ജീവിതത്തിന്റെ ഇടനിലങ്ങളിൽ പൊടുന്നനെ പൂക്കാലമുണ്ടായെന്നു വരാം. പൂക്കാമരക്കാട്ടിലെ ഒറ്റത്തടിവൃക്ഷമാണെന്ന് ചിലപ്പോൾ സ്വയം തോന്നിയെന്നും വരാം. മധ്യവയസ്സാശങ്കയുടെ ക്‌ളാസിക്കൽ ഉദാഹരണങ്ങളാണ് ഇവ. ഇല്ലത്തൂന്നിറങ്ങുകയും ചെയ്‌തു, അമ്മാത്തൊട്ടെത്തിയതുമില്ല എന്ന പോലെ. അതിനിടയ്ക്കുള്ള വഴിയിൽ കിടന്നുള്ളൊരു ചുറ്റിത്തിരിയലുണ്ട്. അലച്ചിലോ ആനന്ദമോ ആകാം ആ ചുറ്റൽ, അവരവരുടെ അവസ്ഥകൾ പോലെ.

പലപ്പോഴും മനസിന് കടിഞ്ഞാണില്ലാത്ത കാലവുമാണത്. ചിലപ്പോൾ, ഇല്ലാത്ത കടിഞ്ഞാൺ പിടിച്ച് വലിച്ചൊതുക്കി, ഒരിടത്ത് തളയ്ക്കപ്പെട്ട് വീർപ്പുമുട്ടുന്ന കാലവും. വളരെയധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മിഡ് ലൈഫ് ക്രൈസിസ്. മദ്ധ്യവയസിലെ വൈകാരിക സംഘർഷങ്ങൾ എന്ന് മലയാളീകരിച്ച് എഴുതുന്നതിലും മിഡ് ലൈഫ് ക്രൈസിസ് എന്നു പറയുന്നതാണ് എളുപ്പം. വാക്കിനിത്തിരി കൃത്രിമത്വം കുറയുന്നതു പോലെ.

മദ്ധ്യാഹ്നം സൂര്യൻ ഉച്ചിയിലുദിച്ച നേരമെങ്കിൽ മദ്ധ്യവയസ്സ് ജീവിതത്തിന്റെ നട്ടുച്ചയാണോ? മദ്ധ്യവയസ്സ് എന്നു പറയുന്നത് ഏത് പ്രായത്തിനെയാണ്? നാൽപത് എന്നത് യുവത്വത്തിന്റെ വാർദ്ധക്യവും അമ്പത് എന്നത് വാർദ്ധക്യത്തിന്റെ യൗവനവും ആണെന്ന് വിക്റ്റർ ഹ്യുഗോ പറഞ്ഞിട്ടുണ്ട്.

നാൽപ്പത്തിയഞ്ചിനും അൻപത്തിയഞ്ചിനും ഇടയിലുള്ള കാലമെന്ന് ശരീരശാസ്‌ത്രം പറയുന്ന മിഡ് ലൈഫ് ജീവിതത്തിലെ ഏറ്റവും ആസ്വാദ്യമായ കാലമെന്നും ഏറ്റവും സംഘർഷഭരിതമായ കാലമെന്നുമുള്ള പേരുകൾ ഒരേ സമയം പേറുന്നുണ്ട്. ജീവിതം കണ്ട, എന്നാൽ ജീവിതം ബാക്കിയുള്ള കാലം.

മരണഭയം വന്നു തുടങ്ങുന്ന കാലമെന്നാണ് സിഗ്മണ്ട് ഫ്രോയിഡിന്റെ ആശയങ്ങളെ പിൻതുടരുന്നവർ മദ്ധ്യവയസ്സിനെ കുറിച്ച് പറയുന്നത്. അനിവാര്യമായ മരണത്തെക്കുറിച്ച് ചിന്തകൾ വന്നു തുടങ്ങുന്ന കാലത്ത് തന്നെയാണല്ലോ മനസ് കണക്കെടുപ്പുകൾ തുടങ്ങുന്നതും. നഷ്‌ടക്കണക്കുകൾ ഇനിയൊരു തിരുത്തലിനും തുടക്കത്തിനും സമയം കുറവാണെന്ന ഓർമ്മിപ്പിക്കലുകളായി മാറുന്നു. തിരഞ്ഞെടുക്കാത്ത വഴികളിലൂടെ മനസ് യാത്ര ചെയ്‌ത്‌ നെടുവീർപ്പിടുന്ന കാലം.

തിരിഞ്ഞു നോക്കലുകളുടേയും കണക്കെടുപ്പുകളുടേയും മാത്രമല്ല, തിരിച്ചറിവുകളുടെ കൂടെ കാലമാണിത്. അവനവൻ തുരുത്തുകളിൽ ആനന്ദിക്കുന്ന കാലം. ഞാൻ ഞാനായിനിയെങ്കിലും ജീവിക്കണം, അല്ലെങ്കിൽ അത് ജീവിതത്തോട് ചെയ്യുന്ന തെറ്റാകുമെന്ന തിരിച്ചറിയൽ വൈകിയെങ്കിലും, മദ്ധ്യവയസിലെങ്കിലും, ഉണ്ടാവുന്നവർ സന്തോഷത്തിന്റെ വഴിവെട്ടാൻ തുടങ്ങുന്നവരാണ്. ഇത്തിരിയൊന്നയച്ചാൽ പൊങ്ങിപ്പറക്കുന്ന പട്ടമായി മനസ് മാറുന്ന കാലം കൂടിയാണീ ജീവിത മദ്ധ്യാഹ്നം.

നാൽപതു കഴിഞ്ഞ പുരുഷന് മാനസികവും ശാരീരികവുമായുണ്ടാകുന്ന മാറ്റങ്ങളും ചിന്തകളും സംഘർഷങ്ങളും അതിലേക്കയാളുടെ ഇറങ്ങിച്ചെല്ലലുകളും കരകയറാനുള്ള ശ്രമങ്ങളുമാണ് ശയ്യാനുകമ്പ എന്ന നോവലിലെ ആനന്ദ് വർഗീസിലൂടെ രവിവർമ്മ തമ്പുരാൻ എഴുതിക്കാണിച്ചത്. സമൂഹത്തിന്റെ മൂല്യനിയമങ്ങൾക്കുള്ളിൽ നിന്ന് ചിന്തിക്കുമ്പോൾ എന്തുകൊണ്ടും സംതൃപ്‌തനായിരിക്കേണ്ട ഉത്തമപുരുഷനാണ് ആനന്ദ് വർഗീസ്. ചുംബന സമരത്തിനിടെ കണ്ടുമുട്ടിയ അക്ഷരയുമായുള്ള അടുപ്പത്തിലൂടെ അയാളുടെ മനസിന്റെ ഇരുട്ടുമൂടിയ ഇടങ്ങളിൽ ഉറങ്ങിക്കിടന്ന, അല്ലെങ്കിൽ അടിച്ചമർത്തി വച്ചിരുന്ന തൃഷ്‌ണകളാണ് പുറത്ത് വരുന്നത്. മോഹങ്ങളുടെ മാത്രമല്ല, മോഹഭംഗങ്ങളുടെ കഥ കൂടെയാണ് ശയ്യാനുകമ്പ എന്ന നോവലെന്ന് ബെന്യാമിൻ പറയുന്നു. ലൈഫ് ക്രൈസിസിനെ വായനക്കാരിലേക്കെത്തിച്ച മലയാള നോവലുകൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹത്തിന്റെ കപട സദാചാരബോധത്തിലേക്കു ചൂണ്ടുന്ന വിരൽ കൂടിയായി ശയ്യാനുകമ്പ.

വിട്ടുവീഴ്‌ചകളും ഇണങ്ങിപ്പോകലുകളും സഹനവും അടക്കിവയ്ക്കലുകളും ഒത്തുചേർന്ന കുടുംബ ജീവിതം ബാക്കിയാക്കുന്ന അസംതൃപ്‌തികളും അതിൽ നിന്നുള്ള ഇറങ്ങിപ്പോകലുകളും മലയാറ്റൂരിന്റെ യന്ത്രത്തിലെ ബാലചന്ദ്രനിലും, ‘പക്ഷേ’ എന്ന ചിത്രത്തിലെ ഇതേ പേരുള്ള മോഹൻലാൽ കഥാപാത്രത്തിലും കാണാം. ഇവിടെയും അസംതൃപ്‌ത ജീവിതത്തിൽ നിന്നുണ്ടായ ലൈഫ് ക്രൈസിസ് തന്നെയാണ് വിഷയം. തന്നെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളുടെ ജീവിതം നന്നായി വരുന്നതിനായി അവനവനെ വിവാഹകമ്പോളത്തിൽ വിറ്റതു പോലെ വിവാഹം കഴിക്കുന്ന ബാലചന്ദ്രന്മാർ. ഒരു പരിധി കഴിയുമ്പോൾ, സ്വത്വം പുറത്തെടുത്തേ മതിയാവൂ എന്ന് തിരിച്ചറിയുന്നവർ. ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിലാണ് അവർക്കീ തിരിച്ചറിവുണ്ടാകുന്നത്.

മാറ്റഡോർ എന്ന സിനിമയൽ ജൂലിയൻ (പിയേർസ് ബ്രോസ്നൻ) ലൈഫ് ക്രൈസിസിൽ നിന്ന് കരകയറാൻ കാരണമാകുന്നത് ഡാനി എന്ന പുതിയ കൂട്ടുകാരന്റെ സാമീപ്യമാണ്. വാടകക്കൊലയാളിയായ ജൂലിയന്റെ കഥ പറയുന്ന സിനിമ കലാപരമായി മികച്ചതല്ലെങ്കിലും ഈ മാനസികാവസ്ഥയെ ചിത്രീകരിച്ചിരിക്കുന്നു എന്നതുകൊണ്ട് എടുത്തു പറയാവുന്നതാണ്.

മിഡ് ലൈഫ് ക്രൈസിസിന്റെ അങ്ങേയറ്റമാണ് ബേർഡ് മാൻ എന്ന സിനിമയിൽ കാണുന്നത്. ബേർഡ് മാൻ എന്ന സൂപ്പർ ഹീറോയായി അഭിനയിച്ച നടന്റെ മധ്യവയസിലെ മാനസിക സംഘർഷങ്ങളും ജീവിതവുമാണ് സിനിമയുടെ ഇതിവൃത്തം. സൂപ്പർ ഹീറോ പരിവേഷമൊക്കെ നഷ്‌ടപ്പെട്ട് ജീവിതത്തിൽ ഒന്നുമല്ലാതെയായ, പക്ഷേ ബേർഡ് മാൻ എന്ന കഥാപാത്രത്തിന്റെ ഘനം തോളിൽ നിന്നിറക്കാനാവാത്ത റിഗ്ഗൻ തോംസൺ. വീണ്ടുമൊരു ബ്രോഡ് വേ നാടകത്തിലൂടെയുള്ള തിരിച്ചുവരവ് അസ്‌തിത്വം നഷ്‌ടപ്പെടാതിരിക്കാൻ അനിവാര്യമെന്നതുകൊണ്ട് അതിനായുള്ള ശ്രമങ്ങളിലാണ്. ഒപ്പം, തകരുന്ന കുടുംബ ജീവിതവും കൂടെയാകുമ്പോൾ മദ്ധ്യവയസ്സ് ചുട്ടുപൊള്ളുന്നതാകുമല്ലോ!

മധ്യവയസ്സിലെത്തുമ്പോഴുള്ള സംഘർഷങ്ങൾ പുരുഷന്റെ കുത്തകയെന്ന മട്ടിലാണ് മുകളിലത്രയും എഴുതിയത്. സ്‌ത്രീ മനസുകളും ശരീരങ്ങളും അതടക്കി ജീവിക്കണമെന്ന അവസ്ഥയിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന കാലമാണിത്. സ്വന്തം ചിറകുകളിലെ നിറങ്ങൾ കണ്ടെത്തിയ സ്‌ത്രീകളെ നോക്കൂ. ആ ചിരിയുടെ ഭംഗി വേറെ എവിടെക്കാണും? പല ലക്ഷ്‌മണരേഖകളേയും പക്വതയോടെ കടക്കാനാവുന്ന കാലം. വാക്കിലും നോക്കിലും പ്രവർത്തിയിലും ഇത് ഞാൻ, എന്റെ ഇഷ്‌ടങ്ങൾ, ഇഷ്‌ടക്കേടുകൾ എന്ന് പറഞ്ഞ് സ്വന്തമായൊരിടം ഉണ്ടാക്കാനുള്ള ത്വര ഏറ്റവുമധികമുള്ള കാലം. പക്ഷേ, ഇതൊക്കെ എത്ര സ്‌ത്രീകൾക്കാവും? കുട്ടികൾ വളർന്ന് കൂടൊഴിയുമ്പോഴുള്ള ഒറ്റപ്പെടലിന്റെ ആധികളുടെ (Empty nest syndrome) കാലമാണത് പലർക്കും. തന്നിലെ സ്‌ത്രീ ഊഷരയാകുന്നു, ഇനിയൊരു പൂക്കാലമാവില്ല തനിക്കെന്ന് മനസിന്റെ പുസ്‌തകത്തെ മടക്കാനായുന്നു അവൾ. തിരിച്ച് ഇനിയുമെത്ര ചിത്രങ്ങളിൽ നിറം ചാലിക്കാൻ ബാക്കിയെന്നൊന്ന് തിരിച്ചറിഞ്ഞാൽ പിന്നെയൊരു തിരിച്ചു പോക്ക് വേണ്ടിവരില്ല. തിരിഞ്ഞു നോക്കിയാൽത്തന്നെ കടന്ന കടമ്പകൾ ആത്‌മവിശ്വാസം കൂട്ടുകയേയുള്ളു. ‘യൗവനത്തിനും വാർദ്ധക്യത്തിനുമിടയ്ക്കുള്ള നൂൽപ്പാല’മെന്നെത്ര കൃത്യമായാണ് ‘വിരാമം’ എന്ന കവിതയിൽ സന്ധ്യ ഇ. പറയുന്നത്.

അഭിനയത്തിൽ പകരം വയ്ക്കാനാളില്ലാത്ത മോർഗൻ ഫ്രീമാനും പേരെടുത്ത ഷെഫ് ജൂലിയ ചൈൽഡുമടക്കം എത്രയോ പേർ മധ്യവയസ്സിൽ ജീവിത താളം കണ്ടെത്തിയവരായുണ്ട്. നമുക്കിടയിൽ തന്നെ എത്രയോ പേർ. ഒട്ടും കാർമേഘമില്ലാത്ത ആകാശമാണവർക്ക് ജീവിത മദ്ധ്യാഹ്നത്തിൽ. ദു:ഖങ്ങൾ ഘനീഭവിക്കാത്തതാകാം, പെയ്‌തൊഴിഞ്ഞതാവാം. എന്തുമാകട്ടെ, ഇപ്പോഴുള്ള തെളിച്ചമാണ് സത്യം.

മദ്ധ്യവയസ്സാശങ്കയുടെ ഉള്ളിലെയിരുട്ടിൽ ഒരുപാടൊളിച്ചവർ ചിലർ പരസ്‌പരം കണ്ടെടുത്ത് പുറത്തേക്ക് ഒന്നിച്ചിറങ്ങിയെന്നിരിക്കും. ഉള്ളിലെയഗ്നിയിൽ ഉരുകി സ്ഫുടം ചെയ്യപ്പെട്ടവർ. എന്ത് വെളിച്ചമാണവർ കണ്ടെത്തുക, പകരുക! എത്ര പെട്ടന്നാണവർ ഉറക്കെ ചിരിക്കുന്നവരാകുക.
‘ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്‌മ ശിഖരത്തിലൊരു കൂടു തന്നു…’

ഇതിനപ്പുറം ആശങ്കയ്ക്കിടനൽകാതെ അതെങ്ങനെ പരസ്‌പരം പറഞ്ഞു വയ്ക്കാനാകും.

അപ്പോഴും ഒരു കൂടോ കൂടുവയ്ക്കാനൊരു ചില്ലയൊയില്ലാതെ പാതിയാകാശം പിന്നിട്ടൊരൊറ്റപ്പക്ഷി ചക്രവാളത്തിലേക്ക് തനിയെ പറന്നകലുന്നുണ്ടാകും.

– വിനീത പ്രഭാകർ പാട്ടീൽ

8 Comments
 1. John 1 year ago

  വളരെയിഷ്‌ടം

  • Vinitha 1 year ago

   Thank you

 2. Haridasan 1 year ago

  മദ്ധ്യാഹ്ന ജീവിതത്തിന്റെ ഉൾക്കാഴ്ച്ച…. നന്നായിട്ടുണ്ട്.

  • Vinitha 1 year ago

   Thank you

 3. Anil 1 year ago

  Very good article

  • Vinitha 1 year ago

   Thank you

 4. Prema 1 year ago

  ‘അപ്പോഴും ഒരു കൂടോ കൂടുവയ്ക്കാനൊരു ചില്ലയൊയില്ലാതെ പാതിയാകാശം പിന്നിട്ടൊരൊറ്റപ്പക്ഷി ചക്രവാളത്തിലേക്ക് തനിയെ പറന്നകലുന്നുണ്ടാകും.’

  Touching……

  • Vinitha 1 year ago

   Thank you

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account