ഇന്ത്യൻ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ഒരു ഘട്ടത്തിൽ നിന്നു കൊണ്ടാണ് പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരിക്കലും കേട്ടിട്ടില്ലാത്ത വിധം ജാതിയും മതവും സൈന്യവും പരസ്യമായി പ്രചരണവിഷയങ്ങളാവുന്നു. സ്വാതന്ത്ര്യത്തിനു ശേഷം മൂന്നു യുദ്ധങ്ങൾ നടത്തിയ കോൺഗ്രസ് അതിലൊന്നു പോലും തെരഞ്ഞെടുപ്പു ചർച്ചയാക്കിയിട്ടില്ല. 2014 ൽ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒളിഞ്ഞും തെളിഞ്ഞും പട്ടാളത്തേയും വർഗീയതയേയും ഉപയോഗിച്ചുവെങ്കിലും BJP പോലും ദാരിദ്ര്യ നിർമാർജനവും സാമ്പത്തിക പുരോഗതിയും സർവജനങ്ങൾക്കും നല്ല ദിനങ്ങൾ വരുമെന്ന വാഗ്‌ദാനവും തന്നെയാണ് മുഖ്യ പ്രചാരണ വിഷയമാക്കിയത്. പക്ഷേ 2019 ൽ അതല്ല സ്ഥിതി. BJP ക്ക് (NDA എന്നൊക്കെ അലങ്കരിച്ചാലും) അഭിമാനപൂർവ്വം ജനങ്ങളുടെ മുന്നിൽ വക്കാൻ യാതൊരു ഭരണ നേട്ടവുമില്ല എന്നിരിക്കെ, മതവും സൈന്യവും ഉപയോഗിക്കുകയല്ലാതെ വേറെന്തു മാർഗം?

രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും പൊതു സമ്പത്തിന്റെ വളർച്ചക്കും സഹായിക്കുന്ന ഒരു പദ്ധതി പോലും നടപ്പാക്കാൻ കഴിഞ്ഞ 5 വർഷവും സർക്കാരിനു സാധിച്ചിട്ടില്ല. വൻതോതിൽ നിക്ഷേപം നടന്നു എന്നും റോഡും പാലവും തുറമുഖവും വിമാനത്താവളവും ഉണ്ടാക്കി എന്നും കൊട്ടിഘോഷിക്കുമ്പോൾ നാമോർക്കണം, അതത്രയും സ്വകാര്യ മേഖലയിലാണ്.  വിഴിഞ്ഞം തുറമുഖം പണി തീർന്നാലും അതു രാജ്യത്തിന്റെ സമ്പത്തല്ല എന്ന നഷ്‌ടത്തിന്റെ തീവ്രത മനസിലാവണമെങ്കിൽ ഇപ്പോൾ നമ്മുടെ പൊതു ഉടമസ്ഥതയിലുള്ള റെയിൽവേയും എണ്ണക്കമ്പനികളും ഘനനവ്യസായങ്ങളും സ്ഥാപിക്കപ്പെട്ട കാലത്തെ മൂലധന നിക്ഷേപവും അവയുടെ വർത്തമാന വിപണി മൂല്യവും തമ്മിലുള്ള അന്തരം തിരിച്ചറിയണം. പൊതു മൂലധനം ഉപയോഗിച്ച് സ്വകാര്യ സമ്പത്ത് വർദ്ധിപ്പിക്കുന്ന മുതലാളിത്ത സംവിധാനമാണ് ഇന്ത്യയിൽ അതിവിദഗ്ദ്ധമായി നടപ്പാക്കപ്പെടുന്നത്. നയപരമായ ഈ മാറ്റം നടപ്പാക്കിയെടുക്കുന്നതിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോർപ്പറേറ്റുകൾ കൈയയച്ച് BJP യെ സഹായിച്ചത്. തീർച്ചയായും ആ സഹായം BJP യുടെ ദേശീയ നയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് നരേന്ദ്ര മോദി, അമിത് ഷാ അച്ചുതണ്ടിന്റെ കോർപ്പറേറ്റ് വിധേയത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഉദ്ദിഷ്‌ട കാര്യത്തിന് മോദി-ഷാ സഖ്യം കൃത്യമായി ഉപകാരസ്‌മരണ പ്രകടിപ്പിക്കുകയും ചെയ്‌തു.

മോദി-ഷാ സഖ്യത്തിന്റെ ഈ ഏകാധിപത്യത്തിനെതിരെ BJP യിൽ തനെ എതിർപ്പുകളുണ്ടെന്നത് പരസ്യമായ അരമന രഹസ്യമാണ്. ഈ അന്ത:സംഘർഷം കോർപ്പറേറ്റ് നേതൃത്വങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാം യു പി എ സർക്കാരിനെ നില നിർത്തിയിരുന്ന അംബാനിക്കമ്പനിക്ക് വേണ്ടിയായിരുന്നു പെട്രോൾ വില നിയന്ത്രണം എടുത്തുകളഞ്ഞത് എന്ന് അന്ന് എല്ലാവർക്കുമറിയാമായിരുന്നു. മൻമോഹൻ സിംഗ് പിന്നേയും അധികാരത്തിലെത്തിയാൽ ഡീസൽ വില നിയന്ത്രണം എടുത്തു കളയുമെന്നും പാചകവാതകത്തിന്റെ  വിതരണം റിലയൻസിനു കിട്ടുമെന്നും (പിന്നെയും പലതും) അംബാനിക്ക് ഉറപ്പുണ്ടായിരുന്നു എന്നതും യാഥാർഥ്യമാണ്. എന്നിട്ടും രാജ്യത്തെ മുതലാളിമാരൊന്നാകെ മൻമോഹൻ സിംഗിനെ കാലുവാരി. കാരണം, അവർക്ക് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ മോദി – BJP അല്ല – വാഗ്‌ദാനം ചെയ്‌തു. അതദ്ദേഹം പാലിക്കുകയും ചെയ്‌തു.

മുതലാളിമാർക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചതിലൂടെ മോദി പക്ഷേ നഷ്‌ടപ്പെടുത്തിയത് രാഷ്‌ട്രീയ നേതാവ് എന്ന നിലയിൽ ജനം അദ്ദേഹത്തിലർപ്പിച്ച വിശ്വാസമാണ്.  മോദിയുടെ വാക്കുകളും നാട്യങ്ങളും ജനം സ്വീകരിക്കില്ല എന്ന് BJP നേതൃത്വത്തിനും കോർപ്പറേറ്റ് നേതൃത്വത്തിനും ഒരു പോലെ ബോധ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരാഴ്ച്ചയായിട്ടും മോദിയാണ് NDA യുടെ അടുത്ത പ്രധാനമന്ത്രി എന്ന് BJP പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനു ശേഷം മോദിക്ക് എന്തു സംഭവിക്കും എന്ന ചോദ്യം പ്രസക്‌തമാണ്.

മോദിയുടെ ഭാവിക്ക് രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ജനങ്ങളുടെ മുന്നിൽ വികാര നിർഭരമായ ഒരു പ്രസംഗവും ഒരു കരച്ചിലുമൊക്കെ നടത്തി അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ഒരു പിൻമാറ്റം. മറ്റൊന്ന് തെരഞ്ഞെടുപ്പിൽ NDA ക്ക് ഭരിക്കാനാവശ്യമായ സീറ്റുകൾ കിട്ടുകയും ശിവസേനയുൾപ്പെടെയുള്ള ഘടകകക്ഷികളുടെ കർശന നിലപാടുകൾ കാരണം  മോദിക്ക് പ്രധാനമന്ത്രിയാവാൻ സാധിക്കാതിരിക്കുകയും ചെയ്യുക. രണ്ടായാലും അടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കാനുള്ള  നിസാരസാധ്യതയേ  നിലനിൽക്കുന്നുള്ളൂ.

1 Comment
  1. Hari 3 years ago

    രാഷ്‌ടീയ അന്ധത ബാധിച്ചപ്പോൾ പത്ര വായന മറന്നു പോയി എന്ന് തോന്നുന്നു. ഇപ്രാവശ്യത്തെ ബിജെപിയുടെ പ്രധാന മുദ്രാവാക്യം [slogan] Modi Hai to Mumkin Hai’ അഥവാ If Modi is there then it possible എന്നാണ്. 2014 ൽ തന്നെ ബിജെപി പറഞ്ഞതാണ് അടുത്ത 10 വര്ഷം മോഡി ആയിരിക്കും പ്രധാനമന്ത്രി എന്ന്. അതിനാൽ തന്നെ ഇപ്രാവശ്യം അത് പ്രത്യേകം പ്രഖ്യാപിക്കേണ്ട കാര്യമില്ല.

    പെട്രോളിയം രംഗത്തു 5 % നടുത്തു മാർക്കറ്റ് ഷെയർ മാത്രമുള്ള അംബാനിക്ക് വേണ്ടി ആണ് ഡീസൽ/പെട്രോൾ വില നിയന്ത്രണം എടുത്തു കളഞ്ഞത് എന്നൊക്കെ കുറെ കാലമായി പറഞ്ഞു തേഞ്ഞ നുണകളാണ്. 2019 ആവുമ്പോൾ എങ്കിലും പുതിയ നുണ പ്രചാരണങ്ങൾ തേടാവുന്നതാണ്. ഒരു ചേഞ്ച് ആർക്കാണ് ഇഷ്ടമല്ലാത്തത്??

    സ്വകാര്യ മേഖലയിലെ മാനേജ്‌മന്റ് വൈദഗ്ദ്യം ഉപയോഗിച്ച് മൂലധനം വർധിപ്പിക്കുക എന്നത് എല്ലാ സർക്കാരുകളും ചെയ്യുന്ന കാര്യമാണ്. സർക്കാർ മേഖലയിലെ സ്ഥപനങ്ങളുടെ പ്രവർത്തന രീതി തന്നെ ആണ് പ്രധാന കാരണം. നമ്മുടെ ksrtc യുടെ ഉദാഹരണം തന്നെ എടുത്താൽ മതിയല്ലോ. സർക്കാരിന്റെ [ജനങ്ങളുടെ] പണം ഉപയോഗിച്ച് ശമ്പളം പോലും കൊടുക്കേണ്ട അവസ്ഥ ഉണ്ടാക്കിയത് ആ സ്ഥാപനത്തിലെ മാനേജ്മെന്റും
    തൊഴിലാളികളും കൂടിയാണ്. ലുലു മാളിലെ ഹൈപ്പർ മാർക്കറ്റ് നമ്മുടെ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തിയാൽ എങ്ങനെ ഉണ്ടാവും.എത്ര നാൾ ആളുകളെ ആകർഷിച്ചു അത് മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കും? സ്വാകാര്യ മേഖലയിൽ ലാഭകരമായി കൊണ്ട് നടക്കുന്ന വ്യവസായങ്ങൾ സർക്കാർ മേഖലയിൽ എങ്ങനെ നഷ്ട കണക്കു ആവുന്നു എന്ന് ആലോചിച്ചാൽ എന്ത് കൊണ്ട് സർക്കാരുകൾ ജനങളുടെ നികുതി പണം സർക്കർ മേഖലയിൽ കൊടുത്തു നശിപ്പിക്കുന്നതിന് പകരം സ്വകാര്യ മേഖലയെ ഉപയോഗിച്ച് അത് വർധിപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാവും. ഇടതു പക്ഷം പോലും അംഗീകരിച്ച നിലപാട് ആണ് അത്. അതല്ലാതെ ജനങളുടെ നികുതി പണം എത്ര നാൾ സർക്കാർ സ്ഥാപനങ്ങളിൽ ചിലവഴിച്ചു നശിപ്പിക്കാൻ സാധിക്കും.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account