അവധിക്കാലത്തിന്റെ ആലസ്യത്തിൽ രസിച്ച് ഇരിക്കുമ്പോഴാണ് ‘നൂറു സിംഹാസനങ്ങൾ’ എന്ന പുസ്‌തകത്തിന്റെ രചയിതാവായ പ്രശസ്‌ത തമിഴ്-മലയാളി എഴുത്തുകാരൻ ”ജയമോഹൻ’ എഴുതിയ ‘മിണ്ടാച്ചൊന്നായ്’ എന്ന നോവൽ എന്റെ ശ്രദ്ധയിൽപ്പെട്ടത്. വളരെ കാലങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ബ്രിട്ടീഷ് ആധിപത്യവും, അവർക്കു മുൻപിൽ കീഴടങ്ങേണ്ടി വന്ന മനുഷ്യരുടെയും, മൃഗങ്ങളുടെയും ചുട്ടുപൊള്ളുന്ന ജീവിതവുമാണ് ഈ നോവലിന്റെ പ്രതിപാദ്യം.

‘വിൽസൺ’ എന്ന ഇംഗ്ലീഷുകാരൻ സായിപ്പിന്റെ സഹായിയും, സന്തതസഹചാരിയുമാണ് കഥാനായകൻ. സായിപ്പ് പറയുന്നത് എന്തും അക്ഷരംപ്രതി അനുസരിക്കാനും, നെഞ്ച് കുത്തിപ്പിളർക്കുന്ന തെറി വിളികളും അസഭ്യങ്ങളും ഏറ്റുവാങ്ങാനും വിധിക്കപ്പെട്ട ഒരു അടിമ. ഇംഗ്ലീഷ് ആധിപത്യത്തിന് മുൻപിൽ വിധേയരാകേണ്ടി വന്ന എത്രയോ മനുഷ്യരുടെ ഒരു പ്രതിനിധി മാത്രമാണ് കഥാ നായകൻ. അവൻ കഴിക്കുന്നത് സായിപ്പിന്റെ എച്ചിലാണ്. അവൻ സംസാരിക്കുന്നത് വളരെ വിരളമാണ്, അതിനാൽ അവൻ ‘മിണ്ടാച്ചെന്നായ്’ എന്നറിയപ്പെടുന്നു. അവന്റെ അച്ഛനും സായിപ്പാണ്. ആ അവിഹിത സന്തതിക്ക് പൂച്ചക്കണ്ണുകളാണ്. മിണ്ടാച്ചെന്നായ് എന്ന വിളിക്ക് ഒരു കാരണം അതുകൂടിയാണ്. വിൽസൺ സായിപ്പിന്റെ സകല ക്രൂരതകളും ഏറ്റുവാങ്ങേണ്ടി വരുമ്പോഴും കഥാനായകൻ സായിപ്പിനെ ശപിക്കുക പോലും ചെയ്യുന്നില്ല. കാരണം അവൻ നിരന്തരം വേട്ടയാടപ്പെടുന്ന മിണ്ടാച്ചെന്നായ മാത്രമാണ്.

കാടിനുള്ളിലേക്ക് ഒരിക്കൽ വിൽസൺ സായിപ്പും, കഥാനായകനും വേട്ടയാടാനിറങ്ങുന്ന ഒരു സന്ദർഭമുണ്ട്‌. അവിടെ അവർ വലിയ ഒരു ആനയെ കാണുന്നു. ആ കൊമ്പനാനയെ വേട്ടയാടി അതിന്റെ കൊമ്പ് സ്വന്തമാക്കുക എന്നതാണ് വിൽസൺ സായിപ്പിന്റെ ലക്ഷ്യം. വളരെ ഗൂഢമായ് ആസൂത്രണം ചെയ്‌താണ് ആനയെ വിൽസൺ സായിപ്പ് വകവരുത്തിയത്. കേവലം ചില മനുഷ്യർ മാത്രമല്ല, ഇംഗ്ലീഷ് ആധിപത്യത്തിന്റെ അധികാരധാർഷ്‌ട്യത്തിനു മുൻപിൽ ഇല്ലാതായി പോയിട്ടുള്ളത്, മറ്റ് ജീവജാലങ്ങൾ കൂടിയുണ്ട് അവയുടെ കൂട്ടത്തിൽ. വേട്ടയാടപ്പെടുന്ന, കീഴടക്കപ്പെടുന്ന, സകല ജീവജാലങ്ങളുടെയും സഹനത്തിന്റെ, നിശബ്‌ദതയുടെ കഥയാണ് ‘മിണ്ടാച്ചെന്നായ്’.

വേട്ടയാടുന്നവരുടെയും, വേട്ടയാടപ്പെടുന്നവരുടെയും ചരിത്രമാണ് മിണ്ടാച്ചെന്നായ് നിശബ്‌ദമായ് പറയുന്നത്. അധികാരികൾ പറയുന്നത് അനുസരിക്കുകയും, അവരുടെ ശകാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നതിനായ് അവർ നിയോഗിക്കപ്പെട്ടിരിക്കുന്നു. ആധിപത്യത്തിനും, അധികാരത്തിനും മുൻപിൽ കീഴടക്കപ്പെടുന്ന പാവം മനുഷ്യരുടെ ദീനരോദനങ്ങൾ പുസ്‌തകത്തിന്റെ ഓരോ താളുകളും മറിക്കുമ്പോൾ വായനക്കാരന് അനുഭവവേദ്യമാകുന്നു.

നോവലിന്റെ അവസാന ഭാഗമാണ് എന്റെ മനസ്സിൽ സ്‌പർശിച്ചത്. ക്രൂരതയുടെ മുഖം മൂടി അഴിച്ച് കളഞ്ഞ് വളരെ താഴ്ച്ചയുള്ള കൊക്കയിൽ നിന്ന് കഥാ നായകനെ പിടിച്ച് രക്ഷിക്കാൻ സഹായിക്കുകയാണ് വിൽസൺ എന്ന സായിപ്പ്. അയാളുടെ ആ മാനസാന്തരത്തിനു കാരണമുണ്ട്. പാമ്പുകടിച്ച് മരണമുഖത്തെത്തിയ സായിപ്പിനെ പച്ചമരുന്നുകളിലൂടെ നാട്ടുചികിത്‌സയിലൂടെ രക്ഷിച്ചത് അവനാണ്. എത്രയോ ചവിട്ടിത്തേച്ചിട്ടും അവൻ തന്റെ യജമാനനെ മരണത്തിനു വിട്ടുകൊടുത്തില്ല.

പക്ഷേ ഇപ്പോൾ അയാളുടെ കരങ്ങൾ പിടിച്ച് ജീവിതത്തിലേക്കുയരാൻ കഥാനായകൻ ആഗ്രഹിക്കുന്നില്ല. വിൽസണിന്റെ കരങ്ങൾ അവനെ തിരികെ ജീവിത്തിലേക്കല്ല ഉയർത്തുന്നത്, മറിച്ച് അടിമത്വത്തിന്റെ, വിധേയത്വത്തിന്റെ പഴയ ലോകത്തേക്കാണ്. അവനതാഗ്രഹിക്കുന്നില്ല. അതു രക്ഷയല്ല. മരണത്തേക്കാൾ മോശമായ അവസ്ഥയാണത്. അതിനാൽ അവൻ ആ കൈകൾ പിടിക്കുന്നില്ല. മരണം അവനെ സ്വതന്ത്രനാക്കുന്നു. കഥാ നായകന്റെ ജീവിതത്തിൽ അവൻ ഒരേയൊരു പ്രാവശ്യമേ അധികാരികൾക്ക് അതീതമായ്, സ്വാതന്ത്ര്യത്തോടെ ഒരു കാര്യം ചെയ്‌തിട്ടുള്ളു. ഒരു തെരഞ്ഞെടുപ്പേ സ്വന്തം ഇഷ്‌ടത്തിനു ചെയ്‌തിട്ടുള്ളു. അത് സ്വന്തം മരണമാണ്.

ഇംഗ്ലീഷ് ആധിപത്യവും, തത്‌ഫലങ്ങളും മനോഹരമായൊരു ആഖ്യാനശൈലിയിലൂടെ അവതരിപ്പിക്കുകയാണ് ജയമോഹൻ. വിധേയത്വത്തിന്റെയും, അടിമത്ത്വത്തിന്റെയും, ആധിപത്യത്തിന്റെ ചങ്ങലകളിൽ ബന്ധിതരായ് ശ്വാസം മുട്ടി മരിച്ച എത്രയോ മനുഷ്യരുടെയും, മറ്റ് ജീവജാലങ്ങളുടെയും പൊള്ളുന്ന യാഥാർത്ഥ്യങ്ങളാണ് ജയമോഹൻ ഈ നോവലിൽ വരച്ചിടുന്നത്. എന്തുകൊണ്ടും മനസ്സിന്റെ കോണിൽ വിങ്ങലുണ്ടാക്കുന്ന ഒരു ചരിത്ര പുസ്‌തകം പോലുള്ള ചെറുനോവലാണ് മിണ്ടാച്ചെന്നായ്‌.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account