ഇന്നാണ് മാതൃദിനം. അതായത് നൊന്തുപെറ്റ അമ്മയെ ഓർക്കാനും സ്‌നേഹിക്കാനുമുള്ള ദിവസം. അല്ലെങ്കിൽ ന്യൂ ജനറേഷൻ മക്കൾക്ക്‌ സെൽഫിയെടുക്കാനും ഫേസ്ബുക്കിലും വാട്‍സ് ആപ്പിലും ‘love u mom’ എന്ന അടിക്കുറിപ്പോടെ ഗോഷ്‌ടി കാണിക്കാനും സായിപ്പ്   കാട്ടിക്കൊടുത്ത മറ്റൊരു കോമാളിത്തം. ലജ്ജാവഹം എന്ന് ആദ്യമേ പറയട്ടെ…

ഒരു മനുഷ്യ ശരീരത്തിന് സഹിക്കാൻ കഴിയുന്ന പരമാവധി വേദന 45 ഡെൽ ആണ്. എന്നാൽ 57 ഡെൽ വേദന സഹിച്ചാണ് ഒരമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്നത്. ശരീരത്തിലെ 20 അസ്ഥികൾ ഒരുമിച്ചു പൊട്ടുന്ന വേദനക്ക് മാത്രമാണ് 57ഡെൽ വേദനയെന്നും ശാസ്‌ത്രലോകം നമുക്ക് പറഞ്ഞു തരുന്നു.

ഗർഭപാത്രത്തിൽ പുതിയൊരു ജീവന്റെ തുടിപ്പ് തിരിച്ചറിയുന്നത് മുതൽ അമ്മയാകാൻ കൊതിക്കുന്ന ഏതൊരു സ്‌ത്രീയും പിന്നെ പകരം വെക്കാനില്ലാത്ത മാസ്‌മരിക ലോകത്താണ്. പിന്നീടവർ ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം ആ കുഞ്ഞിന് വേണ്ടി മാത്രമായിരിക്കും. കുഞ്ഞ് എന്ന ഒരൊറ്റ ചിന്തയിലേക്ക് അമ്മയുടെ ലോകം ചുരുങ്ങിയിട്ടുണ്ടാകും.. തീർച്ച… കുഞ്ഞിക്കാലുകളുടെ ചലനം വയറിനുള്ളിൽ അനുഭവപ്പെടുമ്പോൾ അമ്മ അനുഭവിക്കുന്ന അനുഭൂതിയുടെ അളവെടുക്കാൻ അമ്മയല്ലാത്ത മറ്റൊരാൾക്കും സാധിക്കുകയില്ല. പത്ത് മാസത്തെ യാതനകൾക്കും വേദനകൾക്കും ഒടുവിൽ വേദനകൊണ്ട് പിടയുന്ന അവസാന ദിനത്തെ ഓരോ പെണ്ണും കാത്തിരിക്കുന്നത് ആനന്ദത്തോടെ തന്നെയാണ്. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ ഉള്ള കാത്തിരിപ്പിന് വിരാമം ഇടാനുള്ള ആ ദിനം, മരണവേദന പോലെ കാഠിന്യമേറിയ വേദനയാണ് താൻ അനുഭവിക്കേണ്ടത് എന്നറിഞ്ഞിട്ടും ആ ദിനം എത്രയും പെട്ടെന്ന് ആകട്ടെ എന്ന് ഓരോ അമ്മയും കരുതുന്നതും കാത്തിരിക്കുന്നതും നിറഞ്ഞ സന്തോഷത്തോടെയും പുഞ്ചിരിയോടെയും തന്നെ ആയിരിക്കും.

അവസാനം അസഹ്യമായ  വേദനവന്ന് പിടയുമ്പോളും അവസാനമായി തന്റെ പ്രിയപ്പെട്ടവന്റെ കൈ മുറുകെപ്പിടിച്ച് ലേബർ റൂമിന്റെ അകത്തേക്ക് കയറുമ്പോളും തന്റെ കുഞ്ഞിനൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥന മാത്രമായിരിക്കും ഓരോ അമ്മമാരുടെയും മനസ്സിൽ. പ്രസവം കഴിഞ്ഞ് തന്റെ കുഞ്ഞോമനയുടെ മുഖം ആദ്യമായി കാണുമ്പോൾ “അമ്മയുടെ” ഈ ഭൂമിയിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരിക്കുമത്. Dr. APJ Abdul Kalam പറഞ്ഞത് പോലെ തന്റെ കുഞ്ഞ് കരയുന്നത് കണ്ട് അമ്മ ചിരിച്ച ഒരേ ഒരു ദിവസം…

പ്രസവം കഴിഞ്ഞ് വീട്ടിൽ വന്ന് കുഞ്ഞിന് കിടക്കാൻ തൊട്ടിൽ കെട്ടുമെങ്കിലും  കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി ഉറക്കാനാണ് പല അമ്മമാരും ശ്രമിക്കുക. തന്റെ ചൂടിൽനിന്ന് തൊട്ടിലിൽ കിടക്കുന്ന നേരമത്രയും കുഞ്ഞിനെ മാറ്റിക്കിടത്താൻ അമ്മ ഒരുക്കമല്ല. ഒരു നിമിഷം പോലും തന്റെ കുഞ്ഞിനെ പിരിഞ്ഞിരിക്കുന്നത് അത്ര വലിയ വേദനയായിട്ടാണ് ഓരോ അമ്മയും കാണുന്നത്..

കുഞ്ഞിന് പാലൂട്ടുമ്പോൾ വേദന കൊണ്ട് പുളയുകയാണെങ്കിലും കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിലും തന്റെ കുഞ്ഞിനെ പാലൂട്ടുന്നതിലുള്ള സന്തോഷവും സംതൃപ്‌തിയും അമ്മയുടെ മുഖത്ത് തെളിഞ്ഞു കാണാം. മലയാളത്തിലെ പ്രമുഖ മാഗസിന്റെ കവർ പേജിൽ അച്ചടിച്ച് വന്ന, മോഡൽ സ്വന്തമല്ലാത്ത കുഞ്ഞിനെ പാലൂട്ടുന്ന ചിത്രത്തിന് പവിത്രമായ മാതൃത്വത്തെ അപമാനിക്കാൻ മാത്രമേ സാധിക്കൂ എന്ന് ഈയവസരത്തിൽ ഓർമിപ്പിക്കട്ടെ!

ആദ്യമായിട്ട് കുഞ്ഞിനെ പിരിഞ്ഞിരിക്കുന്ന നിമിഷം ഒരമ്മ എത്രത്തോളം ആത്‌മസംഘർഷം അനുഭവിക്കുന്നുണ്ട് എന്നറിയണമെങ്കിൽ, ജൂണിലെ പെരുമഴക്കാലത്ത്‌ LKG ക്ലാസിന്റെ മുമ്പിൽ നിന്ന് നിറകണ്ണുകളോടെ തന്റെ കുഞ്ഞിനെ യാത്രയാക്കിവരുന്ന അമ്മമാരെ നമ്മൾ കാണണം. ആദ്യമായിട്ട് തന്റെ കുഞ്ഞിനെ മറ്റൊരിടത്താക്കി നടന്നകലുമ്പോൾ അവരറിയാതെ വിതുമ്പിപ്പോവുകയാണ്…

ഇനി അമ്മയെന്ന നിലയിൽ ഏറ്റവും വേദന അനുഭവിക്കുന്ന ഒരു വിഭാഗം കൂടെ ഉണ്ട്. അഞ്ചും ആറും മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ പിരിഞ്ഞ്‌ ജോലിക്ക് പോകേണ്ടി വരുന്നവർ. തന്റെ കുഞ്ഞ് ഇപ്പോൾ എവിടെയായിരിക്കും കിടക്കുന്നത്, എന്തായിരിക്കും ചെയ്യുന്നത് എന്നോർത്ത് ഓഫീസിലെ ഓരോ നിമിഷവും തള്ളി നീക്കുന്നവർ. ഓരോ ദിവസവും തന്റെ കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ട് കുഞ്ഞിനോടൊപ്പം തന്നെ ഇരിക്കാൻ കൊതിക്കുന്നവർ. രാവിലെ ബാഗും തൂക്കി ഇറങ്ങാൻ നേരം കരയുന്ന കുഞ്ഞിനെ നോക്കി നെഞ്ച് പിടയുന്ന വേദനയോടെ യാത്ര പറഞ്ഞിറങ്ങുന്നവർ…

ഇതുപോലെ നിരവധി കൊടിയ വേദനകൾക്കൊടുവിലാണ് നമ്മൾ ഓരോരുത്തരും ഇന്നീ നിലയിൽ എത്തിയതെന്ന് മറക്കരുത്.. വാട്‍സ് ആപ്പ്  സ്റ്റാറ്റസുകളിലും ഫേസ്ബുക് പ്രൊഫൈൽ പിക്ച്ചർ മാറ്റുന്നതിലൂടെയും മാത്രം കാണിക്കേണ്ടതല്ല മാതൃസ്‌നേഹം എന്ന് നമ്മൾ ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.

ചുളിവ് വീണ കൈകൾ എത്രയും പെട്ടെന്ന് അവസാനിക്കട്ടെ എന്ന് ചിന്തിക്കുന്ന തലമുറയിൽ, അമ്മയെയും അച്ഛനെയും വൃദ്ധസദനത്തിലാക്കി ഭാര്യയെ സന്തോഷിപ്പിക്കാൻ തിരക്ക് കൂട്ടുന്ന മക്കൾ ഉള്ള നാട്ടിൽ മാതൃദിനത്തിന് എത്രത്തോളം പ്രസക്‌തി ഉണ്ടെന്നെനിക്കറിയില്ല. എല്ലാ ദിവസവും ഒരുപോലെ ഓർക്കേണ്ട അമ്മ എന്ന സ്‌നേഹത്തിന് ഒരു പ്രത്യേക ദിനം ആചരിക്കുന്നത് എന്തിനാണെന്ന് എനിക്കിനിയും മനസിലായിട്ടുമില്ല. മാതൃദിനത്തിൽ മാതൃസ്‌നേഹം കൊണ്ട് ഫേസ്ബുക് വാളിനെ വീർപ്പുമുട്ടിക്കുന്ന നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ഒരു കൊച്ചു കാര്യം കൂടെ ശ്രദ്ധയിൽ പെടുത്തട്ടെ…

കേരളത്തിലെ ഓരോ ജില്ലയിലും ശരാശരി 35 വൃദ്ധസദനങ്ങൾ ഉണ്ടെന്നാണ് കണക്ക്. അവയുടെ എണ്ണം പ്രതിവർഷം കൂടികൊണ്ടിരിക്കുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വയോജന കേന്ദ്രങ്ങൾ ഉള്ളത് കേരളത്തിലാണ്. 1998ൽ 128 കേന്ദ്രങ്ങൾ ആയിരുന്നു എങ്കിൽ ഇപ്പോൾ എണ്ണം 400 കവിയും. ഇരുപതിനായിരത്തോളം ആളുകൾ വൃദ്ധസദനങ്ങളിൽ കഴിയുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവർക്കും മക്കൾ ഉണ്ട്. നമ്മളെ പോലെ തന്നെ അവരും മാതൃദിനം ആഘോഷിക്കുകയാണ്. വൃദ്ധസദനത്തിനു മുമ്പിൽ വെച്ച് അമ്മയെ കെട്ടിപിടിച്ച്, മുത്തം കൊടുത്ത്, അമ്മയോടങ്ങനെ ചേർന്ന് നിന്ന് കൊണ്ടുള്ള ചിത്രങ്ങൾ സ്റ്റാറ്റസുകളിൽ നിറക്കുന്നതിലൂടെ, “love u mom” എന്ന അടിക്കുറിപ്പുകളിലൂടെ…

അമ്മയ്ക്കായി ഒരു പ്രത്യേക ദിനം മാറ്റിവെച്ച് മാതൃദിനം ആചരിക്കുന്നവരോട് പുച്ഛം മാത്രം….

– ആഷിഖ ഖാനം

2 Comments
  1. Priya 2 years ago

    Very rightly said…

  2. Anil 2 years ago

    Agree with you, Ashikha

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account