‘മാഷേ ചെലവ് വേണം’. ക്ലാസ്സിലേക്ക് കാലെടുത്തുവെക്കും മുൻപേ കുട്ടികൾ ആർത്തു വിളിച്ചു .

‘ങളട്ത്ത് തോനെ പൈസ ണ്ട് ലെ മാഷേ’. കുട്ടികളുടെ ഇടയിൽ നിന്നൊരു ശബ്‌ദം.

‘മാഷ് മൊതലാളിയാടാ’, മറ്റൊരു ശബ്‌ദം.

‘ഞാൻ കെരുതി മാഷ് ഞമ്മളൊക്കെ പോലെ പാവാന്ന്. അതൊന്നും അല്ലടാ’.

പിന്നെയും കുറെ ശബ്‌ദങ്ങൾ കുട്ടികൾക്കിടയിലൂടെ നടന്നു.

ഉച്ചക്ക് സ്റ്റാഫ് റൂമിൽ വീണ്ടും ഫ്ലാറ്റ് ചർച്ച തന്നെ. ഒന്നും  തീരുന്നേയില്ല.

ഈ മാസത്തെ ബില്ലുമായി മാഷ് എ.ഇ.ഒ ഓഫീസിലേക്ക് നീങ്ങി.

‘മാഷ് നഗരത്തിലേക്ക് താമസം മാറാണ് ലെ’,  ബില്ല് ഒപ്പിട്ട ശേഷം സൂപ്രണ്ടിന്റെ ചോദ്യം.

‘ഭാര്യക്ക് ഒരു ചെറിയ ജോലി ശര്യായിട്ടുണ്ടവിടെ, പിന്നെ മകളെ കോളേജും അടുത്ത് തന്നെയാന്ന്‌’. മാഷ് ഭവ്യത വിടാതെ പറഞ്ഞു.

‘ഫ്ലാറ്റെന്നൊക്കെ  പറയുമ്പോ, നല്ലൊരു പൈസയായില്ലെ?’ പ്യൂൺ സുന്ദരേട്ടന്റെ വിക്കലോടെയുള്ള ചോദ്യം.

‘സൗകര്യങ്ങൾക്കനുസരിച്ചാണ് വില’. മാഷ് ഭവ്യത വിട്ടില്ല .

‘ന്നാലും ഒരു അൻപതിന്റെ മുകളിൽ ആയിക്കാണും ,ല്ലെ?’ സൂപ്രണ്ടിന് സംശയം തീരുന്നില്ല .

‘മാഷ് ഭാഗ്യവാനാ, നമ്മളൊന്നും എത്ര കൂട്ടിയാലും കൂടില്ല’. ബി സെക്‌ഷനിലെ വിശാലാക്ഷി നിരാശ മറച്ചു വച്ചില്ല.

മാഷിന് ഒരു ചെറു ചിരി മാത്രം .

വീട്ടിലേക്ക് തിരിയുന്ന വഴിവക്കിൽവച്ചും ചില പരിചയക്കാർ ഫ്ലാറ്റിനെക്കുറിച്ച് ചോദിച്ചു .

മുഖ്യമായും വില തന്നെ. പിന്നെ അത് വന്ന വഴികളും.

മാഷിന്റെ തല പെരുത്തു. ഒന്നും കഴിക്കണമെന്നില്ല. നേര പോയി കിടന്നു .

പക്ഷേ ഉറക്കം വന്നതേയില്ല. കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

എന്താ പറ്റിയതെന്ന് ഭാര്യ പല പ്രാവശ്യം ചോദിച്ചു. ഒന്നുമില്ലെന്ന് പറഞ്ഞ് ഓരോ തവണയും അവളോട് വെറുതെ ദേഷ്യപ്പെട്ടു.

രാവിലെ പതിവിലും നേരത്തെ സ്‌കൂളിലേക്ക് തിരിച്ചു. നേരെ സ്റ്റാഫ് റൂമിൽ കയറിയിരുന്നു. ഒരോരുത്തരായി വന്നു കൊണ്ടിരിക്കുന്നതേയുള്ളൂ. ഫസ്റ്റ് ബെൽ അടിച്ചു. മാഷ് ഒന്നും പറഞ്ഞില്ല. സെക്കന്റ് ബെൽ അടിച്ചു.

മാഷ് എഴുന്നേറ്റു, എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു – ‘ഞാൻ ഫ്ലാറ്റ് വിറ്റു’.

എല്ലാവരും മുഖത്തോട് മുഖം നോക്കി. പിന്നെ ആശ്വാസത്തോടെ ക്ലാസ്സുകളിലേക്ക്.

1 Comment
  1. Vipin 2 years ago

    A real fact of our society…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account