പല അമ്മമാരും പറയുന്ന ഒരു ന്യായമാണ് പത്തു മാസത്തെ ചുമക്കലും, കൊടും വേദനയുടെ പ്രസവവും. എന്നാൽ ഒരമ്മയെ അമ്മയാക്കുന്നത് ഇതാണോ? സ്ത്രീയായി പിറന്നാൽ ഗർഭം ധരിക്കേണ്ടിവരും, പ്രസവിക്കേണ്ടി വരും. ഇതെല്ലാ ജീവജാലങ്ങൾക്കും ബാധകമാണ്. ഗർഭകാലം ഇതിലേറെയുള്ള ജീവികൾ വേറെയുമുണ്ട്. ഒരു കഴുതയുടെ ഗർഭകാലം പന്ത്രണ്ടു മുതൽ പതിനാലു മാസം വരെയാണ്. മൂന്നര വർഷക്കാലം ഗർഭകാലമുള്ള ചില ഉരഗങ്ങൾ ആൽപ്സ് പർവ്വതങ്ങളിലുണ്ടത്രെ. എന്തിന്, ചില സ്രാവുകൾക്കുപോലും ഇത്രയും കാലതാമസമുണ്ടാകും. ഒരാനയുടെ ഗർഭകാലം ഇരുപത്തിനാല് മാസങ്ങളാണ്. പ്രസവവേദനയും മനുഷ്യരെ അപേക്ഷിച്ചു ആനകൾക്ക് തന്നെയാകും കൂടുതൽ. ഇവരാരും തന്നെ ഇത്തരമൊരു കണക്ക് പറയുമെന്ന് തോന്നുന്നില്ല.
നമുക്ക് എല്ലാം കണക്കാണ്. ചുമന്നതിന്റെ കണക്ക്, വളർത്തിയതിന്റെ കണക്ക്, അനുഭവിച്ചതിന്റെ കണക്ക്. സ്ഫടികം സിനിമയിൽ തിലകൻ വിശ്വസിച്ചിരുന്നതുപോലെയാണ് ഇന്ന് എല്ലാം നടക്കുന്നത്. നമ്മുടെ ഇന്നത്തെ സമൂഹം അങ്ങനെ മാറിക്കഴിഞ്ഞിരിക്കുന്നു. കണക്കുകൂട്ടി മാത്രം ജീവിക്കുവാൻ പഠിച്ചിരിക്കുന്നു. അല്ലെങ്കിൽ അവരെ പഠിപ്പിച്ചിരിക്കുന്നു.
അമ്മമാർ പലവിധമുണ്ട്. മകളെ സ്നേഹിക്കുന്നവർ, സ്നേഹിക്കാത്തവർ, വെറുക്കുന്നവർ, ഉപേക്ഷിക്കുന്നവർ, കൊല്ലുന്നവർ തുടങ്ങി പലവിധം. പലപ്പോഴും ജനിച്ചയുടനെ കുട്ടികളെ ഉപേക്ഷിക്കുകയോ കൊല്ലുകയോ ചെയ്യുന്ന അമ്മമാർ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകും. അത്തരക്കാരോട് നമ്മുടെ മനോഭാവം വളരെ മോശവുമാണ്. അനിഷ്ട സംഭവങ്ങളുടെ ഫലമായിട്ടാകും പലപ്പോഴും ഇത്തരം ഗർഭധാരണങ്ങൾ നടക്കുക, അല്ലെങ്കിൽ ചതി. ആ കുട്ടി അവരുടെ ശരീരത്തിൽ വളരുന്നത് സ്നേഹത്തിന്റെ പ്രതീകമായി ആയിരിക്കുകയില്ലല്ലോ? ഇന്ത്യയിലെ നിയമങ്ങളാണ് പലപ്പോഴും ഇത്തരം അമ്മമാരെ സൃഷ്ടിക്കുക. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം ഗർഭഛിദ്രം വളരെ വിഷമം പിടിച്ച ഒരു പ്രക്രിയയാണ്. പലപ്പോഴും ഗർഭം തന്നെ മറ്റുള്ളവർ അറിയുന്നതുതന്നെ അതിനുള്ള സമയം കഴിഞ്ഞു മാത്രമായിരിക്കും. പ്രസവിക്കുക എന്ന ഏക മാർഗ്ഗമായിരിക്കും ഇത്തരക്കാരുടെ മുന്നിൽ അവശേഷിച്ചിരിക്കുക. ഇക്കാര്യത്തിൽ തുല്യ കുറ്റവാളിയായ പിതാവിനെ ആരും ഓർക്കാറുപോലുമില്ല.
ഇതുവരെ പറഞ്ഞത് പ്രസവിക്കുന്ന അമ്മമാരുടെ കഥ. അമ്മയാകുവാൻ പ്രസവിക്കണമെന്നുണ്ടോ? പ്രസവിക്കാത്ത പല നല്ല അമ്മമാരെയും എനിക്കറിയാം. ഇവർ കൊടുക്കുന്ന കരുതലും സ്നേഹവും പലപ്പോഴും സ്വന്തം അമ്മമാരേക്കാൾ കൂടുതലായൊന്നും വരാം. ആരാണ് ഒരു നല്ല അമ്മ എന്ന് ചോദിച്ചാൽ, ഉത്തരം അത്ര ലളിതമായിരിക്കുകയില്ല. പലർക്കും പലതരക്കാരായ അമ്മമാരെത്തന്നെയാണിഷ്ടം. എന്നാൽ സ്വാർത്ഥതയില്ലാതെ സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന അമ്മ തന്നെയാണ് യഥാർത്ഥ അമ്മ. മിക്ക അമ്മമാരും ഇന്ന് പഠിപ്പിക്കുന്നത്, സ്വാർത്ഥത തന്നെയാണ്. കൂടുതൽ മാർക്ക് വാങ്ങുക, സ്വന്തം സാധനങ്ങൾ പങ്കുവയ്ക്കാതിരിപ്പിക്കുക തുടങ്ങിയ നിസ്സാരമെന്നു തോന്നുന്ന പലതും വാർധക്യത്തിൽ അവർക്കുതന്നെ പാരയാകുമെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും, സ്നേഹം പങ്കുവയ്ക്കുവാനും, മറ്റുള്ളവർക്ക് വേണ്ടി കഷ്ടപ്പെടുവാനുള്ള ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുന്ന അമ്മമാരാണ് സമൂഹത്തിനും അവർക്കുതന്നെയും പ്രയോജനമുണ്ടാക്കുന്നത്. ഇത്തരം അമ്മമാരുടെ എണ്ണം കൂടിയാൽ, വൃദ്ധസദനങ്ങളുടെ എണ്ണം ഗണ്യമായി കുറയും.
ഇത്തരം ചില കാര്യങ്ങൾ ചിന്തയിൽ വരാനുണ്ടായ കാര്യം കഴിഞ്ഞ ദിവസത്തെ മാതൃദിനം തന്നെയായിരുന്നു. ഫേസ് ബുക്കിലും വാട്സ് ആപ്പിലുമെല്ലാം ഉത്സവമായിരുന്നു. അമ്മമാരോടൊത്തു പലവിധ പോസുകൾ, പല പല ഓർമ്മക്കുറിപ്പുകൾ. അതെല്ലാം സമൂഹത്തെ അറിയിക്കുവാനുള്ള തത്രപ്പാടുകൾ. മൊത്തത്തിൽ ത്രിശൂർ പൂരം പോലും മുങ്ങിപ്പോകുമോ എന്ന് ഭയപ്പെടുത്തിയ മാതിരി ഒരു ഉത്സവം. അമ്മമാർ ഒരു ദിവസത്തേക്ക് ചുരുങ്ങിപ്പോകുന്നതിനേക്കാൾ എന്നെ ഭയപ്പെടുത്തുന്നത് വരാൻ പോകുന്ന വൃദ്ധസദനങ്ങളുടെ ആധിക്യമാണ്. ഇന്നത്തെ മക്കളാണല്ലോ നാളത്തെ അമ്മമാർ!
Very true
A very relevant topic.good artcle…
100% സത്യമായ കാര്യങ്ങൾ അടങ്ങിയ ഒരു നല്ല ലേഖനം
Good writing doctr. Thikachum sathymaya kaaryangal..
true.. exact words
Very good article
Good article.its a real truth
അമ്മമാരെയും മാതൃദിനാഘോഷങ്ങളെയും വേറിട്ട ഒരു വീക്ഷണകോണിലൂടെ അവതരിപ്പിച്ച ഡോ. സുനീതിന് അഭിനന്ദനങ്ങൾ….
ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ സമൂഹം നെഞ്ചിലേറ്റിയിരുന്നെങ്കിൽ ഒരു ഉന്നത സമൂഹം തന്നെ രൂപപ്പെട്ടേനെ…..
പ്രത്യാശക്ക് വക നൽകുന്ന ഇത്തരം ലേഖനങ്ങൾ ഇനിയും സോ സുനിതിന്റെ തൂലികയിൽ നിന്നും ജന്മമെടുക്കട്ടെ എന്നാശംസിക്കുന്നു…..
Very true ..