പണ്ടത്തെ  യാത്രകളെക്കുറിച്ച് നാം പലതും കേട്ടിട്ടുണ്ട്. വഴി നടന്നും തോണി കയറിയുമൊക്കെയുള്ള യാത്രകൾ. ഹോട്ടലുകളും തട്ടുകടകളും ഇല്ല. പൊതിച്ചോറും കരുതി യാത്രതിരിക്കും. അറിയാത്ത നാടുകളിൽ അറിയാത്ത മനുഷ്യരുമൊത്ത്  ഭക്ഷണം പങ്കിടും. പൊതിച്ചോറ് എക്‌സ്‌പെയറാകും എന്നാണെങ്കിൽ (വളരെദൂരം യാത്ര ചെയ്യണമെങ്കിൽ) പാകം  ചെയ്യാനുള്ള സാധനങ്ങളും കൊണ്ട് പോകും. ആ യാത്രകളിൽ അവർക്ക് നിരവധി സൗഹൃദങ്ങൾ ഉണ്ടാകുന്നു.

അത്തരമൊരു പഴയകാല യാത്രയുടെ രസങ്ങളെക്കുറിച്ചാണ്  ഇ.വി. കൃഷ്‌ണപിള്ളയുടെ വഴിയാത്ര എന്ന ഹാസ്യ ലേഖനം. അത് ഞങ്ങൾക്ക് പഠിക്കാനുണ്ട്. അത് പഠിപ്പിക്കുന്ന സമയത്ത്   ഞാൻ എഴുതിയ ഒരു കഥയായിരുന്നു ‘മിലിട്ടറി ക്വാട്ട’. എഴുതിക്കഴിഞ്ഞപ്പോൾ വഴിയാത്രയോടു സാമ്യം. അച്ഛനും അതു  സൂചിപ്പിച്ചു. എങ്കിൽപ്പിന്നെ വഴിയാത്രയുടെ 2018 വേർഷൻ എങ്ങനെയുണ്ടാകുമെന്നു സങ്കൽപ്പിച്ച് എഴുതിയതാവട്ടെ  മിലിട്ടറി ക്വാട്ട എന്നു വിചാരിച്ചു.

‘മിലിട്ടറി ക്വാട്ട’

കേശവമേനോൻ ബസ് സ്റ്റോപ്പിൽ നിൽക്കുകയാണ്. തിരുവനന്തപുരം വരെയൊന്ന് പോണം. കഴിഞ്ഞ ദിവസമാണ് പഴയ സുഹൃത്ത് മേജർ രാമകൃഷ്‌ണൻ വിളിച്ചത്.

‘മേനോനേ, നമുക്കൊന്നു കൂടേണ്ടേ?’ ഈ ഒരു ചോദ്യത്തിന് മാത്രം മേനോന് എതിർവാക്കില്ല.

സത്യം പറഞ്ഞാൽ  ഇവർ തമ്മിൽ വലിയ ബന്ധമൊന്നുമില്ല. ഒരേ നാട്ടുകാരാണെന്നതല്ലാതെ. പിന്നെ പഴയ പട്ടാളക്കാരൻ രാമകൃഷ്‌ണന്റെ വെടിയും തളളും കേൾക്കാൻ എന്തിന് മേനോൻ പോകുന്നു? അതിന് ഒരൊറ്റ കാരണമേയുള്ളു. മിലിട്ടറി ക്വാട്ട. ക്വാട്ട കിട്ടിയാൽ മേനോൻ എന്തും, ഏതും കേൾക്കാൻ തയ്യാറാണ്. രാമകൃഷ്‌ണൻ വിളിച്ചാൽ ഏഴു കടലും താണ്ടി മേനോൻ വരും. ഇവർ തമ്മിലുള്ള ദൃഢമായ ‘മദ്യ’ ബന്ധം തുടങ്ങിയിട്ട് കാലങ്ങളേറെയായി.

അപ്പോഴേക്കും ബസ്സ് വന്നു.

‘തിരുവനന്തപുരം… തിരുവനന്തപുരം… ഹോ,എന്റെ അമ്മാവാ, ഒന്ന് വേഗം കേറ്’. കണ്ടക്റ്റർ തിരക്കിട്ടു.

അവന്റെയൊരു അമ്മാവൻ, ഇവനെക്കാൾ പത്തോ, പന്ത്രണ്ടോ വയസ്സേ എനിക്ക് കൂടുതലുള്ളു. മേനോൻ മനസ്സിൽ പറഞ്ഞു. സീറ്റിലിരുന്നതും ഒരു ഇളം കാറ്റ്  തഴുകിത്തലോടി. അയാൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു. ബസ്സൊരു ഗട്ടറിൽ വീണപ്പോഴാണ്  ഉറക്കം ഞെട്ടിയത്. ഏ, ഇതെന്താ വല്ല ശവപ്പറമ്പുവാണോ? എന്താ ഇത്ര നിശ്ശബ്‌ദത? നോക്കുമ്പെഴെന്താ… എല്ലാരും ഫോണിലാ. ഇതിനകത്ത് പ്രൈസ്ബുക്കോ, വാൾട്ട് അപ്പോ അങ്ങനെക്കൊറെ കുന്ത്രാണ്ടങ്ങളൊക്കെ ഒണ്ടെന്നാ പാൽക്കാരൻ രാജൻ പറഞ്ഞത്. മേനോൻ ആകെ പറ്റുബുക്കിലെ ഉള്ളു. കഴിഞ്ഞ ദിവസം മേനോനോട് അയലത്തെ രാധിക ചോദിച്ചു . അപ്പാപ്പൻ ഗ്രൂപ്പിലില്ലേന്ന്? എന്തോന്ന് ഗ്രൂപ്പാണോ എന്തൊ. ഈ പിള്ളേര് പറയുന്നതൊന്നും മേനോന് മനസ്സിലാവണില്ല. കാലം പോയൊരു പോക്കെ!

‘ബ്രോ… പ്ലീസ് മൂവ്. എന്റെ ഈ ബാഗ്  ഒന്ന് വെയ്ക്കണം’. ഒരു ന്യൂജൻ പയ്യൻ. തല നിറയെ മുടിയും, കൈയിൽ കുറെ ചരടും, കഴുത്തിൽ ഏതാണ്ടു ചങ്ങലയും… തലയോട്ടിയുടെ ചിത്രമുള്ള ബനിയനാണ് അയാളുടെ വേഷം.

‘എന്തൊരു വിചിത്ര ജീവി’ എന്ന് മേനോൻ ചിന്തിച്ചു.

‘ബ്രോ എവിട്ന്നാ?’ ആ ന്യൂജൻ,മേനോനോട് ചോദിച്ചു.

‘ഹരിപ്പാടാ…’  അയാളെ വല്ലാതൊന്ന് നോക്കി മേനോൻ പറഞ്ഞു.

‘ഒ.കെ ബ്രോ, എന്റെ പേര്  ശശാങ്ക്. ഇഷ്‌ടമുള്ളവർ ശങ്കു എന്നും വിളിക്കും. അമ്മാവന്റെ ഫേസ്ബുക്ക് ഐ.ഡി. ഏതാ? എന്റേത് ശശാങ്ക് കുതിരവട്ടമെന്നാ. കണ്ടിട്ടില്ലേ?\’

‘കുതിരവട്ടത്തുന്നാണോ?’

‘യാ.. ബ്രോ…’ ന്യൂജെൻ മറുപടി പറഞ്ഞു.

‘അതു ശരി, കണ്ടപ്പഴേ തോന്നി’ മേനോൻ ആത്‌മഗതം നടത്തി. ശേഷം ന്യൂജെൻ പിന്നൊന്നും പറയാതെ ഫോണിലേക്ക് കണ്ണും നട്ട് ഇരിപ്പായി.

ആരോടും സംസാരിക്കാൻ കഴിയാതെ മേനോൻ ബസ്സിൽ ശ്വാസം മുട്ടി ഇരുന്നു. പണ്ടത്തെ ബസ്സ് യാത്രകൾ മേനോന്റെ മനസ്സിലേക്കോടിയെത്തി. എന്ത് രസമായിരുന്നു പണ്ട്. കച്ചവടക്കാരനും, പാവപ്പെട്ടവനും, ഇടത്തരക്കാരനെയുമൊക്കെയായി ആനവണ്ടി ഒരു കാലത്ത്‌കുതിച്ചിരുന്നു. പൊങ്ങച്ചം പറയുന്ന കച്ചവടക്കാരനോട് പിടിച്ച് നിൽക്കാൻ ഇടത്തരക്കാരന് താനൊരു കുഞ്ഞുവീട് വെച്ചതിന്റെ കഥ പറയാനുണ്ടാകും. വീടും കുടിയും സ്വന്തമായില്ലാത്ത പാവപ്പെട്ടവന് ഇല്ലായ്‌മകളുടെ കഥകളും. അങ്ങനെ അങ്ങനെ പല സുഹൃത്ബന്ധങ്ങളുമുണ്ടാകുന്നു. സത്യത്തിൽ ഓരോ  ബസ്സു യാത്രയും അര മുക്കാൽ മണിക്കൂറുകൊണ്ട് ഉണ്ടാക്കിത്തരുന്നത് വളരെ മൂല്യമേറിയ  ബന്ധങ്ങളാണ്. കുണ്ടും കുഴിയും ചാടി പോകുമ്പോൾ അയ്യോ, അമ്മേ, ആറ്റുകാലമ്മേ, മാതാവേ, അള്ളോ കാക്കണേ എന്നിങ്ങനെയുള്ള ദൈവവിളികൾ സ്‌ത്രീകളുടെ ഭാഗത്തു നിന്നുണ്ടാകും. ഇതൊക്കെ ബസ്സ് യാത്രകളിൽ പതിവാണ്. അങ്ങനെ ഉദ്ധിഷ്ട സ്ഥലത്തെത്തുന്നു. യാത്ര പറഞ്ഞിറങ്ങുന്നു. എന്നാലിന്നോ? ഒന്ന് തട്ടിയാലോ മുട്ടിയാലോ സോറി  പറയും, ചിലപ്പോൾ ഹായ് എന്നും. വേറൊരു വർത്തമാനവുമില്ല.  ഇതൊക്കെ എന്ത് രീതിയാണാവോ? മേനോൻ മനസ്സിൽ ചിന്തിച്ചു.

‘തിരുവന്തപുരമെത്തി വേഗമിറങ്ങ്’. കണ്ടക്റ്റർ പറഞ്ഞു. പെട്ടെന്ന് തന്നെ മേനോനിറങ്ങി. പത്‌മനാഭസ്വാമിക്ഷേത്രത്തിനടുത്താണ് രാമകൃഷ്‌ണന്റെ വീട്. ഒരോട്ടോയ്ക്കായി മേനോൻ കൈ കാണിച്ചു.

‘എന്തരമ്മാവാ എവടെ പോണോ?’ ഓട്ടോക്കാരൻ ചോദിച്ചു .

‘ഒന്നുല്ല മോനേ പത്‌മനാഭസാമി ക്ഷേത്രം വരെ’.

‘തള്ളേ, എന്തരിത് അമ്മാവൻ കേറ്’

ഓട്ടോക്കാരൻ വണ്ടിയെടുത്തു. പത്‌മനാഭ ക്ഷേത്രത്തിന്റെ മുന്നിലെത്തിയപ്പോൾ മേനോൻ മനസ്സിൽ പ്രാർത്ഥിച്ചു.. ‘ന്റെ പത്‌മനാഭാ, നീ ഇവരെയെല്ലാം കാക്കണേ….’

രാമകൃഷ്‌ണൻ വരാന്തയിൽത്തന്നെയുണ്ട്.

‘വരണം വരണം മിസ്റ്റർ മേനോൻ. ഹൗ ആർ യു?’

‘ഓ അയാം ഫൈൻ’. മേനോൻ പറഞ്ഞു.

അകത്തു കേറിയിരുന്നതേ, എന്നാൽ തുടങ്ങാം എന്ന് പറഞ്ഞ് രാമകൃഷ്‌ണൻ കുപ്പി പൊട്ടിച്ചു. മേനോന്റെ സകല ചിന്തകളും നുരഞ്ഞ് പതഞ്ഞ് പുറത്തേക്കിറങ്ങി. രാമകൃഷ്‌ണനോടയാൾ ചോദിച്ചു:

‘രാമാ നമ്മുടെ കേരളം ആകെ മാറിയിരിക്കുന്നു അല്ലേ?’

‘യാ, നമ്മൾ പുരോഗമിക്കുവല്ലേ. വെരിഫാസ്റ്റ്. ആട്ടെ താൻ മ്മടെ  കുപ്പിക്കൂട്ടം ഗ്രൂപ്പിലില്ലല്ലോ? അതില് മ്മടെ പഴയ സോമൻ മേസ്‌തരി പോലുമുണ്ട്. ഞാൻ ഗ്രൂപ്പിലേക്ക് തന്നെ ആഡ് ചെയ്യട്ടെ? ക്വാട്ടയുടെ ഡീറ്റെയിൽസൊക്കെ അതിലാ ഇടുന്നേ. കുപ്പീടെ ഫോട്ടോയും’.

മേനോൻ ഒന്ന് നടുങ്ങി. എല്ലാവരും ഇക്കണ്ട ബുക്കിലും ആപ്പിലുമൊക്കെയുണ്ട്. താൻ മാത്രം ഇങ്ങനെ. പിന്നെ മേനോൻ താമസിച്ചില്ല. ഒഴിച്ചു വെച്ചതു മുഴുവൻ ഒറ്റ വലിക്ക് അകത്താക്കി. എന്നിട്ടു പറഞ്ഞു

‘വേണ്ടെടോ, വല്ലപ്പോഴും തന്റെ ഫോൺവിളി, ഈ യാത്ര, ഇത്തിരി വർത്തമാനം ഇതൊക്കെയാ ആകെ എന്റെ രസം. ഇനി അതൂടെ ഇല്ലാണ്ടായാലോ? എനിക്കീ ഗ്രൂപ്പിലൂടെ മദ്യപിക്കാനൊന്നും അറിയില്ല. താൻ ക്വാട്ട കിട്ടുമ്പോ എന്നെയൊന്നു വിളിക്ക്. തന്റെ ശബ്‌ദവും കേൾക്കാമല്ലോ’.

മേനോൻ  ഇറങ്ങി വലിഞ്ഞൊരു  നടത്തം, ബസ് സ്റ്റോപ്പിലേക്ക്…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account