ്സാദാ..”

അമ്മി പതിവുപോലെ നെറ്റിയില്‍ ചുംബിച്ച് മുറിയിലേക്ക് പോയി.

അടുത്ത ദിവസങ്ങളില്‍ അമ്മി വളരെ ഉത്സാഹവതിയായിരുന്നു. ഏറ്റവും സുന്ദരിയായി പ്രസന്നവദനയായി കാണപ്പെട്ടു.

ആ രാത്രി, രാത്രിയുടെ അന്ത്യയാമത്തിലെ ഉണര്‍ച്ചയില്‍ അമ്മിയുടെ മുറിയില്‍ വെളിച്ചം കണ്ടു. പതിവിന് വിപരീതമായി ആ വാതില്‍ പൂട്ടിയിരുന്നില്ല.

ഞാന്‍ അകത്തുകടന്നു, അന്നാദ്യമായി.

മുസല്ലയില്‍ സുജൂദില്‍ (സാഷ്ടാംഗപ്രണാമം) ആയിരുന്നു അമ്മി. ഞാന്‍ ആ മുറിയില്‍ ആകെ കണ്ണോടിച്ചു. പ്രത്യേകിച്ചൊന്നും കാണാന്‍ കഴിഞ്ഞില്ല. ഒരു ഹാര്‍മ്മോണിയം മാത്രം അവിടെയുണ്ടായിരുന്നു. ഒരു പഴയ ഹാര്‍മ്മോണിയം..! ഞാനത് വായിക്കാന്‍ ശ്രമിച്ചു. നമസ്കാരത്തിനു ഭംഗം വന്നാലോ എന്നോര്‍ത്ത് നിര്‍ത്തി.

ഹാര്‍മ്മോണിയത്തിനടുത്തായി ഉണ്ടായിരുന്ന ഒരു ഫോട്ടോ അപ്പോഴാണ് കണ്ണില്‍ പെട്ടത്. ആ മുഖം ഇതിനുമുമ്പ് ഞാന്‍ കണ്ടിട്ടേയില്ല. ഷേര്‍വാണി ധരിച്ച വെളുത്തു സുന്ദരനായ ഒരു യുവാവിന്റെ ചിത്രം. തേജസ്സാര്‍ന്ന മുഖമായിരുന്നു അയാള്‍ക്ക്. ആ ഫോട്ടോയുടെ പിന്നിലെഴുതിയത് വായിച്ചു:

”മേരാ മെഹ്ബൂബ് ആയാ ഹെ..”

അമ്മി സുജൂദില്‍ നിന്നും എഴുന്നേറ്റതേയില്ല. അമ്മിയെ ആ മുസല്ലയില്‍ തന്നെ ഞാന്‍ കിടത്തി. എനിക്കെന്തോ കരച്ചില്‍ വന്നില്ല. കാതില്‍ ആ ഗാനം മാത്രമാണ്…

ഇപ്പോള്‍ ഈ ഖബറിസ്ഥാനില്‍ നില്‍ക്കുമ്പോഴും ആ പാട്ട് മാത്രമാണ് ഞാന്‍ കേള്‍ക്കുന്നത് –

”ബഹാരോം ഫൂല് ബര്‍സാവോ
മേരാ മെഹ്ബൂബ് ആയാഹെ..”

5 Comments
 1. Haridasan 5 years ago

  അമ്മിജാനോട് അറിയാതെ ഒരടുപ്പവും സ്നേഹവും തോന്നുന്നു…. നന്നായിട്ടുണ്ട്.

  • Author
   SAJADIL MUJEEB 5 years ago

   ആ ഗാനത്തോടുള്ള വല്ലാത്ത ഇഷ്ടം കഥയാകുകയായിരുന്നു. പിന്നെ ആ ഗാനത്തില്‍ മരണമെന്ന കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയിയേയും കണ്ടുമുട്ടാറുണ്ട്..
   നന്ദി സുഹൃദ്മനമേ

 2. Meera Achuthan 5 years ago

  അമ്മീജാന്റെ മനസ്സിനെ ഒരു വാക്കു കൊണ്ടു പോലും നോവിക്കാത്ത മകനെ ബഹുമാനിക്കുന്നു ആദരിക്കുന്നു.

 3. Pramod 5 years ago

  അമ്മീജാൻ കോ പ്യാർ ഭര നമസ്കാർ…!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account