എന്നെയെനിക്കെത്ര തരത്തിൽ കാണാം? കണ്ണാടിയിൽ കാണുന്ന എന്നെക്കുറിച്ചാണ്. കുട്ടിക്കാലത്ത് ഒരത്‌ഭുതമായായിരിക്കും കണ്ടിട്ടുള്ളത്. കണ്ണാടിയിൽ കാണുന്ന കുട്ടിയെ തൊട്ട് നോക്കിയിട്ടുണ്ടാകാം. അവളെ നോക്കി മുഖംകോട്ടിയും ചിരിച്ചും പല ഭാവങ്ങൾ കാട്ടിയിട്ടുണ്ടാകാം. കണ്ണാടിക്ക്, അല്ലെങ്കിൽ കണ്ണാടി പതിച്ച അലമാരിക്ക് പിന്നിൽപ്പോയി അതിൽ കണ്ട കുട്ടിയെ തിരഞ്ഞിട്ടുണ്ടാകാം. കണ്ണാടിക്കു മുന്നിൽ നിന്ന് മാറിയിട്ട് ഒരു വട്ടം കൂടി എത്തി നോക്കിയിട്ടുണ്ടാകാം, താൻ പോയിട്ടും അതിനുള്ളിലെ കുട്ടി അവിടെയുണ്ടോ എന്ന്. അതൊക്കെ നിഷ്ക്കളങ്കതയുടെ കണ്ണാടിക്കാഴ്ച്ചകൾ.

പിന്നെയൊരു ബാല്യക്കാരി അമ്മയിടീച്ച ഉടുപ്പിൽ തന്നെക്കാണാൻ ഭംഗിയുണ്ടോ എന്നും നൃത്തം പഠിപ്പിക്കുന്ന ടീച്ചർ വാലിട്ടുകണ്ണെഴുതി പൊട്ടു തൊട്ട് തന്നപ്പോൾ സുന്ദരിയായോ എന്നും നോക്കിയിട്ടുണ്ടാകും. കണ്ണാടിക്ക് മുന്നിൽ നിന്ന് നൃത്തം ചെയ്‌തിട്ടും പാട്ട് പാടിയിട്ടുമുണ്ടാകും.  ക്രമേണ വളർന്നു വരുന്ന കൗമാരക്കാരിക്ക് കണ്ണാടിയോട് ഇഷ്‌ടമേറാം, കുറയാം. ഒരുവൾക്കത് സൗന്ദര്യം നോക്കലാകുമ്പോൾ മറ്റൊരുവൾക്ക് അപകർഷതയേറുന്ന കാഴ്ച്ചയാവാം. ആത്‌മധൈര്യം വർദ്ധിപ്പിക്കാനും കുറയ്ക്കാനും ഒരു കണ്ണാടിക്ക് കഴിയുന്ന കാലമാണത്. ചങ്ങാതികൾ കണ്ണാടികളാകുന്ന കാലം.

കണ്ണാടിയിൽ അവരവർക്ക്  ആരെയൊക്കെ കാണാമെന്നാലോചിച്ചാൽ രസകരമല്ലേ! താനെന്ന മകളെ കണ്ട് , അമ്മയുടേയോ അച്ഛന്റേയോ ഛായ സ്വയം തിരഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിൽക്കാത്തവരുണ്ട? അഭിമാനിച്ചും രസിച്ചും ചിലപ്പോൾ വെറുപ്പു തോന്നിയും സങ്കടപ്പെട്ടും പലതരം ഛായ തേടലുകൾ… സഹോദരനോടോ സഹോദരിയോടൊ തുലനപ്പെടുത്തലുകൾ എത്ര നടന്നിട്ടുണ്ടാകാം! നിറം, മുടി, കിട്ടിയവ, കിട്ടാത്തവ എന്നിങ്ങനെ. അവരുടെ നിറത്തിൽ, മുടിയിൽ, അഴകിൽ താനെങ്ങനെയായിരുന്നേനെ എന്ന തിരയൽ.

പിന്നീടങ്ങോട്ട് പലതരത്തിൽ അവനവനെ കാണിച്ചു തന്നു കൊണ്ടേയിരിക്കും കണ്ണാടി. ഭാര്യയായി, അമ്മയായി, ഉദ്യോഗസ്ഥയായി ഒക്കെ.  ചിലപ്പോൾ ഏറെയിഷ്‌ടമുള്ള രൂപത്തിൽ മറ്റു ചിലപ്പോൾ എന്തിനിങ്ങനെ ഞാനിവിടെ എന്നു തോന്നിപ്പിച്ചു കൊണ്ട്. പഴയ ഞാനെവിടെ എന്നാവും ഇടയ്ക്ക് നോക്കുക.

സിൽവിയ പ്ലാത്തിന്റെ ‘മിറർ’ എന്ന കവിതയിൽ പറഞ്ഞു വച്ചത് എത്ര ഭംഗിയായാണ്!  കണ്ണാടി ഒരു തടാകമായി അതിനുള്ളിലേക്കെടുക്കപ്പെട്ട പെൺകുട്ടി. അവളുടെ വളർച്ചയിലും വാർദ്ധക്യത്തിലും അവൾ കണ്ണാടിക്കുള്ളിലുണ്ട്. അതിലവൾ കാണുന്നത് ബാഹ്യരൂപമെന്നതിൽ കവിഞ്ഞ് സ്വത്വത്തേയുമാണ്. ആ കവിതയിലെ പെൺകുട്ടിക്ക് ദേശ, കാലഭേദങ്ങൾ ഇല്ല. ഒട്ടുമിക്ക അകത്തളങ്ങളിലേയും കണ്ണാടിയിൽ ജീവിച്ചു കൊണ്ടേയിരിക്കുന്നത് അവൾ തന്നെയല്ലേ?

കണ്ണാടിയിൽ അവൾ ഏറ്റവും സുന്ദരിയാകുന്നത് പ്രണയിക്കപ്പെടുമ്പോൾ തന്നെ. അവൻ പുകഴ്ത്തുന്ന ഭംഗികൾ അവളതിൽ തേടും. അവനുവേണ്ടി ചമഞ്ഞൊരുങ്ങും. ഓരോ തവണയും ഒരുങ്ങിയിട്ട് അവൾ നോക്കുന്നത് അവനിതിഷ്‌ടമാകുമോ എന്നാണ്. കണ്ണാടിയിൽ നോക്കി അവൾ പൊഴിക്കുന്ന ഗൂഢസ്‌മിതങ്ങൾ അവനെയോർത്താണ്. അവരുടെ പ്രണയത്തിൽ അവൾക്കു വന്ന പുതിയ കാന്തി കണ്ണാടിയെ കൂടുതൽ തിളക്കമുള്ളതാക്കുന്നുണ്ടാകും. അതവളുടെ കവിളിലേയും കണ്ണിലേയും തിളക്കം പ്രതിഫലിച്ചിട്ടാകും. അവളുടെ ബാഗിനുള്ളിലെ ചെറിയ കണ്ണാടിയും, കാറിലെ കണ്ണാടിയും എന്തിന് അവൾ പോകുന്ന കടകളിലെ കണ്ണാടികൾ വരെ മത്‌സരിച്ച് അവളുടെ ഭംഗി ഒപ്പിയെടുക്കും. അപകർഷതാബോധം കൊണ്ട്  സ്വന്തം പ്രതിഛായ നോക്കാൻ മടിച്ചിരുന്നവളായിരിക്കാം അവളൊരിക്കൽ. ചേർത്ത് നിർത്തുന്ന, എല്ലാ കുറവുകളോടെയും അവളെ സ്വീകരിക്കുന്ന പ്രണയത്തിൽ, പ്രതിഛായയെ അവൾ ഇഷ്‌ടപ്പെട്ടു തുടങ്ങാതിരിക്കുന്നതെങ്ങനെ?

പക്ഷേ, സ്വന്തം പ്രതിഛായയെ ഇഷ്‌ടപ്പെടുക എന്നത് മറ്റൊരു തലത്തിലേക്ക് കടക്കുമ്പോളാണ് നാർസിസം എന്ന മാനസികാവസ്ഥയിലേക്കെത്തുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആ അവസ്ഥയിലാണ് സ്വന്തം പ്രതിഛായയോട് അസ്വാഭാവികമാം വിധം തീവ്രമായ താൽപര്യം തോന്നുന്നത്. നാർസിസസ് ദേവനുണ്ടായതുപോലെ തന്നെ ആത്‌മഹത്യാപരമായ ആത്‌മരതി എന്നതിനെ പറയാം.

പ്രണയഭംഗത്തിൽ, ജീവിത പരാജയങ്ങളിൽ, എറിഞ്ഞുടക്കപ്പെട്ട കണ്ണാടികളും കുറവല്ല. അടച്ച വാതിലുകൾക്കുള്ളിലെ കിടപ്പുമുറിയിലുള്ള കണ്ണാടികളും, കുളിമുറികളിലെ കണ്ണാടികളും കണ്ടിട്ടുള്ളത്ര കണ്ണീർ കണ്ടത് ചില തലയിണകൾ മാത്രമാകാം.

കണ്ണാടിക്കാഴ്ച്ചകൾക്കൊടുവിൽ മനസിലേക്ക് ഓടിയെത്തുന്നത് താലത്ത് മെഹ്‌മൂദിന്റെ ഗസൽ. ‘ആയിനാ മുജ്‌സെ മേരി പെഹലീ സീ സൂരത്ത് മാംഗേ, മേരേ അപനേ മേരേ ഹോനേ കീ നിശാനീ മാംഗേ…’

– വിനീത പ്രഭാകർ പാട്ടീൽ

7 Comments
 1. Anil 1 year ago

  Good article

  • Vinitha 1 year ago

   Thank you

 2. Priya 1 year ago

  Wonderful note!

  • Vinitha 1 year ago

   Thank you

 3. Anu 1 year ago

  മനസ്സുതൊട്ട ലേഖനം !!

  • Vinitha 1 year ago

   Thank you

 4. Biju 1 year ago

  Beautiful writing…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account