മേഘമൊഴിഞ്ഞ രാവാനത്തിന് കീഴെ നിലാവിൽ കുളിച്ച, ഇളം കാറ്റിലോളംതല്ലുന്ന തടാകത്തിലൂടെ ഒഴുകി നടക്കുന്ന ഒരു പൂവ്. അതിന്റെ പരാഗത്തിൽ പാലായനത്തിന്റെ രേണുക്കളുണ്ടാകും. ആ പൂവാണ് ഞാനെന്ന് സ്വയം സങ്കൽപ്പിക്കൂ. ഒരുതുടം നിലാവ് ഉള്ളിലുണ്ടെങ്കിൽ ഉന്മാദമാകുന്നത് അപ്പോഴാണ്. ഉന്മാദം ഒരു ലാവണ്യാനുഭവമാകുന്നത് അങ്ങനെയാണ്.

വട്ടാണല്ലേ എന്ന നിഷ്‌കളങ്കമായ ആശങ്കയ്ക്ക് അല്ല എന്ന് കള്ളം പറയാനാകാതെ മൗനം മറുപടിയാകുന്നത് അപ്പോഴാണ്.

ലേശം ലൂസാണ് എന്നതിനെ കാൽപ്പനികമായി ഉന്മത്തതയുടെ ഓളംവെട്ടലാണ് എന്ന് പറയാം. പിരിമുറുക്കം കൂടിക്കൂടി എന്നെന്നേയ്ക്കുമായി കെട്ടഴിഞ്ഞ വള്ളം പോലെയായി, നിലാവിൽ ഒരില പോലെയാകും. ജാതകവശാൽ ലഗ്‌നത്തിൽ ചന്ദ്രന്റെ അപഹാരമാണത്. മനസ് മറ്റൊരാളാൽ അപഹരിക്കപ്പെടുന്ന പ്രണയം ഭ്രാന്താവുന്നതും ആ നേരങ്ങളിലാണ്. എങ്കിലും ജൂലിയറ്റ് തന്റെ കാമുകനായ റോമിയോയോട് പറയുന്നുണ്ട്, ചന്ദ്രനെ സാക്ഷിയാക്കി പ്രണയ പ്രതിജ്ഞയെടുക്കരുതേ എന്ന്. നിലാവിന് കട്ടിയില്ല. ചന്ദ്രനോളം അസ്ഥിരത എന്തിനുണ്ട്. ആ സംശയമാണ് ജാതകം ചേരാതെ പോകുമെന്ന ദുർവിധിയാണ് തന്റെ കഥാപാത്രങ്ങളെ കാത്തിരിക്കുന്നത് എന്ന സൂചന ടോൾസ്റ്റോയി ജൂലിയറ്റ് കാപുലെറ്റ് എന്ന പതിമൂന്നുകാരി പെണ്ണിലൂടെ പറയുന്നത്. റോമിയോ ജൂലിയറ്റുമാരെ സ്റ്റാർ ക്രോസ്‌ഡ്‌ ലവേഴ്‌സ് എന്ന് പറയുന്നത് ആ അർത്ഥത്തിലാണ്. എക്കാലത്തെയും ദുരന്തകാവ്യമെന്ന ജാതകം ആ നാടകത്തിനു ചാർത്തിക്കിട്ടുന്നത് അങ്ങനെയാണ്.

നിലാചന്ദ്രൻ തേഞ്ഞുതേഞ്ഞൊടുവിൽ ഇരുട്ടായി അമാവാസിയിലെത്തുന്നമ്പോൾ ചന്ദ്രനോ മായുന്നത്? ചന്ദ്രനെന്ന് നമ്മൾ കാണുന്ന കാഴ്‌ചയെ അല്ലേ നിഴലപഹരിക്കുന്നത്? എന്നും പൂർണ്ണനാണ് ചന്ദ്രൻ. കാഴ്‌ചയ്ക്കു മാത്രമാണപൂർണ്ണത. ഇത്ര സ്ഥിരതയുള്ളത് മറ്റെന്തിനാണ്? ഹെൻറി ഡേവിഡ് തോറോയുടെ ‘ദ മൂൺ’ എന്ന കവിത പറയുന്നത് ഇതാണ്. ചന്ദ്രനല്ല മങ്ങുന്നത്, എന്റെ സൗഭാഗ്യങ്ങൾക്ക് മേൽ പതിക്കുന്ന ചന്ദ്രരശ്‌മികളാണ് കുറയുന്നത്. തന്റെ ക്ഷണികമായ മനുഷ്യജീവിതം തീർന്നാലും സ്ഥിരതയോടെ ചന്ദ്രനെപ്പോഴും അതേ നറുനിലാവ് തൂകുമെന്നും പറയുന്ന ആ കവിത ജീവിതത്തെ ദുർവിധിയുടെ ഭ്രാന്തമായ നിലവിളിയായി സങ്കൽപ്പിക്കുന്നു.

അസ്ഥിരത, ഉന്മാദം ഒക്കെ ചന്ദ്രനെന്ന കാഴ്‌ച പോലെയല്ലേ? ഉന്മാദി കാഴ്‌ചക്കാരന് അസമാധാനമാകുമ്പോൾത്തന്നെ സ്വന്തം നിലയിൽ സന്തോഷത്തിന്റെ പാരമ്യത്തിലുമാകാം ജീവിക്കുന്നത്. ഉന്മാദികളായി മാറുന്നതെപ്പോഴും അങ്ങേയറ്റം ആസ്വാദനശേഷിയും കാൽപ്പനികതയും ഒന്നിച്ച് മനസ്സിൽ നിറയുന്നവരത്രേ. തലയിൽ നിലാവുദിച്ചവൻ എന്നുന്മാദിയെക്കുറിച്ച് പറയും. അവർ നിലാവോളം ലാവണ്യലഹരി ഉള്ളിൽ നിറഞ്ഞവരാകാം. നിലാവിലൊഴുകുന്നതുപോലെ സുന്ദരമായ അവസ്ഥയിൽ മനസുള്ളവർ. എന്തിലും ഭംഗി കാണുന്നവർ. അവരുടെ ചിരിയെ ഭ്രാന്തെന്ന് വിളിക്കുന്നവർ നിലാവിന്റെയാ ലാഘവത്വം അറിയാത്തവരല്ലേ? അവരോളം അവനവനിലും ചുറ്റുമുള്ളവയിലും സന്തോഷിക്കാൻ കഴിയാത്തവരെയാണ് ഉന്മാദി ഭ്രാന്തന്മാരായി കാണുത്.

പി. പത്‌മരാജന്റെ ‘ഒരേ ചന്ദ്രൻ’ എന്ന കഥയിലെ നായകൻ ഭാര്യവീട്ടിൽ ആദ്യരാത്രിയിൽ ഓരോ സാധനങ്ങളേയും അത്‌ഭുതത്തോടെ കാണുന്നു. കട്ടിൽ, പാൽ കുടിച്ച ഗ്ലാസ്, വെറ്റിലച്ചെല്ലം എന്നു വേണ്ട സർവ്വതും തന്റെ വീട്ടിലേതു തന്നെ എന്ന് തോന്നുന്നതിൽ തുടങ്ങി ഉന്മാദത്തിന്റെ ഉച്ചിയിലെത്തുമ്പോൾ വെളുപ്പാൻ കാലത്ത് ജനലിലൂടെ കാണുന്ന ചന്ദ്രൻ പോലും തന്റെ വീട്ടിലേതാണെന്ന് പറയുന്നു. പത്‌മരാജൻ എഴുതുന്നത് ഇങ്ങനെയാണ്: ‘അയാൾ എന്തൊക്കയോ പിറുപിറുത്തുകൊണ്ട് വാതിൽ തുറന്ന് ഇറങ്ങിപ്പോയി. ഇടുങ്ങിയ നാട്ടുവഴിയും വിസ്‌തൃതമായ പാടവും പിന്നിട്ട് ചുറുചുറുക്കോടെ നടക്കുമ്പോൾ അയാൾ ഇടയ്ക്കിടെ മുകളിലേക്ക് നോക്കി. അമ്പിളിയമ്മാമനെ താൻ കൂടെ കൊണ്ടുപോരുന്നുണ്ട്. നഷ്‌ടപ്പെടാനുള്ളതായിരുന്നു. ഒരുകണക്കിന് രക്ഷപ്പെടുത്തി. സമാധാനം’.

തേഞ്ചുക്കുട്ടിനായർ എന്ന കഥാപാത്രത്തിന്റെ മതിഭ്രമം അനായാസം വ്യക്‌തമാക്കാൻ കഥയുടെ അവസാനത്തെ ആ ഒരു വാക്കുമതി –  സമാധാനം.

മലയാളത്തിലെന്നില്ല, ഇംഗ്ലീഷ് ലാറ്റിൻ ഭാഷകളിലൊക്കെ ഉന്മാദവും ചന്ദ്രനും ഒന്നിച്ച് തന്നെ. ലൂണാറ്റിക്, മൂൺസ്ട്രക്ക് തുടങ്ങിയ വാക്കുകളിൽ തന്നെയതുണ്ടല്ലോ അത്. മതിഭ്രമം എന്ന വാക്കിലെ ‘മതി’ എന്നതിനെ ബുദ്ധിയെന്നും ചന്ദ്രനെന്നും അങ്ങനെയെങ്കിൽ പറയാവതല്ലെ?

നിലാവോളം കാവ്യാത്‌മകമായ മറ്റേത് ബിംബമുണ്ട് പ്രണയത്തെയും ദു:ഖത്തെയും വിരഹത്തേയും ഏകാന്തയേയും ഒക്കെ ചിത്രീകരിക്കാൻ! നിറനിലാവിൽ ചിത്രീകരിക്കേണ്ട സീൻ എത് വെയിലിലാണ് പകരം ചിത്രീകരിക്കാനാവുക? താജ് മഹലിന്റെ ഭംഗി നിലാവിലുള്ളത്ര മറ്റേതു സമയത്താണുള്ളത്? നിലാവിൽ കേൾക്കുന്ന ഗസലുകൾക്കേകാൻ കഴിയുന്നത്ര ശാന്തത മറ്റെന്തിനേകാനാവും? ചന്ദ്രനേയും നിലാവിനേയും കാവ്യാത്‌മകമായി ചിത്രീകരിക്കാത്ത ഭാഷ എങ്ങും തന്നെയുണ്ടാകില്ല. എത്രയോ രാത്രിയാത്രകൾക്ക് വഴികാട്ടിയായി നിന്നു ചന്ദ്രൻ. ആ ചന്ദ്രികയിൽ എത്രയാനങ്ങൾ ലക്ഷ്യം കണ്ടു. കടൽ കാണാൻ വരുന്നവർ ഏറെയും അസ്‌തമയത്തോടെ മടങ്ങുന്നു. പക്ഷേ നിലാവിൽ കുളിച്ച കടലോരത്തോളം ഭംഗിയുള്ള കാഴ്‌ച മറ്റെന്തുണ്ട്!

ചന്ദ്രന് ഒരു മറുപുറവുമുണ്ടല്ലോ, മനുഷ്യമനസ് പോലെ തന്നെ. ആരാലും കാണാത്ത, വെളിച്ചം പതിക്കാത്ത ഒരിടം. പറയുന്നതൊന്നും സത്യത്തിൽ മറ്റൊന്നുമായി ചന്ദ്രൻ. കുളിരുള്ള സൂര്യരശ്‌മികളല്ലേ നിലാവ്. ചന്ദ്രനാ രശ്‌മികളുടെ ചുടേറ്റെടുത്ത് കുളിർമ പകർന്ന് രാത്രിയ്‌ക്കേകുന്നു. നിലാവു നിറഞ്ഞ പാതി മാത്രമാണ് ചന്ദ്രൻ എന്ന നമ്മുടെ മനസ്സിലെ ദ്വിമാന ചിത്രം. പാതി കൊണ്ടു തന്നെ സാഹിത്യത്തേയും സംഗീതത്തേയും ചിത്രകലയേയും, ശാസ്‌ത്രത്തേയും എന്നു വേണ്ട മനുഷ്യ ഭാവനയെ ആകെത്തന്നെ നിലാവിനാൽ നിറച്ചിരിക്കുകയുമാണ്. മനുഷ്യൻ ചന്ദ്രനെക്കാണുന്നതും, അതായത്, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും മനുഷ്യജീവിതവും തന്നെ എത്ര ഇഴചേർന്നാണ് കിടക്കുന്നത്. ശൈശവവും ബാല്യവും കൗമാരവും കടന്ന് വളർന്ന് നിലാവ് നിറയുന്ന യൗവനം തുടങ്ങി മധ്യവയസു വരെയും പിന്നെ ആഗ്രഹങ്ങളും ആസക്‌തികളും ക്രമേണ കുറഞ്ഞ് അമാവാസിയിലേക്കും നീളുന്ന ജീവിതം തന്നെ അത്രമേൽ ചന്ദ്രനെന്ന കാഴ്‌ച പോലെ തന്നെയാണ്.

‘തുമ്പപ്പൂവിലും തൂമയെഴും നിലാ-
വന്‍പില്‍ത്തൂവിക്കൊണ്ടാകാശവീഥിയില്‍
അമ്പിളി പൊങ്ങി നില്‍ക്കുന്നിതാ മര-
ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തിൽ’

ഒക്കത്തെടുത്തു മാമൂട്ടുവാൻ അമ്മ കാണിച്ചു തന്ന അമ്പിളിയമ്മാവനിൽ തുടങ്ങി, പിന്നീട് കുമാരനാശാന്റെ അമ്പിളി എന്ന കവിതയിലൂടെ പിച്ചവച്ച്, മലയാളിയുടെ ഭാവാത്‌മകതയിലേക്ക് പ്രായഭേദമനുസരിച്ച് ഓരോ കാലത്തും വ്യത്യസ്‌ത പ്രസക്‌തിയോടെ കടന്നു വരുന്നു ചന്ദ്രനും നിലാവും.

എഴുതണം നിലാവിനെക്കുറിച്ച് എന്നോർത്തപ്പോൾ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെയായി മനസ്. ഇത് എഴുതിക്കഴിഞ്ഞപ്പോൾ നിലാവാൽ സ്‌നാനപ്പെട്ട ഒരു നിർമമത്വം ഉള്ളിൽ നിറയുന്നു. ഈ പരീക്ഷ പേപ്പറിൽ എനിക്ക് സ്റ്റാറൊന്നും വേണ്ട. ഒരു ഫുൾ മൂൺ മതി.

– വിനീത പ്രഭാകർ പാട്ടീൽ

2 Comments
  1. Haridasan 3 years ago

    ഫുൾ മൂൺ തന്നിരിക്കുന്നു…

    • Vinitha 3 years ago

      നന്ദി

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account